Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

മൂന്ന് വർഷം കൊണ്ട് സർക്കാരിന് കിട്ടിയത് 1114 കോടി ലാഭം; പാവപ്പെട്ട രോഗികൾക്കായി ചോദിച്ചത് 100 കോടി മാത്രമായിട്ടും സർക്കാർ അനുവദിച്ചത് 50 കോടി; സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കിയെന്ന് അവകാശപ്പെട്ടിട്ടും ജൂൺ 30ന് ശേഷം കിട്ടിയ ബില്ലുകൾ ഒക്കെ മടങ്ങുന്നു; പാവപ്പെട്ട രോഗികളുടെ ശാപം ഏറ്റുവാങ്ങാൻ തീരുമാനിച്ച പിണറായി സർക്കാർ കാരുണ്യയിൽ നിന്നും കൊള്ളലാഭം എടുത്തതിന്റെ കണക്കുകൾ പുറത്ത്

മൂന്ന് വർഷം കൊണ്ട് സർക്കാരിന് കിട്ടിയത് 1114 കോടി ലാഭം; പാവപ്പെട്ട രോഗികൾക്കായി ചോദിച്ചത് 100 കോടി മാത്രമായിട്ടും സർക്കാർ അനുവദിച്ചത് 50 കോടി; സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കിയെന്ന് അവകാശപ്പെട്ടിട്ടും ജൂൺ 30ന് ശേഷം കിട്ടിയ ബില്ലുകൾ ഒക്കെ മടങ്ങുന്നു; പാവപ്പെട്ട രോഗികളുടെ ശാപം ഏറ്റുവാങ്ങാൻ തീരുമാനിച്ച പിണറായി സർക്കാർ കാരുണ്യയിൽ നിന്നും കൊള്ളലാഭം എടുത്തതിന്റെ കണക്കുകൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്രയമായ കാരുണ്യ ചികിത്സാ പദ്ധതിക്ക് പണം കണ്ടെത്താനുള്ള കാരുണ്യ ലോട്ടറിയുടെ വിൽപ്പന വഴി സർക്കാരിന് കോടികൾ ലാഭം കിട്ടിയിട്ടും ചികിത്സാഫണ്ടിലേക്ക് പണം കൊടുക്കാൻ ഒരു കാര്യവുമില്ലാതെ പിശുക്ക് കാണിക്കുകയാണ് പിണറായി സർക്കാർ. കേരളത്തിന്റെ ധനകാര്യമന്ത്രിയായിരുന്നു മാണിസാറിനെ മലയാളികൾക്ക് എന്നെന്നും നന്ദിയോടെ സ്മരിക്കാൻ കാരണമായ പദ്ധതിയായിരുന്നു കാരുണ്യ. അത് നിർത്താൻ പിണറായി സർക്കാർ തീരുമാനിച്ചപ്പോൾ ഇടത് അനുഭാവികൾക്ക് പോലും യോജിപ്പില്ലായിരുന്നു. എന്തിനേറെ പറയുന്നു കണ്ണൂരിൽ നിന്ന് തന്നെയുള്ള ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചർ പോലും പദ്ധതി തുടരണം എന്ന് ആഗ്രഹിക്കുന്നു.

ചോദിച്ചതിന്റെ പാതി കൊടുത്ത് കരുണയില്ലായ്മ

Stories you may Like

ഇപ്പോൾ അടുത്ത മാർച്ച് 31 വരെ പദ്ധതിയുടെ ഗുണം കിട്ടും എന്നാണ് ഏറ്റവും ഒടുവിലത്തെ അവസ്ഥ. എന്നാൽ സർക്കാരിന് കോടികൾ ലാഭം കിട്ടിമ്പോഴും രോഗികൾക്കായി പണം അനുവദിക്കാൻ യമണ്ടൻ പിശുക്കായിരുന്നു എന്ന ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.ഇത് കാരണം നിർദ്ധനരായ ലക്ഷക്കണക്കിന് രോഗികളുടെ ആശുപത്രി ബില്ലുകൾ തീർപ്പാക്കാതെ കിടക്കുകയാണ്.കാരുണ്യ, കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റുകളുടെ വില്പനയിലൂടെ മൂന്ന് വർഷത്തെ സർക്കാരിന് ലഭിച്ച ലാഭം 1,113.65 കോടി രൂപയാണ്. കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് ഇക്കഴിഞ്ഞ മേയിൽ ഫണ്ട് അഡ്‌മിനിസ്‌ട്രേറ്റർ 100 കോടി രൂപ ആവശ്യപ്പെട്ടു. നികുതി വകുപ്പ് അനുവദിച്ചത് വെറു 50 കോടി മാത്രം.അതായത് കാരുണ്യ പദ്ധതിയുടെ അന്ത്യം അടുത്തെന്ന് ആരോ മനപ്പൂർവ്വം തീരുമാനിച്ച് ഉറപ്പിച്ചത് പോലെ

കരുണ തേടി ആരും വരണ്ട: പുതിയ അപേക്ഷകൾ സ്വീകരിക്കില്ല

ക്യാൻസർ, വൃക്കരോഗം, ഗുരുതരമായ ഹൃദ്രോഗം തുടങ്ങി പിന്നീട് ജോലിക്ക് പോലും പോകാൻ പറ്റാത്ത രീതിയിൽ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നൂറ് കണക്കിന് ആളുകൾക്ക് ആശ്വാസമായിരുന്നു ഈ പദ്ധതി. പദ്ധതി നിർത്തലാക്കിയപ്പോൾ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ പദ്ധതി നീട്ടിയെങ്കിലും പുതിയ അപേക്ഷകൾ സ്വീകരിക്കേണ്ട എന്നാണ് ധനകാര്യ വകുപ്പിന്റെ തീരുമാനം.

കാരുണ്യ ചികിത്സാ സഹായത്തിനായി ജൂൺ 30 വരെയുള്ള ബില്ലുകൾ ജില്ലാ ഓഫീസുകളിൽ ഈ മാസം മൂന്ന് വരെ സ്വീകരിച്ചാൽ മതിയെന്നാണ് ധനവകുപ്പിന്റെ നിർദ്ദേശം. ഇത് കാരണം സംസ്ഥാനത്തെമ്പാടും നിന്നുള്ള രോഗികളുടെ ചികിത്സാ ബില്ലുകൾ അനിശ്ചിതത്വത്തിലാണ്. ജൂൺ 30 വരെയുള്ള ബില്ലുകൾ ജൂലായ് മൂന്നിന് ശേഷവും ജില്ലാ ഓഫീസുകളിൽ ലഭിക്കുന്നുണ്ട്. എന്നാൽ, നിർദ്ധനരോഗികൾക്ക് ആശ്വാസം നൽകാനാവാത്ത നിസഹായതയിലാണ് ജില്ലാ അധികൃതർ.

വരവ് ചെലവ് കണക്കുകൾ ഇങ്ങനെ

പിണറായി വിജയൻ സർക്കാർ അധികാരത്തിലേറി മൂന്ന് വർഷം കഴിയുമ്പോൾ കാരുണ്യ കാരുണ്യ പ്ലസ് എ്‌നീ ലോട്ടറികൾ വിറ്റതിലെ വരുമാനം എന്ന് പറയുന്നത് കാരുണ്യ ലോട്ടറിയിലൂടെ 566.77കോടി രൂപയും കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ 546.88 കോടിയും ആണ്. അതായത് മൊത്തം1113.65 കോടി. ഇതിൽ നിന്ന് ഇക്കഴിഞ്ഞ ജനുവരി മാസം വരെ സർ്ക്കാർ കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് നൽകിയത് 766.54 കോടിയാണ്. അപ്പോഴും വരവിൽ നിന്നും ചെലവാക്കിയത് കഴിഞ്ഞ് ബാക്കി തുക 347.11 കോടിയാണ്. ഇതിൽ തന്നെ ജനുവരിക്ക് ശേഷം ഉള്ള വരവ് ചെലവ് കണക്കുകൾ സർക്കാർ പുറത്ത് വിട്ടിട്ടുമില്ല.

കാര്യങ്ങൾ കുളമായത് എവിടെ മുതൽ?

ജൂൺ 30-നാണ് കാരുണ്യ ചികിത്സാ പദ്ധതി നിർത്തിലാക്കിയത്. ഇതോടെ നിരവധി രോഗികൾ ചികിത്സാസഹായം കിട്ടാതെ ബുദ്ധിമുട്ടിലായിരുന്നു. ഈ സാഹചര്യത്തിലാണ് കാരുണ്യ ബനവലന്റ് പദ്ധതിയിലുള്ളവർക്ക് ചികിത്സാസഹായം നീട്ടാൻ സർക്കാർ തീരുമാനമെടുത്തത്.കാരുണ്യ പദ്ധതിയും നിലവിലുള്ള എല്ലാ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളെയും സംയോജിപ്പിച്ചുകൊണ്ട് 2019 ഏപ്രിൽ ഒന്നുമുതലാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ.എ.എസ്‌പി.) കേരളത്തിൽ നടപ്പിലാക്കിലാക്കിയിരുന്നത്. ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് വർഷന്തോറും ഇതിലൂടെ ലഭിക്കുന്നത്. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി തുടരില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് ഇന്നലെ രാവിലെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ ഉത്തരവിറങ്ങിയത്.

ഏതു രോഗത്തിനും ചികിത്സയ്ക്കു 3000 മുതൽ 5000 രൂപവരെ ഉടനടി ലഭ്യമാക്കുന്ന പദ്ധതിയായിരുന്നു കാരുണ്യ സമാശ്വാസ പദ്ധതി. ഒ.പി ടിക്കറ്റും ഡോക്ടറുടെ കുറിപ്പടിയും റേഷൻ കാർഡിന്റെ പകർപ്പും ഉൾെപ്പടെ ലോട്ടറി ഓഫീസുകളിൽ അപേക്ഷ നൽകിയാൽ ഉടനടി സഹായധനം കിട്ടുമായിരുന്നു. മൂന്നു ലക്ഷംവരെ വരുമാനമുള്ളവർക്കായിരുന്നു ഇത്.കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികൾ ചേർത്ത് ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷ ഇൻഷ്വറൻസ് പദ്ധതി ഏപ്രിൽ മുതൽ നടപ്പിലാക്കിയിരുന്നു. ഇതേത്തുടർന്ന് കാരുണ്യ ചികിത്സ പദ്ധതി ജൂൺ 30-ന് അവസാനിപ്പിച്ചു. ഇതുമൂലം കാരുണ്യ പദ്ധതിയിൽപ്പെട്ടവർക്ക് ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെടുകയും ചെയ്തു.

കേരളവും കേന്ദ്രവും കൈകോർക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ആരംഭിച്ചതിനെ തുടർന്നാണ് കാരുണ്യ പൂർണമായി നിർത്തിയത്. ഇതോടെ കാരുണ്യയുടെ തണലിൽ ആർസിസിയും ശ്രീചിത്രയിലും അടക്കം ചികിത്സ തേടിയിരുന്ന രോഗികൾ പൂർണമായി ദുരിതത്തിലായി. കാരുണ്യ നിർത്തുകയും ചെയ്തു, പുതിയ പദ്ധതി നടപ്പിലായതുമില്ല, ഇതാണ് ഇപ്പോഴത്തെ സാഹചര്യം. ഇതോടെ കേരളമാകമാനം ഡയാലിസിസ് അടക്കമുള്ള രോഗങ്ങളിൽ ചികിത്സ തേടിയിരുന്ന ആയിരക്കണക്കിന് രോഗികളാണ് ദുരിതത്തിലായത്. ആരും പുതിയ പദ്ധതിയിൽ അംഗത്വം എടുത്തില്ല. കാരുണ്യ നിർത്തലാക്കുകയും ചെയ്തു. ഇതോടെയാണ് പാവപ്പെട്ട രോഗികൾ ത്രിശങ്കു സ്വർഗ്ഗത്തിലായത്.

ജനങ്ങളുടെ പ്രാക്കും ഖജനാവിന് നഷ്ടവും

കാരുണ്യ പദ്ധതി കേരളത്തിലെ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടിയ ഒന്നായിരുന്നു. സ്ഥിരമായി ഭാഗ്യ പരീക്ഷണം നടത്താത്തവർ പോലും കാരുണ്യ ലോട്ടറി എടുത്തിരുന്നു. പാവപ്പെട്ട രോഗികൾക്ക് അത് ഒരു സഹായമാകുമല്ലോ എന്ന് കരുതിയാണ് പലരും ഇത് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ കാരുണ്യ പദ്ധതി നിർത്തലാക്കിയതോടെ വലിയ തിരിച്ചടിയാണ് സർക്കാർ ഖജനാവിനും ഉണ്ടാകുന്നത്. പലരും ലോട്ടറി എടുക്കുന്നത് നിർത്തിയിരിക്കുകയാണ്. പാവപ്പെട്ടവർക്ക് ലോട്ടറി എടുക്കുന്നതിലൂടെ എന്തെങ്കിലും ഒരു സഹായം കിട്ടുമല്ലോ എന്ന് കരുതിയാണ് ലോട്ടറി എടുത്തിരുന്നത്. അത് നിർത്തലാക്കിയിട്ട് പിന്നെ സർക്കാർ ഖജനാവിലേക്ക് പണം നൽകേണ്ടകാര്യമില്ല എന്നാണ് പൊതുജനത്തിന്റെ അഭിപ്രായം. ചുരുക്കത്തിൽ പറഞ്ഞാൽ കാരുണ്യ ഇല്ലാതാകുമ്പോൾ ചീത്തപ്പേരും പ്രാക്കും ധനനഷ്ടവുമാണ് പിണറായി സർക്കാരിന് കിട്ടുന്ന ലാഭം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP