Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

ബാലാകോട്ടിലെ അളിയന്റെ കൊലപാതകത്തിന് ഇന്ത്യൻ സേനയോട് പകരം വീട്ടാൻ മസൂദ് അസ്ഹർ; കാണ്ഡഹാർ മോഡൽ വിമാനറാഞ്ചലിന് ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നുവെന്ന് ഇന്റിലജൻസ് റിപ്പോർട്ട്; കൊച്ചിയിൽ നിന്നും കോഴിക്കോട്ട് നിന്നുമുള്ള എയർ ഇന്ത്യയുടെ ഗൾഫ്-മാലിദ്വീപ് സർവീസുകൾക്ക് കർശന സുരക്ഷ; എല്ലാ വിമാനത്താവളങ്ങളിലും പ്രത്യേക പരിശോധന; വിമാനങ്ങളിൽ കമാൻഡോകളെ വിന്യസിക്കും; കേരളവും അതീവ ജാഗ്രതയിൽ

ബാലാകോട്ടിലെ അളിയന്റെ കൊലപാതകത്തിന് ഇന്ത്യൻ സേനയോട് പകരം വീട്ടാൻ മസൂദ് അസ്ഹർ; കാണ്ഡഹാർ മോഡൽ വിമാനറാഞ്ചലിന് ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നുവെന്ന് ഇന്റിലജൻസ് റിപ്പോർട്ട്; കൊച്ചിയിൽ നിന്നും കോഴിക്കോട്ട് നിന്നുമുള്ള എയർ ഇന്ത്യയുടെ ഗൾഫ്-മാലിദ്വീപ് സർവീസുകൾക്ക് കർശന സുരക്ഷ; എല്ലാ വിമാനത്താവളങ്ങളിലും പ്രത്യേക പരിശോധന; വിമാനങ്ങളിൽ കമാൻഡോകളെ വിന്യസിക്കും; കേരളവും അതീവ ജാഗ്രതയിൽ

പി വിനയചന്ദ്രൻ

ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മൗലാന മസൂദ് അസർ അടക്കമുള്ള തീവ്രവാദികളെ വിട്ടയ്ക്കണമെന്ന ആവശ്യവുമായി 1999 ഡിസംബർ 24ന് ഇന്ത്യൻ എയർലൈൻസിന്റെ ഐസി 814 വിമാനം തീവ്‌റവാദികൾ റാഞ്ചിയത് രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ഏടാണ്. കാണ്ഡഹാർ വിമാന റാഞ്ചലിന് സമാനമാണ് ഇപ്പോഴത്തെ ഭീഷണിയും. ഇന്ത്യൻ എയർഫോഴ്‌സ് പാക്കിസ്ഥാനിൽ ആക്രമണം നടത്തിയതിന് തിരിച്ചടിയായി എയർഇന്ത്യ വിമാനം റാഞ്ചാൻ ജെയ്ഷ് ഭീകരർ പദ്ധതിയിട്ടിരിക്കുന്നതായാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. ശക്തമായ പ്രതിരോധ, നിരീക്ഷണ സംവിധാനങ്ങളൊരുക്കണമെന്നാണ് വിമാനത്താവളങ്ങൾക്കും വിമാന കമ്പനികൾക്കുമുള്ള മുന്നറിയിപ്പ്. ഗൾഫിലേക്കും മാലിദ്വീപിലേക്കുമുള്ള സർവീസുകൾക്കാണ് ഏറ്റവുമധികം ഭീഷണി.

കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചയുടനയാണ് 1999ൽ റാഞ്ചിയത്. അമൃത്സർ, ലാഹോർ, ദുബായ് എന്നി മൂന്ന് വിമാനത്താവളങ്ങളിൽ ഇറക്കിയശേഷം കാണ്ഡഹാറിലേക്ക് വിമാനം കൊണ്ടുപോവുകയായിരുന്നു. ഹർക്കത്ത് ഉൾ മുജാഹിദ്ദീൻ എന്ന തീവ്രവാദ സംഘടനയായിരുന്നു അന്നത്തെ റാഞ്ചലിന് പിന്നിലെങ്കിൽ ഇപ്പോഴത്തെ ഭീഷണി ജെയ്‌ഷെ മുഹമ്മദിൽ നിന്നാണ്. വിമാനത്തിലുണ്ടായിരുന്ന 176 യാത്രക്കാരെ മോചിപ്പിക്കുന്നതിനായി മസൂദ് അസർ അടക്കം അഞ്ചു തീവ്രവാദികളെ ഇന്ത്യ മോചിപ്പിച്ചിരുന്നു. അന്ന് മോചിപ്പിച്ച മസൂദാണ് ഇപ്പോൾ ജെയ്ഷ് തലവൻ. ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ മസൂദിന്റെ അളിയൻ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് പ്രതികാരം ചെയ്യാതെ വിശ്രമിക്കില്ലെന്ന് മസൂദ് പ്രതിജ്ഞയെടുത്തെന്നാണ് ഇന്റലിജൻസ് ഏജൻസികൾക്ക് കിട്ടിയ വിവരം. എല്ലാറ്റിനും പാക്കിസ്ഥാൻ സൈന്യത്തിന്റെ ഒത്താശയും ഉണ്ട്.

കാണ്ടഹാർ മോഡൽ വിമാനറാഞ്ചലിന് തീവ്രവാദസംഘടനകൾ ലക്ഷ്യമിടുന്നുവെന്ന കേന്ദ്രമുന്നറിയിപ്പിനെത്തുടർന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ അതീവസുരക്ഷ പ്രഖ്യാപിച്ചിരിക്കുകയാണ്. എയർപോർട്ട് അഥോറിറ്റി ഒഫ് ഇന്ത്യ, കേന്ദ്രരഹസ്യാന്വേഷണ വിഭാഗം (ഐ.ബി), ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി എന്നീ ഏജൻസികളാണ് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചത്. വിമാനത്താവളത്തിനുള്ളിൽ സന്ദർശകരെ പൂർണമായി നിരോധിക്കും. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബി.സി.എ.എസ്) നിർദ്ദേശപ്രകാരം കൂടുതൽ സിഐ.എസ്.എഫ് കമാൻഡോകളേയും ദ്രുതകർമ്മ സേനാംഗങ്ങളേയും വിമാനത്താവളങ്ങളിൽ നിയോഗിച്ചു.

തിരുവനന്തപുരത്തു നിന്ന് 357.11 കിലോമീറ്റർ മാത്രം അകലെയാണ് ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളം. മാലിദ്വീപിലേക്ക് മുക്കാൽ മണിക്കൂർ പറന്നാൽ മതി. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് പ്രത്യേകമായ ജാഗ്രതയുണ്ട്. സിഐ.എസ്.എഫിനു പുറമേ വ്യോമസേനാ കമാൻഡിനും കരസേനാ സ്റ്റേഷനും പൊലീസിനും ജാഗ്രതാനിർദ്ദേശം കൈമാറിയിട്ടുണ്ട്. കേന്ദ്രമുന്നറിയിപ്പിനെത്തുടർന്ന് എല്ലാ വിമാനക്കമ്പനികളുടേയും പ്രതിനിധികളേയും വിളിച്ചുവരുത്തി ജാഗ്രതാനിർദ്ദേശം കൈമാറിയിട്ടുണ്ട്. എക്‌സ് റേ പരിശോധനയ്ക്ക് പുറമേ നാലു തവണ യാത്രക്കാരെ പരിശോധിക്കും. വിമാനത്താവളത്തിലെ എൻട്രൻസിലും പരിശോധന ശക്തമാക്കി. വിമാനത്തിന്റെ വാതിലിൽ യാത്രക്കാരുടെ ദേഹപരിശോധന നടത്തി കൈയിലുള്ള ബാഗുകൾ തുറന്ന് പരിശോധിച്ച ശേഷം മാത്രമേ ഉള്ളിൽ കടത്തിവിടാവൂ എന്ന് വിമാനക്കമ്പനികളുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഇന്നലെ രാവിലെ മുതൽ വിമാനത്താവളത്തിൽ ഈ നിർദ്ദേശങ്ങൾ നടപ്പാക്കിത്തുടങ്ങി. വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്നവരേയും വിശദമായി പരിശോധിക്കുന്നുണ്ട്. വിമാനത്താവളത്തിന് പുറത്ത് സുരക്ഷാചുമതലയുള്ള പൊലീസും ജാഗ്രതയിലാണ്. പാർക്കിങ് സ്ഥലങ്ങളിലും ലഘുഭക്ഷണശാലകളിലും ഡോഗ്, ബോംബ് സ്‌ക്വാഡുകൾ പരിശോധന നടത്തും. വിമാനത്താവളത്തിലെത്തുന്ന വാഹനങ്ങളെ നിരീക്ഷിക്കാനായി കമാൻഡോകളുടെ റോന്തുചുറ്റൽ, വാഹന പരിശോധന, എന്നിവയ്ക്കായി കൂടുതൽ പേരെ വിന്യസിക്കും. കേരളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ അത്യാവശ്യഘട്ടത്തിൽ സ്‌കൈമാർഷലിനായി സുരക്ഷാസേനാംഗങ്ങളെയും ഏർപ്പെടുത്തും.

യാത്രക്കാരുടെ ബാഗേജുകൾ ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നുണ്ട്. സിഐ.എസ്.എഫ് ഉന്നതഉദ്യോഗസ്ഥർ വിമാനത്താവളങ്ങളിലെ സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കുന്നുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിന് നേരത്തേ ഐ.എസിന്റെ ചാവേർബോംബ് ഭീഷണിയുണ്ടായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP