Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആരെയും കൊല്ലുവാനുള്ള അനുമതി പത്രം കൈയിലേന്തി നടന്നവൻ; വിശന്നുവലഞ്ഞ പുള്ളിപ്പുലിയേ പോലെ ഇരയേ തേടി നടന്നവൻ; ഉറച്ച കാൽവയ്പുകൾ; സൗമ്യമെങ്കിലും ഗൗരവം വിടാത്ത മുഖം; ഇയാൻ ഫ്ളെമിംഗിന്റെ ജെയിംസ് ബോണ്ടിന് അഭ്രപാളികളിൽ ആദ്യമായി ജീവൻ നൽകിയ സർ ഷോൺ കോണറി ഓർമ്മയാകുമ്പോൾ

ആരെയും കൊല്ലുവാനുള്ള അനുമതി പത്രം കൈയിലേന്തി നടന്നവൻ; വിശന്നുവലഞ്ഞ പുള്ളിപ്പുലിയേ പോലെ ഇരയേ തേടി നടന്നവൻ; ഉറച്ച കാൽവയ്പുകൾ; സൗമ്യമെങ്കിലും ഗൗരവം വിടാത്ത മുഖം; ഇയാൻ ഫ്ളെമിംഗിന്റെ ജെയിംസ് ബോണ്ടിന് അഭ്രപാളികളിൽ ആദ്യമായി ജീവൻ നൽകിയ സർ ഷോൺ കോണറി ഓർമ്മയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിവേഗം പായുന്ന കാറുകൾ, ചുറ്റും അതിസുന്ദരിമാർ, മുന്നിലെ ഗ്ലാസ്സുകളിൽ നിറയുന്ന വിലകൂടിയ മദ്യം... ബ്രിട്ടീഷ് രഹസ്യപൊലീസ് ഏജന്റായ ജെയിംസ്ബോണ്ടിനെ ഓർക്കുമ്പോൾ ഇതൊക്കെയാണ് ആദ്യം മനസ്സിൽ വരിക. എന്നാൽ, ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിൽ നിന്നാണ് ആ കഥാപാത്രത്തിനെ ആദ്യമായി വെള്ളിത്തിരയിൽ അവതരിപ്പിക്കുകയും ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുക്കുകയും ചെയ്ത സർ ഷോൺ കോണറി എന്ന മഹാനടന്റേത്.

ഫാക്ടറി തൊഴിലാളിയായ അച്ഛൻ. നിരവധി വീടുകളിൽ ശുചീകരണ തൊഴിലാളിയായി വരുമാനം കണ്ടെത്തിയിരുന്ന അമ്മ. ഇവരുടെ പുത്രനായി എഡിൻബർഗിലെ ഒരു താത്ക്കാലിക ടെന്റ് ഹൗസിൽ 1930 ഓഗസ്റ്റ് 25 നായിരുന്നു ടോമി എന്ന് വിളിപ്പേരുണ്ടായിരുന്ന തോമസ് ഷോൺ കോണറിയുടെ ജനനം. അയർലൻഡിൽ നിന്നും കുടിയേറിപ്പാർത്തവരായിരുന്നു അച്ഛന്റെ പൂർവ്വികർ. അമ്മയുടെ കുടുംബം ഐൽ ഓഫ് സ്‌കൈയിൽ നിന്നും.

ഒറ്റമുറിയുള്ള കുടിലിലെ ബാല്യകാലം അത്രയേറെ സുഖകരമായ ഒന്നായിരുന്നില്ല കൊച്ചു ടോമിക്ക്. യാതോരു യോഗ്യതാ സർട്ടിഫിക്കറ്റും ലഭിക്കാതെ പതിമൂന്നാം വയസ്സിൽ തന്റെ സ്‌കൂൾ പഠനം അവസാനിപ്പിച്ചു. ദാരിദ്ര്യമായിരുന്നു പഠനം അവസാനിപ്പിക്കാനുള്ള പ്രധാന കാരണം. പിന്നീട് പാൽ വിതരണം ചെയ്തും, ശവപ്പെട്ടി മിനുക്കിയും, വീടുനിർമ്മാണത്തിൽ ഇഷ്ടികകൾ എടുത്തുകൊടുത്തുമെല്ലാം ജീവിതം മുന്നോട്ട് നീക്കിയ ടോമി റോയൽ നേവിയിൽ ചേരുകയായിരുന്നു. എന്നാൽ, ആമശയത്തിലെ അൾസർ ബാധമൂലം സൈനികസേവനത്തിനുള്ള അർഹത ഇല്ലെന്ന പേരിൽ മൂന്ന് വർഷം കഴിയുമ്പോഴേക്കും നേവിയിൽ നിന്നും പിരിച്ചുവിടപ്പെട്ടു.

തിരിച്ച് എഡിൻബർഗിലെ ഒറ്റമുറി വീട്ടിലേക്ക് മടങ്ങിയ ടോമി ഒറ്റപ്പെട്ട ജോലികൾ ചെയ്ത് കുടുംബം പുലർത്തുന്നതിനിടയിൽ ഒരിക്കൽ തെരുവിൽ വച്ച് തന്റെ ഭാഗിൽ നിന്നും പണം തട്ടിപ്പറിക്കാൻ ശ്രമിച്ച ഒരു ആറംഗ സംഘത്തിനെ ഒറ്റക്ക് നേരിട്ട് തോൽപ്പിച്ചതോടെ എഡിൻബർഗിലെ വീരപരിവേഷമുള്ള നായകനായി. ലോറി ഡ്രൈവറായും, ലൈഫ് ഗാർഡായും ഏഡിൻബർഗിലെ കോളേജ് ഓഫ് ആർട്സിലെ ചിത്രരചനാ വിദ്യാർത്ഥികളുടെ മോഡലായുമൊക്കെ അദ്ദേഹം ജോലി ചെയ്തു. വാക്കുകൾക്ക് അതീതമായ ശരീരസൗന്ദര്യം എന്നായിരുന്നു അന്ന് ഷോൺ കോണറിയെ വരച്ചു ചിത്രരചനാ പഠനം തുടങ്ങിയ വിദ്യാർത്ഥികളിൽ ഒരാളും പിന്നീട് അറിയപ്പെടുന്ന ചിത്രകാരന്മാരിൽ ഒരാളുമായിത്തീർന്ന റിച്ചാർഡ് ഡെമാക്രോ ഒരിക്കൽ പറഞ്ഞത്.

അതിനിടയിൽ, കോണറിയുടെ ഫുട്ബോളിലെ വൈദഗ്ദ്യം തിരിച്ചറിഞ്ഞ മാറ്റ് ബസ്ബി ആഴ്‌ച്ചയിൽ 25 പൗണ്ട് നൽകി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അദ്ദേഹത്തെ എടുത്തു. എന്നാൽ, അപ്പോഴേക്കും അഭിനയം തലയ്ക്ക് പിടിച്ച കോണറി അധികകാലം കഴിയുന്നതിനു മുൻപേ ഫുട്ബോൾ ജഴ്സി അഴിച്ചുവച്ച് ഒരു പ്രാദേശിക തീയറ്ററിൽ നടനായി കയറി. തന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും ബുദ്ധിപരമായ തീരുമാനം എന്നാണ് ഇതിനെ കുറിച്ച് ഷോൺ കോണറി പിന്നീട് പറഞ്ഞിട്ടുള്ളത്.

1953 ൽ ൽ ലണ്ടനിൽ നടന്ന മിസ്റ്റർ യൂണിവേഴ്സിറ്റി മത്സരമാണ് കോണറിയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാക്കിയത്. ഇവിടെ വച്ച് പരിചയപ്പെട്ട റോബർട്ട് ഹെൻഡേഴ്സൺ എന്ന അമേരിക്കൻ നടൻ, ധാരാളം പുസ്തകങ്ങൾ ഷോണിന് നൽകുകയും വായിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. മാത്രമല്ല, സംഭാഷണ രീതികൾ പലതും പരിശീലിക്കാൻ പ്രചോദനം നൽകുകയും ചെയ്തു.തുടർന്ന് 1954-ൽ ലൈലാക്സ് ഇൻ തെ സ്പ്രിങ് എന്ന ബ്രിട്ടീഷ് ചിത്രത്തിൽ ഒരു എക്സ്ട്രാ നടനായി ഷോൺ കോണറി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. ഇതിനിടയിൽ ചില ടെലിവിഷൻ സീരിയലുകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചു.

1957-ൽ ബ്ലഡ് മണി എന്ന ബി ബി സി ചിത്രത്തിൽ ഒരു ബോക്സറുടെ വേഷത്തിലാണ് ഒരു സുപ്രധാന കഥാപാത്രമായി ഷോൺ മാറുന്നത്. ഇത് അമേരിക്കയിലും ഒരു തരംഗമായി മാറിയ ചിത്രമായിരുന്നു. തൊട്ടടുത്ത വർഷം അന്നത്തെ പ്രമുഖ ഹോളിവുഡ് നായികയായിരുന്ന ലാൻ ടേണർക്കൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിൽ അഭിനയിക്കുന്ന സമയത്താണ് ഒരു ഗുണ്ടാനേതാവു കൂടിയായിരുന്ന ലാനിന്റെ കാമുകൻ സിനിമ സെറ്റിൽ വന്ന് അക്രമം കാണിച്ചത്. ലാനും ഷോണും തമ്മിൽ പ്രണയമാണെന്ന പ്രചാരണമായിരുന്നു കാരണം. ഏതായാലും ആയുധധാരിയായ കാമുകനെ ഷോൺ കോണറി ഒറ്റയ്ക്ക് കീഴടക്കി.

പിന്നീടാണ് ഷോൺ കോണറിയെ ലോക പ്രശസ്തനാക്കിയ ജെയിംസ് ബോണ്ട് 007 എന്ന കഥാപാത്രത്തിന്റെ വരവ്. കബ്ബി ബ്രോകോലിയും ഹാരി സാൾട്സ്മാനും ഇയാൻ ഫ്ളെമിംഗിന്റെ നോവലുകൾ ചലച്ചിത്രമാക്കുവാനുള്ള അവകാശം വാങ്ങിയിരുന്നു. അവർ ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തിന് അനുയോജ്യനായ ഒരു നടനെ തേടി നടക്കുകയായിരുന്നു. റിച്ചാർഡ് ബർട്ടൻ, കാരി ഗ്രാന്റ്, റെക്സ് ഹാരിസൺ തുടങ്ങിയ പ്രമുഖരെല്ലാം പരിഗണനയിൽ വന്നെങ്കിലും, അവർക്ക് പൂർണ്ണ തൃപ്തിയായില്ല. അപ്പോൾ ബ്രോകോലിയുടെ ഭാര്യ ദാനയാണ് കോണറിയുടെ പേര് നിർദ്ദേശിച്ചത്. കണ്ടാൽ ഉടനെ സ്ത്രീകൾ മരിച്ചുവീഴുന്ന പുരുഷ സൗന്ദര്യം എന്നാണ് ദാന അന്ന് കോണറിയെ വിശേഷിപ്പിച്ചത്.

എന്നാൽ, ജെയിംസ് ബോണ്ടിന്റെ കർത്താവായ ഇയാൻ ഫ്ളെമിംഗിന് കോണറിയെ ബോധിച്ചില്ല. ഒരു ഗുസ്തിക്കാരനെല്ല, ഒരു കമാൻഡറാണ് തന്റെ കഥാപാത്രം എന്നായിരുന്നു ഫ്ളെമിങ് പറഞ്ഞത്. എന്നാൽ, ബ്രോകോലിക്ക് തന്റെ തിരഞ്ഞെടുപ്പിൽ പൂർണ്ണ വിശ്വാസമായതിനാൽ തീരുമാനം മാറ്റിയില്ല. ആദ്യ ഷോട്ട് സ്‌ക്രീനിൽ കണ്ട ഉടനെ ഇയാൻ ഫ്ളെമിംഗും തന്റെ മനസ്സ് മാറ്റി. ഷോൺ കോണറിയല്ലാതെ മറ്റൊരാൾക്ക് ജെയിംസ് ബോണ്ടാകാൻ സാധിക്കില്ല എന്ന് ഫ്ളെമിംഗും ഉറപ്പിച്ചു പറഞ്ഞു.

തികഞ്ഞ ദാരിദ്ര്യത്തിൽ വളർന്ന് കോണറിക്ക് പക്ഷെ സമൂഹത്തിലെ മേൽത്തട്ടിലുള്ളവരുടെ ജീവിതശൈലിയും ഭാഷാരീതിയും, പെരുമാറ്റചട്ടങ്ങളും തീരെ അറിയില്ലായിരുന്നു. ടെറൻസ് യങ്ങ് എന്ന ഒരു യുവ സംവിധായകൻ അദ്ദേഹത്തേയും കൂട്ടി ആഡംബര റെസ്റ്റോറന്റുകളിലുംകാസിനോകളിലുമെല്ലാം കറങ്ങിനടന്നു. സമൂഹത്തിലെ വരേണ്യരുടെ ജീവിതം പരിചയപ്പെടുത്താനായിരുന്നു അത്. ആക്ഷൻ, സെക്സ്, അതിമനോഹരമായ ലൊക്കേഷനുകൾ എന്നിവയ്ക്കൊപ്പം ഷോൺ കോണറി എന്ന പുരുഷസൗന്ദര്യം കൂടി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടതോടെ ആദ്യ ജയിംസ്ബോണ്ട് ചിത്രം, ഡോക്ടർ നോ ഒരു വൻവിജയമായി.

തുടർന്ന് 1963-ൽ റഷ്യ വിത്ത് ലവ്, 1964-ൽ ഗോൾഡ് ഫിംഗർ, 1965 ൽ തണ്ടർബോൾ, 1967-ൽ യു ഒൺലി ലിവ് ടൈ്വസ് എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി. തുടർച്ചയായ ഷൂട്ടിങ്, അതും ഒരേ കഥാപാത്രമായി, തീർച്ചയായും മനം മടുപ്പിക്കുന്നതുമായിരുന്നു. മാത്രമല്ല, പല സാഹസിക രംഗങ്ങളിലും മരണത്തെ മുഖാമുഖം കാണേണ്ടതായും വന്നു. ഒരിക്കൽ കനം കുറഞ്ഞ, സുതാര്യമായൊരുപ്ലാസ്റ്റിക് ആവരണവുമായി സ്രാവുകളെ വളർത്തുന്ന കുളത്തിലേക്ക് ചാടേണ്ടി വന്ന സന്ദർഭത്തെ കുറിച്ച് അദ്ദെഹം പറഞ്ഞിട്ടുണ്ട്.

അതിനിടയിൽ ആൽഫ്രഡ് ഹിച്ച്കോക്കിന്റെ മാർനി, ഹിൽ തുടങ്ങിയവയിലും ഷോൺ കോണറി പ്രത്യക്ഷപ്പെട്ടു. യു ഒൺലി ലിവ് ടൈ്വസിന്റെ ചിത്രീകരണത്തോടെയാണ് ഷോണിന് ജെയിംസ് ബോണ്ട് കഥാപാത്രങ്ങളോട് വിരക്തി തോന്നിതുടങ്ങിയത്. തുടര്ന്നുവന്ന ഓൺ ഹേർ മെജസ്റ്റീസ് സീക്രട്ട് സർവ്വീസ് എന്ന ചിത്രം അദ്ദേഹം നിരാകരിച്ചു. ആസ്ട്രേലിയൻ നടനായ ജോർജ്ജ് ലാസെൻബി ആയിരുന്നു അതിൽ ജെയിംസ് ബോണ്ടിന്റെ ഭാഗം അഭിനയിച്ചത്. എന്നാൽ അത് തീർത്തും ഒരു പരാജയമായി. അതിനാൽ തന്നെ ഈ കഥാപാത്രത്തെ അഭിനയിപ്പിച്ച നടന്മാരുടെ കൂട്ടത്തിൽ ലാസെൻബിയുടെ പേര് രേഖപ്പെടുത്തപ്പെട്ടില്ല.

കോണറിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ബ്രോകോലി 1971 ൽ ഡയമണ്ട്സ് ആർ ഫോറെവർ എന്ന ചിത്രത്തിലേക്ക് കോണറിയെ തിരിച്ചു വിളിച്ചു. അന്നത്തെ ഏറ്റവും വലിയ പ്രതിഫലമായ 1.25 മില്ല്യൺ ഡോളറായിരുന്നു ഇതിനായി വാഗ്ദാനം ചെയ്തത്. ഈ പണം ഉപയോഗിച്ചാണ് വളർന്നു വരുന്ന സ്‌കോട്ടിഷ് കലാകാരന്മാരെ സഹായിക്കുവാനായി സ്‌കോട്ടിഷ ഇന്റർനാഷണൽ ട്രസ്റ്റ് അദ്ദേഹം രൂപീകരിച്ചത്.

പിന്നീട് ജെയിംസ് ബോണ്ടിതര ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം വീണ്ടും ജെയിംസ് ബോണ്ട് ആകുന്നത് നെവർ സേ നെവെർ എഗെയ്ൻ എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിന്റെ പേര് നിർദ്ദേശിച്ചത് കോണറിയുടെ ഭാര്യയാണെന്നാണ് അക്കാലത്ത് വാർത്തകളിൽ വന്നിരുന്നത്. ഇനിയൊരിക്കലും ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ അവതരിപ്പിക്കില്ല എന്ന് ഉറപ്പിച്ചു പറഞ്ഞ കോണറി ആ വാക്ക് തെറ്റിച്ചതുമായി ബന്ധപ്പെട്ടാണ് ഇനിയൊരിക്കലും ഇല്ല എന്നു പറയരുത് എന്നർത്ഥം വരുന്ന ആ പേര് ചിത്രത്തിന് ലഭിച്ചതത്രെ!

ഒരുവർഷത്തിനു ശേഷം അൺടച്ചബിൾസിലെ അഭിനയത്തിന് ഏറ്റവും നല്ല സഹനടനുള്ള ഓസ്‌കാർ അവാർഡിന് അദ്ദേഹം അർഹനായി. തുടർന്നും നിരവധി ചിത്രങ്ങളിൽ വ്യത്യസ്ത റോളുകളിൽ അദ്ദേഹം അഭിനയിച്ചു.2006 ലായിരുന്നു ലോർഡ് ഓഫ് ദി റിങ്സ് എന്നചിത്രത്തിലേക്ക് അവസരം വന്നത് അദ്ദേഹം നിഷേധിച്ചു. ഹോളിവുഡ് സിനിമാ നിർമ്മാണ രീതികൾ മടുത്തു എന്ന് പറഞ്ഞാണ് അദ്ദേഹം അത് നിരാകരിച്ചത്.

എന്നും ഹോളിവുഡ് ജീവിതം വെറുത്തിരുന്ന ഷോൺ കോണറി സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലുള്ള വീടുകളിൽ മാറിമാറിത്താമസിച്ച് യൂറോപ്യൻ ജീവിതം ആസ്വദിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ആസ്ട്രേലിയൻ നടിയുമായ ഡയാന സൈലെന്റോയുമായുള്ള ജീവിതം 1975ൽ അവസാനിച്ചു. പിന്നീട് മൊറോക്ക സ്വദേശിയായ മൈക്ക്ലൈൻ റോക്ക്‌ബ്രൂണെയുമായുള്ള വിവാഹം നടന്നു. ഇദ്ദേഹത്തിന്റെ ഒരേയൊരു പുത്രൻ ജേസൺ കോണറിയും സിനിമാ നടനാണ്.

സ്‌കോട്ട്ലാൻഡിന്റെ സ്വാതന്ത്ര്യാവശ്യത്തെ പിന്തുണച്ചു എന്ന പേരിൽ ദീർഘകാലം ലേബർ സർക്കാർ തടഞ്ഞുവച്ച നൈറ്റ്ഹുഡ് ബഹുമതി അവസാനം 2000 ൽ അദ്ദേഹത്തെ തേടിയെത്തി. അമേരിക്ക ഫിലിം ഇൻസ്റ്റിറ്റിയുട്ടിന്റെ സമഗ്ര സംഭാവനക്കുള്ള അവാർഡ് ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള ഷോൺ കോണറി 1989-ൽ ലോകത്തിലെ ഏറ്റവും സെക്സിയായ പുരുഷനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കുറച്ചുകാലമായി രോഗഗ്രസ്ഥനായ ഈ അനശ്വര നടനെ ഇന്നലെ നിദ്രയിലായിരുന്നു മരണം തേടിയെത്തിയത്. മരിക്കുമ്പോൾ അദ്ദേഹത്തിന് 90 വയസ്സായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP