Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മമ്മൂട്ടി ചിത്രം 'ഡാഡി കൂളിലെ' വില്ലൻ; കാക്ക കാക്കയടക്കം നിരവധി ചിത്രങ്ങൾ; 48ാം വയസ്സിലും അവിവാഹതിൻ; ബ്രഹ്‌മചാരി ജാതകമായതിനാൽ വിവാഹം വേണ്ട എന്ന തീരുമാനം എടുത്തത് 25-ാം വയസ്സിൽ; കണ്ണുകൾ ദാനം ചെയ്ത് നടൻ ഡാനിയൽ ബാലാജി വിടവാങ്ങുമ്പോൾ

മമ്മൂട്ടി ചിത്രം 'ഡാഡി കൂളിലെ' വില്ലൻ; കാക്ക കാക്കയടക്കം നിരവധി ചിത്രങ്ങൾ; 48ാം വയസ്സിലും അവിവാഹതിൻ; ബ്രഹ്‌മചാരി ജാതകമായതിനാൽ വിവാഹം വേണ്ട എന്ന തീരുമാനം എടുത്തത് 25-ാം വയസ്സിൽ; കണ്ണുകൾ ദാനം ചെയ്ത് നടൻ ഡാനിയൽ ബാലാജി വിടവാങ്ങുമ്പോൾ

എം റിജു

ചെന്നൈ: വെറും 48 വയസ്സ്മാത്രമുള്ള ഡാനിയേൽ ബാലാജി എന്ന വില്ലനായി കസറിയ നടന്റെ അപ്രതീക്ഷമ മരണത്തിന്റെ ഞെട്ടലിലാണ് തമിഴ്സിനിമാലോകം. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ ശ്രദ്ധ നേടിയ നടനാണ് ഡാനിയേൽ ബാലാജി. വില്ലൻ റോളുകൾ അടക്കം ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും കൂടി 40 ഓളം ചിത്രങ്ങൾ ഡാനിയൽ ബാലാജി ചെയ്തിട്ടുണ്ട്.

സീരിയലിലൂടെ സിനിമയിൽ

ടെലിവിഷനിലൂടെയാണ് കരിയർ ആരംഭിച്ചത്. രാധിക ശരത്കുമാർ പ്രധാന വേഷത്തിൽ എത്തിയ, തമിഴിലെ സൂപ്പർഹിറ്റ് സീരിയൽ ചിത്തിയിലാണ് അഭിനയം തുടങ്ങിയത്. 2003 ഏപ്രിൽ മാസത്തിലാണ് അഭിനയത്തുടക്കം. സീരിയിൽ ഡാനിയേൽ എന്ന കഥാപാത്രത്തിന്റെ പേര്, ടി.സി ബാലാജിയെ ഡാനിയേൽ ബാലാജിയാക്കി. സംവിധായകൻ സുന്ദർ സി ആയിരുന്നു ഇങ്ങനെ പേരുമാറ്റിയത്. അലൈകൾ എന്ന സീരിയലിലെ ഇദ്ദേഹത്തിന്റെ റോളും അക്കാലത്ത് ഏറെ ശ്രദ്ധേയമായി.

പക്ഷേ ബാലാജിയുടെ സിനിമാ പ്രവേശം നടൻ ആയിട്ടായിരുന്നില്ല. കമൽഹാസന്റെ മുടങ്ങിപ്പോയ ബിഗ്ബജറ്റ് ചിത്രമായ മരുതനായകത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായിട്ടാണ് സിനിമാ രംഗത്തേക്ക് കടന്നുവരുന്നത് . ഏപ്രിൽ മാതത്തിൽ ആണ് ആദ്യ സിനിമ. കാതൽ കൊണ്ടെൻ എന്ന ധനുഷ് നായകനായ ചിത്രത്തിലെ ചെറുവേഷം ശ്രദ്ധേയമായി. പിന്നാലെ ഗൗതം മേനോന്റെ കാക്ക കാക്കയിൽ സൂര്യയുടെ സുഹൃത്തായ പൊലീസ് ഓഫീസറുടെ വേഷം ഏറെ ശ്രദ്ധേയമായി.

വില്ലൻ വേഷങ്ങളിലൂടെയാണ് ഡാനിയൽ ബാലാജി തമിഴ് സിനിമയിൽ തന്റെ സാന്നിധ്യമായത്. വേട്ടയാട് വിളയാട്, പൊല്ലതവൻ, പയ്യ, വട ചെന്നൈ, ബിഗിൽ എന്നീ ചിത്രങ്ങളിലെ ഇദ്ദേഹം ചെയ്ത വേഷങ്ങൾ ശ്രദ്ധേയമാണ്. ബ്ലാക്ക്, നവംബർ റെയിൻ, ഫോട്ടോഗ്രാഫർ, ഭഗവാൻ, ഡാഡി കൂൾ, ക്രൈം സ്റ്റോറി തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും കൂടാതെ തെലുങ്കിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. ഇതിൽ ആഷിക്ക് അബു സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഡാഡികൂളിലെ വില്ലൻ ഏറെ ശ്രദ്ധിക്കപ്പെട്ടു.

48ാം വയസ്സിലും അവിവാഹിതൻ

തമിഴിലെ മുൻ കാല ഹീറോ മുരളി, ഡാനിയൽ ബാലാജിയുടെ ബന്ധുവാണ്. മുരളിയുടെ അമ്മാവന്റെ മകനാണ് ഡാനിയൽ. അതേ സമയം 48 വയസായിട്ടും ഇതുവരെ വിവാഹം കഴിച്ചിരുന്നില്ല ഡാനിയൽ ബാലാജി. ഒരു അഭിമുഖത്തിൽ ഡാനിയൽ ബാലാജി ഇതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. '' 25ാമത്തെ വയസിൽ ഞാൻ മനസിലാക്കി എനിക്ക് വിവാഹം ശരിയാകില്ലെന്ന്.

വിവാഹം വേണ്ടെന്ന് ഞാൻ തീരുമാനിച്ചതല്ല. പക്ഷെ ഒരു 25 വയസ്സൊക്കെ ആയപ്പോഴേ എന്റെ ജീവിതത്തിൽ അങ്ങനെ ഒന്ന് സംഭവിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു. വിവാഹത്തെ കുറിച്ച് അമ്മ ചോദിക്കുമ്പോൾ നോക്കിക്കോളൂ, പക്ഷേ നടക്കില്ലെന്നാണ് പറഞ്ഞു. അമ്മ പല പെൺകുട്ടികളെയും കണ്ടു. പക്ഷെ ജാതകം ഒത്തില്ല. പിന്നീട് അന്വേഷിച്ചപ്പോൾ, എന്റെത് ബ്രഹ്‌മചാരി ജാതകമാണ് എന്ന് കണ്ടു. വിവാഹം കഴിക്കാത്തത് വലിയൊരു വിഷയമായിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല. ഈ ജീവിതത്തിൽ ഞാൻ ഹാപ്പിയാണ്. എനിക്ക് എന്റേതായ കാര്യങ്ങൾ ചെയ്യാനുണ്ട്''-ഡാനിയൽ ബാലാജി അഭിമുഖത്തിൽ പറഞ്ഞു.

സിനിമക്ക് ഒപ്പം നിരവധി സാമൂഹിക പ്രവർത്തനങ്ങളിലും, ഡാനിയൽ ബാലാജി സജീവമാണ്. മാനസിക വെല്ലുവിളി നേരിടുന്നവർക്കായും, വയോജനങ്ങൾക്കായും ഇദ്ദേഹം നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അവയവദാന പ്രോൽസാഹനത്തിന്റെ കാമ്പയിനിലും അദ്ദേഹം ഉണ്ടായിരുന്നു. ഡാനിയൽ ബാലാജിയുടെ അപ്രതീക്ഷിത മരണം തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

അദ്ദേഹത്തിന്റെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ മൃതദേഹം. താരത്തിന്റെ അവസാന ആഗ്രഹമായി അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തിരിക്കുകയാണ്. നേത്രദാനം നടത്തുമെന്ന് താരം പ്രതിജ്ഞയെടുത്തിരുന്നു. ഇത് പ്രകാരമാണ് താരത്തിന്റെ കണ്ണുകൾക്ക് ജീവൻപകരാൻ തീരുമാനിച്ചത്. തമിഴ് സിനിമാമേഖലയിലെ പ്രമുഖർ അടക്കം നിരവധി പേരാണ് ഡാനിയൽ ബാലാജിക്ക് അനുശോചനം അറിയിച്ചത്. സംവിധായകരായ ഗൗതം മേനോൻ, അമീർ, വെട്രി മാരൻ എന്നിവർ നേരിട്ടെത്തി അന്തിമോപചാരം അർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP