Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

കണ്ണൂരിലെ ബാറിലും പെട്രോൾ പമ്പിലും കള്ളനോട്ട് കണ്ടെത്തിയ സംഭവം; പ്രതി ഷിജുവിനെ പിടികൂടിയത് ബാറിലെ സിസി ടിവി പരിശോധിച്ച്; ഷിജുവിന് കള്ളനോട്ട് നൽകിയത് ഡ്രൈവിങ് സ്‌കൂൾ അദ്ധ്യാപിക ശോഭ; ഇവർ കേസിലെ മുഖ്യകണ്ണിയെന്ന് പൊലീസ്

കണ്ണൂരിലെ ബാറിലും പെട്രോൾ പമ്പിലും കള്ളനോട്ട് കണ്ടെത്തിയ സംഭവം; പ്രതി ഷിജുവിനെ പിടികൂടിയത് ബാറിലെ സിസി ടിവി പരിശോധിച്ച്; ഷിജുവിന് കള്ളനോട്ട് നൽകിയത് ഡ്രൈവിങ് സ്‌കൂൾ അദ്ധ്യാപിക ശോഭ; ഇവർ കേസിലെ മുഖ്യകണ്ണിയെന്ന് പൊലീസ്

അനീഷ് കുമാർ

 കണ്ണൂർ : കണ്ണൂർ നഗരത്തിലെ കാൽടെക്‌സിലെ ബാറിൽ കള്ളനോട്ട് പിടിച്ച സംഭവത്തിൽ കേസിലെ പ്രതിയായ യുവതി വടക്കെമലബാറിലെ കള്ള നോട്ടു സംഘത്തിന് നേതൃത്വം നൽകിയെന്ന വ്യക്തമായ സൂചന നൽകി പൊലിസ്. ഡ്രൈവിങ് സ്‌കൂളിന്റെ മറവിൽ ഇവർ വ്യാപകമായി കള്ളനോട്ടു വിതരണം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. കാസർകോടും കർണാടകയിലും ഇവർക്ക് കള്ള നോട്ടു സംഘങ്ങളുമായി ബന്ധങ്ങളുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.

ചപ്പാരപ്പടവ് പാടിയോട്ടുചാൽ സ്വദേശിനി പിപി ശോഭ (45)യെയാണ് കഴിഞ്ഞ ദിവസം കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കേസിൽ പയ്യന്നൂർ സ്വദേശി ഷിജു(36)അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഷിജു വിന് യുവതിയാണ് കള്ളനോട്ട് നൽകിയതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച കണ്ണൂർ തെക്കീബസാറിലെ ബാറിൽ മദ്യപിച്ച ശേഷം ബില്ലടയ്ക്കാൻ കള്ളനോട്ട് നൽകിയതിനെ തുടർന്നാണ് പ്രവാസിയായ ഷിജു പിടിയിലായത്. 2,562 രൂപ ബിൽത്തുകയിൽ 500 രൂപയുടെ അഞ്ച് കള്ളനോട്ടുകളും 100 രൂപയും ബിൽ ഫോൾഡറിൽ വെച്ച് കടന്നുകളയുകയായിരുന്നു. ബാർ ജീവനക്കാരന്റെ പരാതിയിൽ സിസിടിവി അടക്കം പരിശോധിച്ചാണ് ഷിജുവിനെ പൊലീസ് പിടികൂടുന്നത്.

ഇയാളുടെ പക്കൽ നിന്നും 500 രൂപയുടെ അഞ്ച് കള്ളനോട്ടുകളും പൊലീസ് കണ്ടെത്തിയിരുന്നു. മെക്കാനിക്കായ തനിക്ക് വർക്ക്ഷോപ്പിൽ നിന്ന്കിട്ടിയ കൂലിയാണെന്നാണ് ആദ്യം ഇയാൾ പൊലീസിനോട് പറഞ്ഞത്. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് നൽകിയത് ശോഭയാണെന്ന് സമ്മതിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം ചപ്പാരപ്പടവ് പാടിയോട്ടുചാലിലെ പെട്രോൾപമ്പിൽ നിന്ന് വാഹനത്തിൽ ഇന്ധനം നിറച്ചശേഷം ശോഭ 500രൂപ നൽകിയിരുന്നു. പമ്പ് ജീവനക്കാരന് സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇവരെ ചീമേനി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കണ്ണൂരിൽ നിന്ന് പിടിച്ച കള്ളനോട്ടുമായി ഇവർക്ക് ബന്ധമുണ്ടെന്ന് ബോധ്യപ്പെട്ടത്.

ഇതേ തുടർന്ന് ശോഭയുടെ പാടിയോട്ടുചാലിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 500 രൂപയുടെ കള്ളനോട്ടും നിരോധിച്ച 2,000, 1,000 രൂപയുടെ നോട്ടുകളും കണ്ടെടുത്തു. കിടപ്പുമുറിയിലുണ്ടായിരുന്ന പ്രിന്ററും, ലാപ്‌ടോപ്പും കസ്റ്റഡിലെടുത്തു. ഇവർ കാസർകോട് ജില്ലയിൽ ഡ്രൈവിങ് സ്‌കൂൾ നടത്തുന്നതായും വിവരം ലഭിച്ചു. കുറെനാളായി കുടുംബവുമായി പിണങ്ങി താമസിക്കുകയാണെന്ന് പൊലിസ് പറഞ്ഞു. കാസർകോട്, മംഗളൂരു, എന്നിവനടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളനോട്ട്‌സംഘത്തിന്റെ താവളങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP