Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202416Thursday

പി.എം.എ സലാം പറഞ്ഞത് ജിഫ്രി തങ്ങളെ ഉദ്ദേശിച്ചല്ല; ലീഗ് സെക്രട്ടറിക്കെതിരെ സമസ്തയുടെ പരാതി കിട്ടിയിട്ടില്ല; തലയിരിക്കുമ്പോൾ വാലാടേണ്ട; സമസ്തയുടെ മസ്തിഷ്‌കം മുസ്‌ലീം ലീഗിനൊപ്പം; സമസ്തയിലെ വിമർശകർക്കെതിരെ പാണക്കാട് സാദിഖലി തങ്ങൾ

പി.എം.എ സലാം പറഞ്ഞത് ജിഫ്രി തങ്ങളെ ഉദ്ദേശിച്ചല്ല; ലീഗ് സെക്രട്ടറിക്കെതിരെ സമസ്തയുടെ പരാതി കിട്ടിയിട്ടില്ല; തലയിരിക്കുമ്പോൾ വാലാടേണ്ട; സമസ്തയുടെ മസ്തിഷ്‌കം മുസ്‌ലീം ലീഗിനൊപ്പം; സമസ്തയിലെ വിമർശകർക്കെതിരെ പാണക്കാട് സാദിഖലി തങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സമസ്തയിലെ മുസ്ലിംലീഗ് വിമർശകർക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ. മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാമിനെതിരെ സമസ്തയുടെ ഉത്തരവാദപ്പെട്ട നേതാക്കൾ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. തലയിരിക്കുമ്പോൾ വാലാടേണ്ടതില്ലെന്നും സമസ്തയുടെ മസ്തിഷ്‌കം മുസ്‌ലീം ലീഗിനൊപ്പമാണ് എന്നും അദ്ദേഹം തുറന്നടിച്ചു. പാണക്കാട്ടെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തങ്ങൾ.

ഇതാദ്യമായാണ് പാണക്കാട് സാദിഖലി തങ്ങൾ സമസ്തയിലെ തന്റെ വിമർശകർക്കെതിരെ ശക്തമായ ഭാഷയിൽ വിമർശനമുന്നയിക്കുന്നത്. തട്ട വിവാദവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയതങ്ങൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തി എന്നായിരുന്നു സമസ്തയിലെ ഒരു വിഭാഗം നേതാക്കളുടെ പരാതി.

മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ 'മുഖ്യമന്ത്രിയുടെ ഫോൺ കാൾ കിട്ടിയാൽ എല്ലാമായെന്ന് ചിന്തിക്കുന്ന ആളുകളും നമ്മുടെ സമുദായത്തിലുണ്ട്. സിപിഎമ്മിനോടുള്ള ഇവരുടെ സമീപനമെന്തെന്ന് അവർ പറയണം' എന്നായിരുന്നു സലാം നടത്തിയ പരാമർശം. എന്നാൽ പി.എം.എ സലാം ജിഫ്രി തങ്ങളെ ഉദ്ദേശിച്ചല്ല ഇതു പറഞ്ഞതെന്ന് സലാം വ്യക്തമാക്കിയതാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് മുസ്‌ലീം ലീഗിന് സമസ്ത നേതാക്കൾ ഒപ്പിട്ട കത്ത് നൽകി എന്ന് കഴിഞ്ഞ ദിവസം വാർത്തകൾ ഉണ്ടായിരുന്നു. കത്ത് ഉണ്ടെങ്കിൽ അത് നേരിട്ട് കൊണ്ടുവരികയാണല്ലോ മാധ്യമങ്ങൾക്ക് കൊടുക്കലല്ലല്ലോ രീതിയെന്നും സാദിഖലി തങ്ങൾ ചോദിച്ചു. സമസ്തയുടെ ഉത്തരവാദപ്പെട്ട നേതാക്കളുമായി നിരന്തരം ബന്ധപ്പെടാറുണ്ട്. ഇതു വരെ മുസ്‌ലീം ലീഗ് സെക്രട്ടറിക്കെതിരെ ഒരു പരാതിയും അവരാരും പറഞ്ഞിട്ടില്ല. ഒരു കാര്യം ഉറപ്പാണ്. സമസ്തയുടെ മസ്തിഷ്‌കം മുസ്‌ലീം ലീഗിനൊപ്പമാണ്- സാദിഖലി തങ്ങൾ പറഞ്ഞു.

സമസ്തയിലെ സിപിഎം അനുകൂലികൾക്കെതിരെ പാണക്കാട്ട് നിന്നുള്ള കടുത്ത വിമർശനമാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. ഇതേ നിലപാടായിരുന്നു നേരത്തെ പിഎംഎ സലാമും ഉന്നയിച്ചത്. സിഐ.സി ഉൾപടെ വിഷയങ്ങളിൽ പാണക്കാട് കുടുംബം സമസ്തയിലെ നവീകരണവാദികളെ അനുകൂലിക്കുന്നു എന്ന വിമർശനം മറുവിഭാഗത്തിനുണ്ട്. പല തരത്തിലുള്ള ഒളിയമ്പുകളും പാണക്കാട് കുടുംബത്തിനെതിരെ ഈ വിഭാഗം ഉന്നയിക്കാറുണ്ടെങ്കിലും പരസ്യമായി ഇതിനോടൊന്നും സാദിഖലി തങ്ങൾ പ്രതികരിക്കാറില്ല. ഇതിന് ഘടകവിരുദ്ധമായാണ് തങ്ങളുടെ പ്രതികരണം.

കണ്ണൂർ ധർമടത്ത് മുസ്‌ലീം ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി സമസ്തക്കെതിരെ നടത്തിയ പരാമർശവും പി.എം. സലാമിന്റെ മലപ്പുറത്തെ വാർത്താസമ്മേളനവും ചൂണ്ടിക്കാട്ടി എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് കോയ തങ്ങൾ, ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ജന. സെക്രട്ടറി വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, എസ്.വൈ.എസ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, സത്താർ പന്തല്ലൂർ തുടങ്ങി 21 നേതാക്കൾ ഒപ്പിട്ട പരാതിയാണ് ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലിതങ്ങൾക്ക് നൽകിയത് എന്നായിരുന്നു റിപ്പോർട്ടുകൾ. സമസ്ത നേതാക്കൾ തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP