Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

തമിഴ് മക്കൾ അമ്പലമുണ്ടാക്കി ആരാധിച്ച താര റാണി; ഖുശ് ബാംബിക ക്ഷേത്രത്തിലെ പ്രസാദം സാരിയും ഇഡ്ഡലിയും; വിവാഹത്തിനുശേഷം ഇസ്ലാം വിട്ട് ഹിന്ദുവായി; 'വധു കന്യക ആയിരിക്കണമെന്ന് നിർബന്ധം പിടിക്കരുത്' എന്ന പ്രസ്താവനയോടെ അമ്പലം പൊളിച്ച് ഒരു വിഭാഗം; രാഷ്ട്രീയ ജീവിതം തുടങ്ങിയത് ഡിഎംകെയിൽ; സ്റ്റാലിന്റെ ഫാസിസത്തിൽ മടുത്ത് കോൺഗ്രസിലേക്ക്; ഇനി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; ലക്ഷ്യം രണ്ടാം ജയലളിതയാകൽ; സിനിമയെ വെല്ലുന്ന ട്വിസ്റ്റുമായി ഖുശ് ബുവിന്റെ രാഷ്ട്രീയ ജീവിതം

തമിഴ് മക്കൾ അമ്പലമുണ്ടാക്കി ആരാധിച്ച താര റാണി; ഖുശ് ബാംബിക ക്ഷേത്രത്തിലെ പ്രസാദം സാരിയും ഇഡ്ഡലിയും; വിവാഹത്തിനുശേഷം ഇസ്ലാം വിട്ട് ഹിന്ദുവായി; 'വധു കന്യക ആയിരിക്കണമെന്ന് നിർബന്ധം പിടിക്കരുത്' എന്ന പ്രസ്താവനയോടെ അമ്പലം പൊളിച്ച് ഒരു വിഭാഗം; രാഷ്ട്രീയ ജീവിതം തുടങ്ങിയത് ഡിഎംകെയിൽ; സ്റ്റാലിന്റെ ഫാസിസത്തിൽ മടുത്ത് കോൺഗ്രസിലേക്ക്; ഇനി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; ലക്ഷ്യം രണ്ടാം ജയലളിതയാകൽ; സിനിമയെ വെല്ലുന്ന ട്വിസ്റ്റുമായി ഖുശ് ബുവിന്റെ രാഷ്ട്രീയ ജീവിതം

എം മാധവദാസ്

'ഒരു ചെമ്പനീർപ്പൂവ് വിടരുന്ന സുഗന്ധം'- ഖുശ്‌ബു എന്ന പേരിനെ അന്വർഥമാക്കുന്നതായിരുന്ന ആ നടിയുടെ നൂറുകണക്കിന് വേഷങ്ങൾ. ആരാധകർ അവർക്കായി ക്ഷേത്രംപോലും ഉണ്ടാക്കിയെന്ന് അറിഞ്ഞാൽ ആ നടിയുടെ കീർത്തി എത്രയുണ്ടാവും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. തെന്നിന്ത്യൻ ചലച്ചിത്ര ലോകം ഒരു കാലത്ത് അടക്കിവാണിരുന്ന ലേഡി സൂപ്പർസ്റ്റാർ ആയി അറിയപ്പെട്ടിരുന്ന, 50ാം വയസ്സിലും ജ്വലിക്കുന്ന സൗന്ദര്യമുള്ള ഈ നടി ഇന്ന് ഇന്ദ്രപ്രസ്ഥ രാഷ്ട്രീയത്തിലും അങ്ങേയറ്റം ചർച്ചാവിഷമയാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള കോൺഗ്രസ് വക്താവയിരുന്ന അവർ ഇപ്പോൾ കോൺഗ്രസിൽനിന്ന് രാജി നിൽകിയിരിക്കയാണ്. താൻ എക്കാലവും ഉയർത്തിപ്പിടിച്ച മതേതര രാഷ്ട്രീയം വിട്ട് ഖുശ്‌ബു ബിജെപിയിൽ ചേർന്നിരിക്കയാണ്.

രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയതിന് പിന്നാലെ എഐസിസി വക്താവ് സ്ഥാനത്തുനിന്ന് ഖുശ്‌ബുവിനെ ഒഴിവാക്കി. ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത, യാഥാർഥ്യ ബോധമില്ലാത്ത, പാർട്ടിയുടെ ഉന്നതതലത്തിലുള്ള ചില ശക്തികൾ തന്നെപ്പോലെ ആത്മാർഥമായി നിൽക്കുന്നവരെ ഒതുക്കാനാണു ശ്രമിക്കുന്നതെന്നു സോണിയാ ഗാന്ധിക്കുള്ള രാജിക്കത്തിൽ ഖുശ്‌ബു വ്യക്തമാക്കുന്നു. ബിജെപി ദേശീയ നേതാക്കളെ കാണുന്നതിനായി ഖുശ്‌ബു ഡൽഹിയിൽ എത്തിയതിനു പിന്നാലെയാണ് എഐസിസി വക്താവ് സ്ഥാനത്തുനിന്ന് ഖുശ്‌ബുവിനെ ഒഴിവാക്കിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ സാന്നിധ്യത്തിൽ ഖുശ്‌ബു ഉൾപ്പെടെ തമിഴകത്തെ 3 പ്രമുഖർ ഇന്നു പാർട്ടിയിൽ ചേരുമെന്നാണ് സൂചന.ഡൽഹിയിലേക്ക് പുറപ്പെടുന്നതിനു മുൻപ് ചെന്നൈ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് കോൺഗ്രസിൽ തുടരുമോയെന്ന ചോദ്യത്തോട് ഖുശ്‌ബു പ്രതികരിച്ചിരുന്നില്ല. ഭർത്താവ് സുന്ദർ സിയും ഇവർക്കൊപ്പമുണ്ട്. ഖുശ്‌ബു ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം മാസങ്ങളായി നിലനിൽക്കുന്നുണ്ടെങ്കിലും കോൺഗ്രസിൽ ഉറച്ചു നിൽക്കുമെന്നു കഴിഞ്ഞയാഴ്ച താരം വ്യക്തമാക്കിയിരുന്നു. ഹത്രസ് കൂട്ടമാനഭംഗവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കോൺഗ്രസ് സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

എന്തായാലും കോൺഗ്രസിന്റെ മുഖത്ത് വീണ്ടും എൽക്കുന്ന ഒരു ആഘാതമാണിത്. നേരത്തെ എഐസിസി വക്തായ ടോം വടക്കനെയും ബിജെപി റാഞ്ചിയിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയും കുറച്ചുകാലം എഐസിസി വക്താവ് ആയിരുന്നെന്ന് ഓർക്കണം. ഇങ്ങനെ കോൺഗ്രസിന്റെ ഗ്ലാമർ താരങ്ങളെ ഒന്നൊന്നായി റാഞ്ചുക വഴി വൻ രാഷ്ട്രീയ മുന്നേറ്റമാണ് ബിജെപി നടത്തുന്നത്. പ്രത്യേകിച്ചും എന്തെല്ലാം അഭ്യാസങ്ങൾ എടുത്തിട്ടും അവർ ക്ലച്ച് പിട്ിക്കാത്ത തമിഴ്‌നാട്ടിൽ, ഖുശ്‌ബുവിനെ ഇറക്കി അരക്കെ നോക്കാൻ തന്നെയാണ് ബിജെപി തീരുമാനം.

ചിന്നത്തമ്പിയിലൂടെ ലേഡി സൂപ്പർസ്റ്റാറിലേക്ക്

മഹാരാഷ്ട്രയിലെ ഒരു ഇടത്തരം മുസ്ലിം കടുംബത്തിൽ 1970 സെപ്റ്റമ്പർ 29നാണ് ഖുശ്‌ബു ജനിച്ചത്. നഖദ് ഖാൻ എന്നായിരുന്നു അന്ന് പേര്. 1980കളിൽ ഒരു ബാലതാരമായിട്ടാണ് അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യ ചിത്രം. 1981 ൽ അമിതാഭ്ബച്ചന്റെ ലാവാരിസ് എന്ന ചിത്രത്തിലും ബാലനടിയായി ഒരു പ്രധാന വേഷം ചെയ്തു. അതോടെയാണ് കുട്ടി ശ്രദ്ധിക്കപ്പെടുന്നത്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്. ഇതോടെ ഭാഷയുടെ അതിർവരമ്പ് ഭേദിച്ച് ഖുശ്‌ബു ശ്രദ്ധിക്കപ്പെട്ടു. 90കളിൽ അവർ തമിഴിൽ നിറഞ്ഞുനിന്നും. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമൽഹാസൻ, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി,ജയറാം, ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.

ചിന്നത്തമ്പിയിലൂടെയാണ് അവരുടെ ലേഡി സൂപ്പർസ്റ്റാർ പദവി അരക്കിട്ട് ഉറപ്പിച്ചത്. ഖുശ്‌ബുവിന്റെ കരിയറിലെ ഏറ്റവും ഉജ്ജ്വലമായ റോൾ ആയിരുന്നു. അന്ന് നടൻ പ്രഭുവുമായി പ്രണയത്തിലാണ് എന്ന ഗോസിപ്പുകൾ ഉയർന്നിരുന്നു. പക്ഷേ അതേക്കുറിച്ച് പിന്നീട് ഒരു അഭിമുഖത്തിൽ ഖുശ്‌ബു പറഞ്ഞത് ഇങ്ങനെയാണ്. 'ഞാൻ മരിച്ചാലും ചിന്നത്തമ്പിയിലെ നന്ദിനിയെ എല്ലാവരും ഓർത്തിരിക്കും. എത്രയോ അധികം ഗ്ലാമറസ് സീരിയസ്, കോമഡി റോളുകൾ ഞാൻ അതിനു ശേഷം ചെയ്തു. പക്ഷേ, ചിന്നത്തമ്പി ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ചിന്നത്തമ്പി ഇറങ്ങിയ സമയം എന്റെ അഭിനയജീവിതത്തിലെ ഏറ്റവും പീക്ക് സ്റ്റേജായിരുന്നു. അപ്പോൾ ഗോസിപ്പുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. വർഷങ്ങൾക്ക് മുമ്പ് ആരോ സൃഷ്ടിച്ച ഒരു കഥ വീണ്ടും കുത്തിപ്പൊക്കുന്നത് എന്തിനാണ്? പ്രഭു ഇന്നും എന്റെ നല്ലൊരു സുഹൃത്താണ്.'

'രജനിയോടൊത്ത് അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ അഭിനയത്തിന് ഒത്ത് ഉയരാൻ ഞാൻ പലപ്പോഴും ബുദ്ധിമുട്ടിയിട്ടുണ്ട്. ഷോട്ട് ആക്ഷൻ എന്ന് പറയുമ്പോൾ മാത്രം രജനിയിൽ സൂപ്പർസ്റ്റാറാകും. സിനിമയ്ക്ക് പുറത്ത് ഒരു മേക്കപ്പുമില്ലാതെ നടക്കാൻ ധൈര്യമുള്ള മറ്റേത് നടനുണ്ട് ഇന്ത്യയിൽ? കമലും പ്രഭുവും പുതിയ തലമുറയിലെ വിജയും എല്ലാം എന്റെ പ്രിയപ്പെട്ടവർ തന്നെ. ' - ഖുശ്‌ബു ഇങ്ങനെയാണ് താരങ്ങളെ വിലയിരുത്തുന്നത്. സിനിമാ ലോകത്തും പുറത്തും വ്യാപകമായ സൗഹൃദമാണ് അവർക്ക് ഉണ്ടായിരുന്നത്.

ഖുശ്ബാംബിക ക്ഷേത്രത്തിലെ പ്രസാദം സാരിയും ഇഡ്ഡലിയും

ചിന്നത്തമ്പി തംരംഗമായതോടെ തമിഴകത്ത് അക്ഷരാർഥത്തിൽ ഖുശ്‌ബു തരംഗം ആഞ്ഞടിക്കയായിരുന്നു. ആരാധനകൂടിക്കൂടി തിരുച്ചിറപ്പള്ളിയിൽ ഖുശ്‌ബുവിന്റെ പേരിൽ അവർ ഒരു ക്ഷേത്രംവരെ പണിതു. ഖുശ്ബാബിംക എന്ന് പേരിട്ട ക്ഷേത്രത്തിൽ ഇഡ്ഡലിയും സാരിയുമായിരുന്നു പ്രസാദം! രണ്ടും ഖുശ്‌ബുവിന് ഏറെ പ്രിയപ്പെട്ടവും. ഇന്നും തമിഴ്‌നാട്ടിൽ ഖുശ്‌ബു ഇഡ്ഡലിയും, ഖുശ്‌ബു സാരിയും നിലവിലുണ്ട്.

ഇതേ അമ്പലം പിന്നീട് ആരാധകർ തന്നെ തകർത്തിരുന്നു. വിവാഹപൂർവ്വ ലൈംഗികതയെ ന്യായീകരിച്ചുവെന്ന് നടിയുടെ ഒരു പ്രസ്താവന വളച്ചൊടിച്ചതാണ് ഒരു വിഭാഗം ആരാധകരെ പ്രകോപിപ്പിച്ചത്. ഇതേക്കുറിച്ച് ഖുശ്‌ബു പറയുന്നത് ഇങ്ങനെ. 'എന്റെ പേരിൽ ക്ഷേത്രം പണിതുകഴിഞ്ഞാണ് ഞാൻ അത് അറിയുന്നത്. ഒരു തരത്തിൽ അവരുടെ സ്‌നേഹപ്രകടനമായിരുന്നു അത്. തിരുച്ചിറപ്പിള്ളിയിൽ ഞാൻ പലപ്പോഴും പോയിട്ടുണ്ട്. നമ്മളെ ഒരു രാജകുമാരിയെപ്പോലെയാണ് അവർ എതിരേൽക്കുക. അവരോട് ഇതൊന്നും ആവശ്യമില്ല എന്ന് പറഞ്ഞാൽ നടക്കുമോ. അതിൽ ഭ്രമിച്ച് ഞാൻ ഒരു വലിയ ആളാണ് എന്ന് കരുതി നടക്കാതിരിക്കുന്നതിലാണ് കാര്യം. പക്ഷേ, എന്റെ ആരാധകരോട് എനിക്ക് ജീവിതാവസാനം വരെ കടപ്പാടും സ്‌നേഹവുമുണ്ടാകും. അവർ നൽകുന്ന സ്‌നേഹത്തിന് എത്ര തിരിച്ചുനൽകിയാലും അത് പോരാതെ വരും.'- അവർ പറഞ്ഞു.

'നമുക്കെതിരെ ഒരു പ്രതിഷേധമോ വിവാദമോ വരുമ്പോൾ വിഷമമുണ്ടാകുക എന്നത് സ്വാഭാവികമാണ്. പക്ഷേ, ക്ഷേത്രം പൊളിച്ചതുകൊണ്ട് പ്രത്യേകമായ വിഷമമൊന്നുമില്ല. ആരാധകരാണ് എനിക്കുവേണ്ടി ക്ഷേത്രം പണിതത്. ഞാൻ അന്നും ഇന്നും അവരോട് പറഞ്ഞിട്ടുള്ളത് ഞാൻ വെറും പച്ചയായ ഒരു സ്ത്രീയാണ് എന്നാണ്. ക്ഷേത്രം പണിയുക എന്നത് ആരാധനയുടെ മറ്റൊരു വശമാണ്. അത് എന്നെ സ്‌നേഹിക്കുന്നവരുടെ ആരാധനാ പ്രകടനമാണ്. അതിൽ ഞാൻ എന്നും സന്തോഷിച്ചിട്ടേയുള്ളൂ. പക്ഷേ, എനിക്ക് ലഭിച്ച അംഗീകാരങ്ങളിലും ആരാധനയിലും ഞാൻ ഭ്രമിച്ചിട്ടില്ല. പഴയ പ്രതാപത്തിൽ ജീവിക്കുന്നത് അത്ര നല്ല കാര്യമല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ക്ഷേത്രം പൊളിച്ചത് എന്നെ സ്‌നേഹിക്കുന്നവരെ ഒരുപാട് വേദനിപ്പിച്ചു.'- ഖുശ്‌ബു വ്യക്തമാക്കി.

'വധു കന്യക ആയിരിക്കണമെന്ന് യുവാക്കൾ നിർബന്ധം പിടിക്കരുത്'

2005ൽ എയ്ഡ്‌സ് ബോധവൽക്കരണത്തിനിടെ ഖുശ്‌ബു പറഞ്ഞ ചില കാര്യങ്ങൾ വൻ വിവാദങ്ങൾക്ക് ഇടയാക്കി. ക്ഷേത്രം തകർക്കലിൽവരെ എത്തിയത് ഈ സംഭവമാണ്. പെൺകുട്ടികൾ വിവാഹത്തിനു മുൻപ് സുരക്ഷിതമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് തെറ്റല്ല എന്നും കല്യാണം കഴിക്കുന്ന പെൺകുട്ടികൾ കന്യക ആയിരിക്കണമെന്ന് നിർബന്ധം പിടിക്കാൻ ആർക്കും അവകാശമില്ല എന്നും പറഞ്ഞതാണ് വൻ വിവാദമായത്. ഈ പ്രസ്താവനയെ രണ്ട് രാഷ്ട്രീയ പാർട്ടികൾ ശക്തമായി എതിർക്കുകയും പിന്നീട് ഈ വിവാദം കോടതിയിൽ എത്തുകയും ചെയ്തു. പക്ഷേ ഇതുസംബന്ധിച്ച് വന്ന 22 കേസുകളും സുപ്രീം കോടതി റദ്ദാക്കി.

ഇതേക്കുറിച്ച് ഖുശ്ബ് ഒരു അഭിമുഖത്തിൽ പ്രതികരിച്ചത് ഇങ്ങനെയാണ്. 'പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവരെ പേടിച്ച് നമുക്ക് ജീവിക്കാതിരിക്കാൻ കഴിയില്ലല്ലോ. എയ്ഡ്‌സ് ബോധവത്ക്കരണത്തെക്കുറിച്ചുള്ള ഒരു പരിപാടിയിൽ ഞാൻ പറഞ്ഞ ഒരു സത്യമാണ് എനിക്ക് നേരെയുണ്ടായ കോളിളക്കത്തിന് എല്ലാം കാരണം. വിവാഹപൂർവ ലൈംഗികബന്ധമുള്ള പെൺകുട്ടികൾ മുൻകരുതലുകൾ എടുക്കണം എന്നാണ് ഞാൻ പറഞ്ഞത്. അതിൽ എന്താണ് തെറ്റെന്ന് ഇതുവരെ എനിക്ക് മനസിലായിട്ടില്ല. പ്രവർത്തിക്കുന്നതല്ല, പറയുന്നതാണ് നമ്മുടെ നാട്ടിൽ വലിയ പ്രശ്‌നം. തുറന്ന മനസോടെ മുതിർന്നവർ പല കാര്യങ്ങളും ചർച്ച ചെയ്യാൻ മടിക്കുന്നതാണ് ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നത്. പെൺകുട്ടികൾ എല്ലാവരും വിവാഹപൂർവ്വ ലൈംഗിക ബന്ധം ഉള്ളവരാണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല. അത് നല്ലതാണെന്നും ഞാൻ പറഞ്ഞില്ല. അങ്ങനെ സംഭവിക്കുന്നെങ്കിൽ കൃത്യമായ മുൻകരുതൽ എടുക്കണം എന്നാണ് ഞാൻ പറഞ്ഞത്. ലോകം മാറുമ്പോൾ ഫോർവേർഡ് ആയി ചിന്തിക്കാനാണ് നാം പഠിക്കേണ്ടത്. ഇല്ലാത്ത സദാചാരം പറഞ്ഞിരുന്നിട്ട് എന്താണ് കാര്യം. പക്ഷേ, എനിക്ക് അതിന്റെ പേരിൽ ഒരുപാട് പഴികൾ കേൾക്കേണ്ടിവന്നു. ഞാൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് എനിക്ക് ഇന്നും അതിൽ കുറ്റബോധമില്ല. സുപ്രീം കോടതി എല്ലാ കേസുകളും പിൻവലിച്ചതോടെ ആ വിവാദങ്ങളെല്ലാം അവസാനിച്ചില്ലേ.'

വിവാദങ്ങൾക്കിടയിലും സൗഹൃദങ്ങൾ ഖുശ്‌ബുവിന് തുണയേകിയിരുന്നു. പ്രശ്‌നങ്ങൾ കത്തിനിൽക്കുമ്പോഴും സുഹാസിനിയെപ്പോലുള്ളവർ കൂടെയുണ്ടായിരുന്നു.'എന്റെ സുഹൃത്തുക്കൾ മാത്രമല്ല, എന്റെ കുടുംബവും ജനങ്ങളുമെല്ലാം എന്നെ പിന്തുണച്ചു. വളരെ ചെറിയ ഒരു വിഭാഗമാണ് വലിയ വിവാദങ്ങൾ സൃഷ്ടിച്ചത്. സുഹാസിനി എന്റെ വളരെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ ചിന്തകൾ വരെ ഒരേതലത്തിലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മണിരത്‌നം സാറും വളരെ നല്ല സപ്പോർട്ടാണ് നൽകിയത്.'- ഖുഷ്ബു പറഞ്ഞു. ദളിത് പാന്തേർസ്, പട്ടാളി മക്കൾ കക്ഷി എന്നീ രാഷ്ട്രീയ പാർട്ടികൾ ആക്രമാസക്തമായ പ്രതിഷേധങ്ങളായിരുന്നു നടത്തിയത്.പക്ഷേ ഇതിന്റെ എല്ലാം തുടർച്ചയെന്നോണം പിന്നീട് രാഷ്ട്രീയത്തിൽ ഇറങ്ങുന്ന താരത്തെയാണ് എവരും കണ്ടത്.

ഡിഎംകെ വിട്ടത് സ്റ്റാലിന്റെ ഫാസിസത്തിൽ മടുത്ത്

ഡിഎംകെ നേതാവ് കരുണാധിയോടുള്ള ആദരവും, മകളും കവിയുമായ കനിമൊഴിയുമായുള്ള അടുപ്പവുമാണ് ഖുശ്‌ബുവിനെ ഡിഎംകെയിൽ എത്തിച്ചത്. തന്നെപ്പോലുള്ള കാഴ്ചപ്പാടുകൾ ഉള്ള സ്ത്രീകൾ സമൂഹത്തിന് ഗുണം ചെയ്യും എന്നായിരുന്നു ഖുശ്‌ബുവിന്റെ സ്വയം വിലയിരുത്തൽ. 2010 മെയ് പതിനാലിന് ചെന്നൈയിൽ കരുണാനിധിയുൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ വച്ച് ഖുശ്‌ബു ഡി.എം.കെ യിൽ ചേർന്നു. സിനിമയും രാഷ്ട്രീയവും തമ്മിൽ അഭേദ്യമായ ബന്ധമുള്ള തമിഴ്‌നാട്ടിൽ ഇതോടെ ഖുശ്‌ബു വളരെപെട്ടെന്ന് ഉയർന്നുവരുമെന്ന് മാധ്യമങ്ങൾ വിലയിരുത്തി. പക്ഷേ ഒന്നും ഉണ്ടായില്ല. പ്രായധിക്യം മൂലം കരുണാനിധി അവശനായ സമയത്തൊക്കെ പാർട്ടിയിൽ മകൻ സ്റ്റാലിന്റെ ഏകാധിപത്യഭരണമായിരുന്നെന്ന് പിന്നീട് ഖുശ്‌ബു പറഞ്ഞു. സ്ത്രീകളുടെ അഭിപ്രായങ്ങൾക്കും ഡിഎംകെയിൽ യാതൊരു വിലയും ഉണ്ടായിരുന്നില്ല. ഭയന്നിട്ടാണ് പലരും പ്രതികരിക്കാത്തതെന്നും അവർക്ക് വൈകാതെ മനസ്സിലായി.

ഡിഎംകെ അടിമുടി അഴിമതിൽ കുളിച്ച ഒരു കാലം കൂടിയായിരുന്നു കടന്നുപോയത്. മാത്രമല്ല, കേരളത്തിൽ കാണുന്നതുപോലെ ഭരണ- പ്രതിപക്ഷ സൗഹൃദമൊന്നും തമിഴനാട്ടിൽ ഇല്ലെന്ന് ഖുശ്‌ബു ചൂണ്ടിക്കാട്ടിയിരുന്നു. ' എഐഡിഎംകെ നേതാവിന്റെ മകളുടെ കല്യാണത്തിനും മറ്റും ഒരു ഡിഎംകെ നേതാവ് പോകുന്നത് ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയില്ല. വ്യക്തിബന്ധങ്ങളിൽ പോലും അവർ രാഷ്ട്രീയം കലർത്തുന്നു. വലിയ ശ്വാസം മുട്ടലാണ് ഡിഎംകെയിൽ നിൽക്കുമ്പോൾ തോന്നിയിരുന്നത്. അതുകൊണ്ടുതന്നെയാണ് അവിടം ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് മാറിയത്.'- ഖുശ്‌ബു ഒരിക്കൽ വ്യക്മാക്കി.

2014ൽ ഖുശ്‌ബു കോൺഗ്രസിൽ ചേർന്നു. തമിഴ്‌നാട്ടിൽ കടുത്ത നേതൃദാരിദ്രം അനുഭവിക്കുന്ന കോൺഗ്രസിന് വളരെ പെട്ടെന്ന് ഊർജം നൽകാൻ ഖുശ്‌ബുവിന് ആയി. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അടങ്ങുന്ന ദേശീയ നേതൃത്വത്തിന്റെ ശക്തമായ പിന്തുണയോടെയാണ് അവർ എഐസിസി വക്താവിന്റെ വരെ പദവിയിൽ എത്തിയത്. പക്ഷേ പ്രാദേശിക കോൺഗ്രസിൽ അപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പിൽ സീറ്റിനായി ശ്രമിച്ചെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് വിനയായി. പിന്നീട് പാർട്ടി പരിപാടികളിൽ സജീവമല്ലായിരുന്നു. ചടങ്ങുകൾ അറിയിക്കാത്തതിനാലാണു പങ്കെടുക്കാതിരിക്കുന്നതെന്നായിരുന്നു അവരുടെ വിശദീകരണം. ഇതിന്റെയെല്ലാം ഫലമായി ഇപ്പോൾ അവർ കോൺഗ്രസ് വിടുകയാണ്. പക്ഷേ അപ്പോഴും അവർ ബിജെപിയിൽ ചേരുമെന്നത് ആർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. പുരോഗമന നിലപാടുകളുടെ പേരിൽ ഖുശ്‌ബുവിനെ ഏറ്റവും കൂടുതൽ ആക്രമിച്ചത് സംഘപരിവാർ ആണ്.

മുസ്ലിം ആയതിനാൽ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണി

എക്കാലവും സംഘപരിവാറിന്റെ കണ്ണിലെ കരടായിരുന്നു ഖുശ്‌ബു. ചാനൽ ചർച്ചകളിലും മറ്റും അവർ എടുക്കുന്ന സ്ത്രീപക്ഷ പുരോഗമന നിലപാടുകൾ സംഘപരിവാറിന് അംഗീകരിക്കാൻ ആയിരുന്നില്ല. സംവിധായകനും നടനുമായ സുന്ദറുമായുള്ള വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു അവർ. ഇതേക്കുറിച്ച് ഖുശ്‌ബു പറയുന്നത് ഇങ്ങനെ. 'എല്ലാ ദൈവവും ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. സുന്ദറിനെ വിവാഹം കഴിച്ചപ്പോൾ ഹിന്ദു ആയി എന്നല്ലാതെ ഞാനിപ്പോൾ പൂർണ്ണമായും ഒരു മുസ്ലീമോ ഹിന്ദുവോ എന്നൊന്നും എനിക്ക് പറയാൻ കഴിയില്ല. ഞാൻ ഒരു നല്ല മനുഷ്യനാണ് എന്ന് പറയാനാണ് എനിക്കിഷ്ടം.'

പക്ഷേ ഇസ്ലാം വിട്ടിട്ടും സംഘപരിവാർ ഖുശ്‌ബുവിന്റെ മുസ്ലിം ഐഡന്റിറ്റി പല തവണ കുത്തിപ്പൊക്കി. രണ്ടുവർഷം മുമ്പ് തന്നെ മുസ്ലിം ആയതിനാൽ ബലാൽസംഗം ചെയ്യുമെന്ന് പറഞ്ഞ് ഒരാൾ ഭീഷണിപ്പെടുത്തിയ കാര്യത്തിൽ ഖുശ്‌ബു പരാതി നൽകിയിരുന്നു. ഭീഷണി മുഴക്കിയ ആളുടെ പേരും ഫോൺനമ്പറും ഖുശ്‌ബു ട്വീറ്റിനൊപ്പം പങ്കുവെച്ചിരുന്നു. മുസ്ലീമായതിനാൽ താൻ ബലാത്സംഗം ചെയ്യപ്പെടേണ്ട ആളാണെന്ന് ഫോണിൽ വിളിച്ചയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് ഖുശ്‌ബുവിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. കൊൽക്കത്തയിൽ നിന്നുള്ള ഒരു നമ്പറിൽ നിന്നാണ് ഫോൺ കോൾ വന്നതെന്നും സഞ്ജയ് ശർമ എന്ന പേരാണ് ട്രൂകോളറിൽ കാണിച്ചതെന്നും അവർ പറഞ്ഞു. ഇത് രാമഭൂമി തന്നെയാണോ എന്നും പ്രധാനമന്ത്രി അക്കാര്യം വ്യക്തമാക്കണമെന്നും ഖുശ്‌ബു പറഞ്ഞു.

കൊൽക്കത്ത പൊലീസിനെ ടാഗ് ചെയ്ത് നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഖുശ്‌ബുവിന്റെ ട്വീറ്റ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിഷയത്തിൽ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസിന്റെ ദേശീയ വക്താവായതോടെയാണ് ഖുശ്‌ബുവിനെതിരെ മതത്തിന്റെ പേരിൽ ആക്രമണം വർധിച്ചത്. ഖുശ്‌ബു ആളുകളെ പറ്റിക്കുകയാണെന്നും ഖുഷ്ബുവിന്റെ യഥാർത്ഥ പേര് നഖദ് ഖാൻ എന്നാണെന്നും അഹിന്ദുവായതുകൊണ്ടാണ് ഖുശ്‌ബു നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും ആയിരുന്നു സോഷ്യൽ മീഡിയയിലെ സംഘി പ്രചരണങ്ങൾ. ഇത്തരം പ്രചരണങ്ങൾക്ക് ചുട്ട മറുപടിയുമായി ഖുഷ്ബു രംഗത്തെത്തിയിരുന്നു.'എന്റെ പേര് ഖാൻ എന്ന് തന്നെയാണ് അതിനിപ്പോൾ എന്താണ് എന്ന് ഖുഷ്ബു ചോദിക്കുന്നു. ട്വിറ്ററിലൂടെയായിരിന്നു ഖുഷ്ബുവിന്റെ പ്രതികരണം.എന്നെ കുറിച്ചുള്ള വലിയ ഒരു കണ്ടുപിടുത്തം ട്രോളുകളായി കണ്ടു എന്റെ പേര് നാഖത് ഖാൻ ആണെന്ന്. വിഡ്ഢികളെ എന്റെ അച്ഛനും അമ്മയും ഇട്ട പേരാണ് അത്. അതെ ഞാൻ ഖാൻ തന്നെയാണ് അതിൽ എന്താണ് തെറ്റ്. മണ്ടന്മാരെ എഴുന്നേൽക്കു നിങ്ങൾ ഇപ്പോഴും നാൽപ്പത്തി ഏഴ് വർഷം പിറകിലാണ്' എന്നായിരുന്നു ഖുഷ്ബുവിന്റെ ട്വീറ്റ്.

2019ൽ ട്രോളന്മാരുടേയും വിമർശകരുടേയും തരംതാഴ്ന്ന കമന്റുകൾ സഹിച്ച് മടുത്ത് ഈ നടി ട്വിറ്റർ ഉപേക്ഷിച്ചിരുന്നു. . താൻ മുസ്ലിമാണെന്ന കാരണത്താൽ രാഷ്ട്രീയ ശത്രുക്കളുടെ ആക്രമണം പതിവാണെന്നും ലൈംഗികച്ചുവയുള്ള കമന്റുകൾ കൂടിവരുകയാണെന്നും അവർ പറഞ്ഞു. സമൂഹമാധ്യമങ്ങൾക്ക് വ്യവസ്ഥാപിതമായ നിയന്ത്രണം വേണമെന്നും അവർ ആവശ്യപ്പെട്ടു.തനിക്ക് സംഭവിച്ചത് ഇതാണെങ്കിൽ മറ്റ് സ്ത്രീകളുടെ സ്ഥിതി എന്താകുമെന്നും ഖുശ്‌ബു ചോദിക്കുന്നു. ഈ രീതിയിൽ സംഘപരിവാറിന്റെ നോട്ടപ്പുള്ളിയായ വ്യക്തിയാണ് ഇപ്പോൾ യൂ ടേൺ എടുക്കുന്നത് എന്നതും അതിശയകരമാണ്.

രഞ്ജിത്തുമായും സുരേഷ്ഗോപിയുമായും അടുത്ത സൗഹൃദം

തമിഴ്‌നാട്ടിൽ ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമാണ് ഖുശ്‌ബു ചാരിറ്റി ഫൗണ്ടേഷൻ. ഇതിന്റെ പേരും പെരുമയും തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് ബിജെപി കരുതുന്നത്. മാനസികവളർച്ചയില്ലാത്ത കുട്ടികളെയും വികലാംഗരെയും സംരക്ഷിക്കുന്ന സ്ഥാപനമാണ് ഇത്. അവർക്കും നമ്മുടെ സമൂഹത്തിൽ നല്ല ഒരു സ്ഥാനവും ഭാവിയും വേണം എന്ന ആഗ്രഹത്തോടെയാണ് ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ പഠനത്തിനും വളർച്ചയ്ക്കും വേണ്ടി 1995ൽ സ്ഥാപനം ആരംഭിച്ചത്. ഖുശ്‌ബുവും ഭർത്താവ് സുന്ദറും കൂടാതെ ധാരാളം സന്നദ്ധപ്രവർത്തകർ ഇതിനുവേണ്ടി പ്രവർത്തിക്കുന്നുണ്ട്. 'ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ ഇതിനുവേണ്ടി യാത്ര ചെയ്യാറുണ്ട്. കുട്ടികൾക്കും മുതിർന്ന വിദ്യാർത്ഥികൾക്കും വ്യക്തിത്വവികസനത്തെക്കുറിച്ചുള്ള ക്‌ളാസുകൾ എടുക്കുന്നതും എനിക്ക് പ്രിയമുള്ള കാര്യമാണ്. ഈ ഫൗണ്ടേഷനെ ഇന്ത്യ മുഴവൻ എത്തിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ'- ഖുശ്‌ബു ഒരിക്കൽ പറഞ്ഞു. മലയാളത്തിലും മികച്ച വേഷങ്ങൾ ഖുശ്‌ബുവിനെ തേടി എത്തിയിരുന്നു. സംവിധായകൻ രഞ്ജിത്തിന്റെ കൈയാപ്പ് ആയിരുന്നു അതിൽ പ്രധാനപ്പെട്ടത്. 'മാനത്തെ കൊട്ടാരം' എന്ന ചിത്രത്തിൽ ഖുശ്‌ബുവിന്റെ ആരാധകനായി വേഷമിട്ടത് ദിലീപ് ആയിരുന്ന. അനുഭൂതി, കൈയൊപ്പ്, മിസ്റ്റർ മരുമകൻ, ചന്ദ്രോൽസവം, തുടങ്ങിയവയാണ് മലയാളത്തിലെ അവരുടെ മികച്ച ചിത്രങ്ങൾ.

രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടനിൽ പ്രതിഫലം വാങ്ങാതെയാണ് അവർ അഭിനയിച്ചത്. അതേക്കുറിച്ച് ഖുശുബ് പ്രതികരിച്ചത് ഇങ്ങനെ. 'പ്രതിഫലം വാങ്ങാതെ അഭിനയിച്ചു എന്നത് വലിയ കാര്യമല്ല. പ്രാഞ്ചിയേട്ടനിൽ ഒരു ഗസ്റ്റ് റോൾ ആയിരുന്നു എനിക്ക്. ഒരു സംവിധായകൻ എന്നതിനേക്കാൾ രഞ്ജിത്ത് എന്റെ നല്ലൊരു സുഹൃത്താണ്. പണം എത്രയെന്ന് ചോദിച്ച് ഒരിക്കലും എനിക്ക് രഞ്ജിയുടെ ചിത്രങ്ങളിൽ അഭിനയിക്കാനാകില്ല. എന്റെ മുമ്പിൽ രഞ്ജിത്ത് ഒരു സംവിധായകനോ നിർമ്മാതാവോ ഒന്നുമല്ല, എന്റെ സുഹൃത്താണ്. സൗഹൃദത്തിന്റെ പുറത്താണോ പ്രതിഫലം വാങ്ങാതിരുന്നത് എന്ന് ചോദിച്ചാൽ അതെ. പ്രാഞ്ചിയേട്ടനിൽ കോസ്റ്റിയൂമുകളും എന്റെ തന്നെയായിരുന്നു.യാദവത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയത് രഞ്ജിയായിരുന്നു. അന്നാണ് ഞാൻ രഞ്ജിയെ പരിചയപ്പെടുന്നത്. പിന്നീട് രഞ്ജി സംവിധാനം ചെയ്ത ചന്ദ്രോത്സവത്തിലാണ് ആദ്യമായി ഒരുമിച്ച് വർക്ക് ചെയ്യുന്നത്. 5 ദിവസത്തെ ഷൂട്ടിങ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും നല്ല ഒരു സൗഹൃദം രഞ്ജിത്തുമായി ഉണ്ടായി. കൈയൊപ്പിൽ മികച്ച ഒരു കാരക്ടറും രഞ്ജി എനിക്ക് സമ്മാനിച്ചു. എന്റെ കരിയറിലെ ഏറ്റവും നല്ല റോളുകളിൽ ഒന്നായിരുന്നു കയ്യൊപ്പിലെ പത്മ. എന്റെ പ്രായത്തിന് യോജിച്ച ഒരു വേഷം. കൈയൊപ്പിന്റെ കഥ കേട്ടപ്പോൾ തന്നെ ഞാൻ രഞ്ജിയോട് പറഞ്ഞിരുന്നു ഇത് എനിക്ക് തന്നെ നൽകണം എന്ന്. പിന്നെയും രഞ്ജിയുടെ ചിത്രമായ പ്രാഞ്ചിയേട്ടനിലൂടെയാണ് മലയാളത്തിൽ എത്തിയത്.'- ഖുശ്‌ബു പറയുന്നു.

സുരേഷ്ഗോപിയാണ് രഞ്ജിത്തിനെപ്പോലെ മലയാളത്തിൽ ഖുശ്‌ബുവിന്റെ അടുത്ത സുഹൃത്ത്. അവർ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. 'എന്റെ മാത്രമല്ല, ഭർത്താവ് സുന്ദറിന്റെയും അടുത്ത സുഹൃത്താണ് സുരേഷ് ഗോഎി. തിരുവനന്തപുരത്ത് എത്തിയാൽ സുരേഷ്ജിയെക്കാണാതെ എനിക്ക് തിരിച്ചുപോകാൻ കഴിയില്ല. സുരേഷ്ജിയുടെ വീട്ടിൽ അല്ലാതെ ഒരു ഹോട്ടലിൽ കഴിയാം എന്നും ചിന്തിക്കാനേ കഴിയില്ല. രാധിക എന്റെ അനുജത്തിയെപ്പോലെയാണ്. എന്റെ മക്കളും സുന്ദറും അവരോട് വളരെ നല്ല അടുപ്പമാണ്. കേരളത്തിലെത്തിയാൽ സുരേഷ് അങ്കിളിന്റെ വീടാണ് അവരുടെ ഇഷ്ടകേന്ദ്രം. എന്റെയും ഗോകുലിന്റെയും (സുരേഷ്‌ഗോപിയുടെ മകൻ) പിറന്നാൾ സെപ്റ്റംബർ ഒമ്പതിനാണ്. അങ്ങനെ ഒരുപാട് സാമ്യതകളുണ്ട് ഞങ്ങൾ രണ്ട് കുടുംബങ്ങൾക്കുമിടയിൽ. അതുകൊണ്ടുതന്നെ സുരേഷ്ജിയോടൊത്ത് അഭിനയിക്കുമ്പോൾ ഒരു ഫാമിലി ഫീൽ ആണ്. യാദവം മാനത്തെ കൊട്ടാരം, അനുഭൂതി, ഈ ചിത്രങ്ങളെല്ലാം ഞാൻ ആസ്വദിച്ച് ചെയ്തവയാണ്.'- ഒടുവിൽ സുരേഷ് ഗോപിയുടെ അതേ രാഷ്ട്രീയപാതയിൽ ഖുശ്‌ബുവും എത്തുകയാണ്. ബിജെപിക്ക് ആകട്ടെ ശരിക്കും ഒരു ലോട്ടറി തന്നെയാണ് ഇതിലുടെ കിട്ടുന്നത്.

ഖുശ്‌ബുവിനെ രണ്ടാം ജയലളിതയാക്കാൻ ബിജെപി

എത്ര ശ്രമിച്ചിട്ടും ബിജെപി വേണ്ടവിധത്തിൽ ക്ലച്ച്പിടിക്കാത്ത സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്‌നാട്. ജയലളിതയുടെ മരണത്തോടെ തുടങ്ങിയ രാഷ്ട്രീയ അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കയാണ്. വലിയ ഫാൻസ് ഉള്ള, താരപ്പകിട്ടിനോട് എന്നും കൂറുകാട്ടുന്ന തമിഴകത്ത് ഖുശ്‌ബുവിനെ രണ്ടാം ജയലളിതയാക്കി മാറ്റാനാണ് ബിജെപിക്ക് ശ്രമിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ വൻ വിജയം നേടിയിരുന്നു. അപ്പോഴും നല്ലാരു നേതാവിനെ കിട്ടിയാൽ തമിഴ്‌നാട്ടിൽ പച്ച പടിക്കാമെന്നാണ് ബിജെപി വിലയിരുത്തൽ. രജിനാകാന്ത് അടുക്കാത്തതോടെ ഈ നീക്കം പാളുന്ന സ്ഥിതിയായി. കമൽഹാസനും ഇടതുപക്ഷ രാഷ്ട്രീയമാണ് തമിഴ്‌നാട്ടിൽ മുമ്പോട്ട് വയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഖുശ്‌ബു ബിജെപിക്ക് തമിഴ്‌നാട്ടിൽ പുതിയൊരു കച്ചിത്തുരുമ്പാകും.

വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് ഖുശ്‌ബു എന്നും അഭ്യൂഹങ്ങളുണ്ട്. കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ഖുശ്‌ബു ട്വീറ്റ് ചെയ്തിരുന്നു. 'ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ കാര്യത്തിൽ പാർട്ടിയിൽനിന്ന് വ്യത്യസ്തമാണ് എന്റെ നിലപാട്. ഇതിന് രാഹുൽജിയോട് ഖേദം അറിയിക്കുന്നു. ഞാൻ തല കുനിച്ചിരിക്കുന്ന റോബോട്ടോ പാവയോ ആകുന്നതിനേക്കാൾ നല്ലത് വസ്തുത സംസാരിക്കുകയെന്നതാണ്. എല്ലാ കാര്യങ്ങളിലും നിങ്ങളുടെ നേതാവിനോട് യോജിക്കാൻ കഴിഞ്ഞേക്കില്ല. പക്ഷേ രാജ്യത്തെ പൗരൻ എന്ന നിലയിൽ ധൈര്യമായി അഭിപ്രായം പ്രകടിപ്പിക്കുകയെന്നത് പ്രധാനമാണ്'- ഖുശ്‌ബു പ്രതികരിച്ചത് ഇങ്ങനെയാണ്.

ഒട്ടേറെ പരിഷ്‌ക്കാരങ്ങളുമായി ദേശിയ വിദ്യാഭ്യാസ നയം 2020ന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. എല്ലാ സ്‌കൂളുകളിലും മാതൃഭാഷയോ പ്രാദേശിക ഭാഷയോ അഞ്ചാം ക്ലാസ് വരെ അദ്ധ്യാപന മാധ്യമമായിരിക്കുമെന്ന് ദേശീയ വിദ്യാഭ്യാസ നയം 2020 വ്യക്തമാക്കുന്നു. വിദ്യാഭ്യാസമേഖലയിൽ മൂന്നു പതിറ്റാണ്ടിനുശേഷം കൊണ്ടുവന്ന പരിഷ്‌ക്കരണത്തിൽ മൂന്നിനും 18 നും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികളെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ അവകാശത്തിന്റെ വിപുലീകരണമാണുള്ളത്. ആറാം ക്ലാസ് മുതൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പും തൊഴിൽ വിദ്യാഭ്യാസവും 10 + 2 സ്‌കൂൾ ഘടനയിൽ മാറ്റം, നാല് വർഷത്തെ ബാച്ചിലേഴ്‌സ് പ്രോഗ്രാം എന്നിവയും ദേശീയ വിദ്യാഭ്യാസ നയം നിർദ്ദേശിക്കുന്നു. ഇതിനെ കോൺഗ്രസ് എതിർത്തിരുന്നു. ഇതിനിടെയാണ് പിന്തുണയുമായി ഖുശ്‌ബു എത്തിയത്.

കോൺഗ്രസും സ്റ്റാലിനും ചേർന്നാണ് പ്രവർത്തനമെന്നതിനാൽ ഈ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും സ്റ്റാലിൻ ആകുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് ഖുശ്‌ബു കളം മാറി ചവിട്ടുന്നതെന്നും സൂചനയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കോൺഗ്രസിന് പുതുച്ചേരി ഉൾപ്പടെ ഒന്പതു സീറ്റിൽ വിജയിക്കാൻ സാധിച്ചിരുന്നു.നിമയസഭാ തെരഞ്ഞെടുപ്പിൽ 40 സീറ്റുകളിലാണ് കോൺഗ്രസ് നോട്ടമിട്ടിരിക്കുന്നത്. ഇതിനിടയിലാണ് ഖുശ്‌ബു ബിജെപിയിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാവാൻ തുടങ്ങിയത്. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ആശംസകൾ നേർന്ന് ഖുശ്‌ബു വീണ്ടും രംഗത്തെത്തിയതും സംശയം ബലപ്പെടുത്തിയിരുന്നു.

അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു കോൺഗ്രസ് വക്താവിന്റെ ട്വീറ്റ്. കോവിഡ് ബാധിതനായ അമിത് ഷാ എത്രയും പെട്ടെന്ന് പൂർണ ആരോഗ്യവാനായി തിരികെയെത്തട്ടേയെന്ന് പ്രാർത്ഥിക്കുന്നുവെന്നായിരുന്നു ഖുഷ്ബുവിന്റെ വാക്കുകൾ. ഇതൊരു സാധാരണ ട്വീറ്റ് ആയിരുന്നെങ്കിലും നേരത്തെയുള്ള വിവാദത്തിന്റെ പശ്ചാത്തല ത്തിൽ ഈ ട്വീറ്റും ചർച്ചാ വിഷയമായി. സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കളിൽ ചിലരെ അടർത്തിയെടുക്കുമെന്ന് പറഞ്ഞ ബിജെപിയും ചർച്ചകൾക്ക് ചൂട് പകർന്നു. ഖുശ്‌ബു ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ താരത്തെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു പാർട്ടി നേതാവ് എൽ മുരുകൻ അടുത്തിടെ പറഞ്ഞത്.

ഹത്രാസ് സംഭവത്തിൽ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ സമരത്തിലും ഖുശ്‌ബു പങ്കെടുത്തിരുന്നു. പക്ഷേ ഇപ്പോൾ അവർ കോൺഗ്രസ് വിട്ടു കഴിഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കിയ ഈ സൗന്ദര്യറാണിക്ക് തമിഴകത്ത് താമരവിരിയിക്കാൻ ആവുമോ. കാമരാജ് പറയുന്നപോലെ 'പാർക്കാലാം'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP