Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202403Friday

വഖഫ് ബോർഡ് നിയമനത്തിൽ പോലും കീരിയും പാമ്പും പോലെ ആയിരുന്നവർ ഒന്നിച്ചു; ജെൻഡർ ന്യൂട്രൽ യൂണിഫോമിൽ ഇ കെ -എ പി വിഭാഗം സുന്നികൾ ഒറ്റക്കരളായതോടെ ഉസ്താദുമാരുടെ ചൂരൽ പ്രയോഗം ഭയന്ന് പിണറായിയും ശിവൻകുട്ടിയും; മതസംഘടനകളുടെ കളികൾ വീണ്ടും വിജയിക്കുമ്പോൾ

വഖഫ് ബോർഡ് നിയമനത്തിൽ പോലും കീരിയും പാമ്പും പോലെ ആയിരുന്നവർ ഒന്നിച്ചു; ജെൻഡർ ന്യൂട്രൽ യൂണിഫോമിൽ ഇ കെ -എ പി വിഭാഗം സുന്നികൾ ഒറ്റക്കരളായതോടെ ഉസ്താദുമാരുടെ ചൂരൽ പ്രയോഗം ഭയന്ന് പിണറായിയും ശിവൻകുട്ടിയും; മതസംഘടനകളുടെ കളികൾ വീണ്ടും വിജയിക്കുമ്പോൾ

എം എ എ റഹ്മാൻ

കോഴിക്കോട്: ഓരോ കാലത്തും കേരളത്തിലെ മതസമുദായ സംഘടനകൾക്ക് എന്തെങ്കിലും ഒക്കെ വേണം അവർ ജീവിച്ചിരിക്കുന്നൂവെന്ന് ബോധ്യപ്പെടുത്താൻ. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, കാലമേറെയായി അതങ്ങനെ തുടരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ സാധ്യത എക്കാലത്തും ഇത്തരം വിഷയങ്ങൾക്കും വിവാദങ്ങൾക്കുമെല്ലാമുണ്ട്. ഇന്നലത്തെ രാഷ്ട്രീയ മണ്ഡലത്തിൽ ശബാനു കേസായിരുന്നെങ്കിൽ പിന്നീട് അത് മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ടതും മുത്തലാഖ് വിഷയവുമെല്ലാമായി ഘോഷയാത്ര പോലെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ ചർച്ച ഈ സംഘടനകൾക്കിടയിൽ മാത്രമല്ല കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകൾക്കിടയിലും ലിംഗസമത്വ യൂണിഫോം നടപ്പാക്കാൻ പിണറായി മുതിരുമോയെന്നതാണ്. അത്തരം ഒന്നിനായി മുഖ്യമന്ത്രി തുനിഞ്ഞാൽ പല്ലും നഖവുമുപയോഗിച്ച് അതിനെ എതിർത്തു തോൽപ്പിച്ചേ അടങ്ങൂവെന്ന ദൃഢനിശ്ചയത്തിലാണ് മുസ്‌ലിം സംഘടനകളെല്ലാം.

എന്തുവന്നാലും തങ്ങൾ അത് അനുവദിക്കില്ലെന്ന തിട്ടൂരവുമായി ഇ കെ വിഭാഗം സുന്നികളും എ പി വിഭാഗം സുന്നികളും ഒന്നിച്ചു അണിനിരക്കാൻ തയാറായിരിക്കുന്നുവെന്നതാണ് ഇവിടെ ഇപ്പോഴത്തെ ഈ വിഷയത്തിന്റെ പ്രസക്തി. അടുത്തിടെയുണ്ടായ വഖഫ് ബോർഡ് നിയമനത്തിൽ പോലും കീരിയും പാമ്പുംപോലെ നിലയുറപ്പിച്ചിരുന്നവരാണ് ഈ സുന്നി വിഭാഗങ്ങൾ. ഇ കെ വിഭാഗം പ്രത്യക്ഷ സമരങ്ങളുമായി മുന്നിൽ നിന്നപ്പോൾ ആ ഭാഗത്തൊന്നും ഒരൊറ്റ എ പി വിഭാഗം പ്രവർത്തകനെയും പ്രതിഷേധവുമായി കണ്ടില്ല. തന്ത്രപൂർവം പിണറായിയോടൊപ്പം ഒട്ടിനിൽക്കുന്ന നിലപാടായിരുന്നു കാന്തപുരം സ്വീകരിച്ചത്.

1988ൽ ആയിരുന്നു ഒരൊറ്റ സംഘടനയായ സുന്നികൾ രണ്ടായി വേർപിരിഞ്ഞത്. വേറിട്ടുപോകുന്നതിന് കാന്തപുരം വിഭാഗം സൈദ്ധാന്തികവും വിശ്വാസപരവുമായ കാര്യ കാരണങ്ങൾ നിരത്തിയെങ്കിലും യഥാർഥത്തിൽ ഗൾഫിൽ നിന്നു പള്ളി നിർമ്മാണത്തിനായി കാന്തപുരം പിരിച്ച ലക്ഷക്കണക്കിന് രൂപയുടെ കണക്ക് പണ്ഡിതസഭയായ മുശാവറ ചേർന്നപ്പോൾ ചോദിച്ചതായിരുന്നു വിഷയം. അന്നു മുതൽ ഇന്നലെവരെ ബദ്ധവൈരികളുടെ കുപ്പായമായിരുന്നു അവർ അണിഞ്ഞത്. ഇരുവിഭാഗവും ആശയാദർശങ്ങളുടെ പേരു പറഞ്ഞ് കോഴിക്കോട്ടെ കരീറ്റിപ്പറമ്പിൽ പരസ്പരം പോർവിളി നടത്തുകയും ഏതാനും പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ ആ കഥകളെല്ലാം ഇരു വിഭാഗവും വേഗം മറന്നമട്ടാണ്. ഇനിയൊരു വിശ്രമം ജെന്റർ ന്യൂട്രൽ യൂണിഫോമെന്ന പരിഷ്‌ക്കാരപ്പൊതി ഇടതുപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയും മടക്കി അട്ടത്തെറിഞ്ഞേയുള്ളൂവെന്നതാണ് ഇരുവിഭാഗത്തിന്റെയും ഇപ്പോഴത്തെ പ്രഖ്യാപിത നയം. ആഴ്ചകൾക്ക് മുൻപ് ബാലാവകാശ കമ്മിഷനാണ് ആണിനും പെണ്ണിനും ഏകീകൃത രൂപത്തിലുള്ള യൂണിഫോം സംവിധാനം നടപ്പാക്കണമെന്ന് സർക്കാരിനോട് ഉത്തരവിട്ടത്. ആ വാർത്ത മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഉടൻ തന്നെ ഇരുവിഭാഗം സുന്നികളും ഒപ്പം പുരോഗമനക്കാരെന്നു അവകാശപ്പെടുന്ന സലഫികളായ മുജാഹിദുകളും പിന്നെ ജമാഅത്തെ ഇസ് ലാമിക്കാരും. എസ് ഡി പി ഐക്കാരുമെല്ലാം പ്രതിഷേധങ്ങളുമായി എത്തിയിരുന്നു.

വഖഫ് വിഷയത്തിൽ വേറിട്ടു പോരടിച്ചു നിന്നിട്ടും തങ്ങൾക്ക് വിജയിക്കാനായെങ്കിൽ ഒന്നിച്ചു നിന്നെതിർത്താൽ ജെന്റർ ന്യൂട്രൽ യൂണിഫോം ഇടതുമുന്നണി കാട്ടിലെറിയുമെന്നതിന് യാതൊരു സംശയവും ഇവർക്കൊന്നുമില്ല. പിന്നെ എന്തിനും ഏതിനും കാടിളക്കി കളിക്കണം ആ കളിയാണ് ഈ വിഷത്തിൽ ഇപ്പോൾ നടക്കുന്നത്. എത്രവേണമെങ്കിലും വളയ്ക്കാവുന്ന പരുവത്തിലാണ് ഇടതുമുന്നണിയും അനിഷേധ്യ നേതാവായ പിണറായി വിജയനുമെന്നും കൃത്യമായി ആർക്കും ബോധ്യമുള്ളപ്പോൾ ഈ കളികളെല്ലാം വിജയത്തിലേക്കു മാത്രമുള്ളതാവുന്നു. മന്ത്രി ശിവൻകുട്ടി തന്നെ ഈ വിഷയത്തിൽ ധൃതിപ്പെട്ട് നടപ്പാക്കില്ലെന്ന പ്രതികരണവുമായി വന്നതും മറ്റൊന്നും കൊണ്ടല്ലല്ലോ. സ്വപ്നയുൾപ്പെടെ പലരും സർക്കാരിനെ വടി ഒടിയുവോളം തല്ലുന്ന ഇക്കാലത്ത് ഇനി ഉസ്താദുമാരുടെ ചൂരൽ പ്രയോഗവും തങ്ങളുടെ ദേഹത്ത് ഏൽക്കേണ്ടെന്ന് കരുതുന്നതിൽ ആർക്കും പിണറായിയെയും സഖാവ് ശിവൻകുട്ടിയെയും കുറ്റംപറയാനാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP