Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202426Sunday

മുഖ്യമന്ത്രിയുടെ വസതിയിൽ നിതിൻ ഗഡ്കരി വിരുന്നുണ്ടില്ലേ അതിനെ ഞങ്ങൾ വിമർശിച്ചോ മസ്‌ക്കറ്റ് ഹോട്ടലിൽ ശ്രീ എമ്മുമായി മുഖ്യമന്ത്രി രഹസ്യ ചർച്ചനടത്തി; കുറച്ചുദിവസം കഴിഞ്ഞപ്പോൾ എമ്മിന് നാലേക്കർ എഴുതിക്കൊടുത്തു; പ്രേമചന്ദ്രനെതിരെ തിരിഞ്ഞ ഭരണപക്ഷത്തിന്റെ വായടപ്പിച്ചു സതീശൻ

മുഖ്യമന്ത്രിയുടെ വസതിയിൽ നിതിൻ ഗഡ്കരി വിരുന്നുണ്ടില്ലേ അതിനെ ഞങ്ങൾ വിമർശിച്ചോ മസ്‌ക്കറ്റ് ഹോട്ടലിൽ ശ്രീ എമ്മുമായി മുഖ്യമന്ത്രി രഹസ്യ ചർച്ചനടത്തി; കുറച്ചുദിവസം കഴിഞ്ഞപ്പോൾ എമ്മിന് നാലേക്കർ എഴുതിക്കൊടുത്തു; പ്രേമചന്ദ്രനെതിരെ തിരിഞ്ഞ ഭരണപക്ഷത്തിന്റെ വായടപ്പിച്ചു സതീശൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിയമസഭയിൽ എൻ കെ പ്രേമചന്ദ്രനെ ചൊറിഞ്ഞ ഭരണപക്ഷത്തിന്റെ വായടപ്പിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മറുപടി. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രിയങ്കരനും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിയെ മുഖ്യമന്ത്രി വിരുന്നിനു വിളിച്ചെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചത്. പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചതിന് ഭരണപക്ഷം എൻ.കെ. പ്രേമചന്ദ്രൻ എംപിയെ കുറ്റപ്പെടുത്തിയതിനുള്ള മറുപടിയായാണ് സതീശന്റെ വിമർശനം.

'2018 ജൂൺ 11-ന് മുഖ്യമന്ത്രിയുടെ വസതിയിൽ ഒരു അതിഥി ഉണ്ടായിരുന്നു. ആർഎസ്എസ് കാര്യാലയമുള്ള നാഗ്പുരിലെ എംപിയും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിയും കുടുംബവും. അതിനെ ഞങ്ങൾ വിമർശിച്ചോ ഗഡ്കരി കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് വന്നപ്പോൾ മുഖ്യമന്ത്രിയെ പരിചയമുള്ളതിനാൽ ഭക്ഷണം കഴിക്കാൻ വന്നു. അതിൽ ഞങ്ങൾ തെറ്റു കാണുന്നില്ല. എൻ .കെ പ്രേമചന്ദ്രനെതിരേ വിരൽചൂണ്ടുന്നവർ മറ്റു നാലുവിരലും സ്വന്തം നെഞ്ചിലേക്കാണെന്ന് ഓർക്കണം', വി.ഡി.സതീശൻ ഭരണപക്ഷത്തോടായി പറഞ്ഞു.

മസ്‌ക്കറ്റ് ഹോട്ടലിൽ ശ്രീ എമ്മുമായി മുഖ്യമന്ത്രി രഹസ്യ ചർച്ചനടത്തി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ എമ്മിന് നാലേക്കർ എഴുതിക്കൊടുത്തെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. പ്രധാനമന്ത്രിക്കൊപ്പം കാന്റീനിൽ വിരുന്നിൽ പങ്കെടുത്തതിന്റെ പേരിലാണ് പ്രേമചന്ദ്രനെതിരെ രൂക്ഷ വിമർശനുമായി പ്രതിപക്ഷം രംഗത്തുവന്നത്.

ഇതിനെതിരെ പ്രേമചന്ദ്രനും രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രിയോടും വിവിധ കക്ഷി എംപിമാരോടൊപ്പവും ഉച്ചഭക്ഷണം കഴിച്ചതിനെ വക്രീകരിച്ച് വ്യാജപ്രചാരണം നടത്തുന്ന സിപിഎം നിലപാട് ഹീനമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ പ്രതികരിച്ചിരുന്നു. എംപിമാർക്കുള്ള പൊതു സംവിധാനമാണ് പാർലമെന്റ് കാന്റീൻ. പരസ്യമായി പൊതു കാന്റീനിൽ ഭക്ഷണം കഴിച്ചത് ഇന്ത്യ മുന്നണിയെ ചതിക്കാനാണെന്ന് പറയുന്ന വ്യാഖ്യാനം രാഷ്ട്രീയ അപക്വതയാണ്. പാർലമെന്ററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തത്.

കൊല്ലം മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടർമാരെ ലക്ഷ്യമിട്ട് എളമരം കരീം നടത്തിയ പ്രസ്താവന സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. മോദിക്കൊപ്പമുള്ള ഉച്ചഭക്ഷണശേഷം മൂന്ന് മണിക്കൂർ കഴിഞ്ഞ് കേന്ദ്രസർക്കാറിന്റെ ധവളപത്രത്തിന് കാര്യകാരണസഹിതം നിരാകരണ പ്രമേയം അവതരിപ്പിച്ചു. കേന്ദ്രത്തിന്റെ ജനവിരുദ്ധ ന്യൂനപക്ഷ വിരുദ്ധ നടപടികൾക്കെതിരെ പ്രതികരിച്ചു. അത് കാണാതെയും കേൾക്കാതെയും പോയത് മോദി സർക്കാറിനെ വിമർശിക്കാനോ വിമർശിക്കുന്നത് കേൾക്കാനോ സിപിഎം പ്രതിനിധികൾ തയാറാകാത്തതുകൊണ്ടാണ്.

ധവളപത്രത്തിനെതിരെ പ്രതികരിക്കാനുള്ള അവസരം പോലും വിനിയോഗിക്കാതെ സംഘ്പരിവാർ സംഘടനയായ ബി.എം.എസിന്റെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം വിവാദമുണ്ടാക്കുന്നത് രാഷ്ട്രീയ മര്യാദകൾക്ക് വിരുദ്ധമാണെന്ന് സിപിഎമ്മും എളമരം കരീമും തിരിച്ചറിയണം. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചെന്നതല്ലാതെ അടച്ചിട്ട മുറിയിൽ ഗൂഢാലോചന നടത്തുന്ന സിപിഎം നിലപാട് സ്വീകരിച്ചിട്ടില്ല. ജയിച്ചത് ആർ.എസ്‌പി പ്രതിനിധിയായിട്ടാണ്. ആർ.എസ്‌പി ഇന്ത്യ മുന്നണി ഘടകകക്ഷിയാണ്. ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. അതനുസരിച്ച് തുടർന്നും പ്രവർത്തിക്കുമെന്നും എംപി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP