Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ആർഭാടങ്ങളും ആഘോഷങ്ങളും ഒന്നുമില്ല; വെള്ളംകയറിയ വീടുകൾ വൃത്തിയാക്കി നൽകിയും ക്യാമ്പുകളിൽ ബിരിയാണിവെച്ചും വസ്ത്രങ്ങളെത്തിച്ചും അവർ ആഘോഷിക്കുകയാണ്; പെരുന്നാളിന് തുറക്കുന്ന സ്‌പെഷ്യൽ പടക്ക വിപണികൾ എവിടെയുമില്ല; ദുരിതാശ്വാസത്തിൽ ശ്രദ്ധിക്കാൻ പെരുന്നാൾ നമസ്‌ക്കാരത്തിൽ ഖത്തീബുമാരുടെ ആഹ്വാനം; ബലിപ്പെരുനാൾ ദുരിതാശ്വാസ ക്യാമ്പിൽ ആഘോഷിച്ച് മലബാറുകാർ

ആർഭാടങ്ങളും ആഘോഷങ്ങളും ഒന്നുമില്ല; വെള്ളംകയറിയ വീടുകൾ വൃത്തിയാക്കി നൽകിയും ക്യാമ്പുകളിൽ ബിരിയാണിവെച്ചും വസ്ത്രങ്ങളെത്തിച്ചും അവർ ആഘോഷിക്കുകയാണ്; പെരുന്നാളിന് തുറക്കുന്ന സ്‌പെഷ്യൽ പടക്ക വിപണികൾ എവിടെയുമില്ല; ദുരിതാശ്വാസത്തിൽ ശ്രദ്ധിക്കാൻ പെരുന്നാൾ നമസ്‌ക്കാരത്തിൽ ഖത്തീബുമാരുടെ ആഹ്വാനം; ബലിപ്പെരുനാൾ ദുരിതാശ്വാസ ക്യാമ്പിൽ ആഘോഷിച്ച് മലബാറുകാർ

ജംഷാദ് മലപ്പുറം

മലപ്പുറം: 'ഇപ്പോഴെല്ലാം കൊടുക്കുവാനുള്ളതാണ്. നിങ്ങളുടെ ഭക്ഷണം, വസ്ത്രം, പണം ഒന്നും നിങ്ങളുടേതല്ല. ഇപ്പോൾ നിങ്ങളുടെ വീട് നിങ്ങൾക്ക് മാത്രം പാർക്കുവാനുള്ളതല്ല. ഈ ഭൂമി നിങ്ങൾക്ക് മാത്രം ജീവിക്കാനുള്ളതല്ല '.- പ്രൊഫ.എം.എം.വിജയൻ തന്റെ മഹാദുരന്തങ്ങൾ എന്ന ലേഖന സമാഹരത്തിൽ ഇങ്ങനെ കുറിച്ചിടുന്നു. മലബാർ മേഖലസാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനൊടുവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആയിരങ്ങളെ ചേർത്തു പിടിച്ചാണ് സമൂഹം വിജയൻ മാഷിന്റെ വരികളെ അന്വർഥമാക്കുന്നത്.

പ്രളയത്തെ അതിജീവിക്കാൻ ആഘോഷങ്ങളോ, ദുർചെലവുകളോ ഒന്നും തന്നെയില്ലാതെ ഇത്തവണ മലബാറിലെ മുസ്ലിംമത വിശ്വാസികളുടെ ബലിപ്പെരുന്നാൾ ദിനം. ഭൂരിഭാഗം പേരും പെരുന്നാൾ ദിനത്തിലെത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. ക്യാമ്പുകളിൽ കഴിയുന്നവരെ സഹായിക്കാനും, അവർക്കുവേണ്ട സഹായങ്ങൾ എത്തിക്കാനും ഇന്നുരാവിലെ നടന്ന പെരുന്നാൾ നമസ്‌കാരങ്ങളിൽ പള്ളികളിലെ ഖത്തീബുമാർ ആഹ്വാനംചെയ്യുകയും ചെയ്തു. സാധാരണ പെരുന്നാളുകൾക്കു നടക്കുന്ന ഈദ്ഗാഹുകൾ ഒന്നും ഇത്തവണയുണ്ടായില്ല. രാവിലെ മസ്ജിദുകളിൽവച്ചായിരുന്ന പെരുന്നാൾ നമസ്‌കാരം. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യക്കാരെ സഹായിക്കുന്നതിനോടൊപ്പം മലപ്പുറം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ സന്നദ്ദസംഘടനകളുടേയും, വ്യക്തികളുടേയും നേതൃത്വത്തിൽ ബിരിണായിവെച്ചു വിതരണം ചെയ്യുകയും ചെയ്തു. സാധാരണ പെരുന്നാൾ ദിനങ്ങളിൽ ബന്ധുവീടുകൾ സന്ദർശിക്കലും, പടക്കംപൊട്ടിച്ചും, കുട്ടികൾക്കു കളിക്കോപ്പുകൾ വാങ്ങിച്ചു നൽകിയും നടത്തിയിരുന്ന ആഘോഷങ്ങൾ ഒന്നും തന്നെ ഇത്തവണ മലബാറിൽ കാണാൻ കഴിയില്ല.

രാവിലെയുള്ള പെരുന്നാൾ നമസ്‌കാരം കഴിഞ്ഞ വലിയൊരു വിഭാഗം യുവാക്കളും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുപോയപ്പോൾ, മറ്റൊരു വിഭാഗം വെള്ളംകയറി ചളിനിറഞ്ഞ വീടുകൾ വൃത്തിയാക്കാനുള്ള തിരിക്കിലായിരുന്നു. യുവാക്കൾ കൂട്ടമായി വീട്ടുകാരോടൊപ്പം സഹായമായി നിന്ന് വിവിധ വീടുകൾ ഈരീതിയിൽ വൃത്തിയാക്കി നൽകി. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ആളുകൾ കഴിയുമ്പോൾ തങ്ങൾക്ക് ഈ രീതിയിലുള്ള ആഘോഷം ഒന്നും നടത്താൻ കഴിയില്ലെന്നാണു ഇവർ പറയുന്നത്. പ്രളയംവരുന്നതിനു മുമ്പു പുതുവസ്ത്രം വാങ്ങിയവർ മാത്രമാണ് ഇത്തവണ പെരുന്നാൾ നമസ്‌കാരത്തിനുവരെ പുത്തൻവസ്ത്രങ്ങൾ ധരിച്ചത്. ഭൂരിഭാഗംപേരും പുത്തൻവസ്ത്രങ്ങൾപോലും ഈ പെരുന്നാൾ ദിനത്തിൽ വാങ്ങിയില്ല. പുതുവസ്ത്രം ധരിച്ച് രാവിലെ പെരുന്നാൾ നമസ്‌കാരത്തിനുപോകുന്നത് ഏറെ പുണ്യമുള്ള കാര്യമായി വിശ്വാസിക്കുമ്പോഴും മറ്റു സഹോദരങ്ങൾ അനുഭവിക്കുന്ന വേദനയിൽ തങ്ങൾക്ക് ആഘോഷിക്കാൻ കഴില്ലെന്നുമാണ് ഇവർ പറയുന്നത്. ഇതിനുപുറമെ പെരുന്നാളാഘോഷത്തിന് തുറക്കുന്ന സ്‌പെഷ്യൽ പടക്ക വിപണികൾ ഇത്തവണ എവിടേയുമില്ല.

മലപ്പുറം ജില്ല ഇന്നോളം കണ്ടിട്ടില്ലാത്ത വലിയ ദുരിതത്തിനൊടുവിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന മുസ്ലിം ജന വിഭാഗത്തിന് ഇന്ന് നിറം മങ്ങിയ പെരുന്നാളാണ്. ജില്ലയിൽ ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ പെരുന്നാൾദിനത്തിൽ കഴിയുന്നത്. പൂർണ്ണമായും, ഭാഗികമായുംവീട് തകർന്നവരും, ഉടൻ വീടുകളിലേക്ക് മടങ്ങാൻ കഴിയാത്തവരുമായ നിരവധി പേരാണ് ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നത്. ദിവസങ്ങളായി ആരംഭിച്ച ക്യാമ്പുകളിൽ നിന്ന് വെള്ളമിറങ്ങിയതോടെ തന്നെ നിരവധി പേർ വീടുകളിലേക്ക് മടങ്ങിയിരുന്നു. ഭാഗികമായി വീടുകൾ തകർന്ന ചിലർ ബന്ധുവീടുകളിലേക്കും പോയി.എന്നാൽ പ്രളയം സർവ്വവും കവർന്നെടുത്തവർ എങ്ങോട്ടു പോകുമെന്നറിയാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെ കഴിയുകയാണ്. ജീവിതത്തിനു മേൽ കരിനിഴൽ വീഴ്‌ത്തിയ ദുരന്തത്തിനൊടുവിൽ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ ഉള്ളിൽ സങ്കടങ്ങളുടെ പെരുമ്പറ മുഴങ്ങുമ്പോഴും അവർ ക്യാമ്പുകളിൽ പെരുന്നാൾ ആഘോഷിക്കുകയാണ്. പരസ്പരം പങ്കുവെച്ചും, ദുഃഖങ്ങൾ ഉള്ളിലൊതുക്കിയും സന്തോഷത്തോടെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർ പെരുന്നാൾ കൊണ്ടാടുന്നത്.

ത്യാഗ സ്മരണയായ ബലിപ്പെരുന്നാൾ ദിനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സമർപ്പിക്കാൻ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഈദ് സന്ദേശത്തിൽ ആഹ്വാനം ചെയ്തു.കനത്ത മഴയും പ്രളയവും ദുരിതം വിതച്ച മണ്ണിൽ ജീവൻ രക്ഷിക്കാൻ അപേക്ഷിച്ചു കൊണ്ടു നിസ്സഹായരായി നിൽക്കുന്നവർക്കു നേരെ ആശ്വാസത്തിന്റെ കൈകൾ നീട്ടുന്നത് തന്നെയാണ് ഏറ്റവും വലിയ ത്യാഗം. ബലിപ്പെരുന്നാളിന്റെ വിശ്വാസപരമായ കർമങ്ങൾ പൂർത്തിയാക്കിയാലുടൻ ദുരിതബാധിതരെ സഹായിക്കാനും രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും ഓരോരുത്തരും ഇറങ്ങിത്തിരിക്കണം. എല്ലാവരും കൈകോർത്തിറങ്ങിയാൽ ദുരന്ത ഭൂമികളിൽ നേരത്തെ മറഞ്ഞുപോയ ജീവനുകളൊഴികെ മറ്റുനഷ്ടങ്ങൾ പലതും പരിഹരിച്ചു കൊടുക്കാൻ കഴിയും. ആ മഹത്തായ ലക്ഷ്യത്തിൽ ഒരൊറ്റ വീട്ടിലെ അംഗങ്ങളെ പോലെ എല്ലാ മലയാളികളും ഒരുമിച്ചു നിൽക്കുന്നതാണ് നമുക്ക് ഏറ്റവും വലിയ പെരുന്നാളെന്നാണ് ഹൈദരലി തങ്ങൾ പറഞ്ഞത്.

പേമാരിക്കും പ്രളയത്തിനുമിടയിലെ ഈ പെരുന്നാൾ പുനരാലോചനക്കുംപുതു പ്രതിജ്ഞകൾക്കുമുള്ളതാകണമെന്ന് ബലി പെരുന്നാൾ സന്ദേശത്തിൽ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅ്ദിൻ ചെയർമാനുമായ ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. പ്രകൃതിയോടും ഒപ്പമുള്ള മനുഷ്യരോടുമുള്ള നമ്മുടെ നിലപാടുകൾ നീതി പൂർവ്വമായിരുന്നോയെന്ന പുനരാലോചനയും വ്യക്തിപരമായും കൂട്ടായും ചെയ്ത തെറ്റുകൾ മനസ്സിലാക്കി പുതിയൊരു ജീവിതം നയിക്കുമെന്ന പ്രതിജ്ഞയുമാവണം ഈദുൽ അക്‌ബറിന്റെ കാതൽ.

പ്രവാചക കുലപതി ഇബ്റാഹീം നബിയുടെ ധന്യമായ ഓർമകളിരമ്പുന്ന ബലി പെരുന്നാൾ പരീക്ഷണങ്ങൾക്കു പിറകെയുള്ള വിജയത്തിന്റെ സന്ദേശമാണ് നൽകുന്നത്. നമ്മുടെ പിറവിയോടൊപ്പമുള്ള കഷ്ടപ്പാടുകളും പ്രയാസങ്ങളും ജീവിതത്തെക്കുറിച്ച് ആശ മുറിക്കുന്നതാവരുത്. തനിക്ക് എല്ലാ കാലവും ദുരിതമാണെന്ന് സ്വയം ശപിച്ച് ജീവിതത്തെക്കുറിച്ചുള്ള ആശ മുറിയുന്നവരാകരുത്. ഇപ്പോഴത്തെ പ്രളയത്തെക്കാളും വലിയ പ്രളയവും പേമാരിയും മഹാമാരികളുമെല്ലാം മനുഷ്യ കുലത്തെ ഗ്രസിച്ചിട്ടുണ്ട്. അവയെയെല്ലാം അതി ജീവിച്ച അനുഭവമാണ് മനുഷ്യ വംശത്തിന്റേത്. തെറ്റു കുറ്റങ്ങൾ മനസ്സിലാക്കി തിരുത്തിയും പശ്ചാതപിച്ചും ജീവിതത്തെ നന്മകൾ കൊണ്ട് നിറച്ചുമാണ് ഇത്തരം അവസരങ്ങളെ നാം നേരിടേണ്ടത്.

ചെളിയും ചേറും നിറഞ്ഞ് നിറം മങ്ങിയ ജീവിതങ്ങളാണ് പ്രളയാനന്തരം നമുക്കു മുന്നിലുള്ളത്. അവരുടെ മനസ്സുകളിൽ പ്രതീക്ഷയുടെ ചായങ്ങൾ നിറക്കണം നാം. അതിനുള്ള അസുലഭാവസരമാണ് ബലി പെരുന്നാൾ. ഒപ്പമുള്ളവരുടെ സന്തോഷത്തിലാണ് നമ്മുടെ പെരുന്നാളിന്റെ പൊലിമ. ഇതു മനസ്സിലാക്കി, ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന സഹായ സംരംഭങ്ങൾ കൂടുതൽ ശക്തിയോടെ മുന്നോട്ടു കൊണ്ടു പോകാനും മാനസികമായും ശാരീരികമായും സാമ്പത്തികമായും തളർന്നവർക്ക് കരുത്തു പകരാനുമാവണം.പ്രവാചക കുലപതി ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും സമർപ്പണത്തിന്റെ ഓർമകളിരമ്പുന്ന പുണ്യ ദിനങ്ങൾ, കേരളത്തിന് ഉയിർത്തെഴുന്നേൽപ്പിന്റേതു കൂടിയാവണം. ദുരിത പ്രളയത്തിൽ തരിച്ചു നിൽക്കാതെ നാം ഉജ്ജ്വലമായി തിരിച്ചു വരികയാണ്. ഈദുൽ അക്‌ബർ നമുക്ക് പുനർ ജനിയുടെ ആഘോഷമാവുകയാണെന്നും ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP