Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ

പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ

എം റിജു

ന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ കുടുംബം ഏതാണെന്ന് ചോദിച്ചാൽ അത് ഇപ്പോഴും ഗാന്ധി കുടുംബം എന്ന് അറിയപ്പെടുന്ന നെഹ്റു കുടുംബം തന്നെയാണ്. ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കുടുംബത്തോട് രാജ്യത്തെ ജനങ്ങൾക്കും, കോൺഗ്രസിനും വൈകാരിക ബന്ധം തന്നെയാണുള്ളത്. പക്ഷേ ഈ തിരഞ്ഞെടുപ്പുകാലത്തും ഇന്ത്യയിൽ എറ്റവും കൂടുതൽ അധിക്ഷേപിക്കപ്പെടുന്ന കുടുംബവും അവർ തന്നെയാണ്. മോദി സർക്കാർ അധികാരത്തിലേറിയ അന്നുതൊട്ട്, അവരുടെ അജണ്ടകളിൽ ഏറ്റവും പ്രധാനപ്പെട്ടത്, നെഹ്റുവിനെ അധിക്ഷേപിക്കുക എന്നതായിരുന്നു. ശാസ്ത്രബോധത്തിനും, യുക്തി ചിന്തക്കുമായി നിലകൊണ്ട നെഹറ്വിന്റെ സ്മരണകളെപ്പോലെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന രീതിയിലായിരുന്നു, പലപ്പോഴും മോദി സർക്കാറിന്റെ ഇടപെടലുകൾ.

നേരെത്ത ബിജെപി നേതാവ് വിക്രം സിങ് സൈനിയും, പാർട്ടി ഐടി സെൽ മേധാവി അമിത് മാളവ്യയുമൊക്കെ നെഹ്റുവിനെ സ്ത്രീലമ്പടനായി ചിത്രീകരിച്ചതും വിവാദമായിരുന്നു. സ്വന്തം സഹോദരി ആലിംഗനം ചെയ്യുന്ന ഫോട്ടോവരെ അവർ ഇക്കാര്യത്തിനായി ഉപയോഗിച്ചു. റഷ്യയിലെ ഇന്ത്യൻ അംബാസിഡറായിരുന്ന സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനെ നെഹ്‌റു ഡൽഹി എയർപോർട്ടിൽ സ്വാഗതം ചെയ്യുന്നതും, വിജയലക്ഷമി അമേരിക്കയിലെ ഇന്ത്യൻ അംബാസിഡറായി ജോലി ചെയ്തിരുന്ന കാലത്ത് അവിടെയെത്തിയ നെഹ്‌റുവിനെ അവർ ആലിംഗനം ചെയ്ത് സ്വാഗതം ചെയ്യുന്നതുമായ ചിത്രങ്ങളും ചേർത്താണ് നെഹ്‌റു സ്ത്രീലമ്പടനാണെന്ന തരത്തിൽ അമിത് മാളവ്യ ട്വീറ്റ് ചെയ്തത്.അവസാനത്തെ ഇന്ത്യൻ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവിന്റെ ഭാര്യ എഡ്വീന മൗണ്ട്ബാറ്റൺ, അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ ഭാര്യ ജാക്വിലിൻ കെന്നഡി, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണറായിരുന്ന സൈമണിന്റെ ഭാര്യ, മൗണ്ട് ബാറ്റൺഎഡ്വീന ദമ്പതികളുടെ മകൾ പതിനെട്ടുകാരി പമേല മൗണ്ട്ബാറ്റൺ എന്നിവർക്കൊപ്പമുള്ള നെഹ്‌റുവിന്റെ ചിത്രങ്ങളും അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു. ഇതൊക്കെ ഈ തിരഞ്ഞെടുപ്പുകാലത്തും ഉപയോഗിക്കപ്പെടുന്നുണ്ട്.

ഇനി ബിജെപിക്കാർ മാത്രമല്ല, ഈ പണിയെടുക്കുന്നത്. കേരളത്തിലെ സൈബർ സഖാക്കൾ അടക്കം, ഈ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്നുണ്ട്. രാഹുൽ ഗാന്ധി വയനാട്ടിൽനിന്ന് മത്സരിച്ചതോടെ കേരളത്തിലേക്കും ഗാന്ധികുടുംബത്തിനുനേരെയുള്ള ആക്രമണം തുടരുന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ, മുഖ്യമന്ത്രി പിണറായി വിജയനും, നിലമ്പുർ എംഎൽഎ പി വി അൻവറും തൊട്ടുള്ളവർ ഒരുപോലെ അധിക്ഷേപിക്കുന്നത് ഗാന്ധി കുടുംബത്തെയാണ്. ഈ തിരഞ്ഞെടുപ്പ് കാലത്തും, ഒരു കുടുംബം ചർച്ചയായി വരുന്നത്, മറ്റൊരുരീതിയിൽ അവരുടെ പ്രധാന്യം തന്നെയാണ് തെളിയിക്കുന്നത്.

ഗണ്ടി കുടുംബമെന്ന് സൈബർ സഖാക്കളും

രാഹുൽ ഗാന്ധിയെ രാഹുൽ ഗണ്ടി എന്ന് വിളിച്ചുകൊണ്ടുള്ള സൈബർ പ്രചാരണം കേരളത്തിലും സജീവമാണ്. പക്ഷേ ചരിത്രം നോക്കുമ്പോൾ ഇതിൽ ചില ശരികളുമുണ്ട്. വെറുമൊരു സ്പെല്ലിങ്ങ് മാറ്റത്തിൽ എന്തിരിക്കുന്നുവെന്ന് തോന്നാം. പക്ഷേ മഹാത്മാഗാന്ധിയോടുള്ള ആരാധനമൂത്ത്, തന്റെ സർ നെയിമായ Ghandiയുടെ സ്പെല്ലിംഗിൽ ചെറിയ മാറ്റം വരുത്തി Gandhi എന്നാക്കുമ്പോൾ ഫിറോസ് എന്ന പാർസി കുടുംബത്തിൽ ജനിച്ച ആ ചെറുപ്പക്കാരനായ സ്വാതന്ത്ര്യസമര സേനാനി ഒരിക്കലും കരുതിയിട്ടുണ്ടാവില്ല, ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ഒരു രാഷ്ട്രീയ പരമ്പരയുടെ ബീജാവാപം കൂടിയാണ് അതെന്ന്. പലപ്പോഴും രാഷ്ട്രീയ എതിരാളികൾ ഡ്യൂപ്ലിക്കേറ്റ് ഗാന്ധി പരമ്പരയുടെ തുടക്കം എന്ന് ഒക്കെ പറയുമായിരുന്നെങ്കിലും, സത്യത്തിൽ ഫിറോസിന്റെ ഉദ്ദേശ ശുദ്ധിക്ക് തങ്കത്തിളക്കമായിരുന്നു. മഹാത്മാഗാന്ധിയുടെ മക്കൾ സജീവരാഷ്ട്രീയത്തിൽ ഇടപെടാതെ മാറിനിന്നപ്പോൾ, ഗാന്ധിയെന്ന പേര് കിട്ടിയത് നെഹ്റുവിന്റെ പരമ്പരക്കാണ്. പ്രിയങ്ക വധേര എന്നല്ല പ്രിയങ്കാ ഗാന്ധി എന്നുതന്നെ ഇപ്പോഴും ഉപയോഗിക്കുന്നത് ആ പേരിന്റെ ബ്രാൻഡ് വാല്യൂകൊണ്ട് കൂടിയാണ്.

ഒരുപാർട്ടിയിൽ ഒരു കുടുംബത്തിന്റെ ആധിപത്യം നിലനിൽക്കുന്നുണ്ടെങ്കിൽ അതിൻെ ആശയപരമായി വിമർശിക്കാം. പക്ഷേ പപ്പുമോൻ, ഡ്യൂപ്ലിക്കേറ്റ് ഗാന്ധി, അമൂൽ ഗാന്ധി തുടങ്ങിയ അധിക്ഷേപങ്ങളാണ് നമ്മുടെ സൈബർ ഇടങ്ങളിൽ ഏറെയും. ചരിത്രം നോക്കിയാൽ കോൺഗ്രസിൽ നെഹ്റു കുടുംബത്തിന്റെ ആധിപത്യമാണെന്നത് ശരിയാണ്. 2022ൽ മല്ലികാർജുൻ ഖാർഗേ കോൺഗ്രസ് പ്രസിഡന്റായപ്പോൾ ആ രീതിക്കും മാറ്റം വ്ന്നു.

24 വർഷത്തിന് ശേഷമാണ് നെഹ്റു കുടുംബത്തിന് പുറമെ നിന്നുള്ള ഒരു കോൺഗ്രസ് അധ്യക്ഷനാകുന്നത്. രാഹുൽ ഗാന്ധി നേതൃത്വത്തിലിരുന്ന രണ്ടു വർഷം മാറ്റി നിർത്തിയാൽ 22 വർഷം സോണിയ ഗാന്ധി മാത്രമാണ് പാർട്ടി പ്രസിഡന്റായത്. കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും അധികം നാൾ അധ്യക്ഷ പദവിയിലിൽ ഇരുന്നതും സോണിയാ ഗാന്ധിയാണ്.

ജവഹർലാൽ നെഹ്‌റുവിന്റെ പിതാവ് മോത്തിലാൽ നെഹ്‌റു മുതലാണ് കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ പദവിയിലേക്ക് നെഹ്‌റു കുടുംബം എത്തുന്നത്. 1928 ലെ കൊൽക്കത്ത എഐസിസിയിൽ വച്ചാണ് മോത്തിലാൽ അധ്യക്ഷനാകുന്നത്. അടുത്ത വർഷത്തെ ലാഹോർ സമ്മേളനത്തിൽ മോത്തിലാലിന്റെ പിൻഗാമിയായി ജവഹർ ലാൽ എത്തുമ്പോൾ അദ്ദേഹത്തിണ് പ്രായം 40. ഇതെല്ലാം സ്വാതന്ത്ര്യത്തിനു മുൻപ് നടന്ന കഥയാണ് . സ്വാതന്ത്രത്തിനു മുൻപും പിമ്പും കോൺഗ്രസ് അധ്യക്ഷനായ ഒരു നേതാവ് മാത്രമാണ്. ജവഹർ ലാൽ നെഹ്റു.

1959 ൽ ഡൽഹിയിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ അധ്യക്ഷയായി ഇന്ദിരാഗാന്ധിയെ തെരഞ്ഞെടുത്തു. ഒരു വർഷത്തിന് ശേഷം ഇന്ദിര ഒഴിഞ്ഞു. ഇതിനിടയിൽ കാമരാജും നിജലിംഗപ്പയും ഉൾപ്പെടെ 6 നേതാക്കൾ നെഹ്റു കുടുംബത്തിന് വെളിയിൽ നിന്ന് അധ്യക്ഷ പദവിയിലെത്തി. 19 വർഷത്തിന് ശേഷം 1978ൽ ഇന്ദിര വീണ്ടും പാർട്ടി അധ്യക്ഷയായി. ഇന്ദിരാഗാന്ധിക്ക് ശേഷം 1985ൽ രാജീവ് ഗാന്ധി അധ്യക്ഷ പദവിയിലെത്തി. ഇടവേളയിൽ സംഘടനയുടെ അധികാരം വീണ്ടും നെഹ്‌റു കുടുംബത്തിനു പുറത്തേക്ക്.

1991 മുതൽ 96 വരെ പ്രധാനമന്ത്രി പദവി അലങ്കരിച്ച നരസിംഹറാവു 1992 മുതൽ 94 വരെ കോൺഗ്രസ് പ്രസിഡന്റ് കൂടിയായിരുന്നു. 1998ൽ അധ്യക്ഷ പദവിയിൽ നിന്നും അപമാനിതനായി ഇറങ്ങിപോകേണ്ട വന്ന സീതാറാം കേസരി. തുടർന്ന് പ്രണബ് മുഖർജിയുടെ ഒറ്റവരി പ്രമേയത്തിലൂടെ സോണിയ ഗാന്ധി അധ്യക്ഷ പദവിയിലെത്തി. 2017 മുതൽ 2019 വരെ രാഹുൽ അധ്യക്ഷനായതൊഴിച്ചാൽ സോണിയ തന്നെയായിരുന്നു നേതാവ്. അധ്യക്ഷ പദവിയിൽ നിന്നും മാറിനിൽക്കാൻ നെഹ്റുകുടുംബം തീരുമാനിച്ചതോടെയാണ് തെരെഞ്ഞെടുപ്പിലേക്കു പോലും കാര്യങ്ങൾ എത്തിയത്. ഈ രീതിൽ കുടുംബാധിപത്യം കോൺഗ്രസിൽ ഉണ്ടെന്നത് സത്യമാണ്. പക്ഷേ രാജ്യത്തിനുവേണ്ടി രണ്ട് നേതാക്കളുടെ ജീവൻ ബലിയർപ്പിച്ച കുടുംബം കൂടിയാണ് അത് എന്ന് മറന്നുപോവരുത്. ഡൈനാസ്റ്റി പൊളിറ്റിക്സ് എന്ന ആശയത്തെ എതിർക്കുന്നത് പക്ഷേ നമ്മുടെ നാട്ടിൽ വ്യക്തിഹത്യയിലൂടെയാണ്.

മോദിയുടെ മംഗല്യ സൂത്രം

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മംഗല്യസൂത്രം ( താലിമാല) പരാമർശത്തിലും, പരോക്ഷമായി കുത്തിയത് ഗാന്ധി കുടുംബത്തെയാണ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാണും അവരുടെ ആജീവനാന്ത സമ്പാദ്യം അപഹരിക്കാനും സ്വത്ത് സർവേ നടത്തുമെന്ന ആരോപണം മോദി അവർത്തിച്ചു. രാജ്യത്തിന്റെ വിഭവങ്ങളിൽ ന്യൂനപക്ഷ സമുദായത്തിനാണ്, ആദ്യ അവകാശം എന്ന മുൻ പ്രധാനമന്ത്രി മന്മോഹൻസിങിന്റെ വാദവും അദ്ദേഹം ഉദ്ധരിച്ചു. കോൺഗ്രസ് ഭരണത്തിനുകീളിൽ നിങ്ങളുടെ മംഗല്യസൂത്രം സുരക്ഷിതമാവില്ല എന്ന് അദ്ദേഹം സ്ത്രീകളോട് പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയ്ക്കെതിരെ പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. രാജ്യത്തിന് വേണ്ടി താലിമാല ബലി കഴിച്ചയാളാണ് തന്റെ അമ്മയെന്നും, ചൈന യുദ്ധവേളയിൽ മുഴുവൻ ആഭരണങ്ങളും തന്റെ മുത്തശി രാജ്യത്തിനായി നൽകിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷം പിന്നിട്ടു, ഇതിൽ 55 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് ആരുടെ താലിമാലയാണ് തട്ടിയെടുത്തതെന്ന് മോദി പറയണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ആയിരുന്നു നരേന്ദ്ര മോദിയുടെ വാദങ്ങൾക്കെതിരെ പ്രിയങ്ക ആഞ്ഞടിച്ചത്.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ മുസ്ലിംങ്ങൾക്ക് നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം വൻ വിവാദത്തിലായിരുന്നു. കൂടുതൽ കുട്ടികളുണ്ടാകുന്ന വിഭാഗമെന്നും, നുഴഞ്ഞു കയറ്റക്കാരെന്നും അധിക്ഷേപിച്ചാണ് മുസ്ലീങ്ങൾക്കെതിരെ വിഭാഗീയ പരാമർശം പ്രധാനമന്ത്രി നടത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിൽ ഉണ്ടാവുന്ന ആപത്ത് ഓർമ്മപ്പെടുത്തു എന്ന് അവകാശപ്പെട്ടായിരുന്നു മോദിയുടെ ധ്രുവീകരണ ശ്രമം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യ പരിഗണന നൽകുക മുസ്ലിംങ്ങൾക്കായിരിക്കും. കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും. അമ്മമാരുടെയും, സഹോദരിമാരുടെയും സ്വർണ്ണത്തിന്റെ കണക്കെടുപ്പ് നടത്തി അത് മുസ്ലിംങ്ങൾക്ക് നൽകുമെന്ന് പ്രകടന പത്രികയിലുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി രാജസ്ഥാനിൽ പറഞ്ഞത്.

ജാതി സെൻസെസ് നടപ്പാക്കുന്നതിന് പിന്നാലെ രാജ്യത്ത് സാമ്പത്തിക സർവേ നടത്തി ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ നൽകുമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശമാണ് പ്രധാനമന്ത്രി വഴിതിരിച്ചുവിട്ടത്. രാജ്യത്തെ സ്വത്തിന്റെ ആദ്യ അവകാശികൾ ന്യൂനപക്ഷങ്ങളാണെന്ന് 2006-ൽ മുൻപ്രധാനമന്ത്രി മന്മോഹൻ സിങ് നടത്തിയ പ്രതികരണത്തെയും വർഗീയ കാർഡിറക്കാൻ മോദി കൂട്ടുപിടിച്ചിരുന്നു. പ്രകടനപത്രികയിൽ മുസ്ലിംലീഗിന്റെ താൽപര്യങ്ങളാണ് കോൺഗ്രസ് അവതരിപ്പിക്കുന്നതെന്ന വിമർശനം മോദി നേരത്തെ ഉയർത്തിയിരുന്നു.

പിണറായിയുടെ പരോക്ഷ പപ്പുമോൻ

രാഹുൽഗാന്ധിയെ പരിഹസിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനും ഒട്ടും പിന്നിലല്ല. കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് ചോദിക്കുന്ന രാഹുൽ ഗാന്ധിയോട് , താങ്കളുടെ പഴയ പേര് ആവർത്തിക്കാൻ ഇടവരുത്തരുതെന്നായിരുന്നു പിണറായിയുടെ മറുപടി. ബിജെപി ഐടി സെല്ലുപോലും മറന്നുപോയ പപ്പുമോൻ പരാമർശത്തെ ഇതോടെ ലൈംലൈറ്റിൽ കൊണ്ടുവരികയായിരുന്നു, പിണറായി ചെയ്തത്.

''രാഹുൽ ഗാന്ധി നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്. അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്. അത് നല്ലതല്ല. യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്. അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ അശോക് ചവാനെ പോലെ പേടിച്ചു പോകുന്നവരല്ല ഞാനടക്കം ഉള്ളവർ''- പിണറായി പറയുന്നു. അതേസമയം, സി പി എം നേതാക്കളെ മൊഴിയെടുക്കാനെന്ന പേരിൽ ഇഡി വിളിച്ച് വരുത്തി അപമാനിക്കുകയാണെന്ന് മുഖ്യമന്ത്രി പറയുന്നു. ഒന്നും ചോദിക്കാനില്ലാത്തതുകൊണ്ട് വിളിച്ചു വരുത്തിയിട്ട് മണിക്കൂറോളം വെറുതെയിരുത്തുകയാണ്. സി പി എമ്മിനെ അപകീർത്തിപ്പെടുത്താൻ ആഗ്രഹിക്കുന്ന ചാനലുകൾക്കും ഇത് ഹരമായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രാഹുൽ ഗാന്ധി തുറന്നടിച്ചിരുന്നു. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയിലാണ്. പിണറായി വിജയനെ അന്വേഷണം ഏജൻസികൾ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും രാഹുൽ ഗാന്ധി വണ്ടൂരിൽ ചോദിച്ചു. ഇത് ആദ്യമായി ആണ് രാഹുൽ മുഖ്യമന്ത്രിയെ നേരിട്ട് ഇത്ര ശക്തമായ ഭാഷയിൽ വിമർശിക്കുന്നത്. അതിന് പക്ഷേ പിണറായി നൽകിയ മറുപടി, സൈബർ അധിക്ഷേപം വർധിപ്പിക്കുന്ന തരത്തിലായി. അതിനുശേഷം പപ്പുമോൻ, എന്നും അമൂൽ ഗാന്ധിയെന്നുമുള്ള പോസ്റ്റുകളുമായി സൈബർ സഖാക്കളും രംഗം കൊഴിപ്പിക്കയാണ്.

അതിനിടെ രാഹുൽഗാന്ധിയെ കടന്നാക്രമിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും രംഗത്തെത്തി. എന്തിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയനെ അറസ്റ്റുചെയ്യേണ്ടതെന്ന് ചോദിച്ച അദ്ദേഹം, രാഹുലിന് പക്വത ഇല്ലെങ്കിൽ കോൺഗ്രസിലെ അറിവുള്ള, അനുഭവസ്ഥരായ നേതാക്കൾ ഉപദേശിച്ചുകൊടുക്കണമെന്നും പറഞ്ഞു. സ്വർണ കരണ്ടിയിൽ പാലുകുടിച്ച് വളർന്ന ആളോ വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കിയ പാൽപ്പൊടി പാൽ കുടിച്ച് വളർന്നയാളോ അല്ല പിണറായി. ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി വളർന്നുവന്നതാണ്. രാഹുൽഗാന്ധിയെ പോലെയല്ല പിണറായി വിജയൻ. ആർഎസ്എസ് തലയ്ക്ക് വിലയിട്ട നേതാവാണ് പിണറായിയെന്നും ഇ.പി പറഞ്ഞു. ഇതിന്റെ ചുവടുപിടിച്ചും സൈബർപോര് ശക്തമാണ്.

'അളിയനെതിരെ' സ്മൃതി ഇറാനി

അതിനിടെ ഗാന്ധി കുടുംബത്തിലെ ഒരാൾ കൂടി വിവാദത്തിൽപെട്ടിരിക്കയാണ്. അതാണ് മൊറാദാബാദിലെ പിച്ചളക്കച്ചവടക്കാരനിൽനിന്ന് കോടീശ്വരനിലേക്ക് ഉയർന്ന, രാഹുൽ ഗാന്ധിയുടെ അളിയായ സാക്ഷാൽ റോബർട്ട് വാദ്ര. രാഹുൽ ഗാന്ധി തോറ്റ അമേഠിയിൽ ഇത്തവണ വാദ്ര മത്സരിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. അമേഠിയിൽ പലയിടത്തും അങ്ങനെ പോസ്റ്ററുകളും വന്നു. ഇതോടെ അളിയവൻ വന്നപ്പോൾ, രാഹുൽ പേടിച്ചുപോയോ എന്ന് ചോദിച്ച് അമേഠിയിലെ സിറ്റിംങ് എംപിയും, കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി രംഗത്ത് എത്തിയത്.

പക്ഷേ ഇവിടെ വളരെ മാന്യവും പ്രസ്‌കതവുമായ വാദങ്ങളാണ് ബിജെപി ഉയർത്തിയത്. വാദ്ര നേരിട്ട മുൻകാല അഴിമതി കഥകൾ ചൂണ്ടിക്കാട്ടിയാണ്, അവരുടെ പ്രചാരണം. ഇന്ദിരാ ഭരണകാലത്ത് സഞ്ജയ്ഗാന്ധി എന്ന പോലെ സോണിയാ ഗാന്ധിയുടെ കാലത്ത് മുളച്ച ഒരു അധികാര ഇത്തിൾക്കണ്ണിയായിരുന്നു, അവരുടെ മരുമകൻ റോബർട്ട് വാദ്ര. പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ്. യുപിഎ സർക്കാറിൽ നടത്തിയ ക്രമക്കേടുകളുടെ പേരിൽ അടക്കം ഇഡി ചോദ്യം ചെയ്തിരുന്ന വ്യക്തിയാണ് വാദ്ര. ഇലക്ടറൽ ബോണ്ട് വിഷയത്തിലെ സംഭാവനകളുടെ വിവരങ്ങൾ പുറത്തുവന്നപ്പോൾ വാദ്രയ്ക്ക് പങ്കാളിത്തമുള്ള കമ്പനി ബിജെപിക്ക് കോടികൾ സംഭാവന നൽകിയതും വിവാദമായി.

പ്രിയങ്കയുമായി വിവാഹം നടന്ന 1997-ൽ തന്നെ വാദ്ര തന്റെ ആർടെക്‌സ് എന്ന പിച്ചള കരകൗശലവസ്തുക്കളും ഫാഷൻ ആക്സസറികളും കൈകാര്യം ചെയ്യുന്ന കമ്പനി എക്പോർട്ട് ലൈസൻസ് ഒക്കെ സംഘടിപ്പിച്ച് വിപുലമാക്കി. പിന്നീട്, ഹോസ്പിറ്റാലിറ്റിയിലും റിയൽ എസ്റ്റേറ്റിലും എല്ലാം അദ്ദേഹം കടന്നു. ഇതെല്ലാം ഭരണത്തിന്റെയും നെഹ്റു കൂടുംബത്തിന്റെയും തണലിലാണെന്നാണ് ആക്ഷേപം.

ഒന്നും രണ്ടുമല്ല, കെട്ടുകണക്കിന് അഴിമതി ആരോപണങ്ങളും, റോബർട്ട് വാദ്രക്കെതിരെ ഉണ്ടായി. 2011 ഒക്ടോബറിൽ അരവിന്ദ് കെജ്രിവാൾ, റോബർട്ട് വാദ്ര രാഷ്ട്രീയ ആനുകൂല്യങ്ങൾക്ക് പകരമായി ഡിഎൽഎഫ് ലിമിറ്റഡിൽ നിന്ന് ഈടില്ലാതെ 65 കോടി രൂപ പലിശരഹിത വായ്പയും, ഭൂമി ഇടപാടുകളിൽ നിന്ന് വൻ തുക കമ്മീഷനും വാങ്ങി എന്ന് ആരോപിച്ചു. റോബർട്ട് വാദ്ര, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, ഡിഎൽഎഫ് എന്നിവർക്കെതിരെ ഭൂമി ഇടപാടുകളിലെ ക്രമക്കേടുകളിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. കോൺഗ്രസിന്റെ ഭൂപീന്ദർ സിങ് ഹൂഡ സർക്കാരിന്റെ കാലത്ത് ഹരിയാനയിലെ അമിപൂർ ഗ്രാമത്തിൽ 2013ൽ നടന്ന 50 ഏക്കർ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടാണിത്. 2008ൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഈ ഭൂമി ഇടപാടിൽ നിന്ന് 50 കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യം വാദ്ര നടത്തിയെന്നാണ് ആരോപണം.

ഹരിയാനയിലെ ഭൂമി ഇടപാടിൽ വാദ്ര കുറ്റക്കാരനാണെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. വാദ്ര അനധികൃതമായി 50 കോടി രൂപ തട്ടിയെടുത്തന്ന് ജസ്റ്റീസ് ദിൻഗ്ര കമ്മീഷൻ കണ്ടെത്തി. ഗുരുഗ്രാമിൽ റോബർട്ട് വാദ്ര നടത്തിയ 4 ഭൂമി ഇടപാടുകളെപ്പറ്റി അന്വേഷിക്കാൻ 2015 ലാണ് ഈ കമ്മീഷൻ രൂപീകരിച്ചത്. 2008 ൽ നടന്ന ഇടപാടിൽ ഒരുരൂപ പോലും ചിലവഴിക്കാതെ 50 കോടി രൂപ റോബർട്ട് വാദ്ര തട്ടിയെടുത്തുവെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനിക്ക് അനധികൃത ലാഭമുണ്ടാക്കാനായി ഗൂഢാലോചന നടത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഓംകാരേശ്വർ പ്രോപ്പർട്ടീസും വാദ്രയുടെ കമ്പനിയും തമ്മിൽ നടന്ന ഇടപാടിലാണ് ക്രമക്കേട് കണ്ടെത്തിയത്.

റോബർട്ട് വാദ്രയുടെ സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി, ബിക്കാനീറിലെ കോളയാട്ടിൽ പാവപ്പെട്ട ഗ്രാമീണരുടെ പുനരധിവാസത്തിനായുള്ള ഭൂമി കൈക്കലാക്കിയെന്നാരോപിച്ച് 2015 സെപ്റ്റംബറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇങ്ങനെയൊക്കെയുള്ള ഒരു വിവാദപുരുഷനെ വീണ്ടും എഴുന്നള്ളിച്ച് കൊണ്ടുവരുന്നത് കോൺഗ്രസിന് വലിയ രീതിയിൽ ദോഷം ചെയ്യുമെന്ന് ഉറപ്പാണ്. 'മിസ്റ്റർ മരുമകൻ' എന്ന പേരിൽ കേരളത്തിലെ സോഷ്യൽ മീഡിയയിലും റോബർട്ട് വാദ്ര വലിയ ട്രോൾ ആവുകയാണ്.

ഡിഎൻഎ പരിശോധിക്കണമെന്ന് അൻവർ

നിലമ്പുർ എംഎൽഎ പി വി അൻവറും, രാഹുൽഗാന്ധിക്കെതിരായ അവഹേളനം തുടരുകയാണ്. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് പി.വി അൻവർ പറഞ്ഞു. രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാൻ ഉള്ള അർഹതയില്ല. ജനങ്ങൾ ആലോചിക്കേണ്ട വിഷയമാണിത്, അത് ജനങ്ങൾ കൃത്യമായി ആലോചിക്കും. പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇ.ഡി. വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്യാത്തതിൽ രാഹുൽ ഗാന്ധി അസ്വസ്ഥനാകുന്നതെന്ന് പി.വി അൻവർ പറഞ്ഞു.

സംഘപരിവാർ അല്ല ഇവനൊന്നും ശത്രു. പിണറായി വിജയനാണ്. സ്വന്തം നാട്ടിൽ നിന്ന് ഓടി ഒളിച്ച്, അവിടെ ബിജെപിക്ക് വളരാനുള്ള നിലവുമൊരുക്കി, വളം വാരിയിട്ട് വെള്ളവും കോരിയിട്ടാണ് വയനാട്ടിലേക്ക് വണ്ടി കയറിയതെന്ന് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച് പി.വി അൻവർ കുറിച്ചു. ''ഈ ''ഗണ്ടി കുടുംബം'' എങ്ങനെയാ, എന്നുമുതലാ ഈ ''ഗാന്ധി കുടുംബം'' ആയത്? അതിൽ തന്നെ വച്ചുകെട്ടുണ്ടല്ലോ.! ഇനിയും ഗാന്ധിയെ പേരിനൊപ്പം ചേർത്ത് പറഞ്ഞ് നിങ്ങൾ അപമാനിക്കരുത്.പറഞ്ഞത് മാറ്റാൻ പോലും തയ്യാറല്ല. പിന്നല്ലേ ''പറഞ്ഞത് പിൻവലിച്ച് മാപ്പ് പറയുന്നത്''..പോയി പണി നോക്ക്''-- പി,വി അൻവർ ഫേസ്‌ബുക്കിൽ കുറിച്ചു.

ഇതിനെതിരെ കോൺഗ്രസ് സൈബർ വിങ് മാത്രമല്ല, സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകളും ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്. ഡിഎൻഎ പരിശോധിക്കണം എന്ന് പറയുന്നതൊക്കെ വെറും അശ്ളീല പരാമർശമാണെന്നും, നിങ്ങൾ രാഷ്ട്രീയം പറയൂ എന്നും അവർ പറയുന്നു. കേരളം വിട്ടാൽ സിപിഎമ്മിന്റെയും നേതാവ് രാഹുൽഗാന്ധി തന്നെയാണ്. തമിഴ്‌നാട്ടിലടക്കം അവർ വോട്ടുപിടിക്കുന്നത് രാഹുലിന്റെ തലവച്ചാണ്. എന്നിട്ടും ഇവിടെ പപ്പുമോനെന്നും, അമൂൽ ഗാന്ധിയെന്നുമുള്ള അധിക്ഷേപം തുടരുകയാണ്.

ഇത്തരം തരംതാണ പ്രചാരണങ്ങൾ ഇടതുമുന്നണിക്ക് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. ഏത് സർവേ എടുത്തുനോക്കിയാലും കേരളത്തിലെ 60 ശതമാനം വരുന്ന ജനം പ്രധാനമന്ത്രിയാവണം എന്ന് ആഗ്രഹിക്കുന്ന നേതാവാണ് രാഹുൽ. ഏത് നേതാവിനെയുംപോലെ അദ്ദേഹത്തിനും പരിമിതികളും, ദൗർബല്യങ്ങളുമുണ്ട്. പക്ഷേ ജനം അയാളെ വല്ലാതെ ഇഷ്ടപ്പെടുന്നു എന്നത് ഒരു വസ്തുതയാണ്. ജോഡോ യാത്രയടക്കം ഉണ്ടാക്കിയ ആരവം, അത് തെളിയിക്കുന്നു. ഒപ്പം വ്യക്തിഹത്യയും, വിദ്വേഷം പ്രചാരണവും തന്നെയാണ് ഈ ആധുനിക കാലത്തും നമ്മുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ എന്നതും ഞെട്ടിപ്പിക്കുന്നതാണ്.

വാൽക്കഷ്ണം: കൈവിട്ട് വാക്ക് വാ വിട്ട ആയുധം. മുമ്പ് പിണറായി വിജയന്റെ 'പരനാറി'യെന്ന ഒറ്റപ്രയോഗം എം കെ പ്രേമചന്ദ്രന് കൊല്ലത്ത് ഉണ്ടാക്കിക്കൊടുത്ത മൈലേജ് നാം മറുന്നപോയിട്ടില്ല. ഹേറ്റ് കാമ്പയിൽ പലപ്പോഴും ബൂമറാങ്ങാവുമെന്ന് നമ്മുടെ രാഷ്ട്രീയക്കാർ മറഞ്ഞുപോവരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP