Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

കേരളത്തിനും വ്യവസായ ഇടനാഴിയിൽ സ്ഥാനം ലഭിച്ചത് നിരന്തര സമ്മർദ്ദം ഫലം കണ്ടതോടെ; കോയമ്പത്തൂർ-കൊച്ചി ഇടനാഴിയുടെ ഭാഗമായുള്ള പാലക്കാട് ക്ലസ്റ്ററിൽ 1800 ഏക്കറിൽ പുതിയ വ്യവസായ ശാലകൾ; പ്രതീക്ഷിക്കുന്നത് 10,000 പേർക്ക് നേരിട്ട് തൊഴിൽ അവസരങ്ങൾ

കേരളത്തിനും വ്യവസായ ഇടനാഴിയിൽ സ്ഥാനം ലഭിച്ചത് നിരന്തര സമ്മർദ്ദം ഫലം കണ്ടതോടെ; കോയമ്പത്തൂർ-കൊച്ചി ഇടനാഴിയുടെ ഭാഗമായുള്ള പാലക്കാട് ക്ലസ്റ്ററിൽ 1800 ഏക്കറിൽ പുതിയ വ്യവസായ ശാലകൾ; പ്രതീക്ഷിക്കുന്നത് 10,000 പേർക്ക് നേരിട്ട് തൊഴിൽ അവസരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോയമ്പത്തൂർ-കൊച്ചി വ്യവസായ ഇടനാഴി സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാർ അംഗീകാരം നൽകിയതോടെ സഫലമാകാൻ പോകുന്നത് സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങളിൽ ഒന്ന്. ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോഴും കേരളം ഒഴിവാക്കപ്പെട്ടിരുന്നു. സംസ്ഥാനം നിരന്തരം ചെലുത്തിയ സമ്മർദത്തിന്റെ ഫലമായാണ് ഇപ്പോൾ പുതിയ വ്യവസായ ഇടനാഴിക്ക് അംഗീകാരം ലഭിച്ചത്.

കോയമ്പത്തൂർ-കൊച്ചി ഇടനാഴിയുടെ ഭാഗമായി വികസിപ്പിക്കുന്ന രണ്ട് സംയോജിത നിർമ്മാണ ക്ലസ്റ്ററുകളിൽ ഒന്ന് പാലക്കാട് മേഖലയിലാണ്. മറ്റൊന്ന് തമിഴ്‌നാട്ടിലെ സേലത്തും. കൊച്ചി-സേലം ദേശീയപാതയുടെ ഇരുവശങ്ങളിലായി 100 കിലോമീറ്റർ നീളത്തിലായിരിക്കും വ്യവസായശാലകൾ വരിക. പാലക്കാട് മേഖലയിൽ 1800 ഏക്കറിലാണ് വ്യവസായശാലകൾ വരുന്നത്. ചെന്നൈ-ബെംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും അവിടെനിന്ന് കൊച്ചിയിലേക്കും നീട്ടാനാണ് നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് (നിക്ഡിറ്റ്) തീരുമാനിച്ചിരിക്കുന്നത്.

ഇലക്ട്രോണിക്‌സ്, ഭക്ഷ്യസംസ്‌കരണം, കൃഷിയധിഷ്ഠിത വ്യവസായം, ഐ.ടി., പരമ്പരാഗത വ്യവസായങ്ങൾ എന്നിവയാണ് കേരളത്തിൽ വികസിപ്പിക്കുന്നത്. ഇതുവഴി 10,000 പേർക്ക് നേരിട്ടു ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്വകാര്യമേഖലയിൽനിന്ന് 10,000 കോടി രൂപയുടെ നിക്ഷേപമെത്തും.

തമിഴ്‌നാട്ടിലെ ഹൊസൂർ വഴിയാണ് നിർദിഷ്ട ഇടനാഴി ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്നത്. വ്യവസായങ്ങൾക്കുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി നിക്ഷേപം ആകർഷിക്കാൻ കേന്ദ്ര സർക്കാർ നേരത്തേ പ്രത്യേക സാമ്പത്തിക മേഖലകൾക്ക് രൂപംനൽകിയിരുന്നു. അതിന്റെ അടുത്തഘട്ടമാണ് വ്യവസായ ഇടനാഴി.

കേന്ദ്രവും സംസ്ഥാനവും ചേർന്ന് രൂപവത്കരിക്കുന്ന പ്രത്യേകോദ്ദേശ്യകമ്പനിക്കായിരിക്കും വ്യവസായ ഇടനാഴിയുടെ നടത്തിപ്പും നിയന്ത്രണവും. ഭൂമിയുടെ വിലയായിരിക്കും കമ്പനിയിൽ സംസ്ഥാനത്തിന്റെ ഓഹരി. വ്യവസായങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഈ സ്ഥലം കേന്ദ്രസർക്കാർ വികസിപ്പിക്കും. ഇതിനായി 870 കോടി രൂപ കേന്ദ്രം ചെലവഴിക്കും.

വ്യവസായ ഇടനാഴിക്ക് 2000 മുതൽ 5000 ഏക്കർവരെ സ്ഥലം വേണമെന്ന് കേന്ദ്രം നിഷ്‌കർഷിച്ചിരുന്നു. എന്നാൽ, കേരളത്തിൽ ഭൂമി ലഭിക്കാനുള്ള പ്രയാസം സംസ്ഥാനം ബോധ്യപ്പെടുത്തി. തുടർന്നിത് 1800 ഏക്കറായി കുറച്ചത്. പാലക്കാട്, കണ്ണമ്പ്ര, ഉഴലപ്പതി, പുതുശ്ശേരി എന്നിവിടങ്ങളിലായി ഇത്രയും ഭൂമി സർക്കാർ കണ്ടെത്തി. ഇതിലൊരു ഭാഗം ഇപ്പോൾ കിൻഫ്രയുടെ കൈവശത്തിലുള്ളതാണ്. ബാക്കി ഭൂമി ഏറ്റെടുക്കാൻ നോട്ടീസ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP