Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒളിവ് ജീവിതം; ഫേസ്‌ബുക്കിലൂടെ ബന്ധം സ്ഥാപിച്ച് പൊലീസുകാരി; മെസഞ്ചറിലൂടെ ചാറ്റിങ്ങ്; വീഡിയോ തെളിവായി; പ്രതിയെ ഹണിട്രാപ്പിലൂടെ കുരുക്കി യു പി പൊലീസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒളിവ് ജീവിതം; ഫേസ്‌ബുക്കിലൂടെ ബന്ധം സ്ഥാപിച്ച് പൊലീസുകാരി; മെസഞ്ചറിലൂടെ ചാറ്റിങ്ങ്; വീഡിയോ തെളിവായി; പ്രതിയെ ഹണിട്രാപ്പിലൂടെ കുരുക്കി യു പി പൊലീസ്

ന്യൂസ് ഡെസ്‌ക്‌

ലഖ്നൗ: പ്രയാഗ് രാജ് ജില്ലയിൽനിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു മാസം മുമ്പ് തട്ടിക്കൊണ്ടുപോയ യുവാവിനെ ഹണിട്രാപ്പിലൂടെ കുരുക്കി യു.പി. പൊലീസ്. കാണാതായ പെൺകുട്ടിയെയും തട്ടിക്കൊണ്ടു പോയ പ്രതിയെയും മുംബൈയിലെ താമസ സ്ഥലത്തുനിന്നുമാണ് പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ ഗുർപുർ സ്വദേശിയായ സുർജീത്താണ് അറസ്റ്റിലായത്.

മാർച്ച് 17-നാണ് പെൺകുട്ടിയെ സുർജീത് തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്നാൽ പ്രതിയായ യുവാവ് മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായി. കൈവശമുണ്ടായിരുന്ന ഒരു നമ്പറും യുവാവ് ഉപയോഗിക്കുന്നില്ലെന്നും പൊലീസിന് മനസിലായി. ഇതോടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടുകയും ചെയ്തു.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതിസന്ധിയിലായതോടെ യുവാവിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ പൊലീസ് സദാസമയവും നിരീക്ഷിച്ചിരുന്നു. ഇതിനിടെയാണ് ഫേസ്‌ബുക്കിൽ പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ യുവാവ് അപ് ലോഡ് ചെയ്തത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ സാമൂഹികമാധ്യമ അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനായിരുന്നു പൊലീസിന്റെ നീക്കം.

യുവാവ് ഇടയ്ക്കിടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതായി സ്ഥിരീകരിച്ചതോടെ ട്രെയിനി ഐ.പി.എസ്. ഉദ്യോഗസ്ഥനായ ചിരാഗ് ജെയിൻ ആണ് ഒരു സ്ത്രീയുടെ പേരിൽ ഫെയ്ക്ക് അക്കൗണ്ട് നിർമ്മിച്ചത്. തുടർന്ന് ഈ അക്കൗണ്ടിൽനിന്ന് പ്രതിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. യുവാവ് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചതോടെ ഫെയ്ക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാൻ രണ്ട് വനിതാ കോൺസ്റ്റബിൾമാരെ നിയോഗിച്ചു. ഇരുവരും ഫേസ്‌ബുക്ക് മെസഞ്ചറിലൂടെ യുവാവുമായി ചാറ്റിങ്ങും തുടങ്ങി.

ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിയുമായി അടുപ്പം സ്ഥാപിച്ച് പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് വനിതാ കോൺസ്റ്റബിൾമാർ ലക്ഷ്യമിട്ടത്. ചാറ്റിങ്ങിനിടെ എവിടെയാണ് താമസമെന്നടക്കമുള്ള കാര്യങ്ങൾ പൊലീസുകാരി യുവാവിനോട് തിരക്കിയിരുന്നു. തന്റെ താമസസ്ഥലത്തുനിന്നുള്ള വീഡിയോ സഹിതമാണ് ഇതിന് യുവാവ് മറുപടി നൽകിയത്. വീഡിയോ പരിശോധിച്ചതോടെ യുവാവ് താമസിക്കുന്നത് നവിമുംബൈയിലെ വാഷി മേഖലയിലാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായിരുന്നു പൊലീസുകാരുടെ ശ്രമം.

ഇതിനിടെ, നേരിട്ട് ഫോണിൽ സംസാരിക്കണമെന്ന് വനിതാ കോൺസ്റ്റബിൾ ചാറ്റിൽ ആവശ്യപ്പെട്ടതോടെ യുവാവ് ഫോൺ നമ്പറും നൽകി. യുവാവ് ഉപയോഗിക്കുന്ന പുതിയ ഫോൺനമ്പർ ലഭിച്ചതോടെ മൊബൈൽ ടവർ ലൊക്കേഷനടക്കം പൊലീസ് കണ്ടെത്തി. തുടർന്ന് യുവാവിന്റെ വീട്ടുടമയുടെ നമ്പറും പൊലീസിന് ലഭിച്ചു. ഇയാളെ വിളിച്ച് വാടകവീട്ടിൽ താമസിക്കുന്നത് പ്രതിയാണെന്ന് പൊലീസ് സംഘം സ്ഥിരീകരിച്ചു. യുവാവിനൊപ്പം പെൺകുട്ടിയും താമസിക്കുന്നുണ്ടെന്നും ഉറപ്പിച്ചു.

തുടർന്നാണ് ഉത്തർപ്രദേശിൽനിന്നുള്ള പൊലീസ് സംഘം മുംബൈയിലേക്ക് തിരിച്ചത്. ഏപ്രിൽ 18-ാം തീയതി മുംബൈയിലെത്തിയ പൊലീസ് സംഘം യുവാവിനെ കൈയോടെ പിടികൂടുകയായിരുന്നു. വാടകവീട്ടിൽനിന്ന് പെൺകുട്ടിയെ മോചിപ്പിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയെന്ന് എസ്‌പി. സൗരഭ് ദീക്ഷിത് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP