Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

കാതിൽ കടുക്കനും രണ്ട് മൊബൈലുമായി ചെത്തി നടന്നപ്പോൾ ആത്മാർത്ഥയില്ലെന്ന് പറഞ്ഞ് കേരളം കിച്ചനെ പുറന്തള്ളി; ജോലിതേടി ദുബായിൽ എത്തിയപ്പോൾ വരതെളിഞ്ഞു; ലോകകപ്പിൽ ശ്രീശാന്തിന് ശേഷം കളിച്ച മലയാളിയായി കൃഷ്ണചന്ദ്രൻ

കാതിൽ കടുക്കനും രണ്ട് മൊബൈലുമായി ചെത്തി നടന്നപ്പോൾ ആത്മാർത്ഥയില്ലെന്ന് പറഞ്ഞ് കേരളം കിച്ചനെ പുറന്തള്ളി; ജോലിതേടി ദുബായിൽ എത്തിയപ്പോൾ വരതെളിഞ്ഞു; ലോകകപ്പിൽ ശ്രീശാന്തിന് ശേഷം കളിച്ച മലയാളിയായി കൃഷ്ണചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

കാതിൽ കടുക്കനും രണ്ട് മൊബൈൽ ഫോണുമായി നടന്ന കൃഷ്ണചന്ദ്രൻ കേരളാ ക്രിക്കറ്റിന് സമ്മാനിച്ചത് അറ്റിറ്റിയൂഡ് പ്രശ്‌നങ്ങളാണ്. അതുകൊണ്ട് തന്നെ ഗോഡ് ഫാദർമാരില്ലാതെ വളർന്ന കൃഷ്ണ ചന്ദ്രനായി ആരും വാദിക്കാനും ഉണ്ടായില്ല. അങ്ങനെ പാലക്കാടിന്റെ താരം യുഎഇയുടെ ലോകകപ്പ് താരമായി. ഇന്നിപ്പോൾ ശ്രീശാന്തിന് ശേഷം കൃഷ്ണ ചന്ദ്രനെന്ന് പറഞ്ഞ് കേരളാ ക്രിക്കറ്റ് തന്നെ ഈ കൊല്ലങ്കോട് സ്വദേശിയെ വാഴ്‌ത്തുന്നു. കേരളത്തിന് വേണ്ടി രഞ്ജി കളിക്കുകയെന്ന മോഹം തകർന്നപ്പോഴാണ് കൃഷ്ണചന്ദ്രൻ ദുബായിലേക്ക് വിമാനം കയറിയത്. അതുകൊണ്ട് മാത്രം ലോകകപ്പ് കളിക്കാനുമായി.

ലോകകപ്പിലെ അരങ്ങേറ്റം ഈ പാലക്കാട്ടുകാരൻ ഒട്ടും മോശമാക്കിയില്ല കൃഷ്ണചന്ദ്രൻ. 63 പന്തിൽനിന്ന് 34 റൺസ്. മൂന്ന് ബൗണ്ടറി അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. മുൻ നായകൻ ഖുറാം ഖാനൊപ്പം 86 മിനിറ്റ് ക്രീസിൽ നിന്ന കൃഷ്ണചന്ദ്രന്റെ ചെറുത്തുനിൽപ്പിലാണ് വലിയ തകർച്ചയിൽ നിന്ന് യു. എ.ഇ. കരകയറിയത്. ഖുറാമിനൊപ്പം 82 റൺസിന്റെ കൂട്ടുകെട്ടാണ് കൃഷ്ണചന്ദ്രൻ പടുത്തുയർത്തിയത്. യു.എ.ഇയുടെ ലോകകപ്പിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്. ഒരു വിക്കറ്റും നേടി. ലോകകപ്പ് സന്നാഹമത്സരങ്ങളിൽ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ മൂന്നുവിക്കറ്റ് സ്വന്തമാക്കിയ കൃഷ്ണചന്ദ്രൻ അഫ്ഗാനിസ്ഥാനെതിരെ 49 റൺസും രണ്ട് വിക്കറ്റും നേടിയതിനൊപ്പം രണ്ട് റണ്ണൗട്ടുകൾക്കും കാരണമായി. ഇതു തന്നെയാണ് ആദ്യ മത്സരത്തിനുള്ള അന്തിമ ഇലവനിൽ സ്ഥാനം കിട്ടിയതിന് കാരണവും.

സുനിൽ വാൽസനും ശ്രീശാന്തിനും ശേഷം ലോകകപ്പ് കളിക്കുന്ന മലയാളിയും ഈ ലോകകപ്പിലെ ഏക മലയാളിതാരവുമാണ് കിച്ചു എന്ന കൃഷ്ണചന്ദ്രൻ. മുബൈയ്ക്ക് വേണ്ടി കളിച്ചാണ് സുനിൽ വാൽസൻ ലോകകപ്പ് ടീമിലെത്തിയത്. ശ്രീശാന്താകട്ടെ കേരളത്തിനായി കളിച്ചു. കിച്ചുവെന്ന കൃഷ്ണകുമാർ കേരളത്തിനായി രഞ്ജി ട്രോഫികളിച്ചില്ലെങ്കിലും ഏകദിന ഫോർമാറ്റത്തിൽ സ്വന്തം നാടിന്റെ കുപ്പായമണിഞ്ഞിട്ടുണ്ട്. പിന്നീട് കളിമോഹങ്ങൾ വിട്ട് ജോലിക്കായി ദുബായിലേക്ക് വിമാനം കയറി. ഈ യാത്രയിലും ക്രിക്കറ്റ് തന്നെയായിരുന്നു മനസ്സ് നിറയെ. ആ കഠിനാധ്വാനത്തിന്റെ റിസൾട്ടാണ് ലോകകപ്പിൽ യുഎഇ ടീമിലെ സ്ഥാനം.

എസ്‌ബിറ്റിയുടെ കരാർ ജീവനക്കാരനായി ക്രിക്കറ്റ് കളിച്ചു നടക്കുമ്പോഴാണ് കൃഷ്ണചന്ദ്രനിലെ അറ്റിറ്റിയൂഡ് പ്രോബ്ലം കേരളാ ക്രിക്കറ്റ് തിരിച്ചറിഞ്ഞത്. അതോടെ രഞ്ജി ട്രോഫിയിൽ പാഡണിയുകയെന്ന സ്വപ്‌നം തീർന്നു. കേരളത്തിനുവേണ്ടി അണ്ടർ 19 ക്രിക്കറ്റ് കളിക്കുമ്പോൾ ശ്രീശാന്തിനൊപ്പം ഒരു മുറി പങ്കിട്ടിട്ടുണ്ട് കൃഷ്ണചന്ദ്രൻ. ശ്രീശാന്തിന്റെ സ്വഭാവ സവിശേഷതകൾ ആരോപിച്ച് തന്നെയാണ് കൃഷ്ണ ചന്ദ്രനെന്ന സാങ്കേതിക തികവുള്ള കളിക്കാരനേയും കേരളാ ക്രിക്കറ്റ് മാറ്റി നിർത്തിയത്. എന്നാൽ തളരാത്ത മനസ്സുമായി പാഡണിഞ്ഞ ബാറ്റ്‌സമാൻ ശ്രീശാന്തിന് ശേഷം ലോകകപ്പ് കളിക്കുന്ന താരവുമായി.

അടിച്ചു കളിക്കാനും പ്രതിരോധത്തിലേക്ക് ഉൾവലിയാനും കഴിയുന്ന താരമായിരുന്നു കൃഷ്ണ ചന്ദ്രൻ. ജൂനിയർ തലത്തിൽ കൃഷ്ണ ചന്ദ്രന്റെ മീഡിയം പേസ് പന്തുകളും കേരളത്തിന് എതിരാളികളുടെ വിക്കറ്റുകൾ നൽകി. പക്ഷേ സീനിയർ തലത്തിൽ കേരളത്തിൽ ക്രിക്കറ്റ് കളിക്കാൻ ഇതൊന്നും മതിയായിരുന്നില്ല. ആരെങ്കിലും പുറകെ നിന്ന് തള്ളണം. കൊച്ചി ലോബിയുടേയും തിരുവനന്തപുരം കൂട്ടായ്മയുടേയോ പിന്തുണ വേണം. ഇതൊക്കെ അന്യമായപ്പോൾ എസ്‌ബിറ്റി ടീമിന് വേണ്ടി പോലും സ്ഥിരമായി കളിക്കുകയെന്ന മോഹം പൊലിഞ്ഞു. പൂജാ ക്രിക്കറ്റിൽ എസ്‌ബിറ്റിയെ ചാമ്പ്യന്മാരാക്കി മാൻ ഓഫ് ദ സീരീസ് പട്ടം നേടിയപ്പോഴും കൃഷ്ണചന്ദ്രന്റെ കളിമികവ് സ്വന്തം നാട് തിരിച്ചറിഞ്ഞില്ല.

ലോകകപ്പ് കളിച്ച് യുഎഇയ്ക്ക് കിരീടം സമ്മാനിച്ച് കേരളത്തിൽ മടങ്ങിയെത്തിയാൽ പോലും ഈ പ്രതിഭയ്ക്ക് സംസ്ഥാന ടീമിൽ ഇടം ലഭിക്കാൻ സാധ്യതയില്ലെന്നാണ് ജൂനിയർ തലത്തിൽ കൃഷ്ണചന്ദ്രനോടൊപ്പം കളിച്ച സഹതാരത്തിന്റെ പരിഹാസം. നിരവധി കൃഷ്ണ ചന്ദ്രന്മാർ കേരളത്തിൽ ഇപ്പോഴുമുണ്ട്. ഇവരെയെല്ലാം തഴഞ്ഞാണ് അന്യസംസ്ഥാന താരങ്ങളെകൊണ്ട് കേരളത്തിനായി രഞ്ജി ട്രോഫി കളിപ്പിക്കുന്നതെന്നും വിമർശനമുണ്ട്. എന്നിട്ടും ഈ സീസണിലെ കേരളത്തിന്റെ പ്രകടനം ശരാശരിക്ക് താഴെ പോയി. കൃഷ്ണചന്ദ്രന്റെ പ്രകടനമികവ് തിരിച്ചറിഞ്ഞ് മാറ്റങ്ങൾക്ക് കേരളാ ക്രിക്കറ്റ് തയ്യാറെടുക്കണമെന്നാണ് ഇവരുടെ അഭിപ്രായം.

സ്‌കൂൾ പഠന കാലത്തിന് ശേഷമാണ് കൃഷ്ണ ചന്ദ്രൻ ക്രിക്കറ്റിലേക്ക് ശ്രദ്ധതിരിക്കുന്നത്. തുടർന്ന് കേരളത്തിന് വേണ്ടി അണ്ടർ 19, 21,25 ഏജ്ഗ്രൂപ്പുകളിൽ കളിച്ചു. 200405ൽ രഞ്ജിട്രോഫിയിലും കേരളത്തിന് വേണ്ടി പാഡണിഞ്ഞു ഈ ആൾറൗണ്ടർ. ഡിഗ്രിക്ക് പഠിക്കുമ്പോൾ ബാംഗഌർ സർവകലാശാലക്ക് വേണ്ടിയും തുടർന്ന് ഇന്ത്യൻ സർവകലാശാല ടീമിനു വേണ്ടിയും കളിച്ചു. ഇതിനിടെ ജീവിത സാഹചര്യങ്ങൾ ദുബൈയിലത്തെിച്ചു. ഇവിടെ കെ.പി.എൽ, കെ.സി.എൽ ടൂർണമെന്റുകളിലെല്ലാം സജീവമായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി യു.എ.ഇ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അന്ന് മലേഷ്യയിൽ നടന്ന എ.സി.സി പ്രീമിയർ ലീഗ് മത്സരത്തിലായിരുന്നു ദേശീയ ടീമിലുള്ള അരങ്ങേറ്റം.

തുടർന്ന് ലോകകപ്പിനുള്ള സാധ്യത ടീമിലിടം പിടിച്ച കൃഷ്ണ ചന്ദ്രൻ വിവിധ ടീമുകളുമായുള്ള സൗഹൃദ മത്സരത്തിൽ തിളങ്ങിയതോടെ അവസാന 15 അംഗ ലിസ്റ്റിലും സ്ഥാനം ഉറപ്പാക്കുകയായിരുന്നു. പാക്കിസ്ഥാൻ, ന്യുസിലാന്റ്, അഫ്ഗാനിസ്താൻ ടീമുകളുമായുള്ള മത്സരത്തിൽ ബാറ്റിങിലും ബൗളിങ്ങിലും മികവ് കാട്ടിയതോടെ മലയാളിയുടെ പ്രതിഭ തിരിച്ചറിഞ്ഞു. 1996ൽ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കളിച്ച യു.എ.ഇ 19 വർഷത്തിന് ശേഷമാണ് വീണ്ടും ലോക മാമാങ്കത്തിന് യോഗ്യത നേടുന്നത്.

പാക്കിസ്ഥാൻ താരങ്ങൾ നിറഞ്ഞ യു.എ.ഇ. ടീമിൽ ഇന്ത്യയിൽനിന്നും ശ്രീലങ്കയിൽനിന്നും രണ്ട് കളിക്കാർ വീതമുണ്ട്. മുംബൈ സ്വദേശി സ്വപ്നാൽ പാട്ടീലാണ് ഇന്ത്യയിൽനിന്നുള്ള രണ്ടാമത്തെ കളിക്കാരൻ. ദുബായിൽ നടക്കുന്ന കെ.പി.എല്ലിൽ 2012ൽ പാലക്കാടും 2014ൽ കെ.സി.എല്ലിൽ തൃശ്ശൂരും ചാമ്പ്യന്മാരായപ്പോൾ കൃഷ്ണചന്ദ്രനായിരുന്നു നായകൻ. തുടർന്ന് എമിറേറ്റ്‌സ് ടീമിനുവേണ്ടിയായി കളികൾ. 2013ൽ ടീമിന്റെ വൈസ് ക്യാപ്റ്റനുമായി. ദേശീയടീമിനായി ആറ് ഏകദിനങ്ങളും 15 എ ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുണ്ട്.

പാലക്കാട് കൊല്ലങ്കോട് താസിൽദാർപാടം 'കൃഷ്ണകൃപ'യിൽ കരാട്ടെ രവീന്ദ്രനാഥന്റെയും ശോഭയുടെയും മകനാണ് കൃഷ്ണ ചന്ദ്രൻ. ചെന്നൈയിലെ സ്‌കൂൾ പഠനകാലത്താണ് ക്രിക്കറ്റിനെ ഗൗരവമായി കാണുന്നത്. ബാംഗ്ലൂർ സർവകലാശാലയ്ക്കുവേണ്ടിയും വിസ്സിട്രോഫിയിലും കളിച്ചു. 2005ൽ ഇന്ത്യൻ സർവകലാശാലാടീമിൽ എത്തി. ഓസ്‌ട്രേലിയയിൽ സൗത്ത് വെയിൽസ് യൂണിവേഴ്‌സിറ്റിക്കെതിരെയും കളിച്ചു. പാലക്കാട് ഗ്യാലക്‌സി ക്രിക്കറ്റ് ക്ലബ്ബ് അംഗമായിരുന്ന കൃഷ്ണചന്ദ്രൻ കേരളത്തിനുവേണ്ടി അണ്ടർ 19, അണ്ടർ 22, അണ്ടർ 25, ട്വന്റി20, ലിസ്റ്റ് 'എ' 50 ഓവർ മാച്ച് എന്നിവയൊക്കെ കളിച്ചിട്ടുണ്ട്.

2010ൽ ജോലിതേടി ദുബായിലെത്തിയതോടെയാണ് കൃഷ്ണചന്ദ്രന്റെ സമയം തെളിഞ്ഞത്. ഫ്‌ലൈ എമിറേറ്റ്‌സിൽ സീനിയർ കാർഗോ കസ്റ്റമർ സർവീസ് ഏജന്റാണ്. കൃഷ്ണചന്ദ്രന്റെ അനുജൻ സേതുരാജും യു.എ.ഇ.യിലാണ്. അവിടെ ആർ.എ.കെ. ബാങ്ക് ടീമിനുവേണ്ടി കളിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP