Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

പോളിങ് ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം; ചുമരെഴുത്തുകളും പോസ്റ്ററുകളുമില്ല; തിരഞ്ഞെടുപ്പിന് നിശബ്ദമായി ഒരുങ്ങി ഗോവ; ഇന്ത്യ സഖ്യത്തിന്റെ വരവ് മാറ്റമുണ്ടാക്കുമോ? വോട്ടെടുപ്പ് മെയ് ഏഴിന്

പോളിങ് ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം; ചുമരെഴുത്തുകളും പോസ്റ്ററുകളുമില്ല; തിരഞ്ഞെടുപ്പിന് നിശബ്ദമായി ഒരുങ്ങി ഗോവ; ഇന്ത്യ സഖ്യത്തിന്റെ വരവ് മാറ്റമുണ്ടാക്കുമോ? വോട്ടെടുപ്പ് മെയ് ഏഴിന്

മറുനാടൻ മലയാളി ബ്യൂറോ

ഫത്തോഡ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിന് ഒപ്പം പോളിങ് ബൂത്തിലേക്ക് പോകാൻ ഒരുങ്ങി ഗോവ. നാടിളക്കിയുള്ള പ്രചാരണങ്ങളും വോട്ടുത്സവത്തിന്റെ കലാശക്കൊട്ടും പാർട്ടികൾ ചേരിതിരിഞ്ഞുള്ള പോർവിളികളും അരങ്ങേറുന്ന കേരളത്തിൽ നിന്നും വിഭിന്നമായി നിശബ്ദമായി തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ഗോവ. മെയ്‌ ഏഴിന് നടക്കുന്ന മൂന്നാംഘട്ട വോട്ടെടുപ്പിന് സാക്ഷിയാവേണ്ടതാണ് ഗോവയെങ്കിലും അതിന്റെ ഒരു ആവേശവും സംസ്ഥാനത്ത് കാണാനില്ല.

സ്ഥാനാർത്ഥികൾ വീടുകൾ കയറിയിറങ്ങി വോട്ടുതേടുന്നില്ല, ചുമരെഴുത്തുകളില്ല, പോസ്റ്ററുകളില്ല. ജാഥകളെന്ന കേട്ടുകേൾവിപോലുമില്ല. പേരിലെ അക്ഷരങ്ങളുടെ എണ്ണംതന്നെയാണ് ഗോവയിലെ ലോക്സഭാ മണ്ഡലങ്ങളുടെയും എണ്ണം. രണ്ട് -നോർത്ത് ഗോവയും സൗത്ത് ഗോവയും. നോർത്ത് ഗോവ ബിജെപി.ക്കൊപ്പം നിൽക്കുമ്പോൾ സൗത്ത് ഗോവ കോൺഗ്രസിന് 'കൈ'കൊടുക്കും. വർഷങ്ങളായി ഇതാണ് പതിവ്. എന്നാൽ, ഇത്തവണ സ്ഥാനാർത്ഥിനിർണയത്തിലെ ചില പാളിച്ചകളും 'ഇന്ത്യ'യുടെ വരവും ഇരുമണ്ഡലങ്ങളിലെയും വിജയത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.

നോർത്ത് ഗോവയിൽ സിറ്റിങ് എംപി.യും കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രിയുമായ ശ്രീപദ് നായക്നെയാണ് ബിജെപി. ഇറക്കിയിരിക്കുന്നത്. കോൺഗ്രസാകട്ടെ ഒട്ടേറെ ചർച്ചകൾക്കൊടുവിൽ മുൻകേന്ദ്രമന്ത്രിയായ രമാകാന്ത് ഖലാപിനെ സ്ഥാനാർത്ഥിയാക്കി. ജാതീയത വോട്ടായിമാറുന്ന ഗോവ രാഷ്ട്രീയത്തിൽ ഇരുവരുടെയും മത്സരം ഇത്തവണ കടുക്കും. രണ്ടുപേരും ഭണ്ഡാരി ജാതിക്കാരായതുകൊണ്ട് ജാതിവോട്ട് ആരുടെ പെട്ടിയിലാവും എന്ന് കണ്ടറിയണം. അത് വിജയത്തിന്റെ ചാലകമാകും.

സൗത്ത് ഗോവയിൽ സ്ഥിതി നേരേമറിച്ചാണ്. രണ്ടു സ്ഥാനാർത്ഥികളും പുതുമുഖങ്ങൾ. ബിജെപി.യുടെ സ്ഥാനാർത്ഥി അതിസമ്പന്നനും െഖനി ഉടമയും കോടികളുടെ ആസ്തിയുള്ള െഡംപോ ഗ്രൂപ്പ് ഉടമയുമായ ശ്രീനിവാസ െഡംപോയുടെ ഭാര്യ പല്ലവി െഡംപോയെ. രാഷ്ട്രീയ മുൻപരിചയവുമില്ലാത്ത പല്ലവിയെ എംപി. സ്ഥാനാർത്ഥിയാക്കിയതിനുപിന്നിലെ ലക്ഷ്യം നിലാവുപോലെ വ്യക്തം.

അതേസമയം, കോൺഗ്രസ് നിർത്തിയിരിക്കുന്നത് നാവികസേനയിൽനിന്ന് വിരമിച്ച് പൊതുപ്രവർത്തനരംഗത്ത് സജീവമായ ക്യാപ്റ്റൻ വിരിയാറ്റോ ഫെർണാണ്ടസിനെ. സിറ്റിങ് എംപി.യും ജനപ്രിയനുമായ ഫ്രാൻസിസ്‌കോ സർദിനയെ നിഷ്‌കരുണം വെട്ടിയാണ് ക്യാപ്റ്റനെ സ്ഥാനാർത്ഥിയാക്കിയത്. എംപി.കുപ്പായം തയ്പിച്ച് സ്ഥാനാർത്ഥിയാവാൻ കാത്തിരുന്ന സർദിനയെ അവസാനനിമിഷം ഒഴിവാക്കിയത് പ്രവർത്തകർക്കിടയിൽ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. അത് വോട്ടിനെ ബാധിക്കുമെന്നും കരുതപ്പെടുന്നു.

എന്നാൽ, ക്രിസ്ത്യൻ ഭൂരിപക്ഷപ്രദേശമാണ് സൗത്ത് ഗോവ. മതവികാരം വിരിയാറ്റോക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. നിയമസഭാതിരഞ്ഞെടുപ്പിൽ 40 മണ്ഡലങ്ങളിൽ 28 ഇടങ്ങളിൽ താമരവിരിഞ്ഞു. മറ്റ് കൂട്ടുകക്ഷികൾ അഞ്ചുസീറ്റുകൂടി സ്വന്തമാക്കിയതോടെ 33 സീറ്റുമായി പ്രമോദ് സാവന്ത് മന്ത്രിസഭയുണ്ടാക്കി. കോൺഗ്രസിനാവട്ടെ വെറും മൂന്നുസീറ്റ്.

കോൺഗ്രസിനെ സപ്പോർട്ട് ചെയ്ത ആം ആദ്മി പാർട്ടിക്ക് രണ്ടുസീറ്റും. ഗോവ ഫോർവേഡ് പാർട്ടി, റെവലൂഷണറി ഗോവൻസ് പാർട്ടി എന്നിവർ ഓരോസീറ്റും നേടി. എന്നാൽ, ലോക്സഭാ പോരാട്ടം വരുമ്പോൾ കളിമാറും. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. 'ഇന്ത്യ' എന്ന പ്രതീക്ഷയും വിജയത്തെ സ്വാധീനിക്കും. പ്രാദേശിക പാർട്ടികളായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി എന്നിവയ്ക്കും വിജയത്തെ സ്വാധീനിക്കാനുള്ള കെല്പുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP