Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

പാവങ്ങളുടെ പെൻഷനും കുട്ടികളുടെ ഉച്ചക്കഞ്ഞിയുമല്ല, അഴിമതിയും ധൂർത്തുമാണ് പിണറായി സർക്കാരിന്റെ മുൻഗണന; ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 18 മാസത്തെ പെൻഷൻ മുടങ്ങിയെന്നത് പച്ചക്കള്ളം; നിയമസഭയിൽ ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞത് സിപിഎം കള്ളക്കഥ: സഭയിൽ ആഞ്ഞടിച്ചു വി ഡി സതീശൻ

പാവങ്ങളുടെ പെൻഷനും കുട്ടികളുടെ ഉച്ചക്കഞ്ഞിയുമല്ല, അഴിമതിയും ധൂർത്തുമാണ് പിണറായി സർക്കാരിന്റെ മുൻഗണന; ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 18 മാസത്തെ പെൻഷൻ മുടങ്ങിയെന്നത് പച്ചക്കള്ളം; നിയമസഭയിൽ ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞത് സിപിഎം കള്ളക്കഥ: സഭയിൽ ആഞ്ഞടിച്ചു വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് അമ്പത് ലക്ഷത്തോളം പേർക്ക് സാമൂഹിക ക്ഷേമപെൻഷൻ ലഭിക്കാത്ത പശ്ചാത്തലത്തിൽ നിയമസഭയിൽ ഈ വിഷയമാണ് ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ, സർക്കാർ അനുമതി നിഷേധിക്കുകയും ചെയ്തു. അഞ്ച് മാസമായി സമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നില്ലെന്ന വിഷയത്തിലാണ് പി.സി വിഷ്ണുനാഥ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പെൻഷൻ ലഭിക്കാതെ ചക്കിട്ടപ്പാറയിൽ ഭിന്നശേഷിക്കാരനായ ജോസഫ് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് വിഷയം നിയമസഭയിൽ ഉന്നയിച്ചത്. പെൻഷൻ കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചശേഷമാണ് ജോസഫ് ആത്മഹത്യ ചെയ്തത എന്നത് അടക്കമുള്ള വിഷയങ്ങൾ പരാമർശിച്ചു കൊണ്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ സംസാരിച്ചത്.

പെൻഷൻ കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചശേഷമാണ് ജോസഫ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്കുള്ള കാരണം മരുന്നിന്റെ കുറിപ്പടിയിൽ എഴുതിവച്ചിട്ടിട്ടും ആത്മഹത്യയ്ക്ക് കാരണം സർക്കാർ അല്ലെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യമന്ത്രി പറയുന്നതെന്ന് സതീശൻ ചോദിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്ത് ഒരു വർഷം 28000 രൂപ കിട്ടിയതിനാൽ ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലായിരുന്നെന്ന് പറയുന്നതിൽ എന്ത് വസ്തുതയാണുള്ളത്. ആത്മഹത്യാ കുറിപ്പിന്റെ ആധികാരികതയെ കുറിച്ചാണ് പൊലീസ് ഇപ്പോഴും അന്വേഷിക്കുന്നത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യയെ കുറിച്ച് ധനകാര്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.

അഞ്ച് മാസം പെൻഷൻ നൽകാത്തതിൽ ഒരു കുഴപ്പവും ഇല്ലെന്ന തരത്തിലാണ് മന്ത്രി സംസാരിക്കുന്നത്. പെൻഷൻ ലഭിക്കാത്തതിനാൽ മരുന്ന് പോലും വാങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് പാവങ്ങൾ. പെൻഷൻ കിട്ടാത്തതിനെ തുടർന്ന് ഭിക്ഷാപാത്രവുമായി ഇറങ്ങിയ മറിയ ചേട്ടത്തിക്കെതിരെ തെറ്റായ വാർത്ത നൽകിയ ദേശാഭിമാനിക്ക് ഒടുവിൽ മാപ്പ് പറയേണ്ടി വന്നു. എന്നിട്ടും അവരെ സൈബർ ഇടങ്ങളിൽ ഇപ്പോഴും ആക്രമിക്കുകയാണ്. ഇതുതന്നെയാണ് ജോസഫിന്റെ കാര്യത്തിലും ആന്തൂരിലെ സാജന്റെ കാര്യത്തിലും ചെയ്തത്. മരിച്ചാലും നിങ്ങൾ വെറുതെ വിടില്ല. - സതീശൻ പറഞ്ഞു.

അഞ്ച് മാസമായി പെൻഷൻ നൽകാത്തവരാണ് പഴയ കണക്ക് പറയുന്നത്. 2016-ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മുടങ്ങിയ സാമൂഹിക സുരക്ഷാ പെൻഷൻ ബാധ്യത തീർക്കാൻ 806 കോടി രൂപ വേണ്ടി വന്നെന്നാണ് ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്ക് ധവളപത്രത്തിൽ പറഞ്ഞത്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പെൻഷൻ 400 രൂപയായിരുന്നെന്ന് ധനമന്ത്രി കെ.എം ബാലഗോപാൽ പറഞ്ഞതും തെറ്റാണ്. 1-4-2010- ൽ 300 രൂപയായിരുന്നു പെൻഷനെന്ന് ബാലഗോപാൽ തന്നെ നിയമസഭയിൽ ചോദ്യത്തിന് മറുപടി നൽകിയിട്ടുണ്ട്. 2011- ൽ വി എസ് സർക്കാരിന്റെ അവസാന ബജറ്റിൽ പെൻഷൻ 400 രൂപയായി ഉയർത്തി.

പക്ഷെ തൊട്ടുപിന്നാലെ അധികാരത്തിലെത്തിയ ഉമ്മൻ ചാണ്ടി സർക്കാരാണ് ആ പണം നൽകിയത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പെൻഷൻ തുക 2013 ൽ 500 രൂപയും 2014-ൽ 600 രൂപയായും വർധിപ്പിച്ചു. 80 വയസിന് മുകളിലുള്ളവർക്ക് 1100 രൂപയും 1200 രൂപയുമാക്കി. അച്യുതാനന്ദൻ സർക്കാർ 16 ലക്ഷം പേർക്ക് പെൻഷൻ നൽകിയപ്പോൾ ഉമ്മൻ ചാണ്ടി സർക്കാർ 35 ലക്ഷം പേർക്കാൻ പെൻഷൻ നൽകിയത്. ക്ഷേമനിധി പെൻഷനുകൾ കൂടി കൂട്ടിയാൽ അത് 44 ലക്ഷമാകും.

ഉമ്മൻ ചാണ്ടി സർക്കാർ 18 മാസം പെൻഷൻ മുടങ്ങിയെന്നാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ മാതൃഭൂമി പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ 2014 നവംബർ മുതൽ 2015 ജനുവരി വരെയുള്ള മൂന്ന് മാസത്തെ പെൻഷൻ കുടിശികയുണ്ടായിരുന്നെന്നാണ് ധനമന്ത്രിയായിരുന്ന തോമസ് ഐസക് നിയമസഭയിൽ നൽകിയ ഉത്തരത്തിൽ പറയുന്നത്. പെൻഷൻ മുടങ്ങാനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ഡി.ബി.റ്റി സംവിധാനത്തിൽ ഗുണഭോക്താക്കളുടെ വിവരങ്ങൾ രേഖപ്പെടുത്താത്തതും തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയതും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങളും കാരണമാണ് പെൻഷൻ മുടങ്ങിയത്.

സർക്കാർ പണം നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളാലാണ് പെൻഷൻ ലഭിക്കാതിരുന്നതെന്നാണ് തോമസ് ഐസക് വിശദീകരിച്ചത്. 806 കോടിയായിരുന്നു ആ കുടിശിക. 18 മാസത്തെ പെൻഷൻ മുടങ്ങിയെന്നത് ഗീബൽസിയൻ മോഡലിൽ സിപിഎം ഉണ്ടാക്കിയ നരേറ്റീവാണ്. ഇത് ഭരണപക്ഷത്തെ എംഎ‍ൽഎമാർ പോലും വിശ്വസിച്ചിരിക്കുകയാണ്. ഒരു നുണ ആയിരം വട്ടം ആവർത്തിച്ച് പറഞ്ഞാൽ സത്യമായി മാറുമെന്നു കരുതി നിങ്ങൾ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണ് ഇന്ന് നിയമസഭയിൽ ഇടിഞ്ഞുവീണത്- പ്രതിപക്, നേതാവ് ചൂണ്ടിക്കാട്ടി.

ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങാൻ പാടില്ലെന്ന് നിങ്ങൾ ഉത്തരവിറക്കി. അംശാദായം അടച്ചാണ് ക്ഷേമനിധി പെൻഷൻ വാങ്ങുന്നത്. സമൂഹിക സുരക്ഷാ പെൻഷൻ വേറെയല്ലെ? ഇളവുകൾ വരുത്തി ഞങ്ങൾ പരമാവധി പേരെ ഉൾപ്പെടുത്തിയപ്പോൾ നിങ്ങൾ ഒഴിവാക്കി. അന്ന് 600 രൂപയാണ് നൽകിയതെങ്കിൽ ഇപ്പോൾ 1600 രൂപയല്ലേ നൽകുന്നതെന്നാണ് മന്ത്രി ചോദിക്കുന്നത്. അത് ശരിയാണ്. അന്ന് അരി വില 28 രൂപയായിരുന്നത് ഇന്ന് 60 രൂപയായി. ഏഴര വർഷത്തിന് മുൻപുള്ള വിലയാണോ ഇന്ന് മരുന്നിനുള്ളത്. 200 മുതൽ 300 ശതമാനം വരെയാണ് വില വർധനവുണ്ടായത്. അങ്ങനെയെങ്കിൽ ഇ.എം.എസിന്റെ കാലം മുതൽക്കുള്ള കണക്ക് നോക്കാം. അന്നത്തെ കണക്കും ഇന്നത്തെ കണക്കും തമ്മിൽ താരതമ്യം ചെയ്യാനാകില്ല. അങ്ങനെയെങ്കിൽ എന്തിനാണ് ശമ്പള പരിഷ്‌ക്കരണ കമ്മീഷൻ വയ്ക്കുന്നത്. ഇ.എം.എസിന്റെ കാലത്ത് നൽകിയ ശമ്പളം നൽകിയാൽ പോരെ? ജീവിതച്ചെലവ് വർധിക്കുമ്പോൾ കാലാകാലങ്ങളിൽ പെൻഷനും ശമ്പളവും വർധിപ്പിക്കും. നിങ്ങളുടെ കാലത്ത് ഇത്രയെ നൽകിയുള്ളൂ, ഞങ്ങൾ കൂടുതൽ നൽകി എന്ന് പറയുന്നത് ശരിയല്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പ് ജയിക്കാൻ തോമസ് ഐസക്ക് പുറത്ത് നിന്ന് പണമുണ്ടാക്കി പെൻഷൻ നൽകി. അതിന്റെ പരിണിത ഫലമാണ് കെ.എൻ ബാലഗോപാൽ ഇപ്പോൾ അനുഭവിക്കുന്നത്. വരാനിരിക്കുന്ന സർക്കാരുകൾ ഇതിന്റെ ഫലം അനുഭവിക്കുമെന്ന് പ്രതിപക്ഷം അന്നേ മുന്നറിയിപ്പ് നൽകിയതാണ്. കിഫ്ബിയും പെൻഷൻ ഫണ്ടും ബജറ്റിന് പുറത്താണെങ്കിലും അന്തിമ ബാധ്യത ബജറ്റിലേക്ക് വരും. അന്ന് ഞങ്ങൾ നൽകിയ മുന്നറിയിപ്പ് ഇപ്പോൾ യാതാർത്ഥ്യമായിരിക്കുകയാണ്. സഞ്ചിത നിധിയിൽ നിന്നും പണമെടുത്ത് കടം വീട്ടേണ്ട അവസ്ഥയിലേക്ക് നിങ്ങൾ എത്തിയിരിക്കുകയാണ്.

കേരളീയം നടത്തിയത് ലോകം മുഴുവൻ ശ്രദ്ധിച്ചെന്നാണ് മുഖ്യമന്ത്രി അഭിമാനത്തോടെ പറയുന്നത്. ഓണാഘോഷം കഴിഞ്ഞ് രണ്ട് മാസം തികയുന്നതിന് മുൻപാണ് തുലാമാസത്തിൽ പണം ഇല്ലാത്ത കാലത്ത് കേരളീയം നടത്തിയത്. പെൻഷനും കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണത്തിനുമുള്ള പണവും നൽകണമെന്നതാണോ മഴക്കാലത്ത് കോടികൾ മുടക്കി കേരളീയം നടത്തണമെന്നതാണോ ഈ സർക്കാരിന്റെ മുൻഗണന? നിങ്ങൾ തന്നെയാണ് മുൻഗണന തീരുമാനിക്കേണ്ടത്. പെൻഷനോ കുഞ്ഞൾക്ക് ഭക്ഷണം നൽകുന്നതോ അല്ല നവകേരളവും കേരളീയവും നടത്തുകയെന്നതാണ് ഈ സർക്കാരിന്റെ മുൻഗണന. ധൂർത്തും അഴിമതിയുമാകരുത് സർക്കാരിന്റെ മുൻഗണന. ഭക്ഷണം കഴിക്കാനും മരുന്ന് വാങ്ങാനും പണമില്ലാത്ത 50 ലക്ഷത്തോളം പേർക്ക് നിങ്ങൾ പണം കൊടുക്കേ മതിയാകൂ. ഫെബ്രുവരി ആദ്യ ആഴ്ച പെൻഷൻ നൽകുമെന്ന് ഉറപ്പ് നൽകാൻ സർക്കാർ തയാറുണ്ടോ?- സതീശൻ ചോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP