Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

ഇസ്രയേലിന്റെ 'വാർ കാബിനറ്റ്' യോഗം പിരിഞ്ഞത് തിരിച്ചടിക്കാൻ ഉറപ്പിച്ചോ? തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേൽ ദിനപത്രങ്ങൾ; തിരിച്ചടിയിൽ പങ്കെടുക്കില്ലെന്ന് യു.എസിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നീക്കം കരുതലോടെ മാത്രം

ഇസ്രയേലിന്റെ 'വാർ കാബിനറ്റ്' യോഗം പിരിഞ്ഞത് തിരിച്ചടിക്കാൻ ഉറപ്പിച്ചോ? തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേൽ ദിനപത്രങ്ങൾ; തിരിച്ചടിയിൽ പങ്കെടുക്കില്ലെന്ന് യു.എസിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നീക്കം കരുതലോടെ മാത്രം

മറുനാടൻ ഡെസ്‌ക്‌

ടെൽഅവീവ്: ഇറാനെതിരായ തിരിച്ചടിയിൽ ഇസ്രയേലിനൊപ്പം പങ്കെടുക്കില്ലെന്ന് യു.എസിന്റെ മുന്നറിയിപ്പോടെ ഇസ്രയേൽ എങ്ങനെ തിരിച്ചടിക്കുമെന്ന ചോദ്യമാണ് ലോകം ഉയർത്തുന്നത്. ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന പ്രത്യാക്രമണങ്ങളിൽ ഒരുതരത്തിലും യു.എസ്. പങ്കെടുക്കില്ലെന്നാണ് വൈറ്റ്ഹൗസ് വ്യക്തമാക്കിയത്. ഇതോടെ എടുത്തുചാടി ആക്രമണം നടത്താതെ സമയവും കാലവും അനുസരിച്ച് തിരിച്ചടിക്കാനുള്ള നീക്കമാണ് ഇസ്രയേൽ നടത്തുന്നത്.

അതേസമയം, അമേരിക്കയുടെ മുന്നറിയിപ്പ് വന്നതിന് പിന്നാലെ ഇറാനെതിരേയുള്ള പ്രതികരണം എങ്ങനെയാകണമെന്നതിൽ തീരുമാനമെടുക്കാതെ ഇസ്രയേലിന്റെ 'വാർ കാബിനറ്റ്' യോഗം പിരിഞ്ഞതായാണ് റിപ്പോർട്ടുകൾ. എന്നാൽ, തീരുമാനങ്ങൾ ഉണ്ടെന്നും പരസ്യമായി നൽകാതെ രഹസ്യമായി തിരിച്ചടിക്കാനാണ് നീക്കമെന്നുമാണ് പുറത്തുവരുന്ന സൂചനകൾ. ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്കൂറിലേറെ നീണ്ട ചർച്ചകൾക്ക് ശേഷമാണ് 'വാർ കാബിനറ്റ്' പിരിഞ്ഞത്.

അതേസമയം, ഇറാൻ നടത്തിയ ആക്രമണത്തിനെതിരേ തിരിച്ചടിയുണ്ടാകുമെന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രയേൽ ദിനപത്രമായ 'ഇസ്രയേൽ ഹയോം' റിപ്പോർട്ട് ചെയ്തത്. ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെങ്കിലും ഇസ്രയേൽ തിരിച്ചടിക്കുമെന്നത് വ്യക്തമാണെന്നും വിവിധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു. ഇറാനെതിരെ തിരിച്ചടി വേണമെന്നതിനെ ഇസ്രയേൽ വാർ കാബിനറ്റ് അനുകൂലിച്ചെങ്കിലും ഇത് എങ്ങനെ വേണമെന്നതിൽ അഭിപ്രായ ഭിന്നതയുണ്ടെന്നും വിവിധ റിപ്പോർട്ടുകളിലുണ്ട്.

മൊസാദിനെ ഉപയോഗിച്ചു തിരിച്ചടിക്കാനാണ് നീക്കമെന്നും സൂചനയുണ്ട്. ഇറാനെതിരായ തിരിച്ചടി ശ്രദ്ധയോടെയാകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞദിവസം ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇറാനെതിരെ തിരിച്ചടി നടത്തുമ്പോൾ തന്ത്രപരമായി വളരെയധികം ശ്രദ്ധിക്കണമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ജോ ബൈഡൻ നിർദ്ദേശം നൽകിയത്. അതേസമയം, കഴിഞ്ഞദിവസം ഇറാന്റെ മിസൈൽ ആക്രമണത്തെ ഇസ്രയേൽ വിജയകരമായി പ്രതിരോധിച്ചതായാണ് അമേരിക്കയുടെ വിലയിരുത്തൽ.

ഇറാൻ തൊടുത്തുവിട്ട മിസൈലുകളിൽ 99 ശതമാനവും ഇസ്രയേൽ തകർത്തതായും ഇത് ഇറാനുമേൽ ഇസ്രയേലിനുള്ള സൈനിക ആധിപത്യം വ്യക്തമാക്കുന്നതാണെന്നുമാണ് യു.എസ്. അധികൃതരുടെ വിലയിരുത്തൽ. കഴിഞ്ഞദിവസം 300-ലേറെ ഡ്രോണുകളും മിസൈലുകളും ക്രൂയിസ് മിസൈലുകളുമാണ് ഇറാൻ ഇസ്രയേലിന് നേരേ വർഷിച്ചത്. എന്നാൽ, ഇവയിൽ മിക്കതും ലക്ഷ്യത്തിലെത്തും മുൻപേ ഇസ്രയേൽ സേന തകർത്തിരുന്നു. അമേരിക്കയുടെ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ഇറാൻ ആക്രമണത്തെ പ്രതിരോധിക്കാനായി ഇസ്രയേലിനൊപ്പം അണിനിരന്നു. ഇറാൻ തൊടുത്തുവിട്ട ഡസൻകണക്കിന് മിസൈലുകളാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർത്തത്. ഏകദേശം 80-ലേറെ ഡ്രോണുകളും ആറ് ബാലിസ്റ്റിക് മിസൈലുകളും യു.എസ്. യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ചേർന്ന് തകർത്തതായാണ് അവകാശവാദം.

അതേസമയം ഇസ്രയേൽ തിരിച്ചടിച്ചാൽ മേഖലയിൽ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന് ഇറാൻ, റഷ്യ വിദേശകാര്യ മന്ത്രിമാരും വ്യക്തമാക്കിയിരുന്നു. മിസൈൽ ആക്രമണത്തിനു പിന്നാലെ പലവട്ടം യുദ്ധകാര്യ മന്ത്രിസഭാ യോഗം ചേർന്നെങ്കിലും ഇറാൻ ആക്രമണത്തിനുള്ള തിരിച്ചടി സംബന്ധിച്ച് തീരുമാനത്തിലെത്താൻ ഇസ്രയേലിനായില്ല. മിസൈൽ ആക്രമണത്തിനു പിന്നാലെ ഇറാന് കനത്ത തിരിച്ചടി നൽകുമെന്ന് നെതന്യാഹുവും സൈന്യവും അറിയിച്ചിരുന്നു. എന്നാൽ, തൽക്കാലം പ്രത്യാക്രമണത്തിൽനിന്ന് പിൻവലിയാനാണ് ഇസ്രയേൽ തീരുമാനം.

ഇറാന്റെ ആക്രമണത്തിന് കനത്ത മറുപടി നൽകണമെന്ന് മന്ത്രിമാരായ ബെന്നി ഗാന്റ്‌സ്, നാഷനൽ യൂനിറ്റി പാർട്ടി നേതാവ് ഗാഡി ഈസൻകോട്ട് എന്നിവർ മന്ത്രിസഭയോഗത്തിൽ ആവശ്യപ്പെട്ടു. ഇതിനെ നെതന്യാഹുവും പ്രതിരോധ മന്ത്രി യൊആവ് ഗാലന്റും ഐ.ഡി.എഫ് മേധാവി ഹെർസി ഹലേവിയും ശക്തമായി എതിർത്തതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു.

ഇസ്രയേൽ സർവിസ് റദ്ദാക്കി എയർ ഇന്ത്യ

ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് എയർ ഇന്ത്യ തെൽഅവീവിലേക്കുള്ള വിമാന സർസുകൾ റദ്ദാക്കി. ഡൽഹിക്കും തെൽഅവീവിനും ഇടയിൽ നേരിട്ടുള്ള സർവിസുകൾ തൽക്കാലം നിർത്തിവെക്കുന്നതായി എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കിയതായി പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽനിന്ന് ഇസ്രയേൽ നഗരത്തിലേക്ക് ആഴ്ചയിൽ നാല് സർവിസുകളാണ് എയർ ഇന്ത്യ നടത്തുന്നത്.

വിസ്താര, ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ എയർലൈനുകൾ ഇറാനിയൻ വ്യോമപാത ഒഴിവാക്കിയാണ് സർവിസ് നടത്തുന്നത്. പശ്ചിമേഷ്യയിലേക്കുള്ള സർവിസുകൾക്കായി ബദൽ പാതകൾ ചാർട്ട് ചെയ്തു. ബദൽ പാതകൾ ദൈർഘ്യമേറിയതിനാൽ ടിക്കറ്റ് നിരക്ക് വർധിച്ചേക്കുമെന്ന് മുതിർന്ന വൈഡ് ബോഡി എയർക്രാഫ്റ്റ് പൈലറ്റ് പി.ടി.ഐയോട് പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് ബദൽ പാതകൾ തെരഞ്ഞെടുത്തതോടെ യാത്രാദൈർഘ്യം അരമണിക്കൂറോളം കൂടിയിട്ടുണ്ട്.

അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം മാർച്ച് മൂന്നിനാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഇസ്രയേലിലേക്ക് സർവിസ് പുനരാരംഭിച്ചത്. സംഘർഷാവസ്ഥയെ തുടർന്ന് ശനിയാഴ്ചയാണ് വിസ്താരയും എയർ ഇന്ത്യയും സർവിസിലെ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. സിംഗപൂർ എയർലൈൻസ് പോലുള്ള ആഗോള വിമാനക്കമ്പനികളും ഇതുവഴിയുള്ള സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP