Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

വീണയുടെ സ്ഥാപനം ജി.എസ്.ടി അടച്ചോ എന്ന് ആർ.ടി.ഐക്ക് മറുപടി നൽകാതെ ജി.എസ്.ടി വകുപ്പ്; വ്യക്തികളുടെ സ്വകാര്യതയെ മാനിച്ചെന്ന് വിശദീകരണം; ഒരു വ്യക്തിയും കുടുംബവും നടത്തുന്ന കൊള്ളയ്ക്ക് എല്ലാ വകുപ്പുകളും കൂട്ടുനിൽക്കുന്നവെന്ന് മാത്യു കുഴൽനാടൻ

വീണയുടെ സ്ഥാപനം ജി.എസ്.ടി അടച്ചോ എന്ന് ആർ.ടി.ഐക്ക് മറുപടി നൽകാതെ ജി.എസ്.ടി വകുപ്പ്; വ്യക്തികളുടെ സ്വകാര്യതയെ മാനിച്ചെന്ന് വിശദീകരണം; ഒരു വ്യക്തിയും കുടുംബവും നടത്തുന്ന കൊള്ളയ്ക്ക് എല്ലാ വകുപ്പുകളും കൂട്ടുനിൽക്കുന്നവെന്ന് മാത്യു കുഴൽനാടൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ സ്ഥാപനമായ എക്‌സാലോജിക് ഐജിഎസ്ടി അടച്ചോ എന്ന ചോദ്യത്തിൽ മറുപടി നൽകാതെ ഒളിച്ചു കളിച്ചു ജിഎസ്ടി വകുപ്പ്. മുഖ്യമന്ത്രിയുടെ മകൾ കരിമണൽ കർത്തയുടെ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയ നടപടി കേരളത്തിലെ പൊതുസമൂഹത്തിൽ വിവാദമായിരിക്കവേയാണ് ഇതേക്കുറിച്ച് ജിഎസ്ടി വകുപ്പും നടപടി നല്കാതിരുന്നത്. ഇത് സംബന്ധിച്ച വിവരാവകാശ ചോദ്യത്തിൽ വ്യക്തിയുടെ സ്വകാര്യത മാനിച്ച് മറുപടി നൽകാൻ കഴിയില്ലെന്നാണ് ജിഎസ്ടി വകുപ്പിന്റെ വിശദീകരണം.

സ്ഥാപനം നികുതി അടച്ചോ ഇല്ലയോ എന്ന ചോദ്യത്തിനും മറുപടിയും നൽകുന്നില്ല. നികുതിപ്പണം സർക്കാരിന് കിട്ടിയോ എന്ന ചോദ്യത്തിനും മറുപടിയില്ല. ഐജിഎസ്ടിയിൽ മാത്യു കുഴൽനാടന്റെ പരാതിയിലെ അന്വേഷണവും എങ്ങുമെത്തിയില്ല. അതേസമയം സിഎംആർഎൽ വിഷയത്തിൽ ഒരു വ്യക്തിയും കുടുംബവും നടത്തുന്ന കൊള്ളയ്ക്ക് സർക്കാരിന്റെ എല്ലാ വകുപ്പുകളും കൂട്ടുനിൽക്കുന്ന അവസ്ഥയാണുള്ളതെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ പ്രതികരിച്ചു. വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നില്ല. ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ വേട്ടയാടുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.

'സിഎംആർഎൽ എന്ന കമ്പനി എക്സാലോജിക്കിനും വീണ വിജയനും നൽകിയ 1.72 കോടി എന്നത് അഡ്‌മിറ്റഡ് ട്രാൻസാക്ഷനാണ്. അത് സിപിഐഎമ്മോ വീണ വിജയനോ നിഷേധിച്ചിട്ടില്ല. അതിന് നികുതി അടച്ചിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞുവെങ്കിലും തെളിവ് കാണിക്കാൻ കഴിഞ്ഞില്ല. ജിഎസ്ടി അടച്ചാൽ പ്രശ്‌നം തീരുമല്ലോ എന്ന് തോമസ് ഐസക് പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ അത് അവസാനിക്കില്ല,' മാത്യു കുഴൽനാടൻ പറഞ്ഞു.

'മുൻകാല പ്രാബല്യത്തോടെ അമൻഡ് ചെയ്ത് ജിഎസ്ടി അടക്കാൻ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. അവർ കമ്പനിയും ജിഎസ്ടി നമ്പറും ക്ലോസ് ചെയ്തത് മൂലമാണ് അതിന് സാധിക്കാത്തത്. അതിന് പെർമിഷനൊക്കെ വാങ്ങിയാൽ സാധിക്കുമായിരിക്കും. അതിനാലാണ് നികുതി സെക്രട്ടറിയുടെ റിപ്പോർട്ട് വരാൻ വൈകുന്നത്. ഇതിന് പിന്നിലെ കൗശലം എന്തെന്നാൽ നികുതി അടച്ചുവെന്ന റിപ്പോർട്ട് നികുതി സെക്രട്ടറിയിൽ നിന്ന് വന്നാൽ എല്ലാ മാധ്യമങ്ങളും വീണ വിജയൻ നികുതി അടച്ചിരുന്നു എന്ന് പറയില്ലേ. അതാണ് അവർ ചെയ്യാൻ ഉദ്ദേശിക്കുന്നത്,' മാത്യു കുഴൽനാടൻ പറഞ്ഞു.

വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങൾക്ക് എന്തുകൊണ്ട് മറുപടി നൽകുന്നില്ല. ഈ അഡ്‌മിറ്റഡ് ട്രാൻസാക്ഷനിൽ നികുതി ലഭിച്ചോ എന്നതിന് എന്തുകൊണ്ട് മറുപടി പറയുന്നില്ല. വീണ വിജയന്റെ വ്യക്തിവിവരങ്ങൾ അല്ല ചോദിച്ചത്. അവിടെ അങ്ങേയറ്റം വികൃതമായ സർക്കാരിന്റെ മുഖമാണ് വ്യക്തമാക്കുന്നത്. എന്തിന് അഴിമതിക്കാരെ സംരക്ഷിക്കാൻ ഇത്രയേറെ തരം താഴുന്നു എന്നും മാത്യു കുഴൽനാടൻ ചോദിച്ചു.

വീണ വിജയന്റെ സ്ഥാപനം സിഎംആർഎല്ലിൽ നിന്നും വാങ്ങിയ 1.72 കോടിയുടെ ഐജിഎസ്ടി അടച്ചില്ലെന്നായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎയുടെ പരാതി. ആഗസ്റ്റിലാണ് മാത്യു കുഴൽനാടൻ പരാതി നൽകിയത്. കഴിഞ്ഞ 21 നാണ് ധനമന്ത്രി നികുതി വകുപ്പിന് പരാതി കൈമാറിയത്. വീണ വിജയന്റെ എക്‌സാലോജിക് കമ്പനി സിഎംആർഎല്ലിൽ നിന്നും സ്വീകരിച്ച 57 ലക്ഷം രൂപയിൽ 45 ലക്ഷം രൂപക്ക് മാത്രം നികുതി ഒടുക്കിയതായുള്ള രേഖ നേരത്തെ പുറത്ത് വന്നിരുന്നു.

ഐടി സേവന കമ്പനിയായ എക്‌സാലോജിക്കും കെഎംആർഎല്ലും തമ്മിൽ കൈമാറിയ 57 ലക്ഷം രൂപയുടെ സേവന നികുതി അടച്ചിട്ടുണ്ടൊയെന്ന പരിശോധനയിലാണ് ഇടപാടിന്റെ ആദ്യ ഘട്ടത്തിൽ എക്‌സാലോജിക് നികുതിയടച്ചതിന്റെ രേഖകൾ പുറത്തുന്നത്.
2017 ആഗസ്റ്റിനും 2018 ഒക്ടോബറിനുമിടയിൽ വീണയുടെ കമ്പനി 45 ലക്ഷം രൂപയുടെ ഇൻവോയ്‌സ് കെഎംആർഎല്ലിന് സിഎംആർഎല്ലിന് നൽകിയിട്ടുണ്ട്.

ഇതനുസരിച്ച് 45 ലക്ഷം രൂപയും ഇതിന്റെ 18 ശതമാനം നികുതിയുമടക്കം 53 ലക്ഷത്തി പതിനായിരം രൂപ എക്‌സാലോജിക്കിന് സിഎംആർഎൽ നൽകി. ഇൻവോയ്‌സ് പ്രകാരമുള്ള നികുതി തുകയായ 8 ലക്ഷത്തി പതിനായിരം രൂപ എക്‌സസാലോജിക് ഐജിഎസ് ടി അടച്ചതായും സെർവർ രേഖകൾ വ്യക്തമാക്കുന്നു. ഈ രേഖകൾ സിഎംആർഎല്ലിന്റെ 2 ബി ഫോമിലുമുണ്ട്. അതായത് 45 ലക്ഷം രൂപയുടെ 18 ശതമാനം നികുതിയടച്ച രേഖകൾ മാത്രമാണ് ഇപ്പോഴുള്ളത്. എന്നാൽ, ബാക്കി ഇടപാടുകളുടെ നികുതി രേഖകൾ ലഭ്യമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP