Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഉയിഗൂർ മുസ്ലിങ്ങളുടെ പള്ളി ഇടിച്ച് പൊളിച്ച് ചൈന പണിഞ്ഞത് മൂത്രപ്പുര! ഇടിച്ചുപൊളിക്കും മുമ്പ് പള്ളി കയ്യേറി പാർട്ടിക്കൊടി നാട്ടി; മുൻ വശത്ത് 'രാജ്യത്തെ സ്നേഹിക്കുക, പാർട്ടിയെ സ്നേഹിക്കുക' എന്നെഴുതിയ വലിയൊരു ബോർഡും സ്ഥാപിച്ചു; മറ്റൊരു പള്ളി പൊളിച്ച് സ്ഥാപിച്ചത് ഇസ്ലാമിന് ഹറാമായ മദ്യവും സിഗരറ്റുമൊക്കെ വിൽക്കുന്ന സ്റ്റോർ; ഉയിഗൂരികളോട് ചൈന കാണിക്കുന്ന ഒരു ക്രൂരതകൂടി പുറത്ത്; ഹാഗിയ സോഫിയയുടെ കാലത്ത് മോസ്‌ക്കുകൾ മൂത്രപ്പുരയാവുന്ന വാർത്ത ഇങ്ങനെ

ഉയിഗൂർ മുസ്ലിങ്ങളുടെ പള്ളി ഇടിച്ച് പൊളിച്ച് ചൈന പണിഞ്ഞത് മൂത്രപ്പുര! ഇടിച്ചുപൊളിക്കും മുമ്പ് പള്ളി കയ്യേറി പാർട്ടിക്കൊടി നാട്ടി; മുൻ വശത്ത് 'രാജ്യത്തെ സ്നേഹിക്കുക, പാർട്ടിയെ സ്നേഹിക്കുക' എന്നെഴുതിയ വലിയൊരു ബോർഡും സ്ഥാപിച്ചു; മറ്റൊരു പള്ളി പൊളിച്ച് സ്ഥാപിച്ചത് ഇസ്ലാമിന് ഹറാമായ മദ്യവും സിഗരറ്റുമൊക്കെ വിൽക്കുന്ന സ്റ്റോർ; ഉയിഗൂരികളോട് ചൈന കാണിക്കുന്ന ഒരു ക്രൂരതകൂടി പുറത്ത്; ഹാഗിയ സോഫിയയുടെ കാലത്ത് മോസ്‌ക്കുകൾ മൂത്രപ്പുരയാവുന്ന വാർത്ത ഇങ്ങനെ

എം മാധവദാസ്

ബെയ്ജിങ്ങ്: ആരാധനാലയങ്ങളുടെ 'മതംമാറ്റം' ലോക വ്യാപകമായി ചർച്ചചെയ്യുന്ന കാലമാണ് ഇത്.തുർക്കി തലസ്ഥാനമായ ഇസ്താംബൂളിലെ ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ ദേവാലയം മുസ്ലിം പള്ളിയാക്കിയത് ലോകത്ത് വലിയ ചർച്ചയായി. ഹാഗിയ സോഫിയയുടെ ചുവടുപിടിച്ച് ഒരു ക്രിസ്ത്യൻ കത്തീഡ്രൽകൂടി മോസ്‌ക്ക് ആക്കാൻ ഒരുങ്ങുകയാണ് തുർക്കിയെന്നാണ് പുറത്തുവരുന്ന പുതിയ വാർത്തകൾ. ഇതിൽനിന്ന് ആവേശം ഉൾക്കൊണ്ട് പാക്കിസ്ഥാൻ ഒരു സിഖ് ഗുരുദ്വാര മോസ്‌ക്ക് ആക്കുന്നുവെന്നും വാർത്തകൾ ഉണ്ട്. ഇതേ സമയത്തുതന്നെ ഇന്ത്യയിലെ അയോധ്യയിൽ കോടതി വിധിയെ തുടർന്ന് ബാബറി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചതും. ഇങ്ങനെ ആരാധനാലയങ്ങൾ രൂപംമാറ്റം നടത്തുന്ന സമയത്താണ്, ചൈനയിൽനിന്ന് ഏവരെയും ഞെട്ടിക്കുന്ന ഒരു വാർത്ത വന്നത്. ഉയിഗൂർ മുസ്ലീങ്ങളുടെ പള്ളി ഇടിച്ചുപൊളിച്ച് ശൗചാലയം നിർമ്മിച്ച് 'വിപ്ലവം' സൃഷ്ടിച്ചിരിക്കയാണ് ചൈന.

പൊളിച്ചത് കൈയേറി കൊടി ഉയർത്തിയശേഷം

സിൻജാങ് പ്രവിശ്യയിലെ ആതുഷി ഗ്രാമത്തിലുണ്ടായിരുന്ന ഉയിഗൂർ ജമാ മസ്ജിദ് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സർക്കാർ ഇടിച്ചു നിരത്തിക്കളഞ്ഞിരുന്നു. പള്ളി നിന്നിരുന്നിടത്ത് യുദ്ധകാലാടിസ്ഥാനത്തിൽ ഒരു പൊതു ശൗചാലയം കെട്ടിപ്പൊക്കി കമ്മീഷൻ ചെയ്തിരിക്കുകയാണ് ഇപ്പോൾ ഗവണ്മെന്റ്. ഇത് ഉയിഗൂർ മുസ്ലീങ്ങളുടെ മനോബലം തകർക്കാനും, അവരെ അവരുടെ വിശ്വാസപ്രമാണങ്ങളിൽ നിന്ന് നിർബന്ധിതമായി അടർത്തിമാറ്റി, ഹാൻ വംശീയസ്വത്വത്തിലേക്കും, തദ്വാരാ മുഖ്യധാരാ ചൈനീസ് ദേശീയതയിലേക്കും ഇണക്കിച്ചേർക്കാനുമുള്ള സർക്കാരിന്റെ പരിശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയും എന്ന് നിരീക്ഷകർ കരുതുന്നു.

ആതുഷ് സുണ്ടാഗ് ഗ്രാമത്തിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ടോക്കുൾ മോസ്‌ക് ആണ് ഇപ്പോൾ സർക്കാർ ഇടിച്ചു നിരത്തി, ആ സൈറ്റിൽ തന്നെ പൊതുശൗചാലയം കെട്ടിപ്പൊക്കിയിട്ടുള്ളത്. ഈ പള്ളി ഇടിച്ചു പൊളിക്കും മുമ്പ് അത് കയ്യേറി, മിനാരത്തിൽ പാർട്ടിക്കൊടി നാട്ടിയ ഹാൻ വംശജരായ കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ, പള്ളിയുടെ മുൻ വശത്ത് മാൻഡറിൻ ഭാഷയിൽ ' രാജ്യത്തെ സ്നേഹിക്കുക, പാർട്ടിയെ സ്നേഹിക്കുക ' എന്നെഴുതിയ വലിയൊരു ബോർഡും സ്ഥാപിച്ചിരുന്നു. ഷി ജിൻപിങ്ങിന്റെ ചൈനീസ് കമ്യൂണിസ്റ്റ് സർക്കാർ 2016 -ൽ തുടങ്ങിയ 'മോസ്‌ക് റെക്റ്റിഫിക്കേഷൻ' നയത്തിന്റെ ഭാഗമാണ് ഈ നടപടിയും. 2017 മുതൽക്ക് തന്നെ പ്രദേശവാസികളായ ഏകദേശം പതിനെട്ടു ലക്ഷത്തോളം പേരെ റീ-എജുക്കേഷൻ ക്യാമ്പുകളിൽ നിർബന്ധിച്ച് പിടിച്ചടച്ചുകൊണ്ട് വ്യക്തിപരമായ റെക്റ്റിഫിക്കേഷൻ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്. റേഡിയോ ഫ്രീ ഏഷ്യ എന്ന ന്യൂസ് ഏജൻസിയാണ് ഈ വാർത്ത പുറത്തുകൊണ്ടുവന്നത്.

പ്രദേശത്ത് അങ്ങനെയൊരു പൊതു ശൗചാലയത്തിന്റെ ആവശ്യമുണ്ടോ എന്ന റേഡിയോ ഫ്രീ ഏഷ്യയുടെ ചോദ്യത്തോട്, പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ ചില ഉയിഗൂർ മുസ്ലിം പൗരന്മാർ പ്രതികരിച്ചത് ഇങ്ങനെ,' അത് ഇവിടത്തെ ഹാൻ സഖാക്കളുടെ പണിയാണ്. ഇവിടങ്ങനെ ഒരു പൊതു ശൗചാലയത്തിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഇല്ല. കാരണം, ഇവിടെ എല്ലാ വീടുകളിലും അറ്റാച്ച് ചെയ്ത ടോയ്‌ലറ്റുകൾ ഉണ്ട്. ഇവിടെ ഇങ്ങനെ ഒരു മോസ്‌ക് ഉണ്ടായിരുന്നതിന്റെയും, അവർ അത് ഇടിച്ചു കളഞ്ഞതിന്റെയും തെളിവുകൾ മറയ്ക്കുക എന്നത് കൂടിയാവും ചിലപ്പോൾ ഇങ്ങനെയൊരു നിർമ്മാണത്തിന് പിന്നിൽ'. 'ഇത് പ്രദേശത്ത് ഇടിച്ചു പൊളിക്കപ്പെടുന്ന മൂന്നാമത്തെ മുസ്ലിം പള്ളിയാണ്. ഇതിനു മുമ്പ് ഒരു പള്ളി പൊളിച്ചിടത്ത് അവർ, ഹാൻ സഖാക്കൾ, ഇസ്ലാമിൽ വിലക്കപ്പെട്ട സാധനങ്ങളായ മദ്യവും സിഗരറ്റുമൊക്കെ വിൽക്കുന്ന ഒരു കൺവീനിയൻസ് സ്റ്റോർ ആണ്. ഞങ്ങളുടെ മതവികാരം വ്രണപ്പെടുത്തുക, ആത്മാഭിമാനം മുറിപ്പെടുത്തുക എന്നതൊക്കെ ഉദ്ദേശിച്ച് മനഃപൂർവ്വമാണ് ഇവർ ഇങ്ങനെയൊക്കെ ചെയ്യുന്നത്. അത് ഞങ്ങൾക്ക് നന്നായി മനസ്സിലാകുന്നുണ്ട്' മറ്റൊരു ഉയിഗൂർ പൗരൻ പറഞ്ഞു.

അടിമകളെപ്പോലെ ഒരു ജനത

കമ്യൂണിസ്റ്റ് ചൈനയുടെ വടക്കുപടിഞ്ഞാറ് കിടക്കുന്ന സിൻജിയാങ് പ്രവിശ്യയിൽ, അടിമകളെപ്പോലെ ജീവിക്കുന്നവരാണ് ഉയിഗൂർ മുസ്ലീങ്ങൾ. ഇവർ മതം ഉപേക്ഷിച്ച് ദേശീയവാദികൾ ആകണം എന്നാണ് ചൈന ആഗ്രഹിക്കുന്നത്. അതിനായി 30 ലക്ഷത്തോളം വരുന്ന ഉയിഗൂർ മുസ്ലീങ്ങളെ തടവറകളിൽ അടച്ചിരിക്കയാണ് ചൈന. എന്നാൽ ഇത് തടവറയല്ല, രാഷ്ട്ര പുനർ നിർമ്മാണ കേന്ദ്രങ്ങളാണെന്നാണ് ആ കമ്യുണിസ്റ്റ് രാജ്യം പറയുന്നത്. അവിടെ എങ്ങനെ ഒരു നല്ല പൗരനാകാം എന്നാണത്രേ ചൈന ഇവരെ പഠിപ്പിക്കുന്നത്. പുരുഷന്മാർ ജയിലിലായ ഉയിഗുർ വീടുകളിലേക്ക് ഇപ്പോൾ 'ബന്ധു സഖാക്കൾ' എന്ന പേരിലാണ് ചൈന ആളുകളെ കയറ്റിവിടുന്നത്. സമ്മതമില്ലാതെ വീടുകളിൽ എത്തുന്ന ഈ അതിഥികൾ ഉയിഗൂരികൾക്കൊപ്പം ഉണ്ടും ഉറങ്ങിയും താമസിക്കും. എല്ലാകാര്യങ്ങളും റിപ്പോർട്ട് ചെയ്യും. ചൈനീസ് ഭാഷയടക്കം പുതിയ കാര്യങ്ങൾ പഠിപ്പിക്കും. അസ്വഭാവികമായ എന്തു കണ്ടാലും പെട്ടെന്ന് റിപ്പോർട്ട് ചെയ്യണമെന്നാണ് ബന്ധു സഖാക്കൾക്ക് നിർദ്ദേശം കിട്ടിയത്. '

ഹറാമായിട്ടുള്ള മദ്യവും മാംസവും കഴിക്കാൻ പ്രേരിപ്പിക്കണം, താടിയില്ലാത്തയാൾ പെട്ടെന്ന് താടിവച്ചാലും മദ്യപിക്കുന്നയാൾ പെട്ടെന്ന് നിർത്തിയാലുമൊക്കെ റിപ്പോർട്ട് ചെയ്യണം, സുന്നത്തുകല്യാണങ്ങളിൽ, പേരിടൽ ചടങ്ങുകളിൽ, ജനന- മരണങ്ങൾ തുടങ്ങിയവയിലൊക്കെ സജീവമാവണം, മിശ്രവിവാഹങ്ങൾ പരമാവധി പ്രോൽസാഹിപ്പിക്കണം തുടങ്ങിയവയാണ് ഇവർക്ക് നൽകിയ മറ്റ് നിർദ്ദേശങ്ങൾ. എന്നാൽ ഉയിഗൂരികളാകട്ടെ ഇതിൽ ഒന്നും പിടികൊടുക്കാതെ തങ്ങളുടെ വിശ്വാസവുമായി ഉറച്ച് മുന്നോട്ടുപോകുയാണ്.

നിസ്‌ക്കാരവും നോമ്പുമൊക്കെ ഉപേക്ഷിപ്പിച്ച് മുസ്ലീങ്ങളെ അവർ അല്ലാതാക്കുകയാണ് ചൈനയുടെ ലക്ഷ്യം. എന്നാൽ ഈ രീതിയിലുള്ള പീഡനങ്ങൾ ഉണ്ടായിട്ടും അറബ് ലോകം അടക്കമുള്ള ഇസ്ലാമിക ലോകം പോലും ഈ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ മൗനം പാലിക്കയാണ്. കാരണം ചൈനയുമായുള്ള വ്യാപാര - വ്യവസായ ബന്ധങ്ങൾ തന്നെ. ആകെ പ്രതികരിക്കുന്നത് പാശ്ചാത്യ മനുഷ്യാവകാശ സംഘടകൾ മാത്രമാണ്. പാക്കിസ്ഥാനോ ഇറാനോപോലും ഇവർക്കുവേണ്ടി നിലകൊണ്ടിട്ടില്ല. കേരളത്തിൽ നോക്കുക. റോഹീങ്ക്യൻ മുസ്ലീങ്ങൾക്കുവേണ്ടി വലിയ റാലികൾ നടന്ന ഇവിടെ, ഉയിഗൂർ മുസ്ലീങ്ങളുടെ കാര്യം ആരും മിണ്ടുന്നില്ല.

ക്ഷണിക്കപ്പെടാത്ത അതിഥികൾ വാതിലിൽ മുട്ടുമ്പോൾ

രാജ്യത്തെ ഭൂരിപക്ഷത്തിന്റെതിൽനിന്ന് മാറിയുള്ള മതവും ആചാരങ്ങളും രാഷ്ട്രീയവും ജീവിതരീതിയുമാണ് നിങ്ങളുടേത് എന്ന വെക്കുക. അതിന്റെ പേരിൽ ഭരണകൂടം നമ്മുടെ വീട്ടിലെ പുരുഷന്മാരെ 'നന്നാക്കാൻ' വേണ്ടി ക്യാമ്പുകളിൽ തടവിലാക്കുന്നു. തുടർന്ന് 'നിങ്ങൾക്കിതാ ഒരു ബന്ധു' എന്ന് പറഞ്ഞ് ഒരു സർക്കാർ പ്രതിനിധിയെ നമ്മുടെ വീട്ടിലേക്കയക്കുന്നു. അയാൾ നമ്മുടെ വീട്ടിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുകയും ഇനിമുതൽ ഈ ഭാഷയും സംസ്‌കാരവുമാണ് നിങ്ങൾ പിന്തുടരേണ്ടത് എന്ന് പറയുകയും ചെയ്യുന്നു. തീർന്നില്ല, നമ്മുടെ വീട്ടിലെ സ്ത്രീക്കൊപ്പം, ക്യാമ്പുകളിലാക്കപ്പെട്ടവരുടെ ഭാര്യയ്ക്കൊപ്പം ഒരേ കിടക്കയിൽ ഈ സർക്കാർ ചാരൻ ഉറങ്ങുകയും ചെയ്യുന്നു. പുരുഷന്മാർ ഇല്ലാത്ത വീടുകളിൽ പലപ്പോഴും ചാര വനിതകളാണ് എത്താറുള്ളതെന്നുമാത്രം. ഇതാണ് ചൈനയിൽ ഉയിഗുർ വംശജരുടെ അവസ്ഥ അതാണ്.

ഉയിഗുറുകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സിസിടിവി നിരീക്ഷണങ്ങളും അവരുടെ വീടുകളിൽ നിർബന്ധിതമായി ഗവൺമെന്റിന്റെ ചാരന്മാരെ പാർപ്പിക്കലും കുറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന് സർക്കാരിന് തോന്നുന്ന ഉയിഗുറുകളെ വലിയ റീഎജുക്കേഷൻ സെന്ററുകളിൽ പാർപ്പിച്ച് ചൈനീസ് വിദ്യാഭ്യാസം നൽകലും ഒക്കെ ഇതിന്റെ ഭാഗമായി നടന്നുപോരുന്നുണ്ട്. ഇപ്പോൾ, വന്നിരിക്കുന്ന വാർത്ത മനുഷ്യാവകാശത്തിന്റെ കടുത്ത ലംഘനങ്ങളിലൊന്ന് തന്നെയാണ്. ഇങ്ങനെ തടങ്കലിൽ പാർപ്പിച്ചുകൊണ്ടിരിക്കുന്ന പുരുഷന്മാരുടെ വീടുകളിലേക്ക് അയക്കപ്പെടുന്ന ഗവൺമെന്റ് ചാരൻ/ കേഡറുകളെ സംബന്ധിച്ചാണത്.

2017 -ന്റെ അവസാനം മുതൽ, ഉയിഗൂരിലെ കുടുംബങ്ങളിലേക്ക് ഉദ്യോഗസ്ഥരെത്തുകയും അവരെ ചൈനീസ് സംസ്‌കാരം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. 'ജോഡിയാക്കി കുടുംബമാക്കുക' (Pair Up and Become Family) എന്നത് ചൈനീസ് സർക്കാർ ഉയിഗുറുകൾക്ക് നേരെ നടപ്പിലാക്കുന്ന അനേകം നയങ്ങളിലൊന്നായിരുന്നു. 2017 ഏപ്രിൽ മുതൽ തന്നെ ഇങ്ങനെ വ്യത്യസ്തമായ മതാചാരങ്ങളെ ഉൾക്കൊള്ളുന്നവരെയും മറ്റ് രാഷ്ട്രീയത്തിൽ (അധികൃതരുടെ ഭാഷയിൽ തെറ്റായ രാഷ്ട്രീയം) വിശ്വസിക്കുന്നവരെയും ഉൾക്കൊള്ളുന്ന 1.5 ദശലക്ഷം ഉയിഗുർ വംശജരെയും മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങളെയും പാർപ്പിക്കുന്നതിനായി ക്യാമ്പുകൾ പണിയുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയിരുന്നു.

ഇങ്ങനെ പുരുഷന്മാർ തടങ്കലിലായിരിക്കുന്ന പല വീടുകളിലും ബന്ധു സഖാവ് എന്ന പേര് നൽകിയിരിക്കുന്ന ഒരു സർക്കാർ പ്രതിനിധി എത്തുകയും ഈ ബന്ധു വീട്ടിലെ കാര്യങ്ങളിൽ വീട്ടിലെ അംഗത്തെപ്പോലെ ഇടപെടുകയും ചെയ്യുന്നു. ഈരണ്ടു മാസത്തിൽ ഓരോ വീട്ടിലും ആറ് ദിവസമെങ്കിലും ഇവർ താമസിക്കും. ഇതുസംബന്ധിച്ച് ബിബിസി ഒരു കേഡറെ കണ്ട് രഹസ്യമായി എടുത്ത ഇന്റവ്യുവിൽ ഇങ്ങനെയാണ് പറയുന്നത്. 'ഈ ബന്ധുക്കൾ എല്ലാ രണ്ട് മാസം കൂടുമ്പോഴും ഈ വീടുകളിലെത്തും. ജോഡികളെന്ന് പറഞ്ഞിരിക്കുന്നവരുമായി ഒരുമിച്ച് കഴിയും. പകൽ മാത്രമല്ല, രാത്രികളിലും അവർക്കൊപ്പം തന്നെയാണ് കഴിയേണ്ടത്. കുടുംബത്തിന് പുതിയ ആശയസംഹിതകളും ആശയങ്ങളും പഠിപ്പിക്കും. ജീവിതത്തെ കുറിച്ച് സംസാരിക്കും. ആ സമത്താണ് നമുക്കിടയിലൊരു ബന്ധം രൂപപ്പെട്ടുവരുന്നത്. ഒരുമിച്ച് വീട്ടിലെ കാര്യങ്ങൾ നോക്കുകയും ഭക്ഷണം കഴിക്കുകയും മാത്രമല്ല. രാത്രിയിൽ ഈ വീട്ടിലെ സ്ത്രീകൾക്കൊപ്പം ഒരേ കിടക്കയിൽ തന്നെയാണ് ഉറങ്ങുന്നതും. പ്രത്യേകിച്ച് മഞ്ഞുകാലങ്ങളിൽ... സാധാരണ ഒന്നോ രണ്ടോ പേരോ ആണ് ഒരു ബെഡ്ഡിൽ കിടക്കുന്നതെങ്കിൽ മഞ്ഞുകാലമെത്തിയാൽ മൂന്നോ അതിലധികമോ പേരൊക്കെ ഒരു ബെഡ്ഡിൽ കിടക്കും'- പേരുവെളിപ്പെടുത്താത്ത ആ കേഡർ പറയുന്നു.

ശരിയായ രീതിയിൽ കിടപ്പറ ഒരുക്കുന്നതിനും മറ്റും നമ്മളവരെ സഹായിക്കാറുണ്ട്. ഇനി അഥവാ എത്തുന്ന വീട്ടിൽ കട്ടിലില്ലെങ്കിൽ അവരെവിടെയാണോ കിടക്കുന്നത് ആ സ്ഥലത്ത് തന്നെ അവരുടെ കൂടെത്തന്നെ നമ്മളും കിടക്കും. എല്ലാവർക്കും ഒരുമിച്ച് കിടക്കാവുന്ന ഒരിടത്ത് എല്ലാവരും ചേർന്ന് തൊട്ടുമുട്ടിയായിരിക്കും പലപ്പോഴും കിടക്കുക. ഞങ്ങളാരും ഒരിക്കലും സ്ത്രീകളെ ചൂഷണം ചെയ്യാറില്ല. അങ്ങനെയൊന്ന് കേൾക്കാനും പറ്റില്ല. ഇപ്പോൾ, ഇങ്ങനെ വരുന്ന ബന്ധുക്കൾക്കൊപ്പം ഒരുമിച്ചുറങ്ങുക എന്നത് സാധാരണമായിത്തന്നെയാണ് അവർ കാണുന്നത്. അധികം വരുന്നത് വനിതകൾ ആയതിനാൽ ലൈംഗിക ചൂഷണത്തെക്കുറിച്ച് പരാതി ഉണ്ടായിട്ടില്ല. പക്ഷേ പുരുഷ ചാരന്മാർ കുട്ടികൾക്കൊപ്പമാണ് ഉറങ്ങുക.

ഈ ഉയിഗുറുകളുടെ വീട്ടിൽ തങ്ങാനെത്തുന്നവർ അവർ കഴിക്കാത്ത തരത്തിൽ/ഹറാമായിട്ടുള്ള മദ്യവും മാംസവും ഒക്കെക്കൊണ്ടാണ് എത്തുക. തുടർന്ന്, അവരെ അവ കഴിക്കാൻ പ്രേരിപ്പിക്കുകയും ചൈനീസ് ഭാഷ പഠിപ്പിക്കുകയും മറ്റും ചെയ്യുകയാണ് എന്നും വിവരങ്ങളുണ്ട്. ഏതായാലും ചൈനീസ് സർക്കാർ ഉയിഗുർ വംശജരോട് കാണിക്കുന്ന ഈ അങ്ങേയറ്റത്തെ മനുഷ്യാവകാശലംഘനങ്ങൾ ലോകത്തിന്റെ തന്നെ ശ്രദ്ധയാവശ്യപ്പെടുന്നതാണ്.

മതനാമം കൊണ്ടുനടക്കുന്നതും തീവ്രവാദം

അന്ധവിശ്വാസങ്ങളിൽ അഭിരമിക്കുന്ന പാർശ്വവൽകൃതരായ ഉയിഗൂർ മുസ്ലീങ്ങളെ അതിൽ നിന്നെല്ലാം അടർത്തിയെടുത്ത് മതേതര മുഖ്യധാരാ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുന്നതിന് ഇങ്ങനെ നിഴൽപോലെ കൂടെ നടക്കുന്ന നവാഗത ബന്ധുക്കൾ വേണമെന്നാണ് സർക്കാർ പറയുന്നത്. ചൈനയിൽ സി ജിൻ പിങ് ഭരണത്തിലേറിയപ്പോൾ മുതൽ ഉയിഗൂർ മുസ്ലിങ്ങളുടെ തെരുവുകളിൽ മുക്കിനുമുക്ക് ഗവണ്മെന്റിന്റെ കണ്ണുകളാണ്. ഇപ്പോൾ തന്നെ, മുഖം തിരിച്ചറിയാൻ കഴിയുന്ന സിസിടിവി ക്യാമറകൾക്ക് മുന്നിലൂടെയല്ലാതെ അവർക്ക് വീടിന്റെ പടിവിട്ട് ഒരടിപോലും വെക്കാനാവില്ല. ഈ പുതിയ പരിഷ്‌കാരം ഒരുപടികൂടി കടന്ന്, അവരുടെ വീടിനുള്ളിലും സർക്കാരിന്റെ ചാരക്കണ്ണുകൾ സ്ഥാപിച്ചിരിക്കുകയാണ്.ഒരുവാക്ക് ഒക്കെ മതിയാവും അവരെ സർക്കാർ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും തുടർന്നുള്ള പീഡനങ്ങൾക്കിരയാക്കാനും..

ചൈനയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെ കണക്കുകളനുസരിച്ച് ഏകദേശം പത്തുലക്ഷത്തോളം ഉയിഗൂർ മുസ്ലിങ്ങൾ 'ഭീകരവാദം' എന്ന വിശാലമായ ആരോപണം നേരിട്ട് കരുതൽ തടങ്കലുകളിൽ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ സിം ജിയാങ്ങിലെ പ്രവിശ്യാഭരണകൂടത്തിന്റെ മുൻകൈയിൽ 'ഒരേ കുടുംബമാവൽ' വാരം സംഘടിപ്പിക്കുകയുണ്ടായി. ഉയിഗൂർ കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കുന്ന, അവർക്കുവേണ്ടി കറിക്കരിഞ്ഞുകൊടുക്കുന്ന, അവർക്കൊപ്പം അത്താഴമുണ്ണുന്ന നവാഗതബന്ധുജനങ്ങളുടെ നന്മനിറഞ്ഞ സേവനങ്ങളുടെ സചിത്ര വർണ്ണനകൾ അയിരുന്നു എങ്ങും.

സർക്കാരിന്റെ ചാരക്കണ്ണുകൾക്കുള്ള ടെസ്റ്റ് റൺ ആയിരുന്നു യഥാർത്ഥത്തിൽ ഡിസംബറിലെ 'ഒരേ കുടുംബമാവൽ' വാരാഘോഷം.. ഫെബ്രുവരിയായപ്പോഴേക്കും, സിൻ ജിയാങ് യുണൈറ്റഡ് ഫ്രണ്ട് വർക്‌സ് ഡിപ്പാർട്ടുമെന്റ് വക ഉത്തരവിറങ്ങി. സർക്കാർ ഉദ്യോഗസ്ഥരെല്ലാം തങ്ങളുടെ നിയുക്ത ബന്ധുകുടുംബങ്ങളോടൊപ്പം രണ്ടുമാസത്തിലൊരിക്കൽ ചുരുങ്ങിയത് അഞ്ചു ദിവസത്തേക്കെങ്കിലും താമസിച്ചിരിക്കണം'. പൊതുമേഖലയിൽ തൊഴിലെടുക്കുന്ന പാർട്ടി സഖാക്കൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ ഇതിനകം നൽകപ്പെട്ടിട്ടുണ്ട്. തങ്ങളുടെ നവബന്ധുക്കളുടെ കുടിപാർപ്പുകളിൽ, സുന്നത്തുകല്യാണങ്ങളിൽ, പേരിടൽ ചടങ്ങുകളിൽ, അടുത്ത ബന്ധുജനങ്ങളുടെ ജനന മരണ വിവാഹ അടിയന്തിരങ്ങളിൽ ഒക്കെ ഇനി അവർ പങ്കെടുത്തേ മതിയാവൂ.. ഓരോ കുടുംബാംഗത്തിന്റെയും രാഷ്ട്രീയ ചായവ് സാമൂഹികവ്യാപാരങ്ങൾ, മതം, വരുമാനം, അവരുടെ ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, ഇതിനൊക്കെപ്പുറമെ, അവരുടെ അടുത്ത ബന്ധുക്കളുടെ വിശദവിവരങ്ങൾ ഒക്കെയും അറിഞ്ഞിരിക്കാൻ പാർട്ടി ചാരന്മാർ ബാധ്യസ്ഥരാണ്. കുടുംബങ്ങൾക്ക് ഈ സൗജന്യനിരീക്ഷണത്തിനു പുറമെ സർക്കാർ നൂറു രൂപയ്ക്കും അഞ്ഞൂറ് രൂപയ്ക്കുമിടയിൽ ഒരു സംഖ്യ, ഭക്ഷണച്ചെലവുകൾ വഹിക്കുന്നതിലേക്കായി സർക്കാർ അനുവദിക്കുന്നതാണ്. ഇങ്ങനെ ബന്ധുത്വത്തിന് നിയുക്തരാവുന്ന സഖാക്കന്മാർ 'ഉയിഗർ വംശജരുടെ വീടുകൾക്കുള്ളിൽ മാത്രമല്ല, അവരുടെ ഹൃദയങ്ങൾക്കുള്ളിൽകൂടിയാണ് അധിവസിക്കുന്നത് ' എന്നാണ് പാർട്ടി പത്രം മുഖപ്രസംഗമെഴുതിയത്. മിശ്ര വിവാഹങ്ങൾ പ്രോൽസാഹിപ്പിച്ചും അവർ ഉയിഗൂരുകാരെ ചൈനയിൽ ലയിപ്പിക്കുന്നുണ്ട്.

തോണ്ടിനിരത്തിയ ഖബറിടങ്ങൾ

ചൈനീസ് സർക്കാർ ഉയിഗൂരികൾക്കെതിരെ നടത്തുന്ന പീഡനങ്ങളുടെ മറ്റൊരു ഉദാഹരണം അവരുടെ ഖബറിടങ്ങളോട് കാണിക്കുന്ന അനാദരവാണ്. തലമുറകളായി ഉയിഗുർ മുസ്ലിങ്ങൾ തങ്ങളുടെ കുടുംബങ്ങളിൽ മരണപ്പെടുന്നവരെ അടക്കുന്ന നൂറുകണക്കിന് ശ്മശാനങ്ങളുണ്ട് ഷിൻജാങ്ങിൽ. അവയിൽ മിക്കതും ഇപ്പോൾ ചൈനീസ് സർക്കാർ തോണ്ടി നിരത്തിയിരിക്കുകയാണ്. 2014 മുതൽ ചൈനീസ് സർക്കാർ കുത്തിപ്പൊക്കിയത് 45 ശ്മശാനങ്ങളാണ്. ഇതിൽ മുപ്പതെണ്ണവും തോണ്ടിയത് കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ്.

പ്രസിദ്ധ ഉയിഗുർ കവി ലുട്ട്പുള്ള മുട്ടലിപ്പ് അന്ത്യവിശ്രമം കൊള്ളുന്ന ഒരു വലിയ ഖബറിസ്ഥാനുണ്ടായിരുന്നു അക്സു എന്നുപറയുന്ന സ്ഥലത്ത്. പതിറ്റാണ്ടുകളായി മുസ്ലിങ്ങൾ ഒരു തീർത്ഥാടനകേന്ദ്രമായി കരുതി ആരാധിച്ചുപോന്നിരുന്ന ആ വിശുദ്ധസ്ഥലത്തെ ഇടിച്ചു നിരത്തി ഇന്ന് ചൈനീസ് സർക്കാർ അതിനെ ഒരു അമ്യൂസ്മെന്റ് പാർക്കാക്കി മാറിയിട്ടുണ്ട്. 'ഹാപ്പിനെസ്സ് പാർക്ക്' എന്നാണ് പുതിയ പേര്. ആ ഖബറിടങ്ങൾ നിന്നിടത്ത് ഇന്ന് കോൺക്രീറ്റിൽ തീർത്ത പാണ്ട പ്രതിമകളുണ്ട്, കുട്ടികൾക്കുള്ള യന്ത്രഊഞ്ഞാലുകളുണ്ട്, ഒരു കൃത്രിമ തടാകവുമുണ്ട്. അവിടെ മണ്ണിൽ ഉണ്ടായിരുന്ന എല്ലും തലയോട്ടികളും എല്ലാം ഒന്നിച്ച് ജെസിബിക്ക് വാരി ട്രക്കുകളിൽ കയറ്റി, ദൂരെയെങ്ങോ ഒരു മരുഭൂമിയിലുള്ള പുതിയ ശ്മശാനത്തിലേക്ക് മാറ്റിയിട്ടുണ്ട് സർക്കാർ. ഉയിഗുറുകൾക്ക് അവരുടെ പൂർവികരുടെ ഖബറിടങ്ങളിൽ ചെന്നിരുന്ന് പ്രാർത്ഥനകൾ അർപ്പിക്കുകയും പൂക്കളും മറ്റും കൊണ്ടുവെക്കുകയും ഒക്കെ ചെയ്യുന്ന പതിവുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഖബറുകൾ അവർ എന്നും നല്ലപോലെ സൂക്ഷിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ കാത്തുസൂക്ഷിച്ചു പോന്ന ഖബറിടങ്ങളാണ് യാതൊരു മുന്നറിയിപ്പും കൂടാതെ യന്ത്രസഹായത്തോടെ ഇടിച്ചു നിരത്തി, തോണ്ടി മാറ്റിയിരിക്കുന്നത്. അവിടെയിപ്പോൾ അവശേഷിക്കുന്നത് ഖബറിടങ്ങൾ കൊണ്ടുപോകാൻ മടിച്ച, ഒറ്റപ്പെട്ട ചില തലയോട്ടികളും എല്ലുകളും മാത്രമാണ്. അവർ ഏറെ പരിശുദ്ധം എന്ന് കണ്ടിരുന്ന, ഒത്തുകൂടിയിരുന്ന, ചെന്നിരുന്ന് പ്രാർത്ഥിച്ചിരുന്ന ഒരിടമാണ് ആരോടും ചോദിക്കാതെ ചൈനീസ് ഗവണ്മെന്റ് ഇടിച്ചു നിരത്തിക്കളഞ്ഞത്. അതുതന്നെയാണ്, ഉയ്ഗറുകളെ അവരുടെ സംസ്‌കാരത്തിന്റെ അവസാന കണികയിൽ നിന്നും അടർത്തി മാറ്റുക എന്നതുതന്നെയാണ് ചൈനീസ് സർക്കാരിന്റെ ലക്ഷ്യവും.

ഹൈ ടെക്ക് നിരീക്ഷണങ്ങൾ, റീ ഇന്റെഗ്രേഷൻ ക്യാമ്പുകൾ

ചൈനീസ് ഗവൺമെന്റ് ഉയിഗൂരികളെ നിരീക്ഷിക്കാൻ വേണ്ടി പ്രയോജനപ്പെടുത്തുന്നത് അത്യാധുനിക സാങ്കേതിക വിദ്യകളാണ്. ഷിൻജാങ്ങിന്റെ ഓരോ മുക്കിലും മൂലയിലും ഫെയ്‌സ് റെക്കഗ്നിഷൻ സംവിധാനം വരെയുള്ള സിസിടിവി ക്യാമെറകൾ ഉണ്ട്. 2015-ൽ ഷിൻജാങ് പ്രദേശത്ത് നിലവിൽ വന്ന ഭീകരവാദ വിരുദ്ധ നിയമവും, 2017-ൽ വന്ന തീവ്രവാദ നിയന്ത്രണ നിയമവും കാര്യങ്ങൾ കൂടുതൽ വഷളാക്കി. പ്രദേശത്ത് വൻതോതിലുള്ള ഡിഎൻഎ സാമ്പിൾ കളക്ഷൻ നടന്നു. തെരുവുകളിലെല്ലാം തന്നെ പട്ടാളം ചെക്ക് പോയന്റുകൾ സ്ഥാപിച്ചു. മൊബൈൽ ഫോണുകൾ വ്യാപകമായി ടാപ്പ് ചെയ്യപ്പെട്ടു. പട്ടാളം വഴിയിൽ തടഞ്ഞു നിർത്തി ആളുകളുടെ ഫോണുകൾ പരിശോധിച്ചുതുടങ്ങി. വല്ലാതെ ഹരാസ് ചെയ്യപ്പെടാൻ തുടങ്ങി ഉയിഗൂർ മുസ്ലിങ്ങൾ അവരുടെ നിത്യജീവിതത്തിൽ. റീ-എജുക്കേഷൻ ക്യാമ്പുകൾ കൂടുതൽ സജീവമായി. അവിടേക്ക് കൂട്ടംകൂട്ടമായി ഉയിഗൂർ മുസ്ലിങ്ങളെ കണ്ണുകൾ മൂടിക്കെട്ടി, ട്രെയിനുകളിൽ കൊണ്ടുപോയി ഇറക്കാൻ തുടങ്ങി. അവിടെ താമസിപ്പിച്ച് അവർ 'നന്നാകും' വരെ അവർക്ക് ചൈനീസ് സംസ്‌കാരത്തിന്റെയും, ദേശസ്നേഹത്തിന്റെയും മറ്റും ക്‌ളാസ്സുകൾ കൊടുക്കാൻ തുടങ്ങി. ഒടുവിൽ അവർ 'യഥാർത്ഥ' ചൈനീസ് പൗരന്മാരായി എന്ന് സർക്കാരിന് ബോധ്യപ്പെടും വരെ അവിടെ കഴിയാൻ അവർ നിബന്ധിക്കപ്പെടുന്നുണ്ട്.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈ റീ എജുക്കേഷൻ എന്ന പരിപാടി ഉയ്ഗറുകളുടെ കാര്യത്തിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. അതിന് അവരുടെ മതവിശ്വാസവുമായി വിശേഷിച്ച് ബന്ധവും ഇല്ല. അതിനി ഉയ്ഗർ മുസ്ലിങ്ങൾ എന്നല്ല, ബുദ്ധമതക്കാരായാലും ശരി ക്രിസ്ത്യൻസ് ആയാലും ശരി, പാർട്ടിയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ചൈനയ്ക്ക് അകത്തോ പുറത്തോ ആയി ആര് പ്രവർത്തിച്ചാലും അവരെ നേരെ പൊക്കുക, റീ എജ്യൂക്കേറ്റ് ചെയുക എന്നതാണ് പാർട്ടിയുടെ പതിവ്. അതിനായി ക്യാമ്പുകളിൽ സാമ-ദാന-ഭേദ-ദണ്ഡങ്ങളിൽ ഏതു പ്രയോഗിക്കപ്പെട്ടേക്കാം. ആ പരിശ്രമങ്ങൾക്ക് വഴങ്ങി റീ എജ്യൂക്കേറ്റ് ആയി, പാർട്ടിയുടെ നയങ്ങളോട് ചേർന്നു നിന്നാൽ നിങ്ങൾക്ക് കൊള്ളാം. ഇല്ലെങ്കിൽ കള്ളക്കേസ് ചുമത്തപ്പെട്ടുള്ള ദീർഘകാലത്തെ ജയിൽ വാസമോ, പൊതുജീവിതത്തിൽ നിന്ന് നിഷ്‌കാസനം ചെയ്യപ്പെടലോ ഒക്കെയാവും നിങ്ങളെ കാത്തിരിക്കുന്ന ദുർവിധി.

ഉയിഗൂർ മുസ്ലിങ്ങളുടെ മനസ്സിൽ നിന്ന് അവരുടെ മതപരവും വംശീയവുമായ എല്ലാറ്റിനെയും മായ്ച്ചു കളഞ്ഞ് ചൈനീസ് ദേശീയതയും കമ്യൂണിസ്റ്റ് തത്വസംഹിതകളും നിറയ്ക്കാനുള്ള ഒരു 'റീ-എജുക്കേഷൻ' അഥവാ 'റീ-ഇന്റഗ്രേഷൻ' ആണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ ഉദ്ദേശ്യം വെച്ച് ഷിൻജാങ്ങിൽ രഹസ്യമായി ചൈനീസ് സർക്കാർ അഞ്ഞൂറോളം റീ-എജുക്കേഷൻ ക്യാമ്പുകൾ നടത്തുന്നുണ്ട്. ഇങ്ങനെയുള്ള ക്യാമ്പുകളിൽ അടച്ച് ചുരുങ്ങിയത് പത്തുലക്ഷം പേരെങ്കിലും ഗവണ്മെന്റ് ഇപ്പോഴും പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നാണ് ഏകദേശകണക്ക്. 2017 -ൽ ആദ്യമായി ഇങ്ങനെ ക്യാമ്പുകൾ ഉണ്ട് എന്നുള്ള വാർത്ത ചില അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നപ്പോൾ ചൈനീസ് ഗവണ്മെന്റ് ചെയ്തത് ആ വാർത്ത പാടെ നിഷേധിക്കുകയാണ്. പക്ഷെ, കൂടുതൽ തെളിവുകൾ, ഉപഗ്രഹ ചിത്രങ്ങളും, രഹസ്യ മൊഴികളും, ഓഡിയോ ബൈറ്റുകളും ഒക്കെ വിദേശ മാധ്യമങ്ങൾ നിരത്തിയതോടെ, ശരിയാണ് അത്തരം ഒന്നോ രണ്ടോ നാഷണൽ ഇന്റഗ്രെഷൻ ക്യാമ്പുകൾ ഉണ്ട്, പക്ഷെ അതൊക്കെ നല്ല ഉദ്ദേശ്യം വെച്ചുള്ളതാണ് എന്ന് മാറ്റിപ്പറഞ്ഞു. ഷിൻജാങിലെ നാട്ടുകാര്, അതായത് ഉയ്ഗർ വംശജർ' ഞങ്ങൾക്ക് ചൈനീസ് സംസ്‌കാരവും, മാൻഡാരിൻ ഭാഷയുമെല്ലാം പഠിക്കാനുള്ള വലിയ താത്പര്യമുണ്ട്.. ഒന്ന് സഹായിക്കണം ' എന്ന് അപേക്ഷിച്ചപ്പോൾ അവർക്ക് അതിന് വേണ്ടി ചില സ്‌കൂളുകൾ നിർമ്മിച്ചു നൽകുക മാത്രമാണ് ചെയ്തത് എന്നായി പിന്നീട് സർക്കാരിന്റെ വിശദീകരണം.

എന്നാൽ, ഈ റീ എജുക്കേഷൻ സെന്ററുകൾ ശരിക്കും ഹിറ്റ്ലറുടെ കോണ്സെന്ട്രേഷൻ ക്യാമ്പ് മോഡലിലാണ് നടത്തപ്പെടുന്നത് എന്നും, അതിനുള്ളിലേക്ക് നിർബന്ധിച്ച് പറഞ്ഞയക്കപ്പെടുന്ന ഉയ്ഗർ മുസ്ലിങ്ങളുടെ മൗലികാവകാശങ്ങൾ അവിടെ ലംഘിക്കപ്പെടുന്നുണ്ട്, അതിനുള്ളിൽ അവർ ശാരീരികവും, മാനസികവും, ലൈംഗികവുമായ പീഡനങ്ങൾക്ക് ഇരയാകുന്നുണ്ട് എന്നുമുള്ള പരാതികൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. പരാതികളുടെ എണ്ണം കൂടിയപ്പോൾ ചെറിയൊരു പ്രൊപ്പഗാണ്ട പരിപാടി നടത്തി ചൈന. ഒരു ദിവസം ബിബിസിയുടെ ഒരു ലേഖകനെ ഈ ക്യാമ്പിൽ ഒന്നിലേക്ക് വിളിച്ചുവരുത്തി അവർ. അയാൾക്ക് കാണാൻ വേണ്ടിയിട്ട് അവിടെ സന്തോഷത്തോടെ ആടിപ്പാടിയും, തൊഴിൽ പരിശീലിച്ചും, ചൈനീസ് ഭാഷയും, സാഹിത്യവും, സംഗീതവും ഒക്കെ അഭ്യസിച്ചും, ആകെ ഉല്ലസിക്കുന്ന പത്തുരണ്ടായിരത്തോളം ഉയ്ഗർ മുസ്ലിങ്ങളെ തയാറാക്കി നിർത്തിയിട്ടുണ്ടായിരുന്നു. സ്വന്തം മക്കളിൽ നിന്നും അമ്മ പെങ്ങന്മാരിൽ നിന്നും ഭാര്യമാരിൽ നിന്നുമൊക്കെ മാസങ്ങളായി വേർപെട്ട്, അവരോടൊന്നു സംസാരിക്കാൻ പോലും പറ്റാതെ കഴിയുന്നവരാണ് ഇവരെന്ന് കണ്ടാൽ പറയില്ലായിരുന്നു. അങ്ങനെ ആദ്യമായി ലോകത്തിനു മുന്നിൽ വാ തുറന്ന് പ്രതികരിച്ച ആ ഉയ്ഗർ മുസ്ലിം റീഎജുക്കേഷൻ ക്യാമ്പ് ഡീറ്റെയ്‌നികൾ നിറപുഞ്ചിരിയോടെ പറഞ്ഞുവെച്ചത് 'ഞങ്ങൾ ഇവിടെ തികച്ചും ഹാപ്പിയാണ്' എന്നുമാത്രമായിരുന്നു. എന്നാൽ, ചെലുത്തിയുള്ള ആ ചിരിക്കു പിന്നിൽ അവരൊളിപ്പിച്ചിരുന്ന നൊമ്പരം ആരുടേയും കണ്ണിൽ പെടാതെ പോവുന്ന ഒന്നായിരുന്നില്ല.

റീ എജുക്കേഷൻ ക്യാമ്പുകൾക്ക് പുറമെ, ഷിൻജാങ് പ്രവിശ്യയിൽ ഉയ്ഗറുകൾക്ക് നിലവിൽ ഉള്ള ജനസംഖ്യാനുപാതികമായ സ്വീധീനം കുറക്കാൻ വേണ്ടി ചൈനീസ് ഗവണ്മെന്റ് അവിടേക്ക് ഹാൻ വംശജരുടെ ഒരു 'റിവേഴ്‌സ് മൈഗ്രെഷനും' പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതായത് ഷിൻജാങ്കിൽ ചെന്ന് സെറ്റിൽ ചെയ്യാൻ വേണ്ട സഹായം സർക്കാർ ചെയ്തു കൊടുക്കും. അങ്ങനെ ചെയ്തു കൊടുത്തുകൊടുത്ത് കഴിഞ്ഞ പത്തുമുപ്പതു വർഷം കൊണ്ട് ഷിൻജാങിലെ ഹാൻ ജനസംഖ്യാപ്രാതിനിധ്യം എട്ടു ശതമാനത്തിൽ നിന്ന് 40 % ആയി കൂടിയിട്ടുണ്ട്.

റിവേഴ്‌സ് മൈഗ്രെഷൻ എന്ന ഇരട്ടത്താപ്പ്

റീ എജുക്കേഷൻ ക്യാമ്പുകൾക്ക് പുറമെ, ഷിൻജാങ് പ്രവിശ്യയിൽ ഉയിഗൂരികൾക്ക് നിലവിൽ ഉള്ള ജനസംഖ്യാനുപാതികമായ സ്വീധീനം കുറക്കാൻ വേണ്ടി ചൈനീസ് ഗവണ്മെന്റ് അവിടേക്ക് ഹാൻ വംശജരുടെ ഒരു 'റിവേഴ്‌സ് മൈഗ്രെഷനും' പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതായത് ഷിൻജാങ്ങിൽ ചെന്ന് സെറ്റിൽ ചെയ്യാൻ വേണ്ട സഹായം സർക്കാർ ചെയ്തു കൊടുക്കും. അങ്ങനെ ചെയ്തു കൊടുത്തുകൊടുത്ത് കഴിഞ്ഞ പത്തുമുപ്പതു വർഷം കൊണ്ട് ഷിൻജാങിലെ ഹാൻ ജനസംഖ്യാപ്രാതിനിധ്യം എട്ടു ശതമാനത്തിൽ നിന്ന് 40 % ആയി കൂടിയിട്ടുണ്ട്.

ഷിൻജാങ്ങിൽ ചൈനീസ് സർക്കാർ ഹാൻ വംശജരെ കൂടുതൽ കുട്ടികളുണ്ടാകാൻ പ്രോത്സാഹിപ്പിക്കുമ്പോൾ, ഇവിടെത്തന്നെ ഉയിഗൂർ മുസ്ലീങ്ങൾക്കുമേൽ മേൽ കടുത്ത ഗർഭനിരോധന നടപടികളാണ് ചൈനീസ് സർക്കാർ അടിച്ചേൽപ്പിക്കുന്നത്. അതിന്റെ ഭാഗമായി ചൈന ഉയ്ഗർ സ്ത്രീകളിൽ ഐയുഡി അഥവാ 'ഇൻട്രാ യൂട്ടറൈൻ ഡിവൈസു'കളും പുരുഷന്മാരിൽ നിർബന്ധിതവന്ധ്യംകരണവും ഒക്കെ വ്യാപകമായി നടത്തി വരുന്നു. 2014 -ൽ സിൻജിയാങ്ങിലെ ഉയ്ഗർ സ്ത്രീകളിൽ രണ്ടുലക്ഷം ഐയുഡികളാണ് ഗവണ്മെന്റ് വക നിക്ഷേപം ഉണ്ടായിരുന്നതെങ്കിൽ അത് 2018 ആയപ്പോഴേക്കും 60 ശതമാനത്തിലധികം ഉയർന്ന് 3,30,000 ഐയുഡികളായി. അങ്ങനെ ഒരുവശത്തൂടെ ഉയിഗൂരികളുടെ ജനനം നിയന്ത്രിക്കാൻ നിർബന്ധിച്ചും, മറുവശത്ത് ഷിൻജാങിലെ തന്നെ ഹാൻ വംശജർക്ക് കൂടുതൽ സന്താനങ്ങളെ ഉത്പാദിപ്പിക്കാൻ പ്രോത്സാഹനം നൽകിയും അവിടത്തെ ഡെമോഗ്രാഫിക്‌സ് പാടെ മാറ്റാനുള്ള ബോധപൂർവമായ ശ്രമങ്ങൾ പതിറ്റാണ്ടുകളായി സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണ്.

എല്ലുമുറിയെ പണിയെടുപ്പിക്കുന്നു

ഇങ്ങയൊക്കെയാണെങ്കിലും ഉയിഗൂരികളെ എല്ലുമുറിയെ പണിയെടുപ്പിച്ച് പണം സമ്പാദിക്കാനും ചൈന ശ്രമിക്കുന്നുണ്ട്. വിലക്കുറവിൽ നമുക്ക് കിട്ടുന്ന ഓരോ ചൈനീസ് ഉൽപ്പന്നത്തിന്റെ പിറകിലും ഒരു കൂട്ടം തൊഴിലാളികളുടെ രക്തം ഉണ്ടാകുമെന്ന് ഇന്ന് ലോകം ഏതാണ്ട് അംഗീകരിച്ച കാര്യമാണ്. ജയിലുകളിൽ രാഷ്ട്രീയ തടവുകാരെപ്പോലും എല്ലുമുറിയെ തല്ലിപ്പണിയെടുപ്പിച്ചാണ് കളിപ്പാട്ടങ്ങൾ തൊട്ട് മൊബൈൽ ഫോൺവരെയുള്ള സാധനങ്ങൾ ചൈന ഉണ്ടാക്കുന്നതെന്ന് മുമ്പ് ബിബിസി വെളിപ്പെടുത്തിയിരുന്നു. ലോകത്ത് തൊഴിൽ പീഡനം മൂലം ഏറ്റവും കൂടുതൽ തൊഴിലാളികൾ ആത്മഹത്യചെയ്യുന്ന സ്ഥലവും ഇന്ന്, കമ്യൂണിസ്റ്റ് സാർവദേശീയതയിൽ വിശ്വസിക്കുന്ന, തൊഴിലാളി വർഗ സർവാധിപത്യം നടപ്പാക്കുന്ന, അതേ ചൈന തന്നെയാണ്. ചൈനയിലെ കൽക്കരി ഖനികളാണ ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ചൂഷണങ്ങൾ നടക്കുന്ന കേന്ദ്രങ്ങളിൽ ഒന്നായി ആംനസ്റ്റി ഇന്റർ നാഷണൽ കണ്ടെത്തിയിരുന്നത്. മാസങ്ങൾ കഴിഞ്ഞ് മാത്രം പുറം ലോകം കാണാൻ കഴിയുന്ന ഖനികളിൽ അടിമകളെപ്പോലെയാണ് ജീവനക്കാർ ജോലിചെയ്യുന്നത്. തൊഴിൽപീഡനം കാരണം കഴിഞ്ഞ വർഷങ്ങളിൽ ഇവിടെ ദിവസവും ആളുകൾ ആത്യമഹത്യ ചെയ്യുകയായിരുന്നു. ഇതിന് തടയിടാനായി ഖനിയിൽ ആംഗർ മാനേജ്മെന്റ് സെന്ററുകൾ സ്ഥാപിച്ചാണത്രേ ചൈന ഇപ്പോൾ നേരിടന്നത്. അവിടെ തൊഴിലാളികൾക്ക് തല്ലാനായി മേലധികാരികളുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ടത്രേ. അതിൽ തല്ലിയും ചവുട്ടിയും തുപ്പിയും തൊഴിലാളികൾ നിരാശ തീർക്കുമ്പോൾ, ആത്മഹത്യ കുറയുമത്രേ!

ഇപ്പോഴത്തെ വിവരങ്ങൾ എടുത്താൽ ചൈനീസ് ഖനിയും ജയിലും ഒന്നും ഒന്നുമല്ല. ഈ കോവിഡ് കാലത്ത് മാസ്‌ക്ക് വിൽപ്പനയിലുടെ ചൈന കോടികൾ കൊയ്യുന്നതിന്റെ വിവരങ്ങൾ ആണ് ന്യൂയോർക്ക് ടൈംസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെതന്നെ ചൈന ഒതുക്കാൻ വെച്ച ഉയിഗൂർ മുസ്ലീങ്ങളെ അടിമപ്പണി എടുപ്പിച്ചാണ് അവർ ലോകമെമ്പാടും ചൈനീസ് മാസ്‌ക്കുകൾ എത്തിക്കുന്നത്. ദാരിദ്ര നിർമ്മർജനത്തിന്റെ മറവിൽ സിൻജിയാങ് പ്രവിശ്യയിൽനിന്ന് ഉയിഗൂർ മുസ്ലീങ്ങളെ കൂട്ടത്തോടെ കൊണ്ടുവന്ന് ഫാക്ടറികളിൽ ആക്കുകയാണ്. നിസ്‌ക്കരിക്കാൻപോലും സമയമില്ലാതെ 12 മണിക്കൂർ കഠിന ജോലിയാണ് ഇവിടെ. നിസ്‌ക്കാരം ഒരുപാട് സമയം കളയുന്നുവെന്നാണ് ചൈനയുടെ കണ്ടെത്തൽ. എതിർക്കുന്നവരെയാവട്ടെ മനോരോഗികൾ ആക്കി ആശുപത്രിയിലേക്കും അയക്കും.

കോവിഡ് പടർന്നു പിടിക്കവെ ഫേസ് മാസ്‌ക് അടക്കമുള്ള മെഡിക്കൽ ഉൽപന്നങ്ങൾക്ക് ആഗോള തലത്തിൽ ആവശ്യക്കാരേറിയിരിക്കുകയാണെന്ന് ചൈനക്ക് നന്നായി അറിയാം. ആഭ്യന്തര-അന്തർദേശീയ ആവശ്യങ്ങൾക്കായി പിപിഇ കിറ്റുകളുടെ വൻകിട ഉൽപാദനം ചൈനീസ് കമ്പനികൾ നടത്തുന്നുണ്ട്. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം സർക്കാറിന്റെ പ്രത്യേക സ്‌പോൺസേഡ് പദ്ധതി പ്രകാരമാണ് ഉയിഗൂർ വംശജരെ ചൈനീസ് കമ്പനികളിൽ തൊഴിലാളികളാക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ പിപ.ഇ കിറ്റുകൾ നിർമ്മിക്കാനാണ് ഇവരെ ഉപയോഗിക്കുന്നത്. ഇവരെകൊണ്ട് നിർബന്ധിതമായി ജോലി ചെയ്യിപ്പിക്കുന്നതും സാധാരണമാണെന്നാണ് വിദഗ്ദർ പറയുന്നത്.

ഉയിഗൂർ വംശജരുടെ മേഖലയായ സിൻജിയാങിൽ കോവിഡ് മഹാമാരി തുടങ്ങുന്നതിനു മുമ്പ് മെഡിക്കൽ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന നാല് കമ്പനികളാണുണ്ടായിരുന്നത്. എന്നാൽ ഇതിനു ശേഷം ജൂൺ 30 വരെയുള്ള കണക്ക് നോക്കുമ്പോൾ ഇവയുടെ എണ്ണം 51 ആയി ഉയർന്നു. ഇതിൽ പതിനേഴെണ്ണം ലേബർ ട്രാൻസ്ഫർ പ്രോഗ്രാമിൽ പങ്കെടുക്കുന്നുമുണ്ട്.തുടക്കത്തിൽ ആഭ്യന്തര ആവശ്യത്തിനു വേണ്ടിയായിരുന്നു നിർമ്മാണമെങ്കിൽ ഇപ്പോൾ സിൻജിയാങിനു പുറത്തുള്ള കമ്പനികൾ ആഗോള ആവശ്യത്തിനായി ഉയിഗൂർ വംശജരെ ഉപയോഗിക്കുന്നുണ്ട്.

ചൈനയിലെ ഹുബൈ പ്രവിശ്യയിൽ നിന്നും യു.എസിലെ ജോർജിയയിലെ ഒരു മെഡിക്കൽ വിതരണ കമ്പനിയിലേക്ക് ഫേസ് മാസ്‌കുകൾ കയറ്റി അയച്ചതായി ടൈംസ് കണ്ടെത്തിയിട്ടുണ്ട്. ഹുബൈയിലെ ഈ ഫാക്ടറിയിലേക്ക് 100 ഉയിഗുർ വംശജരായ തൊഴിലാളികളെ അയച്ചിരുന്നു. ഇവർ ഇവിടെ വെച്ച് ചൈനയോടുള്ള വിശ്വസ്തത തെളിയിക്കുന്നതിന്റെ ഭാഗമായി പ്രതിവാര പതാക ഉയർത്തൽ ചടങ്ങുകളിൽ പങ്കെടുക്കുകയും പ്രതിജ്ഞ ചൊല്ലുകയും വേണം. എന്നാൽ ദാരിദ്ര നിർമ്മാർജന പ്രവർത്തനമെന്നാണ് ഉയിഗൂർ വംശജരെ നിർബന്ധിത ജോലി ചെയ്യിക്കുന്നതിന് ചൈനീസ് ദേശീയ മാധ്യമങ്ങൾ വാദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP