Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202429Wednesday

ജനപ്രതിനിധികളാണെങ്കിലും ലോക്‌സഭയിൽ വരാൻ സെലിബ്രിറ്റികൾക്ക് മടി; സിനിമയിൽ തീപ്പൊരി ഡയലോഗുകൾ പാറിക്കുന്ന ശത്രുഘ്‌നൻ സിൻഹയും സണ്ണി ഡിയോളുമൊക്കെ സഭയിലെത്തിയാൽ വാ തുറക്കില്ല; സെലിബ്രിറ്റി എംപിമാരുടെ പ്രോഗ്രസ് റിപ്പോർട്ട് ഇങ്ങനെ

ജനപ്രതിനിധികളാണെങ്കിലും ലോക്‌സഭയിൽ വരാൻ സെലിബ്രിറ്റികൾക്ക് മടി; സിനിമയിൽ തീപ്പൊരി ഡയലോഗുകൾ പാറിക്കുന്ന ശത്രുഘ്‌നൻ സിൻഹയും സണ്ണി ഡിയോളുമൊക്കെ സഭയിലെത്തിയാൽ വാ തുറക്കില്ല; സെലിബ്രിറ്റി എംപിമാരുടെ പ്രോഗ്രസ് റിപ്പോർട്ട് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആദ്യമായി എംപിമാർ ആകുന്നവരെ ലോക്സഭയിൽ സംസാരിക്കുന്നതിന് പ്രോത്സാഹിപ്പിക്കാൻ സ്പീക്കർ ഓം ബിർള പരിശ്രമിക്കാറുണ്ട്. എന്നാൽ, സ്പീക്കർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും 9 എം പിമാർ 17 ാമത് ലോക്സഭയിൽ കമാന്ന് ഒരക്ഷരം മിണ്ടിയിട്ടില്ലെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ലോക്‌സഭയിൽ ചർച്ചകളിൽ പങ്കാളികളാകാനും ചോദ്യങ്ങൾ ഉന്നയിക്കാനും സെലിബ്രിറ്റി എംപിമാർക്ക് വലിയ മടിയാണെന്ന വിവരം ഇപ്പോൾ പുറത്തുവന്നു. വിവിധ തുറകളിലെ 19 സെലിബ്രിറ്റികളുടെ കണക്ക് പരിശോധിച്ച് 'ഇന്ത്യ സ്‌പെൻഡ് 'ആണ് വിലയിരുത്തൽ നടത്തിയത്. സംവാദങ്ങളിൽ വാ തുറക്കാനും, ചോദ്യങ്ങൾ ചോദിക്കാനും മടിച്ചവരിൽ 10 പേർ ബിജെപിക്കാരും, 5 പേർ തൃണമൂൽക്കാരുമാണ്.

274 സിറ്റിങ്ങാണ് ഈ ലോക്‌സഭ കാലാവധിയിൽ നടന്നത്. അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയ ലോക്‌സഭയിൽ ഏറ്റവും കുറഞ്ഞ സിറ്റിങ് നടന്ന കാലഘട്ടം കൂടിയാണിത്. കോവിഡ് കാരണം 2020ൽ 33 ദിവസം മാത്രമാണ് സഭ സമ്മേളിച്ചത്. 56.7 ശതമാനം മാത്രമാണ് സെലിബ്രിറ്റികളുടെ ശരാശരി പങ്കാളിത്തം. എല്ലാ എംപിമാരുടെയും കണക്കെടുക്കുമ്പോൾ ഇത് 79 ശതമാനമാണ്. ഇതിനേക്കാൾ കൂടുതൽ ശരാശരി പങ്കാളിത്തമുള്ള സെലിബ്രിറ്റി എംപിമാർ നാലെണ്ണം മാത്രമാണ്. 90 ശതമാനം ഹാജരുള്ള ഭോജ്പുരി നടൻ ദിനേശ് ലാൽ യാദവാണ് മുമ്പിൽ. ബംഗാളി നടി ലോക്കറ്റ് ചാറ്റർജി 88 ശതമാനം സിറ്റിങ്ങുകൾക്കും എത്തി. ഭോജ്പുരി നടൻ മനോജ് തിവാരി (85 ശതമാനം), ഒളിമ്പിക്‌സ് ഷൂട്ടിങ് മെഡൽ ജേതാവായിരുന്നു രാജ്യവർധൻ സിങ് റാത്തോർ (80) എന്നിവരാണ് ദേശീയ ശരാശരിക്ക് മുകളിൽ ഹാജരുള്ളവർ.

ബംഗാളി നടൻ ദീപക് അധികാരിയാണ് ഏറ്റവും കുറച്ച് സമ്മേളനങ്ങളിൽ പങ്കാളിയായത്. 12 ശതമാനം മാത്രമാണ് ഇദ്ദേഹത്തിന്റെ പങ്കാളിത്തം. ബോളിവുഡ് നടൻ സണ്ണി ഡിയോളിന്റെ പങ്കാളിത്തം 17 ശതമാനമാണ്. ബംഗാളി നടിയും ഗായികയുമായ മിമി ചക്രവർത്തി (21) മറ്റൊരു ബംഗാളി നടി നുസ്രത്ത് ജഹാൻ റൂഹി (39), ഗായകൻ ഹൻസ് രാജ് (39), ബോളിവുഡ് നടിമാരായ കിരൺ ഖേർ (47), ഹേമ മാലിനി (50), മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ (61) ശത്രുഘ്‌നൻ സിൻഹ (63), സുമലത അംബരീഷ് (64) എന്നിങ്ങനെയാണ് മറ്റു സെലിബ്രിറ്റികളുടെ ഹാജർനില.

ചർച്ചകളിലും സെലിബ്രിറ്റികളുടെ പങ്കാളിത്തം വളരെ കുറവാണെന്ന് കണക്കുകൾ പറയുന്നു. ഒഡിയ നടൻ അനുഭവ് മൊഹന്ദിയാണ് ഏറ്റവും കൂടുതൽ ചർച്ചകളിൽ പങ്കെടുത്ത സെലിബ്രിറ്റി. തൊട്ടുപിന്നിൽ ഭോജ്പുരി നടൻ രവി കിഷൻ ആണ്. ഹിന്ദി നടന്മാരായ സണ്ണി ഡിയോളും ശത്രുഘ്‌നൻ സിൻഹയും ഒരൊറ്റ ചർച്ചകളിൽ പോലും പങ്കാളിയായിട്ടില്ല. ഗൗതം ഗംഭീർ പങ്കാളിയായത് നാലെണ്ണത്തിൽ മാത്രമാണ്. ഒരൊറ്റ ചോദ്യം പോലും ലോക്‌സഭയിൽ ചോദിക്കാത്ത ഏക സെലിബ്രിറ്റി എംപി ശത്രുഘ്‌നൻ സിൻഹയാണ്. സണ്ണി ഡിയോൾ നാല് ചോദ്യമാണ് ഉന്നയിച്ചത്.

പൊതുനില

ബിജെപിയെ പ്രതിനിധീകരിക്കുന്ന സണ്ണി ദിയോൾ ഗുർദാസ്പൂരിൽ നിന്നാണ് ആദ്യമായി പാർലമെന്റംഗമായത്. ദിയോൾ അഞ്ചുവർഷ കാലയളവിൽ രേഖാമൂലം ചില കാര്യങ്ങൾ എഴുതി കൊടുത്തിട്ടുണ്ട്. എന്നാൽ, ടി എം സിയുടെ ശത്രുഘ്നൻ സിൻഹ സഭയിൽ സംസാരിക്കുകയോ, രേഖാമൂലം എന്തെങ്കിലും സമർപ്പിക്കുകയോ ചെയ്തിട്ടില്ല. സിനിമയിൽ തീപ്പൊരി ഡയലോഗുകളുടെ ആശാനായ സിൻഹ സഭയിൽ മിണ്ടാത്തത് പലർക്കും അദ്ഭുതമായി.

17 ാമത് ലോക്സഭയുടെ ആദ്യസമ്മേളനം 2019 ജൂൺ 17 നാണ് ആരംഭിച്ചത്. ആ വർഷം മെയിൽ പൊതുതിരഞ്ഞെടുപ്പ് നടന്നു. 543 എംപിമാരിൽ ഏഴുപേർ മാത്രമേ ഈ അഞ്ചുവർഷം ലോക്സഭയിൽ ഏതെങ്കിലും ചർച്ചയിലോ സംവാദത്തിലോ പങ്കെടുക്കാത്തതായിട്ടുള്ളു.
സഭയിൽ ഒരിക്കൽ പോലും സംസാരിക്കാത്തവരിൽ ആറു പേർ ബിജെപി പ്രതിനിധികളാണ്. രണ്ടു പേർ ടി.എം.സി എംപിമാരും ഒരാൾ ബി.എസ്‌പി അംഗവുമാണ്. രമേശ് ചന്ദപ്പ ജിഗാജിനാഗി (ബീജാപ്പൂർ, കർണാടക), അതുൽ കുമാർ സിങ് (ഘോഷി, യു.പി), ദിബ്യേന്ദു അധികാരി (തംലുക്, പശ്ചിമ ബംഗാൾ), ബി.എൻ ബച്ചെഗൗഡ (ചിക്കബല്ലപൂർ, കർണാടക), പ്രധാൻ ബറുവ (ലഖിംപൂർ, അസം), സണ്ണി ഡിയോൾ (ഗുർദാസ്പൂർ, പഞ്ചാബ്), അനന്ത് കുമാർ ഹെഗ്‌ഡെ (ഉത്തര കന്നഡ, കർണാടക), വി. ശ്രീനിവാസ പ്രസാദ് ( ചാമരാജനഗർ, കർണാടക), ശത്രുഘ്‌നൻ സിൻഹ (അസൻസോൾ, പശ്ചിമ ബംഗാൾ) എന്നിവരാണ് പാർലമെന്റിൽ അഞ്ചു വർഷം മൗനം പാലിച്ചത്.

ഇവരിൽ ആറു പേർ സഭയിൽ ചില കാര്യങ്ങൾ എഴുതിക്കൊടുത്തിട്ടുണ്ട്. ശത്രുഘ്‌നൻ സിൻഹ, അതുൽ കുമാർ സിങ്, രമേശ് ചന്ദപ്പ എന്നിവർ ഒരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ല. എംപിമാരെ ചർച്ചയിൽ പങ്കെടുപ്പിക്കാൻ സ്പീർക്കർ ഓം ബിർല പലവട്ടം പ്രോത്സാഹിപ്പിച്ചിരുന്നു. സണ്ണി ഡിയോളിനെ രണ്ടു തവണ ചർച്ചയിൽ പങ്കെടുക്കാൻ സ്പീക്കർ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം വാ പൂട്ടി ഇരുന്നതേയുള്ളു എന്നാണ് റിപ്പോർട്ട്.

എംപിമാരുടെ ഈ മൗനം പാലിക്കൽ അവരുടെ തിരഞ്ഞെടുപ്പിനെ തന്നെ ചോദ്യം ചെയ്യുകയാണ്.

ഹാജർ നില

ചില എംപിമാർ സഭയിൽ വരാനേ കൂട്ടാക്കിയില്ല. അതുൽ റായ്, സണ്ണി ദിയോൾ, ദിവ്യേന്തു അധികാരി എന്നിവർക്ക് യഥാക്രമം 1%, 17%, 24% ഹാജർ നില മാത്രം. വി ശ്രീനിവാസ് പ്രസാദ്, ബി എൻ ബച്ചേ ഗൗഡ എന്നിവർക്ക് 32%, 39 % എന്നിങ്ങനെ. ശത്രുഘ്നൻ സിൻഹ സംസാരിച്ചില്ലെങ്കിലും 65 % ഹാജർ രേഖപ്പെടുത്തി.

അതേസമയം, രണ്ടുബിജെപി എംപിമാർ 100 ശതമാനം ഹാജർ രേഖപ്പെടുത്തി. മോഹൻ മാണ്ഡവിക്കും ഭാഗീരഥ് ചൗധരിക്കും ഒദുദിവസം പോലും മിസായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP