Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

പണി പൂർത്തിയായ ശേഷം അനുമതിക്കായി സാജനും ജീവനക്കാരും ആന്തൂർ നഗരസഭാ ഓഫീസ് കയറി ഇറങ്ങിയത് 20 തവണ; അപേക്ഷ ലഭിച്ച് 15 ദിവസത്തിന് അകം ലൈസൻസ് നൽകണമെന്ന് ചട്ടം ഉണ്ടായിരിക്കെ ആദ്യം നോട്ടീസ് കിട്ടിയത് 18 ദിവസം കഴിഞ്ഞ്; ഓരോ തവണ ചൂണ്ടിക്കാട്ടുന്ന കുഴപ്പങ്ങൾ പരിഹരിച്ച് പുതിയ അപേക്ഷ നൽകുമ്പോഴും പുതിയ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വലിച്ചു നീട്ടി; ഒടുവിൽ അധ്യക്ഷയെ കണ്ടപ്പോൾ അധിക്ഷേപിച്ച് ഇറക്കി വിട്ടു; പ്രവാസി സംരഭകന് സിപിഎമ്മിന്റെ ചുവപ്പു നാടയിൽ ജീവൻ പോയത് ഇങ്ങനെ

പണി പൂർത്തിയായ ശേഷം അനുമതിക്കായി സാജനും ജീവനക്കാരും ആന്തൂർ നഗരസഭാ ഓഫീസ് കയറി ഇറങ്ങിയത് 20 തവണ; അപേക്ഷ ലഭിച്ച് 15 ദിവസത്തിന് അകം ലൈസൻസ് നൽകണമെന്ന് ചട്ടം ഉണ്ടായിരിക്കെ ആദ്യം നോട്ടീസ് കിട്ടിയത് 18 ദിവസം കഴിഞ്ഞ്; ഓരോ തവണ ചൂണ്ടിക്കാട്ടുന്ന കുഴപ്പങ്ങൾ പരിഹരിച്ച് പുതിയ അപേക്ഷ നൽകുമ്പോഴും പുതിയ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വലിച്ചു നീട്ടി; ഒടുവിൽ അധ്യക്ഷയെ കണ്ടപ്പോൾ അധിക്ഷേപിച്ച് ഇറക്കി വിട്ടു; പ്രവാസി സംരഭകന് സിപിഎമ്മിന്റെ ചുവപ്പു നാടയിൽ ജീവൻ പോയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ; ആന്തൂർ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്ക്ക് തെറ്റൊന്നും പറ്റിയില്ലെന്ന് സിപിഎം പറയുമ്പോൾ അത് പച്ചക്കള്ളമെന്നാണ് ആന്തൂരിലെ സഖാക്കൾക്ക് പറയാനുള്ളത്. പികെ ശ്യാമളയുടെ അധിക്ഷേപമാണ് സാജൻ പാറയിലിന്റെ മനസ്സിനെ തളർത്തിയത്. ചെയർപേഴ്‌സണിന്റെ നിലപാട് അറിഞ്ഞതോടെയാണ് സാജന് പ്രതീക്ഷ നഷ്ടമായതെന്നും വിലയിരുത്തലുണ്ട്. ഏതായാലും ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തിയാണ് ആന്തൂരിലെ പോക്കെന്ന് വ്യക്തമാക്കുന്നതാണ് സാജന്റെ ആത്മഹത്യ. ആളുകളെ വലയ്ക്കാൻ നഗര സഭ എന്തും ചെയ്യും. വൈരാഗ്യമുണ്ടായാൽ അത് ഏതറ്റം വരേയും പോകും. നഗരസഭയിൽ കയറി ഇറങ്ങി ചെരുപ്പ് തേഞ്ഞപ്പോഴാണ് മറ്റ് മാർഗമില്ലാതെ ഒരു മുഴം കയറിൽ സാജൻ ജീവനൊടുക്കിയത്.

ആന്തൂർ നഗരസഭയുടെ ഓഫിസ് കെട്ടിടം തന്നെ ചട്ടംലംഘിച്ചാണ് നിർമ്മിച്ചതെന്ന ആരോപണവും ഇതിനിടെ സജീവമാകുകയാണ്. കെട്ടിടങ്ങൾ പൊതുനിരത്തിൽ നിന്നു 3 മീറ്റർ അകലം പാലിക്കണം. എന്നാൽ ആന്തൂർ നഗരസഭാ ഓഫിസ് കെട്ടിടത്തിന്റെ മേൽക്കൂര റോഡിനു നേരെ മുകളിലാണ്. രണ്ടു കെട്ടിടങ്ങൾക്കിടയിൽ നിശ്ചിത അകലം വേണം. നഗരസഭാ ഓഫിസും തൊട്ടടുത്ത കൃഷിഭവനും തമ്മിലുള്ള വ്യത്യാസം അര മീറ്റർ പോലുമില്ല സാജന്റെ കുടുംബം ആരോപിക്കുന്നു. ദേശീയപാതയിൽ കണ്ണൂർതളിപ്പറമ്പ് റൂട്ടിലാണ് ആന്തൂർ നഗരസഭ. 4 വർഷം മുൻപു തളിപ്പറമ്പ് നഗരസഭ വിഭജിച്ചാണ് നഗരസഭ രൂപീകരിച്ചത്. ഇത്തരമൊരു ഓഫീസുള്ള നഗരസഭയാണ് പാവങ്ങളെ ദ്രോഹിക്കാൻ എന്തും ചെയ്യുന്നത്. നിയമങ്ങളും ചട്ടങ്ങളുമെല്ലാം അധികാര കേന്ദ്രത്തിന്റെ ഇഷ്ടത്തിന് വഴി തിരിച്ചു വിടാനാകുമെന്ന സന്ദേശമാണ് ആന്തൂരിലെ സാജന്റെ മരണം നൽകുന്നത്.

അതിനിടെ ആന്തൂർ ബക്കളത്ത്, സിപിഎം കെട്ടിടത്തിന്റെ സ്റ്റേജ് പുറമ്പോക്കിലെന്ന് ആരോപണവും സജീവമാകുന്നു. സിപിഎം ബക്കളം നോർത്ത് ബ്രാഞ്ച് കമ്മിറ്റിക്കു വേണ്ടി നിർമ്മിച്ച ചെ ഗവാര ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് കെട്ടിടത്തിന്റെ സ്റ്റേജ് ആണ് പുറമ്പോക്കിലുള്ളത്. ദേശീയപാത നിലവിൽ വരുന്നതിന് മുൻപ് ഗതാഗതത്തിന് ഉപയോഗിച്ച റോഡിലാണ് സ്റ്റേജ് നിർമ്മിച്ചത്. ക്ലബ്ബിന്റെ മൂന്നുനില കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് ഷീറ്റ് സംഭാവന ചെയ്തത്, ജീവനൊടുക്കിയ സാജൻ ആയിരുന്നുവെന്നതാണ് മറ്റൊരു വസ്തുത. അതുകൊണ്ട് തന്നെ ആത്മഹത്യ ചെയ്ത വ്യക്തിയുടെ സംഭാവനയിൽ സിപിഎമ്മിന് അനധികൃത കെട്ടിടമാകാം. എന്നാൽ പ്രവാസി കഷ്ടപ്പെട്ടുണ്ടാക്കിയ പണത്തിൽ കെട്ടിടം പണിതാൽ അതിന് അനുമതിയുമില്ല. ഈ ഇരട്ട നീതിയാണ് ആന്തൂരിൽ ഇപ്പോൾ ചർച്ചയാകുന്നത്.

സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭ വേട്ടയാടിയതാണു പ്രവാസി വ്യവസായി സാജൻ പറയിൽ ആത്മഹത്യ ചെയ്യാൻ കാരണമെന്നു കുടുംബാംഗങ്ങൾ ആരോപിക്കുന്നുണ്ട്. താൻ ഇരിക്കുന്ന കാലത്തോളം അനുമതി ലഭിക്കില്ലെന്നു നഗരസഭ ചെയർപേഴ്‌സൻ പി.കെ.ശ്യാമള പറഞ്ഞു. കൺവൻഷൻ സെന്റർ ഒരിക്കലും തുറക്കാനാവില്ലെന്ന തോന്നലാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും കൂടെനിന്ന പാർട്ടിക്കാർത്തന്നെ ചതിക്കുകയായിരുന്നെന്നും സാജന്റെ ഭാര്യ ബീനയും ഭാര്യാപിതാവ് പുരുഷോത്തമനും ആരോപിച്ചു. ഇത് ശരിവയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോഴും പുറത്ത് വരുന്നത്. ഇതിനിടെയിലും ശ്യാമളയെ രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പരാതിയുമായി ചെന്നപ്പോൾ പി.കെ.ശ്യാമള മാനസികമായി തളർത്തിയെന്ന ആരോപണത്തിന് തെളിവില്ലെന്നും സിപിഎം പറയുന്നു.

കോടികൾ മുടക്കി നിർമ്മിച്ച കൺവൻഷൻ സെന്റർ ഒരിക്കലും തുറന്നു പ്രവർത്തിക്കാൻ പറ്റില്ലെന്ന തോന്നൽ സാജനെ മാനസികമായി തളർത്തി. ആന്തൂരിലെ പാർട്ടിയിൽ നിലനിൽക്കുന്ന വിഭാഗീയതയും സാജന്റെ പദ്ധതിക്ക് അനുമതി ലഭിക്കാതിരിക്കാൻ കാരണമായെന്ന് ആരോപണമുണ്ട്. അനുമതി നിഷേധിച്ചിട്ടില്ലെന്നും നടപടിക്രമങ്ങൾ പൂർത്തിയാകാനുള്ള താമസമാണ് ഉണ്ടായതെന്നുമാണു നഗരസഭയുടെ വിശദീകരണം. ആന്തൂർ നഗരസഭയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് നഗരസഭാധ്യക്ഷ പി.കെ.ശ്യാമള പറഞ്ഞു. വ്യവസായിയോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നില്ല. കൺവൻഷൻ സെന്ററിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകാൻ നിയമപ്രകാരമുള്ള കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് നഗരസഭയുടെ വിശദീകരണം. ഇത് തള്ളിയാണ് നാല് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ സസ്‌പെൻഷൻ നടപടി എടുത്തത്.

പാർത്ഥാ കൺവെൻഷൻ സെന്ററിന്റെ പണി പൂർത്തിയായ കെട്ടിടത്തിന്റെ ഉടമാവകാശ രേഖയ്ക്ക് അപേക്ഷിച്ച ശേഷം പാർഥാസ് ബിൽഡേഴ്‌സ് എംഡി കൂടിയായ സാജനും കൂടെയുള്ളവരും ആന്തൂർ നഗരസഭാ ഓഫിസ് കയറിയിറങ്ങിയത് 20 വട്ടമാണ്. ഏപ്രിൽ 12ന് അപേക്ഷ നൽകിയശേഷമുള്ള 2 മാസത്തിനിടെയാണിത്. അപേക്ഷ നൽകിയാൽ 15 ദിവസത്തിനകം പരിശോധിച്ച് രേഖ നൽകണമെന്നാണു ചട്ടം. എന്നാൽ 18 ദിവസം കഴിഞ്ഞ്, ഏപ്രിൽ 30ന് സാജന് ആദ്യ നോട്ടിസ് കിട്ടി. പാർക്കിങ് ഏരിയയിലെ അപാകമായിരുന്നു പ്രശ്‌നം. അതു പരിഹരിച്ച് മെയ്‌ 6ന് വീണ്ടും പ്ലാൻ നൽകി. പിന്നീയും ചുവപ്പു നാടയെത്തി. ആദ്യമൊന്നും കാര്യം സാജന് മനസ്സിലായില്ല. പിന്നീട് പി ജയരാജനോട് പരാതി പറഞ്ഞതിലെ പ്രശ്‌നമാണെന്ന് മനസ്സിലാക്കി. സാജനോടുള്ള വൈരാഗ്യം തീർക്കാൻ നഗരസഭയിലെ ചിലർ പുതിയ ന്യായങ്ങൾ നിരത്തി. ഏപ്രിൽ 30നു നൽകിയ നോട്ടിസിൽ കണ്ടെത്താത്ത പുതിയൊരു കുഴപ്പം പറഞ്ഞ് വീണ്ടും നോട്ടിസ്. മൂന്നാമതും പ്ലാൻ സമർപ്പിച്ചപ്പോൾ ജൂൺ 15നു വീണ്ടും നോട്ടിസ് നൽകി. ഒരിക്കൽക്കൂടി നഗരസഭാധികൃതരെ കണ്ട് അഭ്യർത്ഥിക്കാൻ 18നു രാവിലെ ഓഫിസിലെത്തുമെന്ന് സാജൻ അറിയിച്ചിരുന്നു. എന്നാൽ, തന്നെ മനഃപൂർവം ദ്രോഹിക്കുകയാണെന്നും വീണ്ടും തടസ്സവാദമുന്നയിക്കുമെന്നുമുള്ള നിഗമനത്തിൽ സാജൻ അന്നു പുലർച്ചെ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തു.

കെട്ടിടത്തിനെതിരെ രേഖാമൂലം ഒരു പരാതിയും ഇല്ല. 2018ൽ അജ്ഞാത ഫോൺ സന്ദേശത്തിലൂടെ ആദ്യ പരാതി ലഭിച്ചെന്നാണ് നഗരസഭ പറയുന്നത്. നിർമ്മാണത്തിന്റെ തുടക്കം മുതൽ അപാകമെന്നാണ് നഗരസഭ ആവർത്തിക്കുന്നത്. എന്നാൽ, ഗ്രൗണ്ട് ഫ്‌ളോറിൽ ഒരു സ്ലാബ് നിർമ്മിച്ചതു മാത്രമാണ്, ജില്ലാ നഗരാസൂത്രണ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയത്. അത് വലിയൊരു പിഴുമില്ല.

സാജന്റെ ഭാഗം ശരിയെന്ന് ജയരാജനും

അതിനിടെ സാജന്റെ മരണത്തിലെ സത്യങ്ങൾ സമ്മതിച്ച് കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി ജയരാജനും രംഗത്ത് വന്നു. കൺവെൻഷൻ സെന്ററിന്റെ ഒരുഭാഗം പൊളിച്ചുമാറ്റണമെന്ന് 2018-ൽ നഗരസഭ ആവശ്യപ്പെട്ടപ്പോൾ സാജൻ പാറയിൽ എന്നയാൾ പാർട്ടി അനുഭാവിയായതിനാലാവാം ജില്ലാ കമ്മിറ്റിക്ക് കത്ത് തന്നു. നഗരസഭ ഇക്കാര്യത്തിൽ ടൗൺ പ്ലാനർക്ക് കത്തെഴുതി. വിഷയം പരിശോധിച്ച് യുക്തമായ തീരുമാനമെടുക്കാൻ ടൗൺ പ്ലാനറും നഗരസഭാ സെക്രട്ടറിയും ചേർന്ന് പരിശോധന നടത്താൻ തീരുമാനമായി. ഒടുവിൽ കെട്ടിടത്തിന്റെ ഒരു ഭാഗം മാറ്റി ചുമർ പൊളിക്കാതെ റഗുലറൈസ് ചെയ്യാനും തിരുമാനമായി. 2018 ഒക്ടോബറിൽ അത് പൂർത്തിയാക്കിയിരുന്നു. അവസാനം പണികൾ പൂർത്തിയായി ലൈസൻസിന് അപേക്ഷ കൊടുത്തതായി അറിയുന്നു. അത് ലഭിക്കാൻ വൈകിയതായിരിക്കാം പ്രശ്നങ്ങൾക്കു കാരണം. പക്ഷേ, ഇത്തരം കാര്യങ്ങൾ വൈകിപ്പിച്ച് സംരംഭകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കാൻ പാടില്ലായിരുന്നു. ചില മാധ്യമങ്ങളിൽ കാണുന്നതുപോലെ രാഷ്ട്രീയവിരോധമോ രാഷ്ട്രീയതാത്പര്യമോ ഒന്നും ഇക്കാര്യത്തിലില്ല- പി. ജയരാജൻ പറഞ്ഞു.

ഇവിടെ പാർട്ടിയേയും ചെയർപേഴ്‌സണിനേയും കുറ്റം പറയാതെ സത്യം പറയുകയാണ് ജയരാജൻ. എന്നാൽ വരികൾക്കിടയിൽ സാജനോട് കാട്ടിയ നീതി നിഷേധം ഉറപ്പിച്ചു വയ്ക്കുന്നുമുണ്ട്. വിദേശത്തു ജോലിചെയ്തു സമ്പാദിച്ച പണവുമായി നാട്ടിൽ വ്യവസായം തുടങ്ങാൻ വരുന്ന സംരംഭകരോട് ഒരിക്കലും നിഷേധാത്മക നിലപാട് സ്വീകരിക്കാൻ പാടില്ലെന്നും സിപിഎം. സംസ്ഥാനകമ്മിറ്റി അംഗമായ പി. ജയരാജൻ പറയുന്നു. സാജൻ ജീവനൊടുക്കാനിടയായ സാഹചര്യത്തിന് ഉത്തരം പറയേണ്ടത് ഉദ്യോഗസ്ഥരാണ്. ആവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളും സമർപ്പിച്ചതായാണ് അറിയാൻ കഴിഞ്ഞത്.

ചില്ലറ പണികളേ ബാക്കിയുള്ളൂ. അവിടെ ഒരു വിവാഹം നടന്നതിന്റെ പേരിൽ പോലും രജിസ്ട്രേഷൻ ഇല്ലെന്നുപറഞ്ഞു നോട്ടീസയച്ച ഉദ്യോഗസ്ഥർ ശരിക്കും ജനദ്രോഹമാണു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിൽ ചെയർപേഴ്സൺ ഉത്തരവാദിയാണെന്ന് പറയാനാവില്ല. ചെയർപേഴ്സണ് കെട്ടിടനിർമ്മാണ ചട്ടത്തിൽ ഇടപെടാൻ അധികാരമില്ല. അതേസമയം, ഉദ്യോഗസ്ഥരുടെമേലെ ജനപ്രതിനിധികൾക്ക് ഇടപെടാൻ കഴിയണം- അദ്ദേഹം പറഞ്ഞു. നിയമം തെറ്റിച്ചുകൊടുത്താൽ അഴിമതിയാരോപണം ഉണ്ടാവുമോ എന്ന ആശങ്ക ഉദ്യോഗസ്ഥർക്കും ഉണ്ടായിരിക്കാമെന്ന് ജയരാജൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP