Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബിജെപിയുടെ വാക്‌സിനെ എങ്ങനെയാണ് വിശ്വസിക്കുക; താൻ കോവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് അഖിലേഷ് യാദവ്; തങ്ങളുടെ പാർട്ടി അധികാരത്തിൽ വരുമ്പോൾ എല്ലാവർക്കും സൗജന്യ വാക്സിനേഷനെന്നും സമാജ് വാദി പാർട്ടി അധ്യക്ഷൻ

ബിജെപിയുടെ വാക്‌സിനെ എങ്ങനെയാണ് വിശ്വസിക്കുക; താൻ കോവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് അഖിലേഷ് യാദവ്; തങ്ങളുടെ പാർട്ടി അധികാരത്തിൽ വരുമ്പോൾ എല്ലാവർക്കും സൗജന്യ വാക്സിനേഷനെന്നും സമാജ് വാദി പാർട്ടി അധ്യക്ഷൻ

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: കോവിഡ് വാക്സിനേഷന് രാജ്യം തയ്യാറെടുക്കുന്നതിനിടെ വിവാ​ദ പ്രസ്താവനയുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബിജെപിയുടെ വാക്‌സിനെ വിശ്വസിക്കാനാവില്ലെന്നാണ് അഖിലേഷിന്റെ വാദം. അതിനാൽ താൻ ഇപ്പോൾ വാക്‌സിൻ സ്വീകരിക്കുന്നില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. 2022ലെ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി അധികാരത്തിൽ വരുമെന്നും അപ്പോൾ എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

'ഞാൻ ഇപ്പോൾ വാക്‌സിൻ സ്വീകരിക്കുന്നില്ല. എങ്ങനെയാണ് ബിജെപിയുടെ വാക്‌സിനെ വിശ്വസിക്കാനാവുക. ഞങ്ങളുടെ സർക്കാർ രൂപവത്കരിക്കുമ്പോൾ എല്ലാവർക്കും സൗജന്യമായി വാക്‌സിൻ ലഭ്യമാക്കും. ബിജെപിയുടെ വാക്‌സിൻ സ്വീകരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല'- അഖിലേഷ് യാദവ് പറഞ്ഞു.

അഖിലേഷിന്റെ പരാമർശത്തിനു പിന്നാലെ ബിജെപി വിമർശനവുമായി രംഗത്തെത്തി. രാജ്യത്തെ ഡോക്ടർമാരെയും ശാസ്ത്രജ്ഞരെയും അപമാനിക്കുന്ന പ്രസ്താവനയാണ് അഖിലേഷിന്റേതെന്ന് ബിജെപി നേതാവും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ പറഞ്ഞു. അഖിലേഷിന് വാക്‌സിനിൽ വിശ്വാസമില്ല. അതുപോലെ ഉത്തർപ്രദേശിലെ ജനങ്ങൾക്ക് അഖിലേഷിനെയും വിശ്വാസമില്ല. പ്രസ്താവനയിൽ അദ്ദേഹം മാപ്പ് പറയണമെന്നും മൗര്യ ആവശ്യപ്പെട്ടു. കോവിഡ് വാക്‌സിനെ രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെടുത്തുന്നത് വളരെ ദൗർഭാഗ്യകരമാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.

ആദ്യഘട്ടത്തിൽ കോവിഡ് വാക്‌സിൻ നൽകുക സൗജന്യമായിട്ടായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അറിയിച്ചു. എന്നാൽ മറ്റുള്ളവരുടെ കാര്യത്തിൽ പണം കൊടുത്തു വാങ്ങേണ്ടി വരുമെന്ന സൂചനയാണ് മന്ത്രി നൽകുന്നത്. 30 കോടി പേർക്ക് വാക്സിൻ നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമായി മൂന്നു കോടി പേർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ സൗജന്യമായി വിതരണം ചെയ്യുക. ശേഷിക്കുന്ന 27 കോടി പേർക്ക് എങ്ങനെ വിതരണം ചെയ്യുമെന്നത് വൈകാതെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

രാജ്യത്ത് ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനെക്കുറിച്ച് ഒരുവിധത്തിലുള്ള തെറ്റിദ്ധാരണയുടെയും ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. വാക്‌സിൻ സംബന്ധിച്ച് എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു. വാക്‌സിൻ വിതരണത്തിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ നടക്കുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം.

വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് ഒരു വിധത്തിലുള്ള കിംവദന്തികളും പരത്താൻ പാടില്ല. എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചിട്ടുണ്ട്. പോളിയോ വാക്‌സിൻ ആദ്യമായി നൽകിയ സമയത്തും ഇത്തരത്തിലുള്ള കിംവദന്തികൾ പരന്നിരുന്നു. എന്നാൽ പിന്നീട് അതിന്റെ സുരക്ഷയെക്കുറിച്ച് എല്ലാവർക്കും ബോധ്യമായി, മന്ത്രി പറഞ്ഞു. വാക്‌സിൻ വിതരണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും ഡ്രൈ റൺ വിലയിരുത്തിക്കൊണ്ട് അദ്ദഹം പറഞ്ഞു.

ഇന്ത്യയിൽ രണ്ടാം തവണയാണ് ഡ്രൈ റൺ നടക്കുന്നത്. ആദ്യ ഘട്ടത്തിൽ ആസ്സാം, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുത്ത ജില്ലകളിൽ 28, 29 തീയതികളിലായി ഡ്രൈ റൺ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യം തയ്യാറാക്കിയിരുന്ന മാർഗനിർദ്ദേശങ്ങൾ പരിഷ്‌കരിച്ചതായും മന്ത്രി വ്യക്തമാക്കി.

ഓക്‌സഫഡ് യൂണിവേഴ്‌സിറ്റിയും മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച വാക്‌സിനായ കോവിഷീൽഡിന് അനുമതിക്കായി കേന്ദ്രസർക്കാരിന്റെ വിദഗ്ധ സമിതി ഡ്രഗ് കൺട്രോളർ ജനറലിന് ശുപാർശ നൽകിയിരുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇന്ത്യയിൽ കോവിഷീൽഡ് നിർമ്മിക്കുന്നത്. ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന കോവാക്‌സിനും വൈകാതെ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP