Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

ഞാൻ എഫ് കെ എച്ച് എ ഇടുക്കി ജില്ല പ്രസിഡന്റ് അനിമോൻ ജയകൃഷ്ണൻ അയ്യപ്പൻ നായർ; വോയ്സ് മേസേജ് ഇടുന്നത് എറണാകുളം റിനൈസൻസ് ഹോട്ടലിൽ നിന്നും; ശബ്ദരേഖയിലുള്ളത് സർക്കാരിനെ വെട്ടിലാക്കും വെളിപ്പെടുത്തൽ; അനിമോനെതിരെ കേസെടുക്കാൻ സർക്കാർ

ഞാൻ എഫ് കെ എച്ച് എ ഇടുക്കി ജില്ല പ്രസിഡന്റ് അനിമോൻ ജയകൃഷ്ണൻ അയ്യപ്പൻ നായർ; വോയ്സ് മേസേജ് ഇടുന്നത് എറണാകുളം റിനൈസൻസ് ഹോട്ടലിൽ നിന്നും; ശബ്ദരേഖയിലുള്ളത് സർക്കാരിനെ വെട്ടിലാക്കും വെളിപ്പെടുത്തൽ; അനിമോനെതിരെ കേസെടുക്കാൻ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ എന്ന സംഘടനയുടെ ഇടുക്കി ജില്ല പ്രസിഡന്റ് കൂടിയായ അനിമോൻ ജില്ലയിലെ ബാറുടമകൾ ഉൾപ്പെടുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത സന്ദേശം ഏറെ ചർച്ചയാണ്. ബാർ കോഴയുടെ രണ്ടാം പതിപ്പിലേക്ക് കാര്യങ്ങളെത്തുകായണ്. അന്വേഷണത്തിന് കേന്ദ്ര ഏജൻസികളെ എത്തിക്കാൻ ബിജെപിയും ശ്രമിക്കും. അതിനിടെ വിഷയത്തിൽ സംസ്ഥാന സർക്കാർ തന്നെ അന്വേഷണത്തിന് ഉത്തരവിടും.

ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരു ബാർ ഹോട്ടലുടമ നൽകേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോൻ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിർദ്ദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് വാട്‌സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. ഡ്രൈ ഡെ ഒഴിവാക്കൽ, ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നത്. ഇത് സർക്കാരിന് എതിരാകാതിരിക്കാൻ കരുതൽ എടുക്കും. അതിന് വേണ്ടി കൂടിയാകും പൊലീസ് കേസെടുക്കുക.

സംസ്ഥാന സർക്കാരിന്റെ പേരിൽ പണപ്പിരിവിന് ശ്രമിച്ചതിന്റെ പേരിൽ അനിമോനെ പ്രതിയാക്കി പൊലീസ് കേസെടുത്തേക്കും. മദ്യ നയത്തിന്റെ പേരിൽ നിയമവിരുദ്ധ പണപിരിവായി ഇതിനെ സർക്കാർ ആരോപിക്കും. ഈ അന്വേഷണത്തിലൂടെ വിമർശനങ്ങളുടെ മുനയൊടിക്കാനാണ് ശ്രമം. സിബിഐ അന്വേഷണം അടക്കമുള്ള ആവശ്യം പ്രതിപക്ഷം ഉന്നയിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതിനിടെ അനിമോന്റെ ശബ്ദ സന്ദേശത്തിന്റെ പൂർണ്ണ രൂപം പുറത്തു വന്നു. ഇത് ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്ത് മദ്യനയത്തിൽ ഇളവ് വരുത്തുന്നതിന് പകരമായി ബാർ ഉടമകളിൽ നിന്നും പണപ്പിരിവ് ആവശ്യപ്പെട്ട ഫെഡറേഷൻ ഓഫ് കേരള ബാർ ഹോട്ടൽസ് ഇടുക്കി ജില്ലാ പ്രസിഡന്റിനെ തള്ളി അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ രംഗത്തു വന്നിരുന്നു.

പിരിക്കാൻ പറഞ്ഞത് അസോസിയേഷൻ കെട്ടിട നിർമ്മാണത്തിനുള്ള ലോൺ തുകയാണെന്നാണ് പ്രസിഡന്റിന്റെ വാദം. അനുകൂലമായ മദ്യനയത്തിന് വേണ്ടിയാണ് പണപ്പിരിവെന്ന് പുറത്തു വന്ന ഓഡിയോയിൽ കൃത്യമായി പറയുന്നുണ്ടെങ്കിലും, ഇത് തള്ളിയ സുനിൽ കുമാർ, പുതിയ സംഘടന രൂപീകരിക്കാൻ ശ്രമിച്ച അനിമോനെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നുവെന്നും പ്രതികരിച്ചു. എന്നാൽ സംഘടനയുടെ യോഗ അജണ്ട പുറത്തു വന്നു. അതിൽ മദ്യനയം അടക്കം ചർച്ചയിലുണ്ട്.

അനിമോന്റെ ശബ്ദ സന്ദേശത്തിന്റെ പൂർണരൂപം:

'പ്രിയപ്പെട്ട എഫ്.കെ.എച്ച്.എ (ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ) ഇടുക്കി ജില്ല മെമ്പേഴ്‌സിന്റെ ശ്രദ്ധക്ക്... ഞാൻ എഫ്.കെ.എച്ച്.എ ഇടുക്കി ജില്ല പ്രസിഡന്റ് അനിമോൻ ജയകൃഷ്ണൻ അയ്യപ്പൻ നായർ. വോയ്‌സ് മേസേജ് ഇടുന്നത് എറണാകുളം റിനൈസൻസ് ഹോട്ടലിൽ നിന്നാണ്.

എഫ്.കെ.എച്ച്.എ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മീറ്റിങ് നടക്കുകയാണ്. അതിൽ പ്രസിഡന്റ് വളരെ കൃത്യമായി പല കാര്യങ്ങൾ പറഞ്ഞു. പുതിയ പോളിസി ഇലക്ഷൻ കഴിഞ്ഞാൽ വരുന്നതാണ്. ഒന്നാം തീയതിയിലെ ഡ്രൈഡേ എടുത്തുകളയും. സമയത്തിന്റെ കാര്യങ്ങളൊക്കേ കഴിഞ്ഞ ജനറൽ ബോഡി മീറ്റിങ്ങിൽ പറഞ്ഞിരുന്നതാണ്. അപ്പോൾ ഇതൊക്കെ ചെയ്ത് തരുന്നുണ്ടെങ്കിൽ നമ്മൾ കൊടുക്കേണ്ട കാര്യങ്ങൾ കൊടുക്കണം. അതിനാരും ഇതുവരെ ഇടുക്കി ജില്ലയിലെ ഇത്രയും ഹോട്ടലുകളിൽ നിന്ന് ഒരു ഹോട്ടൽ സ്‌പൈസ് ഗ്രൂപ്പ് ഹോട്ടൽസ്, അണക്കര ഒഴിച്ച് ബാക്കിയാരും 2.5 ലക്ഷം രൂപ തന്നിട്ടില്ലെന്ന വിവരം എല്ലാവരെയും അറിയിക്കുകയാണ്. എല്ലാവരും കൊടുക്കാം, ഗ്രൂപ്പ് ആയിട്ടുള്ളവർ കൊടുക്കും, അവിടെ കൊടുത്തു ഇവിടെ കൊടുത്തു എന്നൊക്കെ പറയുന്നത് ഫേക്ക് വാർത്തയാണ്.

ആരും എവിടെയും കൊടുത്തിട്ടില്ല. വലിയൊരു ഗ്രൂപ്പ് കൊടുത്തുവെന്ന് പറയുന്നത് ആകെ 4 ലക്ഷം രൂപയാണ്. ഇതിന്റെ കണക്ക് പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് നിന്ന് മൊത്തം മൂന്നിലൊന്ന് കളക്ഷനാണ് കിട്ടിയത്. നമ്മൾ കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. ആരുമായിട്ടും ആർക്കും മറ്റ് ബന്ധങ്ങളൊന്നും തന്നെയില്ല. അതു കൊണ്ട് 2.5 ലക്ഷം രൂപ വീതം കൊടുക്കാൻ പറ്റുന്നവർ രണ്ട് ദിവസത്തിനകം ഗ്രൂപ്പിൽ ഇടുക. നിങ്ങളുടെ 10 പൈസക്ക് പോലും കണക്ക് കൃത്യമായി ബോധിപ്പിക്കും. വിശ്വാസമില്ലാത്തവർ അവരുടെ ഇഷ്ടം പോലെ ചെയ്യുക.

ഇതൊന്നും കൊടുക്കാതെ എല്ലാ കാര്യങ്ങളും ചെയ്യാമെന്ന് പറഞ്ഞ് പലരും വന്നതായിട്ട് പ്രസിഡന്റ് പറഞ്ഞു. അങ്ങനെയുള്ളവരുടെ കൂടെ കൂടി ആ രീതിയിൽ പോവുക. നമ്മൾ സഹകരിച്ചില്ലെങ്കിൽ വലിയ നാശത്തിലേക്കാണ് ഇത് പോകുന്നത്. ഇതെല്ലാവരോടും നേരത്തെ അറിയിച്ചെന്നേയുള്ളൂ. ഇത് പണ്ടത്തെ അവസ്ഥയിൽ വന്ന് കഴിഞ്ഞാൽ... നമ്മളെല്ലാം അതിനെ കുറിച്ച് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. ഇത്രയും പറഞ്ഞുകൊണ്ട് നിർത്തുന്നു. എല്ലാവരും അഭിപ്രായങ്ങൾ അറിയിക്കണം.'

അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാറിന്റെ വാക്കുകൾ

സംഘടനയുടെ പ്രസിഡന്റായി 7 വർഷമായി ഞാൻ തുടരുകയാണ്. ആദ്യമായാണ് ഇങ്ങനെ ഒരു ആരോപണം ഉയരുന്നത്. ഒന്നാം പിണറായി സർക്കാർ വന്നപ്പോഴാണ് പൂട്ടിയ ബാറുകൾ തുറന്നത്. ആ സമയത്ത് നിവധി പ്രശ്‌നങ്ങളുണ്ടായി. അപ്പോഴൊന്നും ഒരു ചർച്ചയും ഉണ്ടായിട്ടില്ല. അപ്പോഴല്ലേ ചർച്ചയുണ്ടാകേണ്ടിയിരുന്നത്. തിരുവനന്തപുരത്ത് സംഘടനക്ക് ഓഫീസ് കെട്ടിടം വാങ്ങാൻ നേരത്തെ തീരുമാനിച്ചിരുന്നു. അതിനെ എതിർക്കുന്ന ആളുകളുണ്ട്. അനിമോൻ ഇതിലൊരാളാണ്. കെട്ടിടം വാങ്ങാനുള്ള കാലാവധി 30 ന് കഴിയും 4 കോടിയാണ് പിരിച്ചത്. ബാക്കി പണം എക്‌സി ക്യൂട്ടീവ് അംഗങ്ങൾ ലോൺ ആയി തരാൻ പറഞ്ഞു. ഇടുക്കി ജില്ലയിൽ നിന്നാണ് പിരിവ് കുറവ്. ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ ഇക്കാര്യത്തെ കുറിച്ചാണ് പറഞ്ഞത്.

അനിമോനും കൊല്ലത്തുള്ള ആൾക്കാരും ചേർന്ന് മറ്റൊരു സംഘടന രൂപീകരിക്കാൻ ശ്രമിച്ചു. ഇതിനായി സമാന്തര പ്രവർത്തനം നടക്കുന്നുണ്ട്. ഇന്നലെ അനി മോനെ സസ്‌പെന്റ് ചെയ്തിരുന്നു. അതിന് ശേഷം യോഗത്തിൽ നിന്നും പുറത്ത് പോയതിന് ശേഷമാണ് ഓഡിയോയിട്ടത്. ഡ്രൈ ഡേ മാറ്റണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. പുറത്ത് വന്നത് അനിമോന്റെ ശബ്ദം ആണോയെന്ന് ഉറപ്പില്ല. 650 അംഗങ്ങളുള്ള സംഘടനയായിരുന്നിട്ടും കെട്ടിടം വാങ്ങുന്നതിനായി നാലര കോടിയേ പിരിച്ചുള്ളൂ.

സസ്‌പെൻസ് ചെയ്യപ്പെടുന്നവർക്ക് എന്തും പറയാം. ഒരു സംഘടനയും പണം ആവശ്യപ്പെട്ടിട്ടില്ല. വ്യക്തിപരമായി ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ആർക്ക് പണം കൊടുക്കണം? സർക്കാരിന് തനിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. അതിൽ വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.മുൻ കൂട്ടി നിശ്ചിച്ച പ്രകാരമുള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും തെരെഞ്ഞെടുപ്പ് സമയത്ത് ഫണ്ട് പിരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP