Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

വെറും ഉപദേഷ്ടാവല്ല, കൊൽക്കത്തയുടെ വീരപുരുഷനായ ഗംഭീർ; ശ്രേയസ് അയ്യർ കിരീടം ഉയർത്തിയാലും ക്രെഡിറ്റ് കിട്ടുക ഗംഭീറിന്; ഇന്ത്യയെ വീഴ്‌ത്തി 'രണ്ടു തവണ' ഓസ്‌ട്രേലിയയെ ലോക ചാംപ്യന്മാരാക്കിയ കമിൻസിന് ഇത് അഭിമാന പോരാട്ടം

വെറും ഉപദേഷ്ടാവല്ല, കൊൽക്കത്തയുടെ വീരപുരുഷനായ ഗംഭീർ; ശ്രേയസ് അയ്യർ കിരീടം ഉയർത്തിയാലും ക്രെഡിറ്റ് കിട്ടുക ഗംഭീറിന്; ഇന്ത്യയെ വീഴ്‌ത്തി 'രണ്ടു തവണ' ഓസ്‌ട്രേലിയയെ ലോക ചാംപ്യന്മാരാക്കിയ കമിൻസിന് ഇത് അഭിമാന പോരാട്ടം

സ്പോർട്സ് ഡെസ്ക്

ചെന്നൈ: ഐപിഎൽ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും കിരീടത്തിനായി ഇന്ന് ചെന്നൈയിൽ ഏറ്റുമുട്ടുമ്പോൾ ഒരു പരിശീലകന് തുല്യനായ ടീം ഉപദേഷ്ടാവിന്റെയും ഒരു നായകന്റെയും തന്ത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്. കൊൽക്കത്തയുടെ ഉപദേഷ്ടാവായ ഗൗതം ഗംഭീറിന്റെയും ഹൈദരാബാദിന്റെ നായകൻ പാറ്റ് കമിൻസിന്റെയും.

കൊൽക്കത്ത ജയിച്ചാൽ ഗംഭീറിനും ഹൈദരാബാദ് കിരീടം നേടിയാൽ കമിൻസിനും ആകും ക്രെഡിറ്റ് കിട്ടുക. കൊൽക്കത്തയുടെ മനസിറിഞ്ഞ ഷാരൂഖ് ഖാൻ, ലഖ്‌നൗവിൽ നിന്ന് ഗൗതം ഗംഭീറിനെ റാഞ്ചിയത് കൃത്യമായ കണക്കുകൂട്ടലോടെയാണെന്ന് ഇപ്പോൾ വ്യക്തമാകുന്നു.

കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കൊൽക്കത്ത തീരുമാനങ്ങളെടുക്കാനുള്ള പൂർണ സ്വാതന്ത്യം ഗംഭീറിന് നൽകി. കാലം കഴിഞ്ഞെന്ന് പരിഹസിക്കപ്പെട്ട സുനിൽ നരെയ്‌നും ആന്ദ്രേ റസലും കൊൽക്കത്തയുടെ കുതിപ്പിന് ഊർജ്ജമാകുമ്പോൾ അത് ഗംഭീറിന്റെ വിജയമാണ്. നരെയ്‌നെ ഓപ്പണറായി പരീക്ഷിച്ചത് വൻ വിജയമായപ്പോൾ ഫിനിഷറുടെ റോളിലും നിർണായക ബൗളിങ് ചേഞ്ചറായും റസൽ ടീമിന് കരുത്തായി.

രണ്ട് വ്യത്യസ്ത ഫ്രാഞ്ചൈസികളെ ഐപിഎൽ ഫൈനലിലെത്തിച്ച ശ്രേയസ് അയ്യറെന്ന നായകൻ ഗംഭീർ എന്ന ഉപദേഷ്ടാവിന് പിന്നിൽ അപ്രസക്തനാകുകയാണ് ഇപ്പോൾ. കാരണം കൊൽക്കത്തയുടെ ടീം ലൈനപ്പിലടക്കം കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് ഗംഭീറാണ് എന്നതാണ് വസ്തുത.

2012ലും 2014ലും നായകനായി കൊൽക്കത്തയെ ഐപിഎൽ ചാംപ്യന്മാരാക്കിയ ഗംഭീർ, ഇന്നും വിജയിച്ചാൽ ഇന്ത്യൻ ടീം മുഖ്യ പരിശീലക സ്ഥാനവും ഏറെക്കുറെ ഉറപ്പിക്കും. അഹമ്മദാബാദിൽ ഇന്ത്യയെ നിശബ്ദരാക്കുമെന്ന വാക്ക് പാലിച്ചതിന് ശേഷം പാറ്റ് കമിൻസ് തിരിഞ്ഞുനോക്കിയിട്ടില്ല. ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ ഓസ്‌ട്രേലിയയെ ലോക ചാംപ്യന്മാരാക്കിയ കമിൻസ് ട്വന്റി 20 ഫോർമാറ്റിന് കൊള്ളാത്തവൻ എന്ന ചീത്തപ്പേര് മാറ്റിക്കഴിഞ്ഞു.

രണ്ട് മാസത്തിനിടെ രാജസ്ഥാനെതിരായ ക്വാളിഫയറിൽ ഷഹബാസ് അഹമ്മദിനെ ഇംപാക്ട് പ്ലെയർ ആക്കിയതടക്കം നിർണായക തീരുമാനങ്ങൾ എടുത്തത് പരിശീലകൻ ഡാനിയേൽ വെട്ടോറിയെങ്കിലും സൺറൈസേഴ്‌സ് കമിൻസിന്റെ ടീമായി മാറിക്കഴിഞ്ഞു. ആദം ഗിൽക്രിസ്റ്റിനും ഡേവിഡ് വാർണറിനും ശേഷം ഹൈദരാബാദിലേക്ക് ഐപിഎൽ കിരീടം എത്തിക്കുന്ന നായകനാകാൻ കമിൻസിനായാൽ ലോകകപ്പിനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് കൂടി ഊർജ്ജമാകും ആ നേട്ടം. 2014ൽ ഗംഭീറിന്റെ ക്യാപ്റ്റൻസിയിൽ കിരീടം നേടിയ കൊൽക്കത്ത ടീമിൽ കമ്മിൻസും ഉണ്ടായിരുന്നു എന്നത് മറ്റൊരു കൗതുകം


2023-ൽ പാറ്റ് കമിൻസെന്ന തന്ത്രജ്ഞനായ നായകനു കീഴിൽ ഓസ്ട്രേലിയ രണ്ട് ഐ.സി.സി. ടൂർണമെന്റുകളിലാണ് ചാമ്പ്യന്മാരായത്. ഏകദിന ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുമാണ് അവ. ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ കമിൻസിനു കീഴിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്.

എത്തുന്നിടത്തെല്ലാം പൊന്നു വിളയിക്കുന്ന ക്യാപ്റ്റനായി കമിൻസ് ഇതിനകംതന്നെ മാറി. ചരിത്രത്തിൽ ഒരുവർഷത്തിനിടെ രണ്ട് ഐ.സി.സി. കിരീടങ്ങൾ നേടിയ ഒരേയൊരു ക്യാപ്റ്റൻ കമിൻസേയുള്ളൂ. കളിയോടുള്ള സമീപനം ഓസ്ട്രേലിയയെ വ്യത്യസ്തമാക്കുന്നുവെന്നാണ് കമിൻസിന്റെ പക്ഷം. ഐ.സി.സി. മത്സരങ്ങളിൽ ഭാഗ്യഘടകമെന്നത് ഒഴിവാക്കാനാവത്തതാണ്. ഫൈനലിനെ സാധാരണ മത്സരംപോലെ കാണാൻ ശ്രമിക്കുക. അതേസമയം മത്സരത്തിൽ തങ്ങൾ ചെയ്യുന്നതെന്തെന്ന് എന്നെന്നും ഓർത്തിരിക്കണമെന്ന കാര്യവും പരിഗണിക്കുന്നു.

'ഒരു ഐ.സി.സി. കിരീടം നേടുക എന്നതിൽ ഭാഗ്യഘടകം ഒഴിച്ചുകൂടാനാവാത്തതാണ്. ഫൈനലിലെ സമ്മർദമകറ്റാൻ ഞങ്ങൾ കുറെ സമയം ചെലവഴിക്കുന്നു. അതേസമയംതന്നെ ജീവിതത്തിൽ തിരിഞ്ഞുനോക്കുമ്പോൾ വളരെക്കാലം ഓർത്തിരിക്കാൻ പറ്റുന്നതും അന്ന് ആഗ്രഹിച്ച രീതിയിൽ കളിക്കാൻ കഴിഞ്ഞെന്ന് ഉറപ്പുവരുത്തുന്നതുമായ മത്സരമായിരിക്കണം. ഒരു ഫൈനലിന്റെ ആത്മവിശ്വാസം അടുത്തതിലേക്ക് കൊണ്ടുപോകുന്നതിൽ ഞങ്ങൾ കുറച്ച് വിജയിക്കാറുണ്ട്'-കമിൻസ് പറഞ്ഞു. ഇതേ വിജയരഹസ്യം ഇന്ന് ഹൈദരാബാദിനായി പുറത്തെടുത്താൻ കമിൻസ് തന്നെയാകും ഈ ഐപിഎൽ സീസണിലെ യഥാർഥ നായകൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP