Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ഡൊമിനിക് മാർട്ടിനെ കളമശ്ശേരിയിലെത്തിച്ച് ചോദ്യം ചെയ്യുന്നു; ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു; സിസി ടിവി ദൃശ്യത്തിലെ നീല കാർ മാർട്ടിന്റേതല്ല; കൺവെൻഷൻ സെന്ററിലെത്തിയത് സ്‌കൂട്ടറിലെന്ന് സ്ഥിരീകരണം

ഡൊമിനിക് മാർട്ടിനെ കളമശ്ശേരിയിലെത്തിച്ച് ചോദ്യം ചെയ്യുന്നു; ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു; സിസി ടിവി ദൃശ്യത്തിലെ നീല കാർ മാർട്ടിന്റേതല്ല; കൺവെൻഷൻ സെന്ററിലെത്തിയത് സ്‌കൂട്ടറിലെന്ന് സ്ഥിരീകരണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യഹോവസാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പൊലീസിൽ കീഴടങ്ങിയ ഡൊമനിക് മാർട്ടിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കനത്ത പൊലീസ് സുരക്ഷയിൽ കളമശ്ശേരിയിൽ എത്തിച്ചാണ് ചോദ്യം ചെയ്യൽ. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ഡി.ജി.പി. ഷെയ്ഖ് ദർവേഷ് സാഹിബ്, ഇന്റലിജൻസ് എ.ഡി.ജി.പി. മനോജ് എബ്രഹാം, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ എന്നിവർ കളമശ്ശേരി എ.ആർ. ക്യാമ്പിലുണ്ട്.

ഉച്ചയോടെയാണ് ഇയാൾ തൃശ്ശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പ്രാഥമികമായി ഡൊമനിക് മാർട്ടിൻ പറയുന്നതിൽ കഴമ്പുണ്ടെന്ന് മനസിലായതിനെത്തുടർന്നാണ് ഇയാളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നത്. സ്ഫോടനം നടത്തിയത് താനാണെന്നും പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും പറഞ്ഞുകൊണ്ട് ഇയാൾ നേരത്തെ ഫേസ്‌ബുക്ക് ലൈവ് ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിന് മുമ്പായിരുന്നു. ഇയാളുടെ തമ്മനത്തെ വീട്ടിൽ പൊലീസെത്തി പരിശോധന നടത്തി. ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം രാവിലെ സ്‌ഫോടനത്തിൽ മരിച്ച സ്ത്രീയെ ഇനിയും തിരിച്ചറിഞ്ഞില്ല. മരിച്ച സ്ത്രീയുടെ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികായാണ്. അതേസമയം നേരത്തെ സിസിടിവി ദൃശ്യങ്ങളിൽ കണ്ട നീല കാർ മാർട്ടിന്റേത് അല്ലെന്നും കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ മാർട്ടിൻ എത്തിയത് സ്‌കൂട്ടറിലാണെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

സ്‌ഫോടനം നടത്തുന്നതിനായി രാവിലെ 9.40ഓടെ കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ ഡൊമിനിക് മാർട്ടിൻ എത്തിയത് സ്‌കൂട്ടറിലാണെന്നും ഇതേ സ്‌കൂട്ടറിലാണ് കൃത്യം നടത്തിയശേഷം ഇയാൾ തൃശ്ശൂരിലേക്ക് പോയി കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതെന്നും പൊലീസ് പറഞ്ഞു. കടവന്ത്ര സ്വദേശിയായ ഡൊമിനിക് തമ്മനത്താണ് നിലവിൽ താമസിക്കുന്നത്.

സ്‌ഫോടനം നടത്തിയ പ്രതി കാറിലാണ് പോയതന്ന സംശയത്തിൽ സിസിടിവി ദൃശ്യത്തിൽ പതിഞ്ഞ നീല കാർ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് നേരത്തെ പൊലീസ് അന്വേഷണം നടത്തിയിരുന്നത്. നീല കാറിനെക്കുറിച്ചാണ് വിശദമായി അന്വേഷിച്ചത്. മണലി മുക്ക് ജംഗ്ഷനിലെ സൂപ്പർ മാർക്കറ്റിലെ വീഡിയോ ദൃശ്യങ്ങളിലാണ് നീല കാറിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. 9.37 ന് കടന്നുപോയ നീല കാറിനെ കുറിച്ചായിരുന്നു അന്വേഷണം. എന്നാൽ, സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിനാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാൽ ഉപയോഗിച്ചിരുന്ന വാഹനം സ്‌കൂട്ടറാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളിലെ കാർ മാർട്ടിന്റേത് അല്ലെന്നും സ്ഥിരീകരിച്ചു. കൺവെൻഷൻ സെന്ററിൽ ഐഇഡി സ്ഥാപിച്ചശേഷം സ്റ്റേജിന്റെ പിറകുവശത്തുപോയശേഷമാണ് റിമോട്ട് ഉപയോഗിച്ച് ഇയാൾ സ്‌ഫോടനം നടത്തിയത്. സ്‌ഫോടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. സ്‌ഫോടനം നടത്തിയതിന് പിന്നാലെ സ്‌കൂട്ടറിൽ ഹൈവേയിലെത്തി തൃശ്ശൂർ ഭാഗത്തേക്ക് ഇയാൾ പോവുകയായിരുന്നു. തുടർന്ന് കൊടകര പൊലീസ് സ്റ്റേഷനിൽ സ്‌കൂട്ടറിലെത്തി താനാണ് സ്‌ഫോടനം നടത്തിയതെന്ന് വെളിപ്പെടുത്തുകയും ദൃശ്യങ്ങൾ കാണിക്കുകയുമായിരുന്നു. തൃശ്ശൂരിലേക്ക് പോകുന്നതിന് മുമ്പായാണ് ഇയാൽ ഫേയ്‌സ്ബുക്കിലൂടെ വീഡിയോ പുറത്തുവിട്ടത്.

അതേസമയം, സ്‌ഫോടക വസ്തു ഉണ്ടാക്കാൻ ആരെങ്കിലും സഹായം നൽകിയിട്ടുണ്ടോയെന്നത് ഉൾപ്പെടെയുള്ള മറ്റുകാര്യങ്ങളെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP