Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ

കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ

എം റിജു

കോഴിക്കോട്: വിലക്കയറ്റവും, തൊഴിലില്ലായ്മയും, കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ വിലയിരുത്തലുമടക്കം നൂറായിരം വിഷയങ്ങളാണ് ഈ തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയമായി പൊതുവെ പറയുന്നുണ്ടെങ്കിലും, മലബാറിൽ അവസാന ലാപ്പിലും ചർച്ച മുസ്ലിം വോട്ടുകളെക്കുറിച്ചാണ്. കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണമാണ്, മലബാറിൽ സിപിഎമ്മിന്റെ വജ്രായുധം. കെ സുധാകരൻ നേരത്തെ നടത്തിയ ശാഖക്ക് കാവൽ നിന്നു എന്നത് അടക്കമുള്ള വാക്കുകൾ എടുത്തുകൊണ്ട് മുസ്ലിം കേന്ദ്രങ്ങളിൽ വലിയ പ്രചാരണമാണ് ഇടതുപക്ഷം നടത്തുന്നത്. സുധാകരനും, രാജ്‌മോഹൻ ഉണ്ണിത്താനും, എം കെ രാഘവനും അടക്കമുള്ള യുഡിഎഫ് സ്ഥാനാർത്ഥികളെ ബിജെപിയിൽ ചേരാൻ സാധ്യതയുള്ളവരാക്കി ചിത്രീകരിച്ചാണ് സിപിഎം പ്രചാരണം മുന്നോട്ടുപോവുന്നത്.

ഒപ്പം സിഎഎ അടക്കമുള്ള വിഷയങ്ങളിൽ കോൺഗ്രസ് ഇരട്ടത്താപ്പുകാട്ടുന്നെന്നും ഇടതുപക്ഷം ആരോപിക്കുന്നു. മോദി സർക്കാർ മുസ്ലീങ്ങൾക്ക് എതിരെ തിരിയുമ്പോൾ പ്രതിരോധിക്കാൻ ഇടതുപക്ഷം വേണമെന്നാണ് പ്രചാരണം. വിവിധ മുസ്ലിം സംഘടനകളുടെ പിന്തുണക്കായും മുന്നണികൾ മത്സരിക്കയാണ്. കോഴിക്കോട് ഇടത് സ്ഥാനാർത്ഥി എളമരം കീരം കാന്തപുരം എ പി വിഭാഗത്തിന്റെ പിന്തുണ ഉറപ്പിച്ചതായി കേൾക്കുന്നുണ്ട്. അതുപോലെ തന്നെ സമസ്തയിലെ ഒരു വിഭാഗവും തങ്ങൾക്ക് വോട്ടുചെയ്യുമെന്ന് ഇടത് നേതാക്കൾ കരുതുന്നു. അതേസമയം ഇതെല്ലാം വെറും കുപ്രചാരണം മാത്രമാണെന്നും, തങ്ങളുടെ വോട്ടിന്റെ അടിത്തറയിളക്കാൻ ഇടതിന് കഴിയില്ലെന്നും, മുസ്ലിം വോട്ടർമാർ എന്നും തങ്ങളുടെ കൂടെയാണെന്നും യുഡിഎഫ് നേതാക്കൾ പറയുന്നത്. കേരളത്തിൽ മാത്രമുള്ള സിപിഎമ്മിന് ദേശീയ രാഷ്ട്രീയത്തിൽ എന്തുചെയ്യാൻ കഴിയുമെന്ന് ചോദിച്ചാണ്, യുഡിഎഫിന്റെ പ്രചാരണം പുരോഗമിക്കുന്നത്.

സമസ്ത-ലീഗം തർക്കം വോട്ടാവുമോ?

സമസ്തയും-ലീഗും തമ്മിൽ സമീപകാലത്തുണ്ടായ പ്രശ്നങ്ങളിൽ നിന്ന് നേട്ടം കൊയ്യാൻ ഇടതുമുന്നണി ശ്രമിക്കുന്നുണ്ട്. സിഐസി വിവാദം തൊട്ട് പട്ടിക്കാട് ജാമിഅ നൂരിയ വാർഷിക സമ്മേളനം വരെയുണ്ടായ വിവാദങ്ങൾ സമസ്തയിലെ ഒരു വിഭാഗത്തെയും ലീഗിനെയും രണ്ട് ചേരികളിലാക്കിയിട്ടുണ്ട്. ജാമിഅ നൂരിയ വാർഷിക സമ്മേളനത്തിൽ സമസ്തയിലെ ലീഗ് വിരുദ്ധരായ യുവനേതാക്കളെ സാദിഖലി തങ്ങൾ മാറ്റിനിർത്തിയത് വാർത്തയായിരുന്നു. ഇതിന് പിന്നാലെ സമസ്തയിലെ ലീഗ് വിരുദ്ധർ തങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചാരണങ്ങൾ നടത്തി. സമസ്തയുടെ പൊതുവേദികളിൽ പോലും പാണക്കാട് കുടുംബത്തിനെതിരെ വിമർശനങ്ങൾ ഉയർന്നു. സമസ്തയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ലീഗ് നേതാക്കൾ ഇടപെടുന്നുവെന്നതാണ് കാലങ്ങളായി സമസ്ത പരോക്ഷമായി ഉന്നയിക്കുന്ന കാര്യങ്ങളിലൊന്ന്. ഹൈദരലി തങ്ങളുടെ മരണശേഷം സാദിഖലി തങ്ങൾ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തശേഷമാണ് ഭിന്നത രൂക്ഷമാവുന്നത്.

ഇപ്പോൾ സമസ്തയിലെ ഒരു വിഭാഗം സിപിഎമ്മിന് അനുകൂലമായി കരുക്കൾ നീക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മുൻ മുസ്ലിം ലീഗുകാരനും സമസ്തക്കാരനുമായിരുന്ന പൊന്നാനിയിലെ സ്ഥാനാർത്ഥി കെഎസ് ഹംസ ഇപ്പോഴും സമസ്ത നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. എ ആർ നഗർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈദരലി തങ്ങളെ ഇഡിയുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞ് കൊടുത്തത് കുഞ്ഞാലിക്കുട്ടിയാണെന്നായിരുന്നു ഹംസ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെല്ലാം ആരോപിച്ചിരുന്നു. ഇതും സമസ്തക്കുള്ളിൽ പുകയുന്നുണ്ട്.

എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരസ്യം നൽകിയതിന്റെ പേരിൽ സമസ്തയുടെ മുഖപത്രമായ സുപ്രഭാതം കത്തിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഇതിനിടെയുണ്ടായി. തിരൂരങ്ങാടി കൊടിഞ്ഞിയിലെ പ്രാദേശിക ലീഗ് നേതാവായിരുന്നു പത്രം കത്തിച്ചത്. വിവാദമായതോടെ അദ്ദേഹം മാപ്പ് പറഞ്ഞെങ്കിലും പ്രശ്‌നങ്ങൾ അവസാനിച്ചില്ല.വിവാദങ്ങളെല്ലാം നിലനിൽക്കെ തന്നെ സമസ്ത വോട്ടുകൾ എവിടെയും പോവില്ലെന്ന ആത്മവിശ്വാസത്തിലാണ് ലീഗ് നേതൃത്വം.

സമസ്തയിലെ ലീഗ് വിരുദ്ധർ (ഷജറകൾ) എന്ന അറബി പദത്തിലാണ് അറിയപ്പെടാറുള്ളത്. ഇവർ ടീം സമസ്ത എന്ന പേരിൽ സംഘടിക്കയാണ്. കെഎസ് ഹംസയെ അനുകൂലിച്ചും സാദിഖലി തങ്ങളെ പരിഹസിച്ചും ടീം സമസ്ത ചോദ്യാവലി പുറത്തുവിട്ടിരുന്നു. ഇപ്പോൾ ലീഗിന്റെ വഞ്ചനാപരമായ നീക്കങ്ങളിൽ പ്രതിഷേധിച്ച് സമസ്ത പ്രവർത്തകരും കുടുംബാഗങ്ങളും ഹംസയ്ക്ക് വോട്ട് ചെയ്യണമെന്ന കുറിപ്പ് ഇറക്കിയിരിക്കുകയാണ് ടീം സമസ്ത പൊന്നാനി. എന്നാൽ സമസ്ത ഔദ്യോഗിക നേതൃത്വം ഇവരെ തള്ളിയിരിക്കുകയാണ്. ഷജറകൾ എന്ന് പറയുന്നത് ചുരുങ്ങിയ എണ്ണം ആളുകൾ മാത്രമാണെന്നാണ് ലീഗ് അണികൾക്കിടയിലെ സംസാരം. ഒരു രാഷ്ട്രീയമാറ്റം ഉണ്ടാക്കാൻ തക്ക വോട്ടുകൾ ഒന്നും സമസ്തയിലെ ലീഗ് വിരുദ്ധർക്കില്ലെന്നത് യാഥാർത്ഥ്യമാണ്. എന്നാലും, ഇടതിന് ചെറിയ പ്രതീക്ഷകൾ ഈ തർക്കം നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP