Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202426Sunday

'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ

'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ

എം റിജു

'കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം....''- അയാളങ്ങോട്ട് അഴിഞ്ഞാടുമ്പോൾ തിയേറ്റർ ഇളകിമറിയുകയാണ്. ചുമ്മാ വന്നുകയറി, 'ആന കരിമ്പിൻകാട്ടിൽ കയറിയതുപോലെ' ഗംഭീര ആറാട്ട് നടത്തി പ്രേക്ഷകരെ ഇളക്കിമറിച്ച് കയ്യടി വാങ്ങിപ്പോവുകയാണ് ആ നടൻ. ഇപ്പോൾ ഹിറ്റായി പ്രദർശനം തുടരുന്ന 'വർഷങ്ങൾക്കുശേഷം' എന്ന വിനീത് ശ്രീനിവാസൻ ചിത്രം ആ അസാധ്യ നടന്റെ തിരിച്ചുവരവ് കൂടിയാണ്. ഗസ്റ്റ് റോളിന്റെ എക്സ്റ്റൻഷൻ എന്ന് പറയാവുന്നത്ര മാത്രം കുറച്ച് സീനുകളുള്ള ഒരു സിനിമയിൽ, നായകരെ നിഷ്പ്രഭരാക്കുന്ന പ്രകടനത്തിലുടെ നിവിൻ പോളി ഞെട്ടിക്കുകയാണ്. ശരിക്കും കൊമേർഷ്യൽ സിനിമയിലേക്കുള്ള നിവിന്റെ തിരിച്ചുവരവ് കൂടിയായി ഈ ചിത്രം.

ധ്യാൻ ശ്രീനിവാസനും, പ്രണവ് മോഹൻലാലും നായകരായ ചിത്രത്തിൽ, നിവിന്റെ സെൽഫ് ട്രോൾ കഥാപാത്രമായ, നിതിൻ മോളി വരുന്നതോടെ കളി ആകെ മാറുകയാണ്. 'കൾട്ട്' എന്നെഴുതിയ കോട്ടിട്ടു സ്‌ക്രീനിലേക്ക് കയറി വരുന്ന നിവിൻ പോളിയുടെ പ്രകടനം കിടിലോൽക്കിടിലം എന്നേ പറയാനുള്ളൂ. സത്യത്തിൽ നിവിൻ പോളി എന്ന യുവ നടന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് ആക്ഷേപ ഹാസ്യത്തിൽ പൊതിഞ്ഞ് വിനീത് ശ്രീനിവാസൻ അവതിരിപ്പിക്കുന്നത്. തടി കൂടിയതിന്റെ പേരിൽ ബോഡിഷെയ്മിങ്ങിന് വിധേയനായ നടനാണ് അയാൾ.

ഒരു ഗോഡ്ഫാദറിന്റെയും സഹായമില്ലാതെ മലയാള സിനിമയിൽ പിടിച്ചു നിൽക്കുന്ന നടൻ. ഒരുപാട് പേർക്ക് പ്രചോദനമാണ് നിവിന്റെ ജീവിതം. യാതൊരു ചലച്ചിത്ര പശ്ചാത്തലുമില്ലാത്ത കൂടുംബത്തിൽ നിന്നാണ് അയാൾ കയറിവന്നത്. 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ' എന്ന നിവിന്റെ ചിത്രത്തിലെ ഡയലോഗ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സത്യത്തിൽ അത് വെറും ട്രോളല്ല. സിനിമയിൽ ഗോഡ്ഫാദർമാർ ഉണ്ടെങ്കിൽ മാത്രമേ പിടിച്ചുനിൽക്കാൻ കഴിയുകയുള്ളു എന്ന് പറഞ്ഞവരുടെ മുഖത്ത് അടിച്ച അടിയാണ് നിവിന്റെ ജീവിതം.

ടെക്കിയിൽ നിന്ന് നടനിലേക്ക്

1984 ഒക്ടോബർ 11 ന് എറണാകുളത്തെ ആലുവയിലെ സീറോ മലബാർ കത്തോലിക്കാ കുടുംബത്തിലാണ് നിവിൻ പോളി ജനിക്കുന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കളായ പോളി ബോണവെഞ്ചറും ത്രേസ്യാമ്മ പോളിയും സ്വിറ്റ്സർലൻഡിലെ ജോലി ചെയ്തിരുന്നത്. കുട്ടിക്കാലം വിദേശത്താണെങ്കിലും നിവിൻ വളർന്നത് കേരളത്തിലാണ്. പഠിക്കാൻ മിടുക്കനായിരുന്നു അവൻ. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം, അങ്കമാലിയിലെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ (ഫിസാറ്റ്) ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം നേടി, തുടർന്ന് ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ നിവിൻ ബാംഗ്ലൂരിലെ ഇൻഫോസിസിൽ ജോലി നേടി. 2006 മുതൽ 2008 വരെ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായി അവിടെ ജോലി ചെയ്തു. പിതാവിന്റെ മരണത്തിനു ശേഷം നിവിന്റെ ജീവിതം മാറിമറിഞ്ഞു. ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങാനുള്ള പ്രയാസകരമായ തീരുമാനം ഈ സമയത്താണ് അയാൾ എടുത്തത്.

ചെറുപ്പത്തിലെ തന്റെ ഉള്ളിൽ അഭിനയിക്കണം എന്ന മോഹം ഉണ്ടായിരുന്നെന്ന് നിവിൻ പറയുന്നു. എന്നാൽ അതിനുള്ള പരിശ്രമങ്ങൾ ഒന്നും നടത്തിയുരുന്നില്ല. കോളജിൽ പഠിക്കുമ്പോഴും കലാപ്രവർത്തനങ്ങളിൽ അത്രയേറെ സജീവമായിരുന്നുമില്ല. പക്ഷേ നാട്ടിലെത്തിയപ്പോഴാണ് അഭിനയത്തിൽ അരക്കൈ നോക്കിയാലോ എന്ന ചിന്ത ഉണ്ടായത്. അന്ന് ഇൻഫോസിസ് പോലെ പ്രശസ്തമായ ഒരു കമ്പനിയിലെ ജോലി രാജിവെച്ച്, ഒട്ടും സുരക്ഷിതം എന്ന് പറയാൻ കഴിയാത്ത സിനിമാ മേഖലയിലേക്ക് ഇറങ്ങുന്ന ഒരാളെ എല്ലാവരും പരിഹസിക്കയാണ് ചെയ്യുക. പക്ഷേ നിവിൻ അതൊന്നും കൂട്ടാക്കിയില്ല. ഒരു പരിചയക്കാരുമില്ലാത്ത മലയാള സിനിമയിലേക്ക് അയാൾ ധൈര്യപൂർവം ഇറങ്ങി. പിന്നെ രാജാവായി.

മലർവാടിയിലെ തുടക്കം

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ 2010-ൽ പ്രദർശനത്തിനെത്തിയ മലർവാടി ആർട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഓഡിഷന് കാൽ ഒടിഞ്ഞാണ് നിവിൻ എത്തിയതെന്ന് വിനീത് ശ്രീനിവാസൻ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇന്ന് രണ്ട് കാൽ ഉറച്ച് വെച്ച് തല ഉയർത്തി മലയാള സിനിമയുടെ യുവരാജാവായി മാറിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ട്.

അതുവരെ മലയാള സിനിമ കണ്ട ഫോർമാറ്റിൽ നിന്ന് വ്യത്യസ്തമായി യുവാക്കളുടെ സൗഹൃദത്തിന്റെ കഥ പറഞ്ഞ മലർവാടിക്ക്, നല്ല സ്വീകര്യതയാണ് ലഭിച്ചത്. സൂപ്പർ ഹിറ്റായില്ലെങ്കിലും ചിത്രം വിജയമായി. അന്ന് വിനീത് കണ്ടെത്തിയ അജുവർഗീസ് അടക്കമുള്ളവർ പിൽക്കാലത്ത് മലയാള സിനിമയിലെ മികച്ച നടന്മാരുമായി. പക്ഷേ ഈ ചിത്രത്തിനുശേഷം നിവിന് പിന്നീട് കാര്യമായ അവസരം കിട്ടിയില്ല. വല്ലാത്ത ഒരു പ്രതിസന്ധിക്കാലമായിരുന്ന അത് എന്ന് നിവിൻ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 2011ൽ ട്രാഫിക്, സെവൻസ്, ദി മെട്രോ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. സ്പാനിഷ് മസാല എന്ന ദിലീപ് ചിത്രത്തിലും അതിഥി വേഷം ചെയ്തു. അതിനിടെ 'യുവ് എന്ന ആൽബത്തിലെ 'നെഞ്ചോട് ചേർത്തു' എന്ന മ്യൂസിക് വീഡിയോയിൽ നിവിൻ അഭിനയിച്ചു. അത് യു ട്യുബിൽ വൻ ജനപ്രീതി നേടി.

ആദ്യ സിനിമയ്ക്ക് ശേഷം കുറേനാൾ തന്നെ അടയാളപ്പെടുത്താനുള്ള കഷ്ടപ്പാടുകളായിരുന്നുവെന്ന് നിവിൻ പറയുന്നു. 'മലർവാടിക്ക് ലഭിച്ച അംഗീകാരം പിന്നീട് വന്ന ചിത്രങ്ങൾക്ക് ലഭിച്ചില്ല. പക്ഷെ പിന്നീട് തട്ടത്തിൻ മറയത്ത് റിലീസ് ചെയ്തതോടെ എല്ലാം മാറി. അതിൽ നിന്നെല്ലാം ഒരുപാട് പഠിച്ചു. ഏതൊരു നടനും സിനിമയിൽ സ്വന്തം പേര് സമ്പാദിക്കുന്നത് വരെ പിടിച്ചു നിൽക്കുക ബുദ്ധിമുട്ടാണ്. ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുക എന്നത് മാത്രമാണ് ചെയ്യാനാവുക. നിങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നവരുണ്ടാകും പക്ഷെ മുന്നോട്ട് പോവുക. താൻ ഇന്നും പൊരുതുന്നുണ്ട്. പക്ഷെ ഇന്നത് ആസ്വദിക്കുന്നു. എളുപ്പമാണെന്നല്ല, പക്ഷെ മാനേജ് ചെയ്യാൻ പറ്റുന്നതാണ്''-നിവിൻ ഒരു അഭിമുഖത്തിൽ തന്റെ ജീവിതയാത്ര പറഞ്ഞത് ഇങ്ങനെയാണ്.

അടുത്ത വീട്ടിലെ ന്യുജൻ പയ്യൻ

ആദ്യ ചിത്രം സമ്മാനിച്ച വിനീത് ശ്രീനിവാസനിൽ നിന്ന് തന്നെയാണ് നിവിന്റെ കരിയറിൽ ബ്രേക്കായ 'തട്ടത്തിൻ മറയത്ത് ' എത്തുന്നത്. ഇന്നും കമിതാക്കളെ അവതരിപ്പിക്കുന്നവർ അനുകരിക്കുന്ന കഥാപാത്രമാണ് ചിത്രത്തിലെ വിനോദ്. വടക്കൻ മലബാറിലെ കാറ്റിനെക്കുറിച്ച് പറയുന്നതും, 'അവളുടെ തട്ടം നോക്കിയാൽ ചുറ്റുള്ളതൊന്നും കാണാൻ കഴില്ല സാറെ' എന്ന ഡയലോഗുമൊക്കെ ഇന്നും വൈറലാണ്. ഒരു മുസ്ലിം പെൺകുട്ടിയായ ആയിഷയുമായി അഗാധമായി പ്രണയത്തിലായ വിനോദ് എന്ന ഹിന്ദു യുവാവിന്റെ വേഷമാണ് നിവിൻ അവതരിപ്പിച്ചത്. നിവിൻ ഒരു ജനപ്രിയ നടനായി മാറുന്നതും തട്ടത്തിൻ മറയത്ത്, സൂപ്പർ ഹിറ്റായതോടെയാണ്. ഇതോടെ സത്യൻ അന്തിക്കാട്, രാജേഷ് പിള്ള, ആഷിഖ് അബു, ശ്യാമപ്രസാദ് തുടങ്ങിയ സംവിധായകർ നിവിന് വേഷങ്ങൾ നൽകി.

'അടുത്ത വീട്ടിലെ ന്യൂജൻ പയ്യൻ' എന്ന രീതിയിലുള്ള കഥാപാത്രങ്ങളാണ് നിവിനെ തോടി വന്നതിൽ അധികവും. മടിയും, അൽപ്പം പൊങ്ങച്ചവും, അൽപ്പം വിഡ്ഡിത്തവും, എന്നാൽ ഹൃദയത്തിൽ നന്മയുമുള്ള കഥാപാത്രങ്ങൾ. 2013-ൽ പുറത്തിറങ്ങിയ നേരം എന്ന ചിത്രം നിവിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ്. അതേ വർഷം തന്നെ അഞ്ചു സുന്ദരികൾ, അരികിൽ ഒരാൾ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

2014-ൽ നായകനായി എത്തിയ 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡെയ്‌സ്, വിക്രമാദിത്യൻ എന്നീ ചിത്രങ്ങളെല്ലാം നിവിന്റെ കരിയറിലെ മികച്ച ചിത്രങ്ങളാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത നാലു ചിത്രങ്ങളിൽ മൂന്നിലും നിവിൻ ആയിരുന്നു നടൻ. തട്ടത്തിൽ മറയത്ത്, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഒരു വടക്കൻ സെൽഫി എന്നീ ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ മികച്ച വിജയമാണ് നേടിയത്. വിനീതിന്റെ സഹോദരൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമയിലെ നായകനും നിവിൻ ആയിരുന്നു. നയൻതാര നായികയായി എത്തുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ചലച്ചിത്രതാരം അജു വർഗീസായിരുന്നു. ഇപ്പോഴും ആ വിനീത് ശ്രീനിവാസൻ യൂണിവേഴ്സ് തന്നെയാണ് നിവിനെ കൈപിടിച്ച് നിർത്തുന്നത്.

1983, ബാംഗ്ലൂർ ഡെയ്സ്

2014-ൽ സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് ആക്ടർ അവാർഡ് രണ്ട് ചിത്രങ്ങിലെ അഭിനയത്തിന് നിവിൻ നേടി. 1983, ബാംഗ്ലൂർ ഡെയ്സുമായിരുന്നു അവ. ഈ രണ്ട് ചിത്രങ്ങളിൽ ചെയ്ത കഥാാപാത്രങ്ങളെ നോക്കിയാൽ അറിയാം നിവിൻ പോളി എന്ന നടന്റെ റേഞ്ച്. എബ്രിഡ് ഷൈൻ എന്ന നവാഗത സംവിധായയകൻ ഒരുക്കിയ 1983 എന്ന ചിത്രത്തിൽ രമേശൻ എന്ന സച്ചിൽ ടെണ്ടുൽക്കർ ആരാധകന്റെ വേഷമാണ് നിവിൻ ചെയ്തത്.

ചെറിയൊരു കഥയെ വലിയൊരു ആവേശവുമായി കൂട്ടിചേർക്കാൻ പറ്റിയതാണ് ചിത്രത്തിന്റെ വിജയം. സച്ചിൻ ടെൻഡുൽക്കർ എന്ന വികാരത്തെയും സിനിമയിലേക്കു കൊണ്ടുവരാൻ സംവിധായകനു സാധിച്ചു. 1983-ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായതോടെ ഇന്ത്യയുടെ ഗ്രാമങ്ങളിലെല്ലാം ക്രിക്കറ്റ് ആവേശം തുടങ്ങിയിരുന്നു. മടൽബാറ്റും റബർ പന്തുമായിട്ടായിരുന്നു ഇവിടുത്തെ ചെറുപ്പക്കാർ പാടത്തും സ്‌കൂൾ മൈതാനങ്ങളിലും കളിക്കാനിറങ്ങിയിരുന്നത്. അതുകൊണ്ടു തന്നെ മുപ്പതു പിന്നിട്ട ചെറുപ്പക്കാർക്കെല്ലാം കുറേ മധുരിക്കുന്ന ഓർമകൾ സമ്മാനിക്കാൻ ഈ ചിത്രത്തിനു സാധിച്ചു.

ക്രിക്കറ്റ് എന്ന കളിയുടെ പിച്ചിൽ മാത്രം നിൽക്കാതെ കുടുംബ ബന്ധങ്ങളിലേക്ക് ചിത്രത്തെ കൊണ്ടുപോകാൻ സാധിച്ചതാണ് സംവിധായനു സാധിച്ച മറ്റൊരു നേട്ടം. എല്ലാവരും കളിയിൽ ജയിച്ചവരുടെ കാര്യം പറയുമ്പോൾ കളിയിൽ പരാജയപ്പെട്ടുപോയ രമേശൻ എന്ന ചെറുപ്പക്കാരന്റെ കഥയാണു ചിത്രം പറഞ്ഞത്. ബാല്യം തൊട്ട് മധ്യവയസ്സുവരെയുള്ള ആ വേഷം നിവിൻ ഗംഭീരമാക്കി. ആദ്യരാത്രിയിൽ സച്ചിൻ ടെണ്ടുൽക്കറുടെ ചിത്രം കണ്ട്, ഇത് ആരാണെന്ന് ഭാര്യ ചോദിക്കുമ്പോഴുള്ള രമേശന്റെ അമ്പരപ്പ്, ഇന്നും ട്രോളന്മാരുടെ ഇഷ്ട വിഷയമാണ്.

അതുപോലെ നിവിൻ ഞെട്ടിച്ച മറ്റൊരു സിനിമാണ് ബാംഗ്ലൂർ ഡെയ്സ്. എല്ലാ ആഗ്രഹങ്ങളുമുണ്ടായിട്ടും സദാചാരവാദിയായി അഭിനയിച്ച് ബാംഗ്ലൂരിൽ കഴിയുന്ന 'കുട്ടേട്ടന്റെ' ചമ്മലും ചിരിയുമൊക്കെ ഒന്ന് കാണണം. ചിരിയും ചിന്തയും ഒരുപോലെ ഉണ്ടാക്കാൻ കഴിയുന്ന ഇത്തരം വേഷങ്ങൾ അത്യപൂർവമാണ്.

മരണമാസ്സായ പ്രേമം

2013-ൽ റിലീസായ. അൽഫോൻസ് പുത്രന്റെ 'നേരം' 2015-ലെ 'പ്രേമം' എന്ന ചിത്രത്തിന്റെ സാമ്പിൾ വെടിക്കെട്ട് മാത്രമായിരുന്നു. പ്രേമം എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായി മാറി. മലർ മിസ്സിനെ പ്രേമിച്ച ജോർജ് എന്ന വിദ്യാർത്ഥിയും ഒരു കൾട്ടായി. തൂവാനത്തുമ്പികളിലെ മണ്ണാറത്തൊടി ജയകൃഷ്ണനെയും, ക്ലാരയെയുമൊക്കെപ്പോലെ. 2015 കാലഘട്ടത്തിൽ കോളേജുകളിൽ എന്ത് പരിപാടി നടന്നാലും വെള്ള മുണ്ടും കറുത്ത ഷർട്ടും നിർബന്ധമായിരുന്നു. ജോർജിന്റെ വഴിയേ പോയി കേരളത്തിലെ കലാലയങ്ങൾ.

കഥയിൽ പുതുമകൾ ഒന്നും തന്നെയില്ലാതെ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മികച്ച ചിത്രങ്ങളിൽ ഒന്നിൽ ഇടം നേടിയ ചിത്രമാണിത്. ജോർജ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ മൂന്ന ഘട്ടങ്ങൾ അയാളുടെ പ്രണയത്തിലൂടെ പറയുകയാണ് പ്രേമം. അടുത്ത രംഗത്ത് എന്തോ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് കഥ പോകുന്നത്. എന്നാൽ അവിടെ ഒന്നും ഉണ്ടായിരിക്കില്ല. അതേ സമയം പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ പലതും വരും. ദിവസങ്ങൾക്കുള്ളിൽ 50 കോടി ക്ലബിലെത്തിയതോടെ മാധ്യമങ്ങൾ എഴുതി, നിവിൻ പോളി എന്ന സൂപ്പർസ്റ്റാർ ജനിച്ചു കഴിഞ്ഞു. സൗഹൃദത്തെയും പ്രണയത്തെയും ജീവിതത്തെയും വളരെ രസത്തോടെ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചു. പാട്ടുകളും സൂപ്പർ ഹിറ്റായി. 'പകച്ചുപോയി എന്റെ ബാല്യം' തുടങ്ങിയ ഡയലോഗുകൾ വർഷങ്ങളോളം ട്രോളായി. ചിത്രത്തിൽ മലർ എന്ന ടീച്ചറായി വന്ന സായി പല്ലവിയുടെ വേഷവും കൾട്ടായി.

ഒരു അഭിമുഖത്തിൽ നിവിൻപോളി ഇങ്ങനെ പറയുന്നു. -'പ്രേമത്തിന് ശേഷം അൽഫോൻസുമൊത്ത് മറ്റൊരു സിനിമ ചെയ്യാൻ പദ്ധതിയുണ്ടായിരുന്ന.അതൊരു ത്രിഡി ചിത്രമായിരുന്നു. പക്ഷെ അത് നടന്നില്ല. ഇന്നും കേരളത്തിന് പുറത്ത് പോകുമ്പോൾ ആളുകൾ ആദ്യം പറയുന്നത് പ്രേമത്തെ കുറിച്ചാണ്. പിന്നീട് ബാംഗ്ലൂർ ഡെയ്സിനേയും ഒരു വടക്കൻ സെൽഫിയേയും കുറിച്ചും'- നിവിൻ പറയുന്നു.

നിർമ്മാതാവായും തിളക്കം

അതിനിടെ 'പോളി ജൂനിയർ' പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മാതാവായി. ആക്ഷൻ ഹീറോ ബിജു എന്ന എസ്ഐയുടെ കഥ പറഞ്ഞ എബ്രിഡ് ഷൈൻ ചിത്രവും ഹിറ്റായി. കാറ്റുള്ളപ്പോൾ പിടിച്ചു കയറുക എന്നതാണു സിനിമയുടെ പൊതുതന്ത്രം. എന്നാൽ താരപ്രഭയുടെ നടുവിൽ നിൽക്കുമ്പോൾ പെട്ടെന്ന് ഒരു വർഷവും ഒരു മാസവും സിനിമ റിലീസ് ചെയ്യാതെ വിട്ടു നിൽക്കുക. അതിനു നല്ല ധൈര്യം വേണം. ചിലർ പറയും റിസ്‌ക് എടുക്കലാണെന്ന്. നിവിൻ പോളിയെപ്പോലെ താരമൂല്യവും കച്ചവട മൂല്യവുമുള്ള ഒരാൾക്കു ഈ റിസ്‌ക് എടുക്കേണ്ട ആവശ്യമില്ല. എന്നിട്ടും 2017-ൽ ഒരു വർഷം കാത്തിരുന്നാണ് നിവിൻ സഖാവ് എന്ന സിനജമ ചെയ്തത്. ഇത്രയേറെ സമയം കാത്തിരുന്നത് എന്തിനാണ് എന്ന ചോദ്യത്തിന് സിനിമയുടെ പെർഫക്ഷന് എന്നായിരുന്നു നിവിൻ മറുപടി പറഞ്ഞത്. ചിത്രം ബോക്സോഫീസിൽ വലിയ വിജയം ആയില്ലെങ്കിലും മികച്ച ചിത്രം എന്ന് പേരെടുത്തു.

ഷൂട്ടിങ്ങ് കഴിഞ്ഞാൽ ഒന്നിലും ഇടപടാതെ നേരെ വീട്ടിൽപോവുന്ന നടനല്ല നിവിൻ. സിനിമുടെ ഇംപ്രവൈസേഷന് അയാൾ തനിക്ക് കഴിയുന്നതെല്ലാം ചെയ്യും. -'സിനിമയ്ക്കു പണം മുടക്കിയ ആളും സംവിധായകനും തിരക്കഥാകൃത്തുമെല്ലാം എന്നെപ്പോലെയോ എന്നെക്കാളുമോ ആ സിനിമയുടെ വിജയം മോഹിക്കുന്നവരാണ്. ജനം സിനിമ കാണുക എന്നതാണു വിജയ ഘടകം. ജനങ്ങളെ തിയറ്ററിൽ എത്തിക്കാൻ എന്റെ സാന്നിധ്യത്തിനു കഴിയുമെങ്കിൽ ഞാൻ അവരെ നേരിൽ കണ്ടിരിക്കും. ഷൂട്ടിങ് കഴിഞ്ഞാൽ വീട്ടിൽ പോകുന്നതല്ല എന്റെ രീതി. എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ സിനിമ നന്നാക്കാനായി എല്ലാ ഘടകങ്ങളിലും ശ്രദ്ധിക്കും''- നിവിൻ മനോരമക്ക് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു.

തന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് എല്ലാം അയാൾ സംവിധായകർക്കാണ് കൊടുക്കുക. 'അൽഫോൻസ് പുത്രൻ, എബ്രിഡ് ഷൈൻ, സിദ്ധാർഥ് ശിവ, അഞ്ജലി മേനോൻ, വിനീത് ശ്രീനിവാസൻ തുടങ്ങിയ പ്രതിഭകളൊപ്പം ജോലി ചെയ്യാനായി എന്നതാണ് എനിക്ക് ഊർജം നൽകുന്നത്. അവരുടെ കഥയിലും തിരക്കഥയിലും ജോലിയിലുമെല്ലാം ആ സിനിമയുടെ ആത്മാവുണ്ടാകും. സത്യത്തിൽ നിവിൻ പോളി അവർക്കൊപ്പമെത്താൻ ശ്രമിച്ചു കൊണ്ടേയിരിക്കുകയാണ്.''- ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.

മുത്തോനിലെ അതുല്യ പ്രകടനം

ഐതിഹാസിക കഥാപാത്രമായ 'കായംകുളം കൊച്ചുണ്ണിയെ' അവതരിപ്പിച്ച നിവിൻ കള്ളനെ പോലെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. 2018-ൽ പ്രദർശനത്തിനെത്തിയ റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയിലെ കൊച്ചുണ്ണിയായി നിവിൻ തകർത്തു. മലയാളത്തിൽ അതുവരെ പുറത്തിറങ്ങിയ എറ്റവും മുതൽ മുടക്കുള്ള ചിത്രമായിരുന്നു ഇത്. പക്ഷേ പ്രർശനത്തിനെത്തി മൂന്നു ദിവസംകൊണ്ട് 25 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തിൽ മോഹൻലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ലാലേട്ടനുമൊത്തുള്ള കോമ്പോ സീനുകളാണ് താൻ ഏറെ ആസ്വദിച്ചതെന്ന് നിവിൻ പിന്നീട് പറഞ്ഞിരുന്നു. ചിത്രം നൂറുകോടിയോളം കളക്റ്റ് ചെയ്യുകയും ചെയ്തു. ഹേയ് ജൂഡ്, മിഖായേൽ, ലവ് ആക്ഷൻ ഡ്രാമ,തുടങ്ങിയ ചിത്രങ്ങളിലൂടെ 2019ൽ നിവിൻ തന്റെ യാത്ര തുടർന്നു.

വ്യാവസായിക വിജയമല്ല, വ്യത്യസ്തമായ ചിത്രങ്ങൾ എന്നും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നത് നിവിന്റെ ഹൈലൈറ്റ് ഫാക്ടറാണ്. 2020-ൽ മൂത്തോൻ എന്ന ഗീതുമോഹൻദാസിന്റെ ക്ലാസിക്ക് ചിത്രത്തിലുടെ അടിവരയിട്ടത് അതാണ്. മൂത്തോനിലൂടെ 2020ൽ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (സ്‌പെഷ്യൽ മെൻഷൻ) വീണ്ടും നിവിനെ തേടിയെത്തി. സ്വവർഗാനുരാഗിയായ അക്‌ബർ ആയി അസാധ്യമായ അഭിനയാണ് താരം കാഴ്ച വെച്ചത്. ഫിലിം കമ്പാനിയന്റെ ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച 100 പ്രകടനങ്ങളിൽ പ്രത്യേക പരാമർശവും അംഗീകാരവും നിവിൻ നേടി.

-'മൂത്തോൻ' വ്യത്യസ്ത സിനിമയാണ്. യാഥാർഥ്യവും മാജിക്കൽ റിയലിസവുമെല്ലാം ചേർന്ന സിനിമ. ഒരു മാസത്തോളം ഈ സിനിമയ്ക്കുവേണ്ടി അതുൽ മോറിയ എന്ന പ്രശസ്ത പരിശീലകന്റെ കീഴിൽ അഭിനയം പരിശീലിച്ചു. കഥാപാത്രത്തെ എങ്ങിനെ പഠിക്കണം, വിലയിരുത്തണം എന്നെല്ലാം പഠിച്ചു. ശരീര ഭാഷ പഠിക്കാനായി പ്രത്യേക പരിശീലനം തന്നു. ഒരു സിനിമയ്ക്കുവേണ്ടി ഇത്രയേറെ തയറെടുപ്പു നടത്തുന്നതു സന്തോഷമല്ലേ?''- നിവിൻ ഒരു അഭിമുഖത്തിൽ പറയുന്നു.

2021-ൽ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിൽ തീർത്തും വ്യത്യസ്തമായ കോമഡി ജോണർ ചിത്രം 'കനകം കാമിനി കലഹം' നിവിൻ നിർമ്മിക്കുകയും ചെയ്തു. 2022-ൽ റിലീസായ എബ്രിഡ് ഷൈൻ ചിത്രം 'മഹാവീര്യർ', മലയാളി പ്രേക്ഷകർ ഇന്നുവരെ കാണാത്ത ജോണറാണ് സമ്മാനിച്ചത്. പൊളിറ്റിക്കൽ ത്രില്ലർ ചിത്രം പടവെട്ടും കോമഡി എന്റർടെയിനർ ചിത്രം സാറ്റർഡേ നൈറ്റ് ഒരു നടൻ എന്ന നിലയിലും എത്രമാത്രം വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്. ഇതിൽ പടവെട്ട് ' ഇന്ത്യൻ സൂപ്പർ ലീഗിൽ അതിന്റെ ട്രെയിലർ ലോഞ്ച് നടത്തി, അത് ഫിലിം പ്രൊമോഷനിലെ അതുല്യ സംഭവമാക്കി മാറ്റി. തമിഴിൽ 'റിച്ചി' എന്ന ചിത്രവും ഇറങ്ങി. അതിനുശേഷം രാജീവ് രവിയുടെ തുറമുഖവും ഇറങ്ങി.

പക്ഷേ ഈ ചിത്രങ്ങൾ ഒന്നും തന്നെ കലാപരമായി മികച്ചതാണെങ്കിലും വാണിജ്യപരമായി വിജയിച്ചതായിരുന്നില്ല. അതുകൊണ്ടുതന്നെ നിവിൻ പോളി ഔട്ടായി എന്നൊക്കെയുള്ള കഥകൾ ഇൻഡസ്ട്രിയിൽ പരന്നു. അതിനെല്ലാമുള്ള ഒന്നാന്തരം മറുപടിയായിരുന്നു, തന്റെ എക്കാലത്തെയും രക്ഷകനായ വിനീത് ശ്രീനിവാസന്റെ 'വർഷങ്ങൾക്കുശേഷം' എന്ന പുതിയ ചിത്രത്തിലൂടെ നിവിൻ കൊടുത്തത്.

തകർത്ത് നിതിൻ മോളി

ആദ്യപകുതിയിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് വർഷങ്ങൾക്കുശേഷം ചിത്രത്തിന്റെ രണ്ടാം പകുതി. അടിമുടി സെൽഫ് ട്രോളുകളാണ്്. തന്റെ തടി കൂടിയതിനെ വിമർശിച്ചവരോട് കണക്കിന് കൊടുക്കുന്നുണ്ട് നിവിൻ പോളി തന്റെ തന്നെ സ്പുഫ് കഥാപാത്രമായ നിതിൻ മോളിയിലൂടെ. ധ്യാനും പ്രണവും നായകന്മാരായി എത്തിയ ചിത്രത്തിൽ നിതിൻ മോളിയെന്ന സ്റ്റൈലിഷ് കഥാപാത്രവുമായി എത്തി കൈയടികൾ നേടിയത് കൂടുതലും നിവിൻ പോളിയാണ്. വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് പ്രേക്ഷകർ കാണുവാൻ കൊതിച്ച നിവിൻ പോളിയുടെ അഴിഞ്ഞാട്ടം ബിഗ് സ്‌ക്രീനിൽ എത്തിയതും. വേൾഡ് വൈഡ് കളക്ഷനിൽ ചിത്രം ഇപ്പോൾ അൻപത് കോടി ക്ലബിൽ ഇടം നേടുകയും ചെയ്തിരിക്കുകയാണ്.

ക്രിഞ്ച്, നെപ്പോട്ടിസം, പ്രണവിന്റെ ഹിമാലയം യാത്രകൾ/ മലകയറ്റം, യൂട്ഊബർമാരുടെ തിയേറ്റർ റിവ്യൂ സംസ്‌കാരം എന്നിങ്ങനെ മലയാള സിനിമയ്ക്ക് അകത്തും പുറത്തുമൊക്കെ സജീവമായ പല വിഷയങ്ങളെയും നല്ല രീതിയിൽ ട്രോളി കൊണ്ട് ഓഡിയൻസിന്റെ കയ്യടി നേടാൻ ചിത്രത്തിന് കഴിഞ്ഞു. 'അവന്റെ മകനും, ഇവന്റെ മകനുമല്ലേ' ഇപ്പോൾ അഭിനയിക്കുന്നത് എന്നൊക്കെയുള്ള നിവിന്റെ ഡയലോഗിന് വൻ കൈയടിയാണ് ലഭിക്കുന്നത്. ഒരു നോട്ടത്തിൽ പോലും അയാൾക്ക് കോമഡിയുണ്ടാക്കാൻ കഴിയുന്നു. ഏതാനും സീനുകളിൽ വന്ന് ഒരു സിനിമയെ മൊത്തത്തിൽ തൂക്കി എടുത്തുകൊണ്ട് പോവുകയാണ് അയാൾ.

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്‌മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് അണിനിരന്നത്്. ഇവരെയെല്ലാം ഒറ്റയടിക്ക് ഔട്ട് ഷൈൻ ചെയ്യിക്കാൻ നിവിന് കഴിഞ്ഞു.

പക്ഷേ വിജയത്തിലും നിവിൻ വിനായാന്വിതനാവുകയാണ്. ഈ ചിത്രത്തിന്റെ ക്രഡിറ്റും അയാൾ നൽകുന്നത്, സംവിധായകൻ വിനീത് ശ്രീനിവാസനാണ്.- 'ഇൻഡസ്ട്രി എങ്ങനെയാണെന്നോ തിരക്കഥ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്നോ അറിയാത്ത സമയത്താണ് ഞാൻ സിനിമയിൽ വന്നത്. അടുത്തത് എന്ത് ചെയ്യുമെന്ന് മാത്രമായിരുന്നു ചിന്തിച്ചിരുന്നത്. നല്ല ഓഫറുകൾ ലഭിക്കണമെന്നും നല്ല സംവിധായകർക്കൊപ്പം പ്രവർത്തക്കണം എന്നായിരുന്നു ആഗ്രഹം. അത് സംഭവിച്ചു. ഇവിടെ വരെ എത്തിയതിൽ സന്തോഷം. ''- നിവിൻ പറയുന്നു.

വാൽക്കഷ്ണം: മലയാള സിനിമയിലെ ഏറ്റവും മാന്യമായ പെരുമാറ്റമുള്ള പത്ത് നടന്മാരുടെ പേര് എടുത്താലും അതിൽ ആദ്യം വരിക നിവിൻ പോളിയുടേതാവും. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന 'മലയാളി ഫ്രം ഇന്ത്യ' അടക്കമുള്ള നിരവധി ചിത്രങ്ങൾ ഈ താരത്തിനായി അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. അതോടെ ഒരു പാൻ ഇന്ത്യൻ താരമായ ഈ യുവ നടൻ വളരുമെന്ന് കരുതുന്നുവരും ധാരാളമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP