Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

പഠിപ്പിൽ പിന്നോക്കക്കാരായ കുട്ടികൾക്ക് സ്‌പെഷ്യൽ ക്ലാസും കോച്ചിങ്ങും നടത്തിയിട്ടും മൂന്നുകുട്ടികൾ തോൽക്കുമെന്ന് ഭീതി; ആൾമാറാട്ടം നടത്തി അദ്ധ്യാപകൻ പരീക്ഷയെഴുതിയത് കുട്ടികളെ രക്ഷിക്കാനും വിജയശതമാനം കൂട്ടാനുമോ? നാടിന്റെ പ്രിയ അദ്ധ്യാപകൻ കാശിന് വേണ്ടി ഈ കടുംകൈ ചെയ്യില്ലെന്ന് നാട്ടുകാർ; മുക്കത്തെ ഇളക്കിമറിച്ച സംഭവത്തിന്റെ പിന്നാമ്പുറ കഥകൾ തേടുമ്പോൾ

പഠിപ്പിൽ പിന്നോക്കക്കാരായ കുട്ടികൾക്ക് സ്‌പെഷ്യൽ ക്ലാസും കോച്ചിങ്ങും നടത്തിയിട്ടും മൂന്നുകുട്ടികൾ തോൽക്കുമെന്ന് ഭീതി; ആൾമാറാട്ടം നടത്തി അദ്ധ്യാപകൻ പരീക്ഷയെഴുതിയത് കുട്ടികളെ രക്ഷിക്കാനും വിജയശതമാനം കൂട്ടാനുമോ? നാടിന്റെ പ്രിയ അദ്ധ്യാപകൻ കാശിന് വേണ്ടി ഈ കടുംകൈ ചെയ്യില്ലെന്ന് നാട്ടുകാർ; മുക്കത്തെ ഇളക്കിമറിച്ച സംഭവത്തിന്റെ പിന്നാമ്പുറ കഥകൾ തേടുമ്പോൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: കുട്ടികൾക്ക് പകരം അദ്ധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം മുക്കത്തും പരിസരപ്രദേശങ്ങളിലും കത്തിപ്പടരുകയാണ്. കോൺഗ്രസും മുസ്ലിം ലീഗും ബിജെപിയുമെല്ലാം സമര പരമ്പരകളുമായി മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തിലാണ് കേസിൽ ഉൾപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ നിഷാദ് വി മുഹമ്മദിനെക്കുറിച്ച് അന്വേഷിക്കാൻ 'മറുനാടൻ മലയാളി' പ്രദേശത്ത് ചെന്നത്. അദ്ധ്യാപകൻ ഇത്തരമൊരു സംഭവത്തിൽ ഉൾപ്പെട്ടത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് നാട്ടുകാരും രക്ഷിതാക്കളും പ്രതികരിച്ചത്.

സ്‌കൂളിന്റെ വിജയശതമാനം ഉയർത്താനാണ് ഇത്തരം ഒരു കടുംകൈ ചെയ്തതെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. സാമ്പത്തിക താൽപ്പര്യം സംഭവത്തിന് പിന്നിലുണ്ടാവുമെന്ന വാർത്ത നാട്ടുകാർ വിശ്വസിക്കുന്നില്ല. 170 ഓളം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ സ്‌കൂളിൽ ഇത്തവണ വിജയ ശതമാനം ഗണ്യമായി ഉയരുമെന്ന് അദ്ധ്യാപകൻ പലരോടും പറഞ്ഞിരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക ക്ലാസുകളും കോച്ചിങ്ങും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നൽകിയിരുന്നു. എന്നിട്ടും മൂന്ന് കുട്ടികൾ തോൽക്കുമെന്ന അവസ്ഥ വന്നപ്പോഴാണ് അദ്ധ്യാപകൻ ഈ കുടുംകൈ ചെയ്തതെന്നാണ് പറയുന്നത്.

കുട്ടികളോട് വലിയ സ്‌നേഹമുള്ള അദ്ധ്യാപകനാണ് നിഷാദ് വി മുഹമ്മദെന്നാണ് സഹപ്രവർത്തകരും രക്ഷിതാക്കളും ഒരുപോലെ പറയുന്നത്.. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് ഭക്ഷണവും പഠനോപകരണങ്ങളുമൊക്കെ ഇദ്ദേഹം വാങ്ങി നൽകാറുണ്ടായിരുന്നു.സ്‌കൂളിലും പുറത്തും തീർത്തും മാന്യമായ പെരുമാറ്റമായിരുന്നു ഇദ്ദേഹത്തിന്റേത്. സമാനമായ അഭിപ്രായം തന്നെയാണ് ഡെപ്യൂട്ടി ചീഫ് ആയിരുന്ന പി കെ ഫൈസലിനെക്കുറിച്ചും നാട്ടുകാർക്കുള്ളത്. ഒരിക്കലും പണം വാങ്ങിയിട്ട് ഇവർ ഇത്തരമൊരു കുറ്റകൃത്യം ചെയ്യില്ലെന്നും, പാർട്ടി, മതം, ബന്ധുത്വം എന്നിവയൊന്നും ഇവരെ സ്വാധീനിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

വിദ്യാർത്ഥികളോടുള്ള അദ്ധ്യാപകന്റെ പെരുമാറ്റവും അദ്ധ്യാപനവൃത്തിയിലുള്ള ആത്മാർഥതയും വിദ്യാർത്ഥികളും സ്‌കൂൾ അധികൃതരും നാട്ടുകാരും തുറന്നു സമ്മതിക്കുന്നു. അക്കാര്യം എടുത്തു പറഞ്ഞ് സ്‌കൂൾ ലീഡർ എഴുതിയ തുറന്ന കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സഹപ്രവർത്തകരിലും രക്ഷകർത്താക്കളിലും നാട്ടുകാരിലും ഈ അദ്ധ്യാപകനെ കുറിച്ച് നല്ല മതിപ്പാണുള്ളത്. മൂന്നുകുട്ടികൾ തോറ്റുപോവുമെന്ന ഭീതയുള്ളതുകൊണ്ടും സ്്കൂളിന്റെ വിജയശതമാനം കൂട്ടാൻ ആണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്നാണ് സഹ അദ്ധ്യാപകരും പറയുന്നത്. അദ്ധ്യാപകൻ പരീക്ഷ എഴുതിയ വിവരം ഈ മൂന്നുകുട്ടികളും അറിഞ്ഞിരുന്നില്ല.

ഇതേ സമയം ഇന്നലെ ഹയർ സെക്കണ്ടറി ജോയിന്റ് ഡയറക്ടർ ഡോ: എസ് എസ് വിവേകാനന്ദൻ, ഡെപ്യൂട്ടി ഡയരക്ടർ ഗോകുലകൃഷ്ണ, സൂപ്രണ്ട് അപർണ എന്നിവർ നേരിട്ടെത്തി വിദ്യാർത്ഥികളുടെ മൊഴിയെടുത്തു. രാവിലെ പത്തിന് ആരംഭിച്ച മൊഴിയെടുക്കൽ ഒന്നര മണിക്കൂറോളം നീണ്ടു നിന്നു. അദ്ധ്യാപകൻ പരീക്ഷ എഴുതിയ കുട്ടികളുടെയും സ്‌കൂളിൽ പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പതിനാല് അദ്ധ്യാപകരുടെയും മൊഴി രേഖപ്പെടുത്തി. അദ്ധ്യാപകൻ പരീക്ഷ എഴുതിയത് തങ്ങൾക്ക് അറിയില്ലെന്നാണ് ഫലം തടഞ്ഞുവെച്ച മൂന്നു വിദ്യാർത്ഥികളും മൊഴി നൽകിയത്. നീലേശ്വരം സ്‌കൂളിൽ വീണ്ടും പരീക്ഷ നടത്തേണ്ടിവരുമെന്നാണ് മൊഴിയെടുക്കാനെത്തിയ വിദ്യാഭ്യാസ വകുപ്പ് അധികൃതർ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അറിയിച്ചത്. എന്നാൽ വീണ്ടും പരീക്ഷയെഴുതാനാവില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. വീണ്ടും പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്ന് അദ്ധ്യാപകരും അറിയിച്ചിട്ടുണ്ട്.

പരീക്ഷ എഴുതിയതായി കണ്ടെത്തിയ നിഷാദ് വി മുഹമ്മദ്, ഡെപ്യൂട്ടി ചീഫ് ആയിരുന്ന ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകൻ പി കെ ഫൈസൽ, സ്‌കൂൾ പ്രിൻസിപ്പൽ കെ റസിയ എന്നിവർക്കെതിരെ മുക്കം പൊലീസ് കേസെടുത്തിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം തുടങ്ങിയ പരാതികളിലായി ഐപിസി 419,420,465,468 എന്നീ വകുപ്പുകളാണ് അദ്ധ്യാപകർക്കെതിരെ ചുമത്തിയത്. കേസ് അന്വേഷിക്കുന്ന മുക്കം സി ഐ കെ വി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘവും സ്‌കൂളിൽ എത്തി തെളിവെടുത്തു. എന്ത് കാര്യത്തിന് വേണ്ടിയാണ് അദ്ധ്യാപകർ ഇത്തരമൊരു കുറ്റകൃത്യം ചെയ്തതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. സ്‌കൂളിന്റെ വിജയശതമാനം വർധിപ്പിക്കുന്നതിന് പുറമെ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്നും അന്വഷിക്കുന്നുണ്ട്.

സംഭവത്തിൽ തന്റെ തെറ്റ് സസ്‌പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ നിഷാദ് വി മുഹമ്മദ് കഴിഞ്ഞ ദിവസം തുറന്നു സമ്മതിച്ചിരുന്നു. പഠനത്തിൽ പിന്നാക്ക അവസ്ഥയിലായിരുന്നതുകൊണ്ടാണ് വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതി നൽകിയതെന്നായിരുന്നു അദ്ധ്യാപകന്റെയും പ്രതികരണം. 170 ഓളം വിദ്യാർത്ഥികളാണ് ഇത്തവണ നീലേശ്വരം ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതിൽ രണ്ടു കുട്ടികളുടെ ഇംഗ്ലീഷ് പേപ്പർ അദ്ധ്യാപകൻ നിഷാദ് മുഹമ്മദ് എഴുതി നൽകിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത്. കൈയക്ഷരത്തിലെ വ്യത്യാസം നോക്കിയാണ് ആൾമാറാട്ടം സ്ഥിരീകരിച്ചത്. 32 വിദ്യാർത്ഥികളുടെ കമ്പ്യൂട്ടർ സയൻസ് പേപ്പർ തിരുത്തുകയും ചെയ്തുവെന്ന ആരോപണവും ഇയാൾക്കെതിരെയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP