Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

ഭീഷ്മരുടെ രചന മാറ്റിവച്ച ശേഷം അദ്ദേഹം മറ്റൊരു കഥ പറഞ്ഞു; പാലക്കാട് കർഷകനായ അപ്പാപ്പൻ, തൃശൂർ ടൗണിൽ പാത്രക്കച്ചവടക്കാരാനായ അപ്പൻ, മകൻ സിവിൽ എഞ്ചിനീയറിങ്ങ് എം ടെക് ബിരുദധാരി; പൃഥ്വിരാജ്, സിദ്ദിഖ്, തിലകൻ എന്നിവർ ഒന്നിച്ചെത്തുന്ന തിരക്കഥ; ലോഹിതദാസിന്റെ നടക്കാതെ പോയ സിനിമയെ കുറിച്ച് നിർമ്മാതാവ്; ഉസ്താദ് ഹോട്ടൽ ലോഹിതദാസിന്റെ പ്രമേയമോ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എ.കെ ലോഹിതദാസിന്റെ ജീവിതസ്മരണകൾക്ക് ഇന്ന് 11 വർഷം തികയുകയാണ്. 2009 ജൂൺ 28നാണ് അദ്ദേഹം കാലയവനികയോട് വിടപറഞ്ഞത്. കഴിഞ്ഞ വർഷം പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനക്കലിന്റെ ലോഹിതദാസ് അനുസ്മരണ കുറിപ്പിന് അനുബന്ധമായി 6 മാസം മാത്രം നീണ്ടു നിന്ന ലോഹിയേട്ടൻ ഓർമ്മകൾ ഓർത്തെടുക്കുകയാണ് നിർമ്മാതാവ് സലാവുദ്ദീൻ അബ്ദുൽ ഖാദർ.

2008 അവസാനത്തിൽ നാട്ടിക ബീച്ച് ഫെസ്റ്റിവൽ രാമു കാര്യാട്ട് പുരസ്‌കവേദി 'ജനപ്രിയ സിനിമയ്ക്ക് ജനകീയ പുരസ്‌കാരം ' എന്ന വലിയ അംഗീകാരം 'വെറുതെ ഒരു ഭാര്യ ' നേടുകയുണ്ടായി. ഈ സിനിമയുമായ പ്രവർത്തിച്ചവരിലേറെയും തൃശൂർക്കാരയതുകൊണ്ടും സംവിധായകൻ അക്കു അക്‌ബർ നാട്ടുകാരനയതും കൊണ്ടും, നാട്ടിക കടപ്പുറത്ത് പതിനായിരക്കണക്കിനാളുകൾ തിങ്ങി നിറഞ്ഞ സദസ്സിൽ, ലോഹിതദാസ്, സത്യൻ അന്തിക്കാട്, കമൽ, ജയറാം (മുഴുവൻ പേരെയും ഉൾപെടുത്തിയിട്ടില്ല) തുടങ്ങീ മലയാള സിനിമയിലെ പ്രഗത്ഭരായ പ്രതിഭകളെ വേദിയിലെത്തിക്കാൻ മികച്ച സംഘാടകനായ സ്ഥലം എം എൽ എ, ഇപ്പോൾ എം പി യുമായ ടി എൻ പ്രതാപനും സംഘാടാനത്തിൽ മികച്ച മറ്റു പൊതുപ്രവർത്തകർക്കും കഴിഞ്ഞിരുന്നു.

പ്രോജ്ജ്വലമായ ചടങ്ങുകൾ തീർന്ന് അതിഥികളും, ആതിഥേയരും പിരിഞ്ഞ നേരത്ത്.. എന്നും ഓർക്കാനിഷ്ടപെടുന്ന ആ സന്തോഷകരമായ രാത്രിയിൽ കടപ്പുറത്ത്, തൊട്ടടുത്ത നാട്ടുകാരനായ ഞാനും സുഹൃത്തുക്കളും ചുറ്റി കറങ്ങുമ്പോൾ പെട്ടെന്ന് ഒരു നിമിഷം ആരോ പറഞ്ഞു, ദാ 'ലോഹിസാർ കപ്പയും മീനും കഴിക്കുന്നു ' സ്റ്റേജിൽ വെച്ച് ഹസ്തദാനം നടത്തിയിരുന്നുവെങ്കിലും കൗമാരത്തിൽ തന്നെആ മഹാപ്രതിഭയെ നെഞ്ചേറ്റി, പിന്നീട് സംവിധായൻ പ്രമോദ് പപ്പനുമായുള്ള സൗഹൃദത്തിൽ തൃശൂരിൽ ചിത്രീകരിച്ച കസ്തൂരിമാൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ഒരിക്കൽ നേരിട്ട് കണ്ടിരുന്ന അദ്ദേഹത്തെ വീണ്ടും കണ്ട കൗതുകത്തോടെ, ആദരവോടെ പരിചയപെടാൻ ചെന്നു, സിനിമാക്കാരുടെ ജാഡകളില്ലാതെ അരവിന്ദൻ നെല്ലുവായ് ഞങ്ങളെ പരസ്പരം കൂട്ടിയിണക്കി. ഒരു മണിക്കൂറോളം അവിടെ ഇരുന്ന് വിശേഷങ്ങൾ പങ്ക് വെച്ചു, ഇനി എന്താണ് അടുത്ത പ്രോജക്റ്റ് എന്ന ചോദ്യത്തിന് യാന്ത്രികമായി ഞാൻ പറഞ്ഞു, സാർ ഓകെയാണെങ്കിൽ ....... ഉടൻ മറുപടി, എങ്കിൽ നാളെ പോരു, തൃശൂർ കുട്ടനെല്ലൂർ വീട്ടിലിരിക്കാം... പിന്നെയെല്ലാം വേഗതയിൽ നീങ്ങി..

ഏതാനും ദിവസങ്ങൾക്കുള്ളിൽ കുറേയേറെ ചർച്ചകൾ, സാർ വിളി വേണ്ട, ചേട്ടൻ മതി .. പിന്നെ ലോഹിയേട്ടനും ഞാനും നല്ല സുഹൃത്തുക്കളായി.. ഇടയ്ക്ക് ഒരു ദിവസം സുമുഖനായ ഒരു യുവാവിനെ പരിചയപെടുത്തി, ഗുജറാത്തിൽ ബിസിനസ്സുകാരനായ അച്ഛന്റെ മകൻ ഉണ്ണി എന്നാണ് പേര്.. അഭിനയിച്ചു പഠിച്ചാൽ ഇവൻ മലയാള സിനിമയ്ക്ക് മുതൽക്കൂട്ടാവുമെന്ന് പറയുകയും ചെയ്തു (ആ യുവാവ് പിന്നീട് ഉണ്ണി മുകുന്ദനെന്ന താരമായ് മാറുകയും ചെയ്തു) ഭീഷ്മർ എന്ന തിരക്കഥ രചന താൽക്കാലികമായി മാറ്റി വെച്ച ദിവസങ്ങൾ ഒടുവിൽ ലോഹിയേട്ടൻ വിളിച്ചു, പെട്ടെന്ന് വരൂ, ഒരു സ്പാർക്ക് കിട്ടി.. കേട്ടതിന് ശേഷം തീരുമാനിക്കാം... പാലക്കാട് കർഷകനായ അപ്പാപ്പൻ, തൃശൂർ ടൗണിൽ പാത്രക്കച്ചവടക്കാരാനായ അപ്പൻ മകൻ സിവിൽ എഞ്ചിനീയറിങ്ങ് എം ടെക് ബിരുദധാരി... മൂന്ന് കഥാപാത്രങ്ങൾ .. ആശാരി മുതൽ മൂശാരി വരെ കേരളത്തിലെ ഒട്ടുമിക്ക സമുദായങ്ങളെയും തന്റെ രചനയിലൂടെ അവതരിപ്പിച്ച അപാരത പുതിയ കഥയിലുമുണ്ടെന്ന് തോന്നിയ നിമിഷം... ഇത് മതിയെന്ന് തീരുമാനമായി. തിലകൻ, സിദ്ദിഖ്,... പിന്നെയാര്? ജയസൂര്യ മതിയോ എന്ന ചോദ്യത്തിന് പൃഥിരാജ് അല്ലേ നല്ലത് എന്ന എന്റെ മറുപടിക്ക് ഉടൻ ലോഹിയേട്ടൻ ഫോണെടുത്ത് വിളിച്ചു,

പൃഥിയെ... രാത്രി വിശദമായി സംസാരിക്കാമെന്ന് പറഞ്ഞു ആ സംഭാഷണം അവസാനിച്ചു, ഏറെ സന്തോഷത്തോടെ പിറ്റേന്ന് രാവിലെ എന്നെ വിളിച്ച് പൃഥിരാജിനെ നേരിൽ പോയി കാണുവാൻ ആവശ്യപെട്ടു, പ്രൊഡക്ഷൻ കൺട്രോളറായി ലോഹി സാറിന് പ്രിയങ്കരനായ സിദ്ദു പനക്കലിനെ നിർദ്ദേശിക്കുകയും ചെയ്തു, സിദ്ദുവേട്ടനുമായി ബാക്കി കാര്യങ്ങൾ ചർച്ച ചെയ്യുന്നു, പൃഥിയുടെ കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിൽ ചെന്ന് അഡ്വാൻസ് കൊടുക്കുന്നു, മല്ലിക ചേച്ചിയുടെ അനുഗ്രഹവുമായി തിരികെ പോരുന്നു, തിരക്കഥ റെഡിയായാൽ എപ്പോൾ വേണമെങ്കിലും ഷൂട്ടിങ്ങ് തുടങ്ങാമെന്ന് പൃഥിയുടെ സ്നേഹപൂർവ്വമായ ഓർമപെടുത്തൽ ആ പ്രതിഭയോടുള്ള എന്റെ തെറ്റിദ്ധാരണ മാറ്റി.

ഛായാഗ്രഹണം :ഷാജി കുമാർ, സംഗീതം ശ്യാം ധർമൻ ,എഡിറ്റിങ് രഞ്ജൻ എബ്രഹാം, പിന്നെ വെറുതെ ഒരു ഭാര്യയിൽ എന്റെ കൂടെ നിന്ന് സഹായിച്ച അനിൽ അങ്കമാലി.. ഇവരെ ഈ പ്രൊജക്റ്റിലും നില നിർത്തുവാൻ ലോഹിയേട്ടനും സന്തോഷമായിരുന്നു. ദിവസങ്ങൾ മുന്നോട്ട് ,തിരക്കഥയിൽ ഏറെ സന്തോഷവനായി നീങ്ങുന്ന നാളുകൾ, ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സെൻട്രൽ പിക്ചേഴ്സ് അന്നത്തെ റെക്കോർഡ് തുകയ്ക്ക് വാങ്ങുന്നു , ഇന്നുംആദരവോടെ ഞാൻ കാണുന്ന സെൻട്രൽ പിക്ചേഴ്സ് പാർട്ണർ വിജി സാർ അഡ്വാൻസ് തരികയും ചെയ്തു.

ചിത്രത്തിന്റെ വിവരങ്ങളൊന്നും തൽക്കാലം പുറത്ത് വിടണ്ട എന്നത് കൂട്ടായ തീരുമാനമായിരുന്നു. താൻ നേരിട്ട പല പ്രതിസന്ധികളും ഹൃദയം തുറന്ന് പങ്കുവെയ്ക്കാൻ ലോഹിയേട്ടന് മടിയുണ്ടായിരുന്നില്ല. ഒരു നിർമ്മാതാവായിട്ടല്ല നിങ്ങളെ എനിക്കിഷ്ടം എന്ന് എന്നോട് പറയാറുള്ളത് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ കോംപ്ലിമെന്റായി ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു, ഇടയ്ക്ക് ഒരാഴ്ച മെഡിക്കൽ ചെക്കപ്പിനായ് അമല ആശുപത്രിയിലും ഡോക്ടറുടെ നിർദ്ദേശം തൽക്കാലം നടപ്പാക്കാനാവില്ലെന്നും (ബൈപാസ് സർജറി) പറഞ്ഞു ആയുർവേദ ചികിത്സക്കായി പോവുകയും ചെയ്തിരുന്നു. ചികിത്സ കഴിഞ്ഞ് എന്നേയും സിദ്ദുവേട്ടനേയും വിളിച്ച് ഇനി എത്രയും പെട്ടെന്ന് നല്ല ദിവസം നോക്കി നമുക്ക് ഈ ചിത്രം പ്രഖ്യാപിക്കണമെന്നും പറഞ്ഞതനുസരിച്ച് ജൂൺ 28ന് തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ മറ്റൊരു ചിത്രത്തിന്റെ പൂജ ചടങ്ങിൽ മുഖ്യാതിഥിയായ് ലോഹിയേട്ടൻ പങ്കെടുക്കുന്നുണ്ടെന്നും അന്ന് രാത്രി തൃശൂർ തങ്ങിയിട്ട് പിറ്റേന്ന് പ്രസ് ക്ലബ്ബിൽ വെച്ച് സിനിമ അനൗൺസ് ചെയ്യാമെന്നും തീരുമാനിച്ചു.

സിദ്ദുവേട്ടൻ എല്ലാ കാര്യങ്ങളും വേണ്ട രീതിയിൽ ഓർഗനൈസ് ചെയ്തിരുന്നു. ചിത്രഭൂമിയിൽ മുഖച്ചിത്രമായി തന്നെ ലോഹിതദാസ് -പൃഥിരാജ് - സിനിമകൊട്ടക ചിത്രം ഇടം പിടിക്കുമെന്ന് മാതൃഭൂമി സീനിയർ എഡിറ്ററും, സിനിമ നിരുപകനുമായ പ്രേംഛന്ദ് ഫോണിലൂടെ പറഞ്ഞതിനെയും നന്ദിയോടെ സ്മരിക്കുന്നു... പക്ഷേ ആ രാത്രി അവസാനിച്ചത് ചിലപ്പോൾ ഓർക്കാൻ ഇഷ്ടമില്ലാതെയായി.....

28 ന് രാവിലെ 11 മണിയോടെ സിദ്ദുവേട്ടൻ വിളിക്കുന്നു,.. ഇനിയെന്ത് എഴുതാൻ ... അവിടെ തീർന്നിരുന്നു എല്ലാം.... മരവിച്ച മനസ്സുമായി തൃശൂർ സാഹിത്യ അക്കാദമിയിലെത്തി ആ ഭൗതിക ശരീരം ..ലക്കിടിയിൽ പോയി ചിതയെരിയുന്നത് കാണാൻ കെല്പുണ്ടായിരുന്നില്ല ... മഹാനായ കലാകാരൻ എന്തിനിത്ര തിടുക്കത്തിൽ പോയി എന്ന ചോദ്യത്തിന് ഇന്നും ഉത്തരമായില്ല.... പിന്നീട് വർഷങ്ങൾക്ക് ശേഷം ഉസ്താദ് ഹോട്ടൽ എന്ന ചിത്രം കണ്ടപ്പോൾ .. ലോഹിയേട്ടേൻ പറഞ്ഞ കഥാപാത്രങ്ങൾ പുനരാവിഷ്‌കരിക്കപ്പെട്ട പോലെ തോന്നിയത് തികച്ചും യാദൃശ്ചികമാകാം...

 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP