Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

അഞ്ചര അടി ഉയരം, കറുത്ത നിറം; 12 വർഷം മുമ്പ് കാണാതായ ഷാമില എവിടെ? ഒന്നര വർഷമായി യുവതിയെ കണ്ടെത്താനായില്ല; ഷാമില അപ്രത്യക്ഷമായത് മൂന്ന് മക്കളെയും വക്കത്തെ ബന്ധുവീട്ടിൽ ഏൽപിച്ച ശേഷം; പാങ്ങോട് പൊലീസിനെ കുഴപ്പിച്ച് ഷാമിലയുടെ തിരോധാനം! സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം

അഞ്ചര അടി ഉയരം, കറുത്ത നിറം; 12 വർഷം മുമ്പ് കാണാതായ ഷാമില എവിടെ? ഒന്നര വർഷമായി യുവതിയെ കണ്ടെത്താനായില്ല; ഷാമില അപ്രത്യക്ഷമായത് മൂന്ന് മക്കളെയും വക്കത്തെ ബന്ധുവീട്ടിൽ ഏൽപിച്ച ശേഷം; പാങ്ങോട് പൊലീസിനെ കുഴപ്പിച്ച് ഷാമിലയുടെ തിരോധാനം! സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം

അമൽ രുദ്ര

തിരുവനന്തപുരം: 12 വർഷം മുൻപ് കാണാതായ പാങ്ങോട് സ്വദേശിനി എൽ ഷാമില എവിടെ എന്ന ചോദ്യമാണ് പൊലീസും ഉന്നയിക്കുന്നത്. പാങ്ങോട് പൊലീസിനെ കുഴപ്പിക്കുന്ന ചോദ്യവും ഇതു തന്നെയാണ്. ഒന്നര വർഷമായി അന്വേഷണം നടത്തിയിട്ടും ഷാമിലയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. നിലവിൽ സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം നടത്തണമെന്ന നിലപാടിലാണ് പൊലീസുള്ളത്. ഷാമിലയുടെ ഒരു ഫോട്ടോ മാത്രമാണ് പൊലീസിന്റെ പക്കലുള്ളത്. ഫോൺ നമ്പറും ലഭ്യമല്ല.

അഞ്ചര അടി ഉയരവും കറുത്ത നിറവും എന്നാണ് പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടിസിൽ ഷാമിലയെക്കുറിച്ച് പരാമർശിച്ചിക്കുന്നത്. മലപ്പുറത്ത് ഹോം നഴ്സിങ് ജോലിക്കായി പോകുന്നുവെന്നു പറഞ്ഞ് 2009 ഒക്ടോബർ 23 നാണ് ഷാമില വീട്ടിൽ നിന്നു പുറപ്പെട്ടത്. പന്ത്രണ്ട് വർഷം മുൻപു കാണാതായിട്ടും കഴിഞ്ഞ വർഷം ജനുവരി 28 നാണ് യുവതിയുടെ മകൾ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയത്.

പരാതി നൽകാൻ എന്തുകൊണ്ട് വൈകിയെന്നതിനെക്കുറിച്ചും അന്വേഷണം നടന്നു വരികയാണ്. മകളുടെ പരാതിയെ തുടർന്ന് മലപ്പുറം കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നതായി പാങ്ങോട് എസ്എച്ച്ഒ എൻ സുനീഷ് പറഞ്ഞു. ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ഷാമില, മൂന്ന് മക്കളെയും വക്കത്തെ ബന്ധുവീട്ടിൽ ഏൽപിച്ച ശേഷമാണ് അപ്രത്യക്ഷമായത്.

ഷാമില കൊല്ലപ്പെട്ടുവെന്നും മൃതദേഹം സെപ്റ്റിക് ടാങ്കിൽ മറവു ചെയ്തുവെന്നുമുള്ള ബന്ധുവിന്റെ പരാതിയിൽ കഴിഞ്ഞദിവസം സെപ്റ്റിക് ടാങ്കിലടക്കം പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ യുവതിയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.

സംശയത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയതെന്നും യുവതിയെ കാണാനില്ലെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. പാങ്ങോട് പഴവിള നുസൈഫ മൻസിലിൽ ലത്തീഫയുടെ മകൾ എൽ ഷാമിലയെ (42) കാണാനില്ലെന്ന മകൾ ഷാഹിനയുടെ പരാതിയിലാണു സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധന നടത്തിയത്. മലപ്പുറത്ത് ഹോം നഴ്സിങ് ജോലിക്കായി പോകുന്നുവെന്നു പറഞ്ഞു 2009 ഒക്ടോബർ 23നു പുറപ്പെട്ട ഷാമിലയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഷാഹിന ഒരു വർഷം മുൻപു പാങ്ങോട് പൊലീസിൽ പരാതി നൽകിയത്. ഇതിനു ശേഷം ബന്ധുക്കളുമായോ മക്കളുമായോ ഷാമില ബന്ധപ്പെട്ടിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ഷാമില, മൂന്നു മക്കളെയും വക്കത്തെ ബന്ധുവീട്ടിൽ ഏൽപിച്ച ശേഷം മലപ്പുറത്തേക്കു പോകുകയായിരുന്നുവെന്നാണു പരാതിയിൽ പറയുന്നതെന്നു പൊലീസ് അറിയിച്ചു.മകളുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഷാമിലയെ കാണാതായ സംഭവം കൊലപാതകമാണെന്നും, വീടിനു സമീപത്തെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം മറവു ചെയ്തതായും സംശയം പ്രകടിപ്പിച്ച് അടുത്ത ബന്ധു പൊലീസിനെ അറിയിച്ചത്. ഒരു ബന്ധുവാണു യുവതിയെ അപായപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ മൃതദേഹം മറവു ചെയ്തതെന്നും ഇവർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

ഷാമിലയെ ബന്ധുക്കളിലൊരാൾ സ്ഥിരമായി ദോഹോപദ്രവം ഏൽപ്പിച്ചിരുന്നുവെന്നും ബന്ധു പറഞ്ഞിരുന്നു. ഭർത്താവ്, മക്കൾ, ബന്ധുക്കൾ, നാട്ടുകാർ എന്നിവരിൽ നിന്നു മൊഴി രേഖപ്പെടുത്തി. സെപ്റ്റിക് ടാങ്കിൽ പരിശോധന നടത്താൻ കലക്ടറുടെ അനുമതി നേടിയിരുന്നു. തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇന്നലെ രാവിലെ 11 നാണു പരിശോധന നടത്തിയത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു 15 അടിയിലേറെ കുഴിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. വഴിയോടു ചേർന്ന ഭാഗത്താണു ടാങ്ക് നിർമ്മിച്ചിരുന്നത്.

പാങ്ങോട് പൊലീസ് ഇൻസ്പെക്ടർ എൻ സുനീഷ്, നെടുമങ്ങാട് എൽആർ തഹസിൽദാർ എസ് ആറുമുഖം, ഫൊറൻസിക് വിദഗ്ധരായ ഡോ. എസ് അജിത്കുമാർ, ഡോ. ആർ ശ്രീജിത്, ഡോ.ടി എസ് കൃഷ്ണേന്ദു, ഡോ. എസ് എസ് സുനുകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP