Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

തമിഴിലെ എഴുത്തുകാരൻ ഇന്ദിര പാർത്ഥ സാരഥിയുടെ നാടകം അടിച്ചുമാറ്റി; മൗലികമല്ലാത്ത സിനിമയ്ക്ക് കിട്ടിയത് മികച്ച തിരക്കഥക്കുള്ള അവാർഡ്; സിനിമയാക്കാൻ ആരും അനുവാദം തേടിയിട്ടില്ലെന്ന് ഇന്ദിര പാർത്ഥ സാരഥി; പ്രചോദനം ഉൾക്കൊള്ളുക മാത്രമാണ് ചെയ്തതെന്ന് സംവിധായകർ; 'വാസന്തി'യിലെ കോപ്പിയടി വിവാദം പുതിയ തലത്തിൽ

തമിഴിലെ എഴുത്തുകാരൻ ഇന്ദിര പാർത്ഥ സാരഥിയുടെ നാടകം അടിച്ചുമാറ്റി; മൗലികമല്ലാത്ത സിനിമയ്ക്ക് കിട്ടിയത് മികച്ച തിരക്കഥക്കുള്ള അവാർഡ്; സിനിമയാക്കാൻ ആരും അനുവാദം തേടിയിട്ടില്ലെന്ന് ഇന്ദിര പാർത്ഥ സാരഥി; പ്രചോദനം ഉൾക്കൊള്ളുക മാത്രമാണ് ചെയ്തതെന്ന് സംവിധായകർ; 'വാസന്തി'യിലെ കോപ്പിയടി വിവാദം പുതിയ തലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ 'വാസന്തി' തമിഴിലെ പ്രമുഖ എഴുത്തുകാരൻ ഇന്ദിര പാർത്ഥ സാരഥിയുടെ നാടകം അടിച്ചുമാറ്റിയതാണെന്ന് ആരോപണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയിൽ ഉയർന്ന ആരോപണത്തോട് പ്രതികരിച്ച് ഇന്ന് ഇന്ദിര പാർത്ഥ സാരഥിയും രംഗത്ത് എത്തി.

തന്റെ നാടകം സിനിമയാക്കുന്നത് ആരും അനുവാദം ചോദിച്ചിട്ടില്ലെന്നും ഇത് അന്യായമാണെന്നും വയോധികനായ എഴുത്തുകാരൻ ഏഷ്യാനെറ്റ് ന്യുസിനോട് പ്രതികരിച്ചു. ഇതോടെ മികച്ച തിരക്കഥക്കുള്ള അവാർഡ്വരെ കിട്ടിയ ചിത്രത്തെക്കുറിച്ച് വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്. എന്നാൽ നാടകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുക മാത്രമാണ് ചെയ്തതെന്നും, ചിത്രം കാണുന്ന ആർക്കും ഇത് കോപ്പിയടിയല്ലെന്ന് ബോധ്യമാവുമെന്നാണ് വാസന്തിയുടെ സംവിധായകരായ റഹ്മാൻ ബ്രദേഴസ് പറയുന്നത്. റഹ്മാൻ ബ്രദേർസ് എന്നറിയപ്പെടുന്ന ഷിനോസ് റഹ്മാനും സജാസ് റഹ്മാനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

'വാസന്തി'ക്കെതിരെ ഗുരുതര ആരോപണവുമായി മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി.കെ.ശ്രീനിവാസനാണ് ആദ്യം രംഗത്ത് എത്തിയത്. ഇന്ദിര പാർത്ഥ സാരഥിയുടെ പോർവേ പോർത്തിയ ഉടൽകൾ എന്ന നാടകത്തിൽ നിന്നും മോഷ്ടിച്ചതാണ് വാസന്തി എന്ന സിനിമയെന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ പി.കെ.ശ്രീനിവാസൻ ആരോപിക്കുന്നു.ഇന്ദിര പാർത്ഥ സാരഥിയുടെ നാടകത്തിലെ കഥാപാത്രത്തിന്റെ പേര് പോലും മാറ്റാൻ വാസന്തി സിനിമയുടെ അണിയറപ്രവർത്തകർക്കായില്ലെന്നും കുറിപ്പിൽ വിമർശനമുണ്ട്. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ ഐപി എന്ന് ഞങ്ങൾ, സുഹൃത്തുക്കൾ വിളിക്കുന്ന ഇന്ദിര പാർത്ഥസാരഥിയെ വിളിച്ചു ചോദിച്ചുവെന്നും, 'എന്നെ ആരും വിളിച്ചില്ല. 90 വയസ്സായ ഞാൻ ഇപ്പോഴും ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന് അവരോട് പറഞ്ഞേക്കു', എന്നുമാണ് അദ്ദേഹം നൽകിയ മറുപടി എന്നും പോസ്റ്റിൽ പറയുന്നു.

പി.കെ.ശ്രീനിവാസന്റെ കുറിപ്പിന്റെ പൂർണരൂപം:

'വാസന്തിയെ മോഷ്ടിച്ചവർ

'വാസന്തി വന്ന വഴി ' എന്നൊരു ലേഖനം ഇന്നലത്തെ മനോരമയുടെ ഞായറാഴ്ചയിൽ കണ്ടു. ലേഖകൻ എം കെ കുര്യാക്കോസ്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ വാസന്തിയുടെ സംവിധായകരായ ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ എന്നിവരെ കുറിച്ചാണ് എഴുത്ത്.തമിഴിലെ പ്രമുഖ എഴുത്തുകാരൻ ഇന്ദിര പാർത്ഥസാരഥിയുടെ പോർവേ പോർത്തിയ ഉടൽകൾ (പുതപ്പു പുതപ്പിച്ച ശരീരങ്ങൾ) എന്ന കഥയിലെ കഥാപാത്രമാണ് വാസന്തി എന്ന് സംവിധായകർ പറയുന്നു. 2010 ൽ വാസന്തി നാടകരൂപത്തിൽ ആക്കിയെന്നും രംഗത്ത് അവതരിപ്പിച്ചെന്നും പറയുന്നുണ്ട്. ആ കഥാപാത്രത്തിൽ സിനിമക്കുള്ള സാധ്യത കണ്ടെത്തി ഇപ്പോൾ വാസന്തി എന്ന സിനിമ വന്നിരിക്കുന്നു.

പോർവേ പോർത്തിയ ഉടൽകൾ ഐപിയുടെ പ്രസിദ്ധ നാടകമാണ്. കഥയല്ല. മറ്റൊരു ഭാഷയിലെ പ്രഗത്ഭനായ ഒരു എഴുത്തുകാരന്റെ നാടകം സിനിമയാക്കുമ്പോൾ സാമാന്യ മര്യാദ അനുസരിച്ച് അദ്ദേഹത്തിന്റെ അനുവാദം വാങ്ങണം. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ ഐപി എന്ന് ഞങ്ങൾ, സുഹൃത്തുക്കൾ വിളിക്കുന്ന ഇന്ദിര പാർത്ഥസാരഥിയെ വിളിച്ചു ഞാൻ ചോദിച്ചു, ആരെങ്കിലും താങ്കളെ കഥക്ക് സമീപിച്ചിരുന്നോ? അനുവാദം ചോദിച്ചിരുന്നോ? മലയാളത്തിൽ നിന്ന് ആരെങ്കിലും വിളിച്ചാൽ ഐപി എന്നെ വിളിക്കും. കാരണം കേന്ദ്ര അക്കാദമി അവാർഡ് ലഭിച്ച കുരുതിപ്പുനൽ ഉൾപ്പെടെ മൂന്നു നോവലുകളും കുറെ കഥകളും ഞാനാണ് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്. അദ്ദേഹം, പറഞ്ഞു, 'എന്നെ ആരും വിളിച്ചില്ല. 90 വയസ്സായ ഞാൻ ഇപ്പോഴും ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന് അവരോട് പറഞ്ഞേക്കു.' (വര്ഷങ്ങൾക്കു മുൻപ് 'കുരുതിപ്പുനൽ' ഐപിയുടെ അനുവാദമില്ലാതെ ദേശാഭിമാനി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. കൂടാതെ ചിന്ത അത് അനുവാദമില്ലാതെ തന്നെ പുസ്തകമാക്കുകയും ചെയ്തു. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുന്ന കാലത്തു നേരിൽ കണ്ടപ്പോൾ ഇ എം എസ് നമ്പൂതിരിപ്പാടിനോട് അക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം തമാശരൂപത്തിലാണ് അതെടുത്ത്. അത് തന്നെ വേദനിപ്പിച്ചെന്നു അദ്ദേഹം പറയുമായിരുന്നു.)

ഐപിക്ക് പ്രതിഫലം വേണ്ട. പക്ഷേ മര്യാദക്ക് വിവരം അറിയിക്കാമല്ലോ. ഇതിനെയാണ് മോഷണം എന്ന് നാം സാധാരണ പറയാറ്. വാസന്തിയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. തികഞ്ഞ മോഷണം. അദ്ദേഹം സർക്കാരിനെ ഇക്കാര്യം അറിയിച്ചാൽ മികച്ച ചിത്രത്തിനുള്ള അവാർഡ് സ്വീകരിക്കാനാവുമോ? കഥയും കാലവും സന്ദർഭവും മാറ്റി വാസന്തി പിറന്നു എന്നാണ് ഉളുപ്പില്ലാതെ അവർ പറയുന്നത്. കഥാപാത്രത്തിന്റെ പേര് പോലും മാറ്റാൻ വാസന്തിക്കാർക്കു ആയില്ല. (ഐപിയുടെ ഉച്ചിവയിൽ എന്ന കഥയാണ് കെ എസ് സേതുമാധവൻ മറുപക്കം എന്ന പേരിൽ 1992 ൽ സിനിമയാക്കിയത്. തമിഴ് സിനിമാലോകത്തെ ആദ്യത്തെ സ്വർണ കമൽ ആ ചിത്രത്തിനായിരുന്നു.) ഇത്തരത്തിലുള്ള മോഷണങ്ങൾ മലയാള സിനിമയുടെ യശ്ശസ്സിനു അപമാനകരമല്ലേ?'

വാസന്തി സ്വതന്ത്ര സിനിമതന്നെയെന്ന് സംവിധായകർ

എന്നാൽ വാസന്തി സ്വതന്ത്ര സിനിമതന്നെയെന്ന് ചിത്രത്തിന്റെ സംവിധായകരിൽ ഒരാളാ സജാസ് റഹ്മാൻ പ്രതികരിച്ചു. 'ഞാൻ 2010 ൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ പ്രൊഡക്ഷൻന്റെ ഭാഗമായി ചെയ്ത ഈ നാടകത്തിൽ നിന്നാണ് എന്ന് ഞങ്ങൾ പല മാധ്യമങ്ങളോടും പറഞ്ഞിരുന്നു. ഈ വാചകത്തെ പല രീതിയിൽ വ്യാഖ്യാനിച്ച് ആ പ്ലേയുടെ അഡാപ്‌റ്റേഷൻ ആണ് വാസന്തി എന്ന രീതിയിൽ രണ്ട് മൂന്ന് പത്ര വാർത്തകൾ വരികയുണ്ടായി.പക്ഷേ ഏറ്റവും വിഷമം തോന്നിയ കാര്യം ആ പത്ര വാർത്ത കണ്ട് പി.കെ.ശ്രീനിവാസൻ മാഷ് ല വാസന്തി സിനിമയിലെ മോഷണത്തെ കുറിച്ച് ശക്തമായ ഭാഷയിൽ എഴുതുക ഉണ്ടായി. ആ എഴുത്തു ഒരുപാട് പേരിലേക്ക് എത്തുകയും ചെയ്തു.(ശ്രീനിവാസൻ മാഷ് സിനിമ കണ്ടിട്ടുണ്ടോ എന്നറിയില്ല.)

പോർവേ പോർത്തിയ ഉടൽകൾ എന്ന നാടകത്തിലെ പ്രധാന കഥാപാത്രത്തിന്റെ പേര് വാസന്തി എന്നാണ്. ആ നാടകം ചെയ്യുമ്പോൾ ആ കഥാപാത്രത്തോട് തോന്നിയ അടുപ്പം തന്നെയാണ് ആ പേര് സിനിമയ്ക്ക് നൽകാനും സിനിമയിലെ കഥാപാത്രത്തിനു നൽകാനും പ്രേരിപ്പിച്ചത്.അതിനപ്പുറം ഈ സിനിമയുടെ തിരക്കഥ പൂർത്തിയാകുന്നത് പല കാലങ്ങളിൽ ആയി (നാല് വർഷത്തോളം എടുത്തു സിനിമ പൂർത്തിയാവാൻ) പലപ്പോഴായി, വന്നു കൂടിയ പല ചിന്തകളുടെയും, അതിനിടയിൽ ഞാൻ ചെയ്ത പല നാടകങ്ങളുടെ ചിന്തകളെയും അടിസ്ഥാനപ്പെടുത്തിയാണ്.

ഏറ്റവും സ്വാതത്രമായ വാസന്തിയുടെ യാത്ര, ആ യാത്രയ്ക്കുള്ള ആദ്യചിന്തകളെ നൽകിയത് പോർവേ പോർത്തിയ ഉടൽകൾ എന്ന നാടകം തന്നെയാണ്.ഞാൻ ഏറ്റവും ബഹുമാനിക്കുന്ന നാടക അദ്ധ്യാപകരിൽ ഒരാളാണ് ഈ നാടകത്തിന്റെ രചയിതാവ് ഇന്ദിരാ പാർത്ഥസാരഥി. അതുകൊണ്ട് തന്നെയാണ് ഞങ്ങൾ ആ പേരും, ആ നാടകത്തിന്റെ പേരും വീണ്ടും പലപ്പോഴായി ഞങ്ങൾ ആവർത്തിക്കുന്നത്.'- സജാസ് റഹ്മാൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP