Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരളപ്പിറവി ദിനത്തിൽ സ്‌കൂളുകൾ തുറക്കും; ഒന്നു മുതൽ ഏഴുവരെയും 10, 12 ക്ലാസുകളും ആദ്യം; നവംബർ 15 മുതൽ എല്ലാ ക്ലാസുകളും തുടങ്ങും; തീരുമാനം കോവിഡ് അവലോകന യോഗത്തിൽ; മുൻകരുതൽ സ്വീകരിക്കണമെന്നും നിർദ്ദേശം

കേരളപ്പിറവി ദിനത്തിൽ സ്‌കൂളുകൾ തുറക്കും; ഒന്നു മുതൽ ഏഴുവരെയും 10, 12 ക്ലാസുകളും ആദ്യം; നവംബർ 15 മുതൽ എല്ലാ ക്ലാസുകളും തുടങ്ങും; തീരുമാനം കോവിഡ് അവലോകന യോഗത്തിൽ; മുൻകരുതൽ സ്വീകരിക്കണമെന്നും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നവംബർ ഒന്നു മുതൽ സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും നവംബർ ഒന്നു മുതൽ തുടങ്ങും.

നവംബർ 15 മുതൽ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകൾ നടത്താനും 15 ദിവസം മുൻപ് മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.

പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേർന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം.

രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികൾ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. വാഹനങ്ങളിൽ കുട്ടികളെ എത്തിക്കുമ്പോൾ പാലിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്.

സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. സ്‌കൂളുകൾ തുറക്കുമ്പോൾ രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം. കുട്ടികൾക്കുവേണ്ടി പ്രത്യേക മാസ്‌കുകൾ തയാറാക്കണം. സ്‌കൂളുകളിലും മാസ്‌കുകൾ കരുതണം. ഒക്ടോബർ 18 മുതൽ കോളജ് തലത്തിൽ വാക്സിനേഷൻ സ്വീകരിച്ച വിദ്യാർത്ഥികളുടെ എല്ലാ ക്ലാസ്സുകളും ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച നടന്ന കോവിഡ് അവലോകന യോഗത്തിലാണ് സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനം എടുത്തത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നരമാസം അടച്ചിട്ട ശേഷമാണ് സ്‌കൂളുകൾ തുറക്കുന്നത്. സ്‌കൂൾ തുറക്കുന്നതിന് മുമ്പായി നൽകേണ്ട മുന്നൊരുക്കങ്ങൾക്കുള്ള നിർദ്ദേശങ്ങളും അവലോകന യോഗത്തിൽ ഉയർന്നു വന്നിരുന്നു.

നേരത്തെ ഒക്ടോബർ നാലിന് കോളേജുകൾ തുറക്കാൻ തീരുമാനിച്ചിരുന്നു.പ്രൈമറി തല ക്‌ളാസുകൾ ഉടൻ ആരംഭിക്കാൻ സാദ്ധ്യതയില്ലെന്നായിരുന്നു ആദ്യറിപ്പോർട്ടുകൾ. എന്നാൽ സംസ്ഥാനത്തെ വാക്‌സിനേഷൻ 80 ശതമാനം പൂർത്തീകരിച്ച സാഹചര്യത്തിലാണ് പ്രൈമറിതലം മുതലുള്ള ക്ലാസുകൾ തുറക്കാമെന്ന് തീരുമാനിച്ചത്.

സ്‌കൂളുകൾ തുറക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആരോഗ്യ വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവരുമായി ഇക്കാര്യത്തിൽ സർക്കാർ നിരവധി ചർച്ചകളും നടത്തിയിരുന്നു.നിലവിൽ പ്ലസ് വൺ പരീക്ഷാ നടത്തിപ്പിന് കൂടുതൽ ശ്രദ്ധ നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം.

പരീക്ഷയുമായി മുന്നോട്ട് പോകാൻ സുപ്രീം കോടതി അനുവാദം നൽകിയതിനാൽ സ്‌കൂളുകൾ തുറക്കുന്നതിലും വലിയ തടസ്സമുണ്ടാകാൻ സാദ്ധ്യതയില്ലെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.അതേസമയം സമയം ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്നതടക്കം കൂടുതൽ ഇളവുകളിലേക്ക് ഇന്നത്തെ അവലോകനയോഗവും കടന്നില്ല.നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം. സംസ്ഥാനത്തെ സിനിമാ തീയറ്ററുകൾ തുറക്കാനും അനുമതി നൽകിയിട്ടില്ല.

പ്രതിവാര ഇൻഫക്ഷൻ റേഷ്യോ 10 ൽ കൂടുതലുള്ള വാർഡുകളിൽ ലോക്ഡൗൺ ഏർപ്പെടുത്തും. നിലവിൽ ഇത് എട്ട് ശതമാനമായിരുന്നു. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷൻ നിരക്ക് 90 ശതമാനത്തിൽ എത്തുന്നതിനാൽ സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കും. സർക്കാർ / സ്വകാര്യ ആശുപത്രികളിൽ അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമാവും ആന്റിജൻ പരിശോധന നടത്തുക.

കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നുണ്ട്. മാത്രമല്ല, സെപ്റ്റംബർ 30-നകം 18 വയസ്സുപൂർത്തിയായ മുഴുവൻപേർക്കും ആദ്യഡോസ് വാക്സിൻ നൽകുക എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. ആദ്യ ഡോസ് വാക്സിനേഷൻ 82 ശതമാനം പൂർത്തിയായി കഴിഞ്ഞിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP