Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

ഐപിഎൽ കിരീടത്തിൽ വീണ്ടും മുത്തമിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്; സൺറൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തറപറ്റിച്ചു; വിജയം ഒരുക്കിയത് ബൗളർമാരുടെ മികവ്; ഷാരൂഖ് ഖാൻ ഉടമസ്ഥനായ ടീമിന് ഇത് മൂന്നാമത്തെ ഐപിഎൽ കിരീടം

ഐപിഎൽ കിരീടത്തിൽ വീണ്ടും മുത്തമിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്; സൺറൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തറപറ്റിച്ചു;  വിജയം ഒരുക്കിയത് ബൗളർമാരുടെ മികവ്; ഷാരൂഖ് ഖാൻ ഉടമസ്ഥനായ ടീമിന് ഇത് മൂന്നാമത്തെ ഐപിഎൽ കിരീടം

സ്പോർട്സ് ഡെസ്ക്

ചെന്നൈ: സൺ റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകർത്ത് ഐപിഎൽ കിരീടം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്. ചെന്നെ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ ബൗളർമാർ നിറഞ്ഞു കളിച്ചതോടെയാണ് കൊൽക്കത്ത കപ്പുയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 113 റൺസ് അനായാസം കൊൽക്കത്ത മറികടക്കുകയിരുന്നു. 10.3 ഓവറിലാണ് കൊൽക്കത്തെ വിജയം കണ്ടത്. കൊൽക്കത്തയുടെ മൂന്നാമത്തെ ഐപിഎൽ കിരീടമാണ് ഇത്.

കൊൽക്കത്തക്കായി വെങ്കിടേഷ് അയ്യർ (52)അർധസെഞ്ച്വറി നേടി വിജയം അനായാസമാക്കി. റഹ്മത്തുള്ള ഗുർബാസ്(39), സുനൽ നറൈൻ(6), ശ്രേയസ് അയ്യർ (6) എന്നിങ്ങനെയണ് മറ്റുള്ളവരുടെ സ്‌കോറുകൾ. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ 18.3 ഓവറിൽ 113 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളർമാർ എറിഞ്ഞിടുകയായിരുന്നു. അതിശക്തരായ ഹൈദരാബാദ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. 24 റൺസെടുത്ത നായകൻ പാറ്റ് കമ്മിൻസാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. ആന്ദ്രേ റസൽ മൂന്നും മിച്ചൽ സ്റ്റാർക്ക്, ഹർഷിദ് റാണ എന്നിവർ രണ്ടും വിക്കറ്റ് വീതം വീഴ്‌ത്തി.

ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഹൈദരാബാദിനെ ഞെട്ടിച്ചാണ് മിച്ചൽ സ്റ്റാർക്ക് തുടങ്ങിയത്. സീസണിലെ ഏറ്റവും അപകടകാരികളായ ട്രാവിസ് ഹെഡ്-അഭിഷേക് ശർമ സഖ്യത്തെ കേവലം ആറ് റൺസിനിടെ തിരികെയയക്കാൻ കൊൽക്കത്തക്കായി. അവിടം തൊട്ട് കൈവിട്ട കളി പിന്നീട് ഹൈദരാബാദിന് തിരിച്ചുപിടിക്കാൻ സാധിച്ചില്ല.

നിലയുറപ്പിക്കും മുൻപെ വെടിക്കെട്ട് ഓപണർ അഭിഷേക് ശർമയുടെ (1) സ്റ്റംപ് പിഴുതെറിഞ്ഞു. വൈഭവ് അറോറ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ റൺസൊന്നും എടുക്കാതെ ട്രാവിസ് ഹെഡും മടങ്ങി. വിക്കറ്റ് കീപ്പർ റഹ്മാനുല്ല ഗുർബാസിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ഒൻപത് റൺസെടുത്ത രാഹുൽ ത്രിപതിയെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക് വീണ്ടും ഞെട്ടിച്ചതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി. രമൺദീപ് പിടിച്ചാണ് രാഹുൽ പുറത്തായത്.

സ്‌കോർ 50 കടക്കും മുൻപ് നിതീഷ് കുമാർ റെഡിയും വീണു. ഹർഷിദ് റാണയും പന്തിൽ ഗുർബാസ് പിടിച്ചാണ് പുറത്തായത്. ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ച എയ്ഡൻ മാർക്രം റസ്സലിന്റെ പന്തിൽ മിച്ചൽ സ്റ്റാർക്കിന് ക്യാച്ച് നൽകി മടങ്ങി. 23 പന്തിൽ 20 റൺസെടുത്താണ് മാർക്രം മടങ്ങിയത്. 17 പന്തിൽ 16 റൺസെടുത്ത വെടിക്കെട്ട് ബാറ്റർ ഹെന്റിച്ച് ക്ലാസനെ ഹർഷിദ് റാണ മടക്കിയയച്ചതോടെ ഹൈദരാബിന്റെ കാര്യം ഏകദേശം തീരുമാനമായി.

ഷഹബാസ് അഹമ്മദിനെ (8) വരുൺ അറോറയും അബ്ദു സമദിനെ (4) റസ്സലും ജയദേവ് ഉനദ്കട്ടിനെ(4) സുനിൽ നരേയ്നും പുറത്താക്കി. ഒൻപതാമനായി ക്രീസിലെത്തിയ നായകൻ പാറ്റ് കമ്മിൻസ് നടത്തിയ ചെറുത്തു നിൽപ്പിലാണ് സ്‌കോർ 100 കടന്നത്. 19 പന്തിൽ 24 റൺസെടുത്ത കമ്മിൻസ് റസ്സലിന്റെ പന്തിൽ സ്റ്റാർക്കിന് ക്യാച്ച് നൽകി മടങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ലക്ഷ്യം മറികടക്കാൻ പത്തോവറും ചില്ലറ പന്തുകളും മാത്രമേ വേണ്ടിവന്നുള്ളൂ. കൊൽക്കത്ത 10.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടി ലക്ഷ്യം ഭേദിച്ചു. ഓപ്പണർ റഹ്മാനുള്ള ഗുർബാസും വെങ്കടേഷ് അയ്യരും രണ്ടാം വിക്കറ്റിൽ നടത്തിയ പോരാട്ടമാണ് കൊൽക്കത്തൻ ഇന്നിങ്സിന്റെ നട്ടെല്ല്. ഇരുവരും ചേർന്ന് 91 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. വെങ്കടേഷ് അയ്യർ 26 പന്തുകളിൽ 52 റൺസ് നേടി.

സൺറൈസേഴ്സ് ക്യാപ്റ്റൻ പാറ്റ് കമിൻസ് എറിഞ്ഞ രണ്ടാം ഓവറിൽ സുനിൽ നരെയ്ൻ (2 പന്തിൽ 6) പുറത്തായി. ഒൻപതാം ഓവറിൽ ഗുർബാസും പുറത്തായി. ഒൻപതാം ഓവറിൽ ഗുർബാസും പുറത്തായി. ക്യാപ്ടൻ ശ്രേയസ് അയ്യർ വെങ്കിടേഷിന് കൂട്ടായി എത്തിയതോടെ അനായാസം വിജയത്തിലേക്ക് കയറുകയായിരുന്നു കൊൽക്കത്ത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP