Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202418Saturday

ഇന്ദിരയുടെ കാലത്ത് ധീരേന്ദ്ര ബ്രഹ്മചാരി; സഞ്ജയ് ഗാന്ധിയുടെ രുക്സാന; റാവുവിന്റെ ചന്ദ്രസ്വാമി; 2ജിക്കാലത്തെ നീരാ റാഡിയ; കരുണാകരന്റെ പിച്ച ബഷീറും പാവം പയ്യനും; ഇപ്പോൾ ശിവനെപ്പോലും പാപിയാക്കുന്ന ദല്ലാൾ നന്ദകുമാറും; ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന ദല്ലാളുമാരുടെ കഥ

ഇന്ദിരയുടെ കാലത്ത് ധീരേന്ദ്ര ബ്രഹ്മചാരി; സഞ്ജയ് ഗാന്ധിയുടെ രുക്സാന; റാവുവിന്റെ ചന്ദ്രസ്വാമി; 2ജിക്കാലത്തെ നീരാ റാഡിയ; കരുണാകരന്റെ പിച്ച ബഷീറും പാവം പയ്യനും; ഇപ്പോൾ ശിവനെപ്പോലും പാപിയാക്കുന്ന ദല്ലാൾ നന്ദകുമാറും; ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന ദല്ലാളുമാരുടെ കഥ

എം റിജു

കൊണാർക്ക് ബലരാമൻ! രഞ്ജിപണിക്കർ-ജോഷി- മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ പ്രജ എന്ന ചിത്രത്തിൽ, ഷമ്മി തിലകൻ അവതരിപ്പിച്ച ഒരു രാഷ്ട്രീയ പിമ്പിന്റെ പേരാണ് അത്. സ്വന്തം പെങ്ങളെ കൂട്ടിക്കൊടുത്തതിന്റെ പേരിൽ നേതാവ് 'യു ഹാവ് എ ബ്രേവ് ഹാർട്ട്, വൺ ഡേ യു ലീഡ് ഇന്ത്യ' എന്ന് അഭിനന്ദിച്ച ഒരു റോയൽ പിമ്പ്. സിനിമയിറങ്ങിയകാലത്ത്, അത്രയൊന്നും മലീമസമല്ലാത്ത കേരള രാഷ്ട്രീയത്തിൽ ഈ കഥാപാത്രം അതിശയോക്തിയായിരുന്നു. എന്നാൽ ഇന്ന് കേരള രാഷ്ട്രീയത്തിന്റെ ഇടവഴികളിലെല്ലാം, ഇത്തരം ദല്ലാളന്മാരെയും, കിരീടംവെച്ച കൂട്ടിക്കൊടുപ്പുകാരെയും കാണാൻ കഴിയും!

രാഷ്ട്രീയ കേരളം ഒരു ദല്ലാളിന്റെ വാക്കുകൾക്കായി കാതോർത്ത ദിവസങ്ങളാണ് കടന്നുപോയത്. ദല്ലാൾ നന്ദകുമാർ എന്ന പേരിൽ അറിയപ്പെടുന്ന ടി ജി നന്ദകുമാർ, മുഖ്യമന്ത്രി പിണറായിയുടെ ഭാഷയിൽ ശിവനെപ്പോലും പാപിയാക്കുന്നവനാണ്. ബിജെപിയിൽ ചേക്കേറാനായി ഇ പി ജയരാജനുവേണ്ടി ചരട്വലി നടത്തിയത്തൊട്ട്, പ്രമുഖരുടെ എത്രയോ കഥകൾ ഈ ദല്ലാളിന് പറയാനുണ്ട്. പക്ഷേ ചരിത്രം പരിശോധിച്ചാൽ, കേരള രാഷ്ട്രീയം മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തിലും ഇങ്ങനെ ഒരുപാട് അവതാരങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അവർ ഒരു ഒളിയും മറയുമില്ലാതെ പ്രത്യക്ഷപ്പെടുന്നുവെന്ന് മാത്രം.

ഇന്ദിരയുടെ സ്വന്തം ബ്രഹ്മചാരി

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ദല്ലാൾ എന്ന വിശേഷണത്തിന് അർഹനാവുന്നത്, ഇന്ദിരാഗാന്ധി ഭരണകാലത്ത് അധികാരത്തിന്റെ ഇടനാഴിയിലെ സജീവ സാന്നിധ്യമായ ധീരേന്ദ്ര ബ്രഹ്മചാരിയായിരുന്നു. ഇന്ത്യൻ റാസ്പുട്ടിൻ, പറക്കും യോഗി തുടങ്ങി വിശേഷണങ്ങൾ നിരവധിയുണ്ടായിരുന്നു ഈ ബ്രഹ്മചാരിക്ക്. ആറടി ഒരിഞ്ച് ഉയരം, വെളുത്ത് നീണ്ടുമെലിഞ്ഞ സുമുഖനായ, അരോഗദൃഢഗാത്രൻ. വെളുത്ത നിറത്തിലുള്ള മസ്ലിൻ വസ്ത്രത്താൽ മേലാവരണം ചെയ്ത് സ്ത്രീകളുടെ ഹാൻഡ് ബാഗ് പോലുള്ള വെളുത്ത തുണിയിലുള്ള ബാഗുമായിട്ടായിരിക്കും പലപ്പോഴും യോഗി പ്രത്യക്ഷപ്പെടുന്നത്. ആകാശനീല ടൊയോട്ട കാറിൽ സഞ്ചരിച്ചിരുന്ന യോഗിക്ക് നിരവധി ആഡംബര കാറുകളും എയർ ക്രാഫ്റ്റുകളും സ്വന്തമായുണ്ടായിരുന്നു.

ബിഹാറിലെ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ധീരേന്ദ്ര ബ്രഹ്മചാരി പതിന്നാലാം വയസ്സിലാണ് വീടുപേക്ഷിച്ച് വാരാണസിയിലേക്ക് തിരിക്കുന്നത്. അവിടെവെച്ച് മഹർഷി കാർത്തികേയനിൽനിന്ന് യോഗാപാഠങ്ങൾ പഠിച്ച അദ്ദേഹം പിന്നീട് യോഗയുടെ പ്രചാരകനായി മാറി. ഇന്ദിരാഗാന്ധിയുടെ പേഴ്സൺൽ യോഗ ട്രെയിനർ ആയിട്ടാണ് അയാൾ നെഹ്റു കുടുംബത്തിൽ എത്തുന്നത്.

ധീരേന്ദ്രയെയും ഇന്ദിരയെയും ചേർത്ത് നിരവധി ഗോസിപ്പുകളാണ് അറുപതുകളുടെ തുടക്കം പുറത്തുവന്നത്. ഇന്ദിരയുടെ മുറിയിൽ തനിച്ച് കയറാൻ അനുവാദമുള്ള, ഏക പുരുഷനായിരുന്നു ധീരേന്ദ്ര ബ്രഹ്മചാരിയെന്ന് 'ഇന്ദിര- ലൈഫ് ഓഫ് ഇന്ദിര നെഹ്‌റു ഗാന്ധി' എന്ന ജീവചരിത്രത്തിൽ കാതറിൻ ഫ്രാങ്ക് പറയുന്നുണ്ട്. നെഹ്റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയും മലയാളിയുമായ എ ഒ മത്തായിയുടെ 1978-ൽ പുറത്തിറങ്ങിയ 'റമിനിസെൻസസ് ഓഫ് ദ നെഹ്രു എയ്ജിൽ' ഇക്കാര്യം പറയുന്നുണ്ട്. ഇതിനെ ഒഴിവാക്കിയ ഒരു അധ്യായം പിന്നീട് മനേകാഗാന്ധി, ഇന്ദിരയോടുള്ള പക വീട്ടാൻ അച്ചടിച്ച് വിതരണം ചെയ്യുകയുണ്ടായി.



ഇന്ദിരയെന്ന നേതാവിനൊപ്പം തന്നെ യോഗിയും വളർന്നു. അറുപതുകളുടെ തുടക്കത്തിൽ വാടകക്കെട്ടിടത്തിൽ യോഗ പരിശീലനം നൽകിയിരുന്ന യോഗിക്ക് അതേ റോഡിൽ ദേശീയ യോഗ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നതിനായി 3.3 ഏക്കർ ഭൂമിയാണ് അനുവദിക്കപ്പെട്ടത്. ഇത് എതിർത്തതിന്റെ പേരിൽ തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് ഇന്ദിര മാറ്റിയ കഥ മൂൻ പ്രധാനമന്ത്രി ഐ കെ ഗുജറാൾ തന്റെ ആത്മകഥയായ 'മാറ്റേഴ്‌സ് ഓഫ് സിഡ്‌ക്രെഷനി'ൽ എഴുതിയിട്ടുണ്ട്.
ഇന്ദിരയുടെ ഇളയമകൻ സഞ്ജയുമായും സുദൃഢമായ ബന്ധം വളർത്തിയെടുക്കാൻ ബ്രഹ്മചാരിക്ക് സാധിച്ചു. ഒരു സമയത്ത് സഞ്ജയുടെ നിഴലായി ധീരേന്ദ്ര മാറി. നിർബന്ധിത വന്ധ്യം കരണമടക്കമുള്ള സഞ്ജയുടെ എല്ലാ ക്രൂരമായ പദ്ധതികൾക്ക് പിറകിലും ഈ 'സന്യാസിയും' ഉണ്ടായിരുന്നു.

1980 ജൂൺ 23-ന് ധീരേന്ദ്രയുടെ എയർക്രാഫ്റ്റ് തകർന്ന വീണാണ് സഞ്ജയ് ഗാന്ധി മരിക്കുന്നത്. സഞ്ജയുടെ അകാലത്തിലുള്ള വേർപാട് ഇന്ദിരയ്ക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ധീരേന്ദ്രയിലുള്ള ഇന്ദിരയുടെ വൈകാരിക ആശ്രയത്വം അതോടെ വർധിച്ചു. യോഗിയുടെ നിർദ്ദേശമുനുസരിച്ച്, സമാധാനം കണ്ടെത്തുന്നതിനായി രാജ്യത്തെ നിരവധി ക്ഷേത്രങ്ങളിൽ അവർ സന്ദർശനം നടത്തി. രുദ്രാക്ഷമണിഞ്ഞു.

പക്ഷേ 77-ൽ അധികാരത്തിലെത്തിയ ജനത സർക്കാർ ധീരേന്ദ്രയെ വെള്ളം കുടിപ്പിക്കുക തന്നെ ചെയ്തു. അടിയന്തരാവസ്ഥ കാലത്ത് യു.എസിൽനിന്ന് ഇറക്കുമതി ചെയ്ത എയർക്രാഫ്റ്റുമായി ബന്ധപ്പെട്ടായിരുന്നു അത്. കസ്റ്റംസ് ഡ്യൂട്ടി അടച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ ആക്രമണം. ആ വിമാനത്തിലായിരുന്നു 77ലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഇന്ദിര ഗാന്ധി സഞ്ചരിച്ചിരുന്നത് എന്നുള്ളത് മറ്റൊരു കൗതുകം. നെഹ്‌റു കുടുംബത്തിൽനിന്ന് ധീരേന്ദ്ര നിഷ്‌കാസിതനാകുന്നത് രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തോടെയാണ്. ഇന്ദിര മരണപ്പെട്ടപ്പോൾ പോലും ധീരേന്ദ്രയെ രാജീവ് അടുപ്പിച്ചില്ല. ഇന്ദിരയുടെ മൃതദേഹം കിടത്തിയിരുന്നതിന് സമീപമെത്തിയ ധീരേന്ദ്രയെ രാജീവിന്റെ നിർദ്ദേശപ്രകാരം താഴേക്ക് മാറ്റി നിർത്തി.

സഞ്ജയിനെ പോലെ വിമാനം തകർന്നുവീണാണ് ധീരേന്ദ്ര ബ്രഹ്മചാരി മരണപ്പെടുന്നത്. 1994-ൽ മാന്തലായിയിലെ അപർണ ആശ്രമത്തിലേക്ക് യാത്ര തിരിച്ചതായിരുന്നു യോഗി. കാലാവസ്ഥ മോശമാണെന്ന് പൈലറ്റ് മുന്നറിയിപ്പു നൽകിയെങ്കിലും യാത്ര മാറ്റിവെക്കാൻ യോഗി തയ്യാറായില്ല. മാന്തലായിയിൽ വിമാനമിറക്കുന്നതിനിടയിൽ പൈൻ മരത്തിലിടിച്ചാണ് വിമാനം തകരുന്നത്.

സഞ്ജയ് ഗാന്ധിയുടെ സുൽത്താന

അടിയന്തരാവസ്ഥക്കാലത്ത് അധികാര കേന്ദ്രങ്ങളിലൊന്നായിരുന്ന, സഞ്ജയ് ഗാന്ധിയുടെ കാമുകിയായ റുക്സാന സുൽത്താന എന്ന മാദക സുന്ദരി. മുൻ മിസ് ഇന്ത്യയായ മനേകാഗാന്ധിയെ, സഞ്ജയ് പ്രണയിച്ചാണ് വിവാഹം കഴിച്ചതെങ്കിലും, റുക്സാന സുൽത്താനക്കൊപ്പമായിരുന്നു അദ്ദേഹം ഏറെ നേരവും ചെലവിട്ടത്. ഒരു വരേണ്യ മുസ്ലിം കുടുംബത്തിലാണ് റുക്സാന ജനിച്ചത്. പ്രശസ്ത ബോളിവുഡ് താരം ബീഗം പാര, റുക്സാനയുടെ മാതാവിന്റെ സഹോദരിയായിരുന്നു. നടി അമൃത സിങ് റുക്സാനയുടെ മകളാണ്. ഇത്തരം വരേണ്യ വിഭാഗങ്ങളെ മുന്നിൽ നിർത്തിയായിരുന്നു സഞ്ജയ് ഗാന്ധി ഡൽഹിയിൽ വന്ധ്യതാ പരിപാടി വിജയിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തിയത്.

്രാജ്യത്തിന്റെ വികസനത്തിന് തടസ്സമാകുന്നത് ജനങ്ങൾ കണക്കില്ലാതെ കുട്ടികളെ ഉണ്ടാക്കുന്നതാണെന്ന, തലതിരിഞ്ഞ സാമ്പത്തികശാസ്ത്രം എവിടെനിന്നോ കേട്ടറിഞ്ഞ സഞ്ജയ്, കുടുംബാസൂത്രണ പദ്ധതിക്ക് രൂപം നൽകി. ഡൽഹിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഈ ദൗത്യം സഞ്ജയ് വിശ്വസിച്ചേൽപ്പിച്ചത് രുക്സാന സുൽത്താനയെ ആയിരുന്നു. ഡൽഹിയിൽ മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന കേന്ദ്രമായ ജുമാ മസ്ജിദ് പരിസരങ്ങളിൽ 8000 പേരെ വന്ധ്യംകരിക്കാൻ അവർക്ക് കഴിഞ്ഞു.

ജുമാ മസ്ജിദിനു സമീപമായിരുന്നു സുൽത്താനയുടെ കുപ്രസിദ്ധമായ വന്ധ്യംകരണ ക്ലിനിക്ക്, ദുജാന ഹൗസ് നിലനിന്നിരുന്നത്. പണം നൽകാമെന്ന് പ്രലോഭിപ്പിച്ചും, റേഡിയോ പോലുള്ള വസ്തുക്കൾ നൽകിയുമെല്ലാം റുക്സാന കാര്യം നടത്തിയെന്നാണ് ചരിത്രം. രോഗികൾക്ക് വിദഗ്ധ ചികിത്സയ്ക്ക് ആശുപത്രിയിലേക്ക് പോകണമെങ്കിൽ വന്ധ്യംകരണം നടത്തിയ കടലാസ് കാണിക്കേണ്ട അവസ്ഥ പോലും ഉണ്ടായിരുന്നു. എണ്ണം തികക്കാൻ പലപ്പോഴും അവിവാഹിതരായ യുവാക്കളെപ്പോലും വന്ധ്യംകരണത്തിന് വിധേയമാക്കിയിരുന്നു!ദിവസവും വൈകീട്ട് സഞ്ജയ്ക്ക് തന്റെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് നൽകേണ്ടിയിരുന്നു. ഇതിനായി റുക്സാന സുൽത്താൻ സഞ്ജയ് ഗാന്ധിയെ ദിവസവും നേരിൽച്ചെന്ന് കണ്ടിരുന്നു. ഇതാണ് പിന്നീട് പ്രണയമായി മറിയത്.

ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിൽ നടന്ന സംഭവവത്തിലും സുൽത്താന ആരോപിതായി. വെറും 21 മാസങ്ങൾക്കിടയിൽ 70,000ത്തിലധികം പേരെയാണ് ഡൽഹിയിലെ ചേരികളിൽ നിന്ന് ഒഴിപ്പിച്ചത്. മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളെ ലക്ഷ്യമാക്കി സഞ്ജയ് ഗാന്ധി അയച്ച ബുൾഡോസറുകൾ നീങ്ങി. പ്രദേശവാസികൾ സ്ഥലത്തുണ്ടായിരുന്ന റുക്സാന സുൽത്താനയെ പോയി കണ്ടു. അവർ സഞ്ജയ് ഗാന്ധിയുമായുള്ള അടുപ്പം ഉപയോഗിച്ച് ബുൾഡോസറുകളെ തടയാമെന്ന് നാട്ടുകാർ കരുതി. എന്നാൽ, ഒരാഴ്ചയ്ക്കുള്ളിൽ 300 പേരെയെങ്കിലും വന്ധ്യംകരണത്തിന് എത്തിച്ചാൽ മാത്രമേ താൻ സഹായിക്കൂ എന്നതായിരുന്നു അവരുടെ നിലപാട്.

തുടർന്നുണ്ടായ വെടിവെപ്പിൽ എത്രപേർ മരിച്ചെന്ന കണക്ക് ഔദ്യോഗികമായി ഇനിയും ലഭ്യമല്ല. റുക്സാന തന്നെയാണ് ബുൾഡോസറുകൾ സ്ഥലത്തെത്തിച്ചതെന്നും അവരുടെ കാർമികത്വത്തിലാണ് ഇടിച്ചുനിരത്തൽ നടത്തിയതെന്നും, പിന്നീട് അനുഭവസ്ഥരുടെ സാക്ഷ്യങ്ങളുണ്ടായി. അടിയന്തിരാവസ്ഥയ്ക്കു പിന്നാലെ റുക്സാന സുൽത്താൻ സാമൂഹ്യപ്രവർത്തനങ്ങളിൽ നിന്ന് പൂർണമായി പിൻവാങ്ങി. പക്ഷേ അവർ ഒരിക്കലും സഞ്ജയ് ഗാന്ധിയെ തള്ളിപ്പറഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.

ചന്ദ്രസ്വാമിയെന്ന പവർ ബ്രോക്കർ

ഇന്ദിരാഗാന്ധിക്കുമേൽ ധീരേന്ദ്ര ബഹ്മചാരിക്കുണ്ടായിരുന്ന സ്വാധീനം പോയെ കുപ്രസിദ്ധമായിരുന്നു, ചന്ദ്രസ്വാമിക്ക് മൂൻ പ്രധാനമന്ത്രി നരസിംഹറാവുവിന് മേലുണ്ടായിരുന്ന സ്വാധീനം. ഹൈദരാബാദിൽ റാവു കോൺഗ്രസ് രാഷ്ട്രീയം കളിച്ചുതുടങ്ങിയ കാലത്താണ് ചന്ദ്രസ്വാമിയുമായുള്ള ബന്ധം തുടങ്ങുന്നത്.

1991- ൽ രാജീവ്ഗാന്ധി കൊല്ലപ്പെട്ടപ്പോൾ അധികാരമേറ്റ റാവു ഏതൊരു നിർണ്ണായക തീരുമാനമെടുക്കുന്നതിനു മുമ്പും ചന്ദ്രസ്വാമിയുടെ ഉപദേശം തേടിയിരുന്നു.ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്വർണം വിൽക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചെങ്കിലും പ്രധാനമന്ത്രി റാവു അന്നത്തെ ധനമന്ത്രി മന്മോഹൻസിങിനോട് ബ്രൂണൈ സുൽത്താനെ കാണാൻ ആവശ്യപ്പെട്ടു.പ്രത്യേക വിമാനം റെഡിയാണെന്നും ബ്രൂണൈയിൽ പോയി സുൽത്താനെ കണ്ടാൽ സാമ്പത്തിക സഹായം ഉറപ്പാണെന്നും റാവു മന്മോഹനോട് പറഞ്ഞു.ചന്ദ്രസ്വാമിയായിരുന്നു ഇതിന്റെ ഇടനിലക്കാരൻ.ബ്രൂണൈ സുൽത്താനുമായി അത്ര അടുത്ത ബന്ധമായിരുന്നു ചന്ദ്രസ്വാമിക്ക്.പക്ഷേ, മന്മോഹൻ ഇതിന് വഴങ്ങിയില്ല.ഒരു സുൽ്ത്താൻ വിചാരിച്ചാൽ തീരുന്ന പ്രശ്‌നമല്ലിതെന്ന് മന്മോഹൻ തറപ്പിച്ചു പറഞ്ഞു. അങ്ങനെയാണ് ചന്ദ്രസ്വാമിയുടെ ആ അജണ്ട നടക്കാതെ പോയത്.

ബാബറി മസ്ജിദ് പ്രശ്‌നത്തിൽ സംഘപരിവാറുമായുള്ള റാവവുവിന്റെ ഏറ്റവും ശക്തമായ കണ്ണി ചന്ദ്രസ്വാമിയായിരുന്നു. മസ്ജിദ് ഒരിക്കലും തകർക്കപ്പെടില്ലെന്നായിരുന്നു ചന്ദ്രസ്വാമി റാവുവിനോട് പറഞ്ഞിരുന്നത്. രാജീവ് ഗാന്ധികൊലക്കേസിൽ ജയിൻ കമ്മീഷൻ ചന്ദ്രസ്വാമിയെ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. ഈ പ്രതിസന്ധിയിലും ചന്ദ്രസ്വാമിയെ പിന്തുണച്ചത് റാവുവുമായുള്ള ബന്ധമായിരുന്നു.

ഇന്ത്യൻ വിദേശ മന്ത്രിയും നയതന്ത്ര പ്രതിനിധിയുമായിരുന്ന നട്വർ സിങ് എഴുതിയ '' സിംഹങ്ങൾക്കൊപ്പമുള്ള നടത്തം '' എന്ന ഗ്രന്ഥത്തിൽ ചന്ദ്രസ്വാമിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. 1975 ൽ ലണ്ടനിൽ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായിരിക്കെയാണ് നട്വർ ചന്ദ്രസ്വാമിയെ ആദ്യമായി കാണുത്.അന്ന് 25 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ചന്ദ്രസ്വാമിയുടെ ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് മാർഗരറ്റ് താച്ചറെ കൈയിലെടുത്ത കഥയാണ് നട്വർ എഴുതിയത്. നട്വർ ആയിരുന്നു ഇരുവർക്കും ഇടയിലെ ദിഭ്വാഷി.

ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ ശിപാർശയുമായി താച്ചറെ കാണാനത്തെയ സ്വാമി, വലിയൊരു കടലാസ്സെടുത്ത് അഞ്ച് കഷണങ്ങളാക്കി ചുരുട്ടി താച്ചർക്ക് കൊടുത്തി്ട്ട് ഓരോന്നിലും ഓരോ ചോദ്യമെഴുതി കൈയിൽ സൂക്ഷിക്കാൻ പറഞ്ഞു. തുടർന്ന് ഓരോന്നിലെയും ചോദ്യങ്ങൾ അയാൾ കാണാതെ പറഞ്ഞു. ഇന്ന് നമുക്ക് ഇത് സിമ്പിൾ മാജിക്കാണെന്ന് അറിയാം. പക്ഷേ താച്ചർ വീണുപോയി. ഇങ്ങനെയാണ് അയാൾ പലരെയും വീഴ്‌ത്തിയത്.

റാവു അധികാരമൊഴിഞ്ഞതോടെ ചന്ദ്രസ്വാമിയുടെയും നല്ല കാലത്തിന് അവസാനമായി.പിന്നീടങ്ങോട്ട് ഇടയ്‌ക്കൊക്കെ വാർത്തകളിൽ ഇടംപിടിച്ചിരുന്നതൊഴിച്ചാൽ സ്വാമിയുടെ ജീവിതം തിരശ്ശീലകൾക്ക് പിന്നിലായിരുന്നു. ഒടുവിൽ 66 ാമത്തെ വയസ്സിൽ അന്തരിക്കുകയും ചെയ്തു.

നീരാ റാഡിയ ടേപ്പ് വിവാദം

ഒന്നാം യുപിഎ സർക്കാറിന്റെ കാലത്തെ 2 ജി സപെക്ട്രം അഴിമതിക്കേസിലെ, ഇടനിലക്കാരിയായ നീരാ റാഡിയയുടെ സംഭാഷണങ്ങൾ ചോർന്നപ്പോഴുള്ള പുകിൽ ഇന്ത്യ മറന്നിട്ടുണ്ടാവില്ല. ആരെ മന്ത്രിയാക്കണം എന്നതുവരെ കോർപ്പറേറ്റുകൾ തീരുമാനിക്കുമെന്നത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. കെനിയയിൽ ജനിച്ച്, ലണ്ടനിൽ വിദ്യാഭ്യാസം നേടിയതുമായ കോർപ്പറേറ്റ് ലോബിയിസ്റ്റായ നീരാ റാഡിയ പിന്നീട് എയർലൈൻസ് കമ്പനിയുടെവരെ ഉടമമായി പ്രശസ്തയായി. റാഡിയ, മുതിർന്ന ചില പത്രപവർത്തകരും, രാഷ്ട്രീയക്കാരും, വ്യവസായികളുമായൊക്കെ നടത്തിയ ടെലിഫോൺ സംഭാഷണമാണ് ചോർന്നത്. 2008-09 വർഷത്തിലാസ് സംഭവം. ഡിഎംകെ മന്ത്രി എ രാജ അടക്കമുള്ളവർ സംഭവത്തിൽ പ്രതിക്കൂട്ടിലായി. ടാറ്റാ ടെലിസർവീസസ്,മുകേഷ് അമ്പാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് എന്നിവക്കുവേണ്ടിയാണ് നീര ലോബീയിങ്ങ് നടത്തിയത്.

2010 നവംബറിൽ ഓപ്പൺ മാഗസിനാണ് ടെലിഫോൺ സംഭാഷണത്തിന്റെ രേഖകൾ പുറത്തുകൊണ്ടുവന്നത്. ഇതിൽ ഉൾപ്പെട്ട പലരും ആരോപണങ്ങൾ നിഷേധിച്ചെങ്കിലും ടെലഫോൺ സംഭാഷണത്തിന്റെ 5,851 റേക്കോർഡുകൾ തങ്ങളുടെ പക്കലുണ്ടെന്ന് സിബിഐ. വെളിപ്പെടുത്തി. ടു ജി സ്പെക്ട്രം വില്പനയിൽ് ചില മാധ്യമപ്രവർത്തകരെ വശത്താക്കി ടെലികോം മന്ത്രിയായി രാജയെ നിയമിക്കുന്ന തീരുമാനത്തെ സ്വാധീനിക്കാൻ ശ്രമം നടത്തുന്നതും ഈ ടേപ്പിലൂടെ പുറത്തുവരികയുണ്ടായി. മുൻ ടെലികോം മന്ത്രി എ. രാജ, രാജ്യസഭാഗവും തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകളമായ കനിമൊഴി, ബർക്കാദത്ത് അടക്കമുള്ള മാധ്യമ പ്രവർത്തകർ, മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ രഞ്ജൻ ഭട്ടാചാര്യ, തുടങ്ങിയ പ്രമുഖർ ലോബീയിങ്ങ് കേസിൽ ആരോപിതരായി. കേസ് കുറേക്കാലം നീണ്ടെങ്കിലും എ രാജയടക്കമുള്ളവർ അവസാനം കുറ്റവിമുക്തർ ആവുകയാണ് ഉണ്ടായത്.

പിച്ച ബഷീറും പാവം പയ്യനും

കേരളത്തിലേക്ക് ദല്ലാൾ രാഷ്ട്രീയം കടന്നുവരുന്നത് ആശ്രിതവത്സലനായ കെ കരുണാകരനിലുടെയാണ്. 90-കളിൽ അങ്ങനെ ഉയർന്നുകേട്ട രണ്ടുപേരുകളാണ് പിച്ച ബിഷീറിന്റെയും, പാവം പയ്യൻ ആന്റോയുടെയും. നെടുമങ്ങാട് തൊളിക്കോട് സ്വദേശിയായ ബഷീർ കോൺഗ്രസ് അനുഭാവിയായിരുന്നു. വിദേശത്ത് ബിസിനസ് രംഗത്ത് ചുവടുറപ്പിച്ച അദ്ദേഹം കെ.കരുണാകരന്റെ ആരാധകനും അനുയായിയുമായിരുന്നു. കോൺഗ്രസ് ഗ്രൂപ്പിസം കൊടുമ്പിരികൊണ്ടിരുന്ന 1990-കളിൽ കരുണാകരന്റെ അടുപ്പക്കാരനെന്നനിലയിൽ ബഷീർ ശ്രദ്ധേയനായി. ബഷീറിന്റെ ബെൻസ് കാർ കരുണാകരൻ ഇടയ്ക്ക് ഉപയോഗിച്ചിരുന്നത് അധികാരകേന്ദ്രവുമായുള്ള അടുപ്പത്തിന്റെ അടയാളമായി കരുതപ്പെട്ടു. പാവം പയ്യൻ ആന്റോ, അംബാസിഡർ സുകുമാരൻ തുടങ്ങി കരുണാകരനുമായി അടുപ്പമുള്ള ആരാധകരിൽ ഒരാളായിരുന്നു പിച്ച ബഷീറും.

ഭരണത്തിന്റെ അകത്തളങ്ങളിലെ സ്വാധീനം അദ്ദേഹത്തിനു ശത്രുക്കളെയുമുണ്ടാക്കി. പല തീരുമാനങ്ങളിലും ബഷീറിന്റെ സ്വാധീനമുണ്ടെന്ന വ്യാഖ്യാനം വന്നു. ഇതിനിടെ മാർബിൾ, ഗ്രാനൈറ്റ് ബിസിനസിൽ പങ്കാളിയായിരുന്ന ഒരു ഇറ്റാലിയൻ വ്യവസായിയുമായുള്ള അഭിപ്രായവ്യത്യാസം കോടതി കേസുകളിൽ കലാശിച്ചു. ഈ കേസിൽ അദ്ദേഹത്തിന്റെ സ്വത്തുക്കൾ ജപ്തി ചെയ്യാൻവരെ ഉത്തരവുണ്ടായി. കരുണാകരന്റെ കുടുംബാംഗങ്ങൾക്കും ബിസിനസിൽ പങ്കാളിത്തമുണ്ടെന്ന ആരോപണം ഉയർന്നതും വിവാദങ്ങൾക്കിടയാക്കിയിരുന്നു. ക്രമേണ അദ്ദേഹം വാർത്തകളിൽനിന്നു പിൻവാങ്ങി. 2023-ൽ അദ്ദേഹം അന്തരിച്ചു.

അതുപോലെ മറ്റൊരു വിവാദകഥാപാത്രമായിരുന്നു പാവം പയ്യൻ ആന്റോ. പണ്ട് ഒരു ഡിസ്റ്റിലറിയോ മറ്റോ അനധികൃതമായി ആന്റോക്ക് അനുവദിച്ചതിന്റെ പ്രതികരം ചോദിപ്പപ്പോൾ കരുണാകരൻ 'അവൻ ഒരു പാവം പയ്യനാണെന്ന' മറുപടി പറഞ്ഞതാണ് വിവാദമായത്. 36 വർഷം കെ.കരുണാകരന്റെ പഴ്സനേൽ സ്റ്റാഫിൽ പ്രവർത്തിച്ച മുൻ കലക്ടർ പ്രേമചന്ദ്രക്കുറുപ്പ് തന്റെ 'ലീഡർക്കൊപ്പം മൂന്നര പതിറ്റാണ്ടെ'ന്ന പുസ്തകത്തിൽ ഇക്കാര്യം പറയുന്നുണ്ട്.

'കെ.കരുണാകരനൊപ്പം നിന്ന പലരും അദ്ദേഹത്തിന്റെ പേരും പെരുമയും ദുരുപയോഗം ചെയ്ത് വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ട്. അതിലേറെയും ലീഡർ അറിയാതെ ഒപ്പിച്ചവയാണ്. ഒരുപാടു വേലയും വേലവയ്പും നടത്തിയ ആളാണു ചാലക്കുടിക്കാരൻ ആന്റോ എന്ന പാവം പയ്യൻ. ചിലപ്പോൾ, ഷുഗർലോബിയുടെ ലെയ്സൻ ഓഫിസറാണെന്നാണയാൾ അവകാശപ്പെടുക. ആന്റോയുടെ തട്ടിപ്പും വെട്ടിപ്പും ലീഡർക്ക് അറിയില്ല എന്നു പറയാൻ കഴിയില്ല. മക്കളുമായുള്ള ബന്ധം കാരണം, ഇയാളെ പിണക്കാൻ കെ.കരുണാകരനു മടിയുണ്ടായിരുന്നു.

മക്കളോടുള്ള അമിതവാത്സല്യം കൊണ്ടു തന്നെ, അവരുടെ സുഹൃത്തുക്കളെ പിണക്കരുതെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. ആന്റോ പലപ്പോഴും ഡൽഹിയിലെ കേരള ഹൗസ് ഭരിക്കാൻ ശ്രമിച്ചിട്ടുണ്ട്. കേരള ഹൗസിലെ ജീവനക്കാരെ ആന്റോ ശാസിച്ചതു കണ്ട്, അയാളെ ഞാൻ പുറത്താക്കി. അന്നു മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്റെ സാന്നിധ്യത്തിലാണീ സംഭവം. പിച്ച ബഷീറിനോടും ഇതുപോലെ കടുപ്പത്തിൽ സംസാരിക്കേണ്ടി വന്നിട്ടുണ്ട്.''- പ്രേമചന്ദ്രക്കുറപ്പ് എഴുതുന്നു. കരുണാകരന്റെ പ്രശ്നം താൻ വിശ്വസിക്കുന്നവരെ തള്ളിപ്പറയില്ല എന്നതാണ്. ജയാറം പടിക്കലിനെ തള്ളിപ്പറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിന് നിഷ്പ്രയാസം രാജൻ കേസിൽനിന്നും, രമൺ ശ്രീവാസ്തവരെ ബലിയാടാക്കിയിരുന്നെങ്കിൽ ചാരക്കേസിൽനിന്നും അദ്ദേഹത്തിന് ഊരാമായിരുന്നു.പക്ഷേ ലീഡർ അത് ചെയ്തില്ല.

പിന്നീട് കേരളരാഷ്ട്രീയത്തിൽ, ഉമ്മൻ ചാണ്ടി-കുഞ്ഞാലിക്കുട്ടി യുഗത്തിലും, പി ശശിക്കാലത്തുമൊക്കെ പലതവണ ഇടനിലക്കാരുടെ പേരുകൾ ഉയർന്നുകേട്ടിട്ടുണ്ട്. പക്ഷേ അത് ഈ രീതിയിൽ എല്ലാം കെട്ടും വിട്ട് പരസ്യമായത് ഇപ്പോഴാണ്.

ശിവനെപ്പോലും പാപിയാക്കുള്ള ദല്ലാൾ

ഇപ്പോൾ കേരള രാഷ്ട്രീയത്തിലെ വിവാദങ്ങളെല്ലാം ചുറ്റിപ്പറ്റി മുന്നേറുന്നത് ദല്ലാൾ നന്ദകുമാർ എന്ന പേരിൽ അറിയപ്പെടുന്ന ടി ജി നന്ദകുമാറിനെ ചൊല്ലിയാണ്. ദുരൂഹതയുടെ ദല്ലാൾ എന്നായിരുന്നു പതിനൊന്ന്വർഷം മുമ്പ് ഇന്ത്യാ ടുഡെയുടെ ഒരു കവർ സ്റ്റോറിയിൽ, നന്ദകുമാർ എന്ന പത്താംക്ലാസും ഗുസ്തിയും മാത്രമുള്ള ഒരു സാധാരണ കുട്ടനാട്ടുകാരനിൽനിന്ന്, കേരള രാഷ്ട്രീയത്തിലെ പവർ ബ്രോക്കറായി വളർന്ന ആ മനുഷ്യനെ വിശേഷിക്കുന്നത്.

കഴിഞ്ഞവർഷം സോളാർ കേസിൽ മൂൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കുന്ന സിബിഐ റിപ്പോർട്ടിൽ നന്ദകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. സോളർ പരാതിക്കാരിയുടെ 19 പേജുള്ള കത്ത് പക്ഷേ ചാനലുകളിൽ എത്തിയപ്പോൾ 25 പേജായി വർധിച്ചു. പ്രമുഖ ചാനലിന് നൽകാനായി കൊടുത്ത 25 പേജുള്ള കത്തിലാണ് ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർത്തത്. അത്തരമൊരു ഗൂഢാലോചന പണം വാങ്ങി നടപ്പിലാക്കിയതാണ്. 50 ലക്ഷം രൂപ ദല്ലാൾ നന്ദകുമാർ ഇതിനായി കൈപ്പറ്റിയെന്നും റിപ്പോർട്ടിലുണ്ട്. ആർക്കുവേണ്ടിയാണ് താൻ ഈ പണി ചെയ്തതെന്ന് നന്ദകുമാർ വെളിപ്പെടുത്തിയിട്ടില്ല.

ആലപ്പുഴ നെടുമുടിയിലാണ് ടി.ജി നന്ദകുമാർ എന്ന ദല്ലാൾ നന്ദകുമാറിന്റെ ജനനം. 90കളുടെ അവസാനംവരെ ഇങ്ങനെ ഒരു വ്യക്തിയെക്കുറിച്ച് കേരളം കേട്ടിട്ടില്ല. പക്ഷേ സിപിഎം വിഭാഗീയത മൂർധന്യത്തിൽ എത്തിയ, 2000ത്തിനുശേഷമുള്ള കാലത്താണ് വിഎസിന്റെ അടുപ്പക്കാരൻ എന്ന നിലയിൽ അയാൾ അറിയപ്പെടുന്നത്. അതിന്മുമ്പുതന്നെ കൊച്ചിയിൽ ചിലർ കംപ്ലയിന്റ് കുമാർ എന്ന ഓമനപ്പേരിട്ട് വിളിച്ചിരുന്നു. ഇതിന് കാരണം, അഭിഭാഷകരും ജഡ്ജിമാരുമായുള്ള അദ്ദേഹത്തിന്റെ അടുപ്പമായിരുന്നു. ഒരു കേസ് വന്നാൽ അതിൽ ഏത് അഭിഭാഷകനെ കാണണം എന്നത് അടക്കമുള്ള കൃത്യമായ ഉപദേശം നന്ദകുമാറിന്റെ ഭാഗത്തുനിന്ന് കിട്ടും. ഇവിടെ മാത്രമല്ല, അങ്ങ് സുപ്രീംകോടതിയിൽ വരെയുണ്ട് പിടി. ഹൈക്കോടതി ചീഫ്ജസ്റ്റിസും, സുപ്രീംകോടതി ജഡ്ജിമാരും അഭിഭാഷകരും തൊട്ട് വക്കീൽ ഓഫീസിലെ ഗുമസ്തന്മാർവരെ നന്ദകുമാറിന്റെ സുഹൃത്തുക്കൾ ആണ്. ബിസിനസ് ക്ലാസിൽ വിവാനത്തിൽ സഞ്ചരിച്ചാണ് ഇയാൾ ജഡ്ജിമാർ അടക്ണകുള്ള ഉന്നതരെ പരിചയപ്പെടുന്നത്.

കംപ്ലയിന്റ് കുമാർ ദല്ലാൾ നന്ദകുമാർ ആയി മാറുന്നത് സിപിഎം വിഭാഗീയതയുടെ പശ്ചാത്തലത്തിലാണ്. അച്യുതാനന്ദന്റെ വ്യവഹാര ദല്ലാൾ എന്ന നിലയിലാണ് നന്ദകുമാർ പിൽക്കാലത്ത് വാർത്തകളിലും സിപിഎമ്മിലെ ആഭ്യന്തര ചർച്ചകളിലും ഇടംപിടിച്ചത്. ലാവ്‌ലിൻ കേസിലും, ഇടമലയാർ കേസിലുമൊക്കെ കോടതി വിധികളിൽ ഇയാളുടെ സ്വാധീനം കൃത്യമായി ആരോപിക്കപ്പെട്ടു. പിണറായി വിജയനെ കുടുക്കാൻ വി എസ് നന്ദകുമാറിന്റെ സഹായം തേടിയതായി ആരോപിക്കുന്ന സിപിഎം അന്വേഷണക്കമ്മിഷൻ റിപ്പോർട്ട് വലിയ വിവാദമാണ് ഉണ്ടാക്കിയത്. അങ്ങനെ പിണറായി പക്ഷം ഇട്ടപേരാണ് ദല്ലാൾ എന്നത്. ലാവ്ലിൻ കേസ് സിബിഐക്ക് വിടാനുള്ള അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി കെ ബാലിയുടെ ഉത്തരവിന് പിന്നിൽ നന്ദകുമാറിന്റെ സ്വാധീനമാണ് പണറായി പക്ഷം ആരോപിക്കുന്നത്. പക്ഷേ ജസ്റ്റിസ് ബാലിയെ അറിയാമെന്നത് നന്ദുകുമാർ നിഷേധിക്കുന്നില്ല. ബാലിയുടെ മകൻ പുനീത് ബാലിയുടെ സുഹൃത്തിന്റെ സുഹൃത്ത് വഴിയാണ് ഈ ബന്ധം എന്നും അദ്ദേഹം ഏഷ്യനെറ്റ് അഭിമുഖത്തിൽ പറയുന്നു.

അമ്പരിപ്പിക്കുന്നതാണ് നന്ദകുമാറിന്റെ ബന്ധങ്ങൾ. കടുത്ത കോർപ്പറേറ്റ് വിരുദ്ധത പുലർത്തുന്ന വിഎസിന്റെയും, ശതകോടീശ്വരനായ അംബാനിയുടെയും, അദാനിയുടെയും ഒരുപോലെ സുഹൃത്താണ് അയാൾ. ആദ്യമായി നന്ദകുമാർ കൺസൾട്ടന്റ് ജോലി ചെയ്തത് റിലയൻസിനുവേണ്ടിയാണ്. റിലയൻസ് ഫ്രഷിന്റെ ഔട്ട് ലെറ്റുകൾ കേരളത്തിൽ തുടങ്ങാൻ തീരുമാനിച്ചപ്പോൾ, അതിനുള്ള പൊളിറ്റിക്കൽ തടസ്സങ്ങൾ നീക്കാൻ അംബാനി ഗ്രൂപ്പ് കൺസൾട്ടന്ററായി വെച്ചത് നന്ദകുമാറിനെയാണ്. അത് വിജയമായി. പലരും ശ്രമിച്ചിട്ടും നടക്കാത്ത കാര്യം നന്ദകുമാർ പുഷ്പം പോലെ നടത്തി. ചെറുകിട വ്യാപരികളുടെയും വ്യവസായികളുടെയും എതിർപ്പ് അവഗണിച്ച്, റിലയൻസ് കേരളത്തിൽ എമ്പാടും ഔട്ട്ലെറ്റുകൾ തുറന്നു. സിപിഎമ്മിന്റെ കുത്തക വിരുദ്ധ ബഹളങ്ങളെല്ലാം, നന്ദകുമാറിന് മുന്നിൽ മുങ്ങിപ്പോയി.

അതിനൊടുവിലാണ് വിഴിഞ്ഞം തുറമുഖ പദ്ധതി വരുന്നത്. ഇതിലേക്ക് അദാനിയെ കൊണ്ടുവന്നതിലും പദ്ധതിക്കെതിരെ ഉയർന്നുവരാനിടയുള്ള എതിർപ്പുകൾ നിർവീര്യമാക്കിയതിലുമെല്ലാം നന്ദകുമാറിന്റെ പങ്ക് ഉയർന്ന് കേട്ടിരുന്നു. അദാനിയെ അന്നത്തെ പ്രതിപക്ഷ നേതാവ് ആയിരുന്നു വിഎസിന്റെ വീട്ടിൽ എത്തിച്ചത് നന്ദകുമാർ ആയിരുന്നു. അദാനി കാറിൽനിന്ന് ഇറങ്ങിയപ്പോൾ, ആലിംഗനം ചെയ്താണ് നന്ദകുമാർ സ്വീകരിച്ചത്. നേരത്തെ ഐസ്‌ക്രീം കേസിൽനിന്ന് കുഞ്ഞാലിക്കുട്ടിയെ ഊരിയെടുക്കാനായും നന്ദകുമാർ ഇടപെട്ടതായി ആക്ഷേപമുണ്ട്.

കഴിഞ്ഞവർഷം തന്നെ, ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിച്ചതിന്റെ പേരിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വിവാദത്തിലായി. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ ഔദ്യോഗിക പ്രതിനിധി കെ വി തോമസും ഇ പിക്ക് ഒപ്പമുണ്ടായിരുന്നു. പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ പങ്കെടുക്കാതെ, എന്തിന് ഇ പി ഇവിടെയെത്തി എന്ന ചോദ്യങ്ങളെല്ലാം വിവാദമായി. പ്രാഞ്ചിയേട്ടൻ സിനിമയിൽ നടൻ ബാലചന്ദ്രൻ ചുള്ളിക്കാട് അവതരിപ്പിച്ച, ഇടനിലക്കാരന്റെ വേഷം പോലെയുള്ള ഒരു ചിത്രമാണ് നന്ദകുമാറിനെ മൊത്തം വിലയിരുത്തുമ്പോൾ കിട്ടുക. ചത്തീസ്ഗഡ് ചീഫ് ജസ്റ്റിസന്റെ ഗുരുവായൂരിലെ തുലാഭാരവും, ശ്രീലങ്കൻ മന്ത്രിയുടെ കോട്ടക്കലിലെ ആയുർവേദ ചികിത്സയുമൊക്കെ വല്ലാത്ത സാദൃശ്യങ്ങളാണ്! ഇത്തരം തരികിടയുമായി ദല്ലാളായി നടക്കുന്നത് നന്ദകുമാർ മാത്രമല്ല. ഉന്നതർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കിക്കൊടുക്കുന്ന, ഒരുതരം 'റോയൽ പിമ്പുമാർ' നമ്മുടെ നാട്ടിൽ വേറയും ഒരുപാടുണ്ട്. ശരിക്കും അവരാണ് നമ്മുടെ ഭരണയന്ത്രം തിരിക്കുന്നതും.

വാൽക്കഷ്ണം: മുമ്പൊക്കെ ദല്ലാൾമാരുടെ വാർത്തകൾ വരുമ്പോൾ ഇടതുപക്ഷം ഇതിൽനിന്നെല്ലാം വ്യത്യസ്തരാണ് എന്നാണ് പറയാറുണ്ടായിരുന്നത്. പക്ഷേ ഇപ്പോൾ, ലാവലിൻ കേസിൽ പിണറായി തന്നെ ബന്ധപ്പെട്ടുവെന്ന് പറഞ്ഞ് ദല്ലാൾ നന്ദകുമാർ വെല്ലുവിളിക്കയാണ്!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP