Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

കണ്ണ് നിറഞ്ഞ്, കണ്ണടതുടച്ച് വികാരഭരിതനായി കീം; കോവിഡ് കാലത്ത് ജനങ്ങൾക്കൊപ്പം നിൽക്കാൻ കഴിയാതെ പോയതിൽ മാപ്പ് പറഞ്ഞും ഉത്തരകൊറിയൻ കമ്യൂണിസ്റ്റ് ഏകാധിപതിയുടെ വാക്കുകൾ; ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈലും പ്രദർശിപ്പിച്ച് സൈനിക ദിനത്തിൽ കീമ്മിന്റെ മുന്നറിയിപ്പ്; ദക്ഷിണകൊറിയയോട് അടുത്തും ട്രംപിനെ തള്ളാതെയും സരസമായ പ്രസംഗം;ചടങ്ങുകൾ നടന്നതുകൊറോണയെ മറന്ന്

മറുനാടൻ ഡെസ്‌ക്‌

പ്യോങ്യോങ്: രാജ്യത്തോട് ആദ്യമായി 'മാപ്പ്' പറഞ്ഞ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങൾക്കൊപ്പം നിൽക്കാൻ കഴിയാത്തതിലാണ് കിം ആദ്യമായി രാജ്യത്തോട് മാപ്പ് പറഞ്ഞത്. ഇക്കാര്യം അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയനാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഭരണകക്ഷി പാർട്ടിയുടെ 75-ാം ദിനാഘോഷ വേളയിലായിരുന്നു കിം പ്രസംഗത്തിത്തിനിടെ കണ്ണട മാറ്റി കണ്ണീർ തുടച്ച് വികാരഭരിതനായത്.രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള സുപ്രധാന ഉത്തരവാദിത്തമാണ് തന്നിൽ നിക്ഷിപ്തമായിരിക്കുന്നതെന്നും ജനങ്ങളെ ബുദ്ധിമുട്ടിൽ നിന്ന് കരകയറ്റാൻ തന്റെ ശ്രമങ്ങൾ പര്യാപ്തമായിട്ടില്ലെന്നും കിം പ്രസംഗത്തിൽ പറഞ്ഞു.

പ്രസംഗത്തിൽ ദക്ഷിണ കൊറിയയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാനുള്ള താത്പര്യവും കിം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച ഉത്തരകൊറിയയുടെ സൈനിക പരേഡിൽ രാജ്യത്തെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രദർശിപ്പിച്ചിരുന്നു.ലോകമാകെ കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോൾ തങ്ങളുടെ രാജ്യത്തുകൊറോണ വൈറസ് വ്യാപനം ഇല്ല എന്ന് ആവർത്തിക്കുകയാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. കോവിഡ് ഇല്ലെന്ന് പ്രഖ്യാപിക്കുക മാത്രമല്ല, മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കഴിഞ്ഞ ദിവസം സൈനിക പരേഡും രാജ്യത്ത് സംഘടിപ്പിച്ചു. പരേഡിനെ അഭിവാദ്യം ചെയ്യാനെത്തിയ കിം ജോങ് ഉന്നും പരേഡിൽ പങ്കെടുത്ത സൈനികരും കാണാനെത്തിയ ജനങ്ങളും മാസ്‌ക് അണിഞ്ഞിരുന്നില്ല. കിം ഇൽ സങ് സ്‌ക്വയറിൽ നടന്ന പരേഡ് കിം ജോങ് ഉൻ നിരീക്ഷിച്ചു. ഔദ്യോഗിക ചാനലായ കൊറിയൻ സെൻട്രൽ ടെലിവിഷൻ പരിപാടി തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

ഉത്തര കൊറിയയുടെ ഭരണം കയ്യാളുന്ന വർക്കേഴ്‌സ് പാർട്ടിയുടെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ചായിരുന്നു സൈനിക ശക്തി വിളിച്ചോതുന്ന വമ്പൻ പരേഡ്. വിദേശ മാധ്യമങ്ങളെയോ വിദേശികളെയോ പരേഡുമായി ബന്ധപ്പെട്ട റിപ്പോർട്ടിങ്ങിന് അനുവദിച്ചില്ല. ഔദ്യോഗിക ചാനലിൽ വന്ന ദൃശ്യങ്ങൾ ആസ്പദമാക്കിയാണ് രാജ്യാന്തര മാധ്യമങ്ങൾ പരേഡ് റിപ്പോർട്ട് ചെയ്തത്. ഉത്തര കൊറിയ പുതുതായി വികസിപ്പിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരേഡിൽ പ്രദർശിപ്പിച്ചു. യുഎസ് പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ സാധിക്കുന്നതാണ് പുതിയ മിസൈലാണ് ഇതെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം.

2017 ൽ ഉത്തര കൊറിയ പരീക്ഷിച്ച, 13000 കി.മി. സഞ്ചാരശേഷിയുള്ള 'ഹ്വാസോങ്15' ആകാം ഇതെന്നാണ് രാജ്യാന്തര സൈനിക വിദ്ഗധരുടെ വിലയിരുത്തൽ. അതേസമയം, ഹ്വാസോങ് മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാകാം ഇതെന്നും നവംബർ നാലിനു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും പുതിയ മിസൈലിന്റെ പരീക്ഷണമെന്നും റിപ്പോർട്ടുകളുണ്ട്. 2018 ൽ ഡോണൾഡ് ട്രംപുമായി കിം നടത്തിയ ആദ്യ കൂടിക്കാഴ്ചയ്ക്കു ശേഷം ഇതാദ്യമായാണ് ഒരു സൈനിക പരേഡിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രദർശിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പതിവ് ആക്രമണ ശൈലി ഉപേക്ഷിച്ച് യുഎസ് അടക്കമുള്ള രാജ്യങ്ങളെ കാര്യമായി പരാമർശിക്കാതെയായിരുന്നു കിമ്മിന്റെ പ്രസംഗം.

ഇതിനകം മൂന്നു തവണ നേരിട്ടു കൂടിക്കാഴ്ച നടത്തിയ ട്രംപിനെയാകും വീണ്ടും അമേരിക്കൻ പ്രസിഡന്റ് പദത്തിൽ കിം ആഗ്രഹിക്കുകയെന്നും ട്രംപിൽ നിന്ന് ഏറെ വ്യത്യസ്തമായ ആശയങ്ങളും നിലപാടുകളും പ്രകടിപ്പിക്കുന്ന ബൈഡൻ ഭരണമേറുന്നത് കിം ആഗ്രഹിക്കാൻ ഇടയില്ലെന്നും പരേഡിൽ കിമ്മിന്റെ പ്രസംഗം വിലയിരുത്തി ചില രാജ്യാന്തര നിരീക്ഷകർ അഭിപ്രായപ്പെടുന്നു. 'സ്വയം പ്രതിരോധത്തി'നും ആക്രമണങ്ങളെ തടയുന്നതിനും സൈന്യത്തെ ശക്തിപ്പെടുത്തുന്നത് തുടരുമെന്നും കിം ജോങ് ഉൻ പ്രഖ്യാപിച്ചു.

ശക്തമായ പ്രതിരോധ സംവിധാനങ്ങളിലൂടെ വൈറസിനെ തടഞ്ഞുനിർത്തിയെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നതെങ്കിലും ഇത് ലോകം വിശ്വസിക്കുന്നില്ല. ഉത്തര കൊറിയ വൈറസ് ബാധ മറച്ചുവെക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര സംഘടനകൾക്ക് ഉത്തര കൊറിയയിൽ പ്രവേശിക്കാനോ രേഖകൾ പരിശോധിക്കാനോ സാധ്യമല്ല. മാത്രമല്ല, മാധ്യമങ്ങൾക്കും കടുത്ത നിയന്ത്രണമുണ്ട്.

അതിനാൽ സർക്കാർ പുറത്തുവിടുന്ന വിവരങ്ങൾ മാത്രമാണ് ലഭ്യമാകുന്നത്.ഉത്തര കൊറിയയിൽ ആകെയുള്ളത് മൂന്നേ മൂന്ന് ചാനലുകൾ മാത്രമാണ്. മൂന്നും സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതാണ്. അത് തന്നെ ധാരാളം എന്നാണ് അധികാരികൾ പറയുന്നത്. ഇവയിൽ പ്രധാനമായും സംപ്രേഷണം ചെയ്യുന്ന പരിപാടികൾ സർക്കാർ അറിയിപ്പുകളും ഭരണാധികാരികളുടെ പ്രസംഗങ്ങളും ആണ്. അതുപോലെ പ്രമുഖ ഇലട്രോണിക്ക് സേവന ദാതാക്കളായ സോണിക്കും ആപ്പിനുമൊന്നും ഈ രാജ്യത്ത് പ്രവേശനമില്ല. പകരം സർക്കാർ സേവനങ്ങൾ മാത്രമാണ് ഉപയോഗിക്കുക. അതുകൊണ്ടുതന്നെ അവിടെ എന്തുനടന്നാലും പുറം ലോകം അറിയാൻ വൈകും. അതാണ് മനുഷ്യവകാശ പ്രവർത്തകരെ ഭയപ്പെടുത്തുന്നതും.

പകർച്ചവ്യാധികളോട് പ്രതികരിക്കാനുള്ള കഴിവിൽ ലോകത്ത് 195-ാം സ്ഥാനത്താണ് ഉത്തര കൊറിയ. തലസ്ഥാനമായ പ്യോങ്യാങ്ങിൽ മാത്രമാണ് സൗകര്യങ്ങളുള്ള ആശുപത്രികളുള്ളത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ആരോഗ്യ സംവിധാനം പരിതാപകരമായ അവസ്ഥയിലാണ്. ആണവായുധ നിർവ്യാപന കരാറിൽ നിന്ന് ഉത്തര കൊറിയ പിന്മാറിയതിനെ തുടർന്ന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. അതിനാൽ 1980കളിലെ സാങ്കേതിക വിദ്യയാണ് ഇപ്പോഴും ഇവിടെ ഉപയോഗിക്കുന്നത്.

ആരോഗ്യ രംഗത്ത് ആധുനിക ഉപകരണങ്ങളോ സൗകര്യങ്ങളുള്ള ലബോറട്ടറികളോ ഇല്ല. ഡ്രിപ്പിടാനായി ഒഴിഞ്ഞ ബിയർ കുപ്പികളാണ് ഉപയോഗിക്കുന്നത്. ആവശ്യത്തിന് ശുദ്ധജലം പോലും ലഭ്യമല്ലാത്ത ആശുപത്രികളുണ്ട്. കൈ കഴുകിയ വെള്ളം ശേഖരിച്ച് വീണ്ടും ഉപയോഗിക്കുന്ന, ശുദ്ധജലം വിതരണം ചെയ്യാത്ത ആശുപത്രികളാണിവിടെ. ഇങ്ങനെയുള്ള ഒരു രാജ്യം എങ്ങനെയാണ് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചോദിക്കുന്നത്.

 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP