Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

'ഇന്ത്യ ബിസിനസിന് റെഡി': ആഗോള വ്യവസായ ഭീമന്മാരിലേക്ക് സന്ദേശം എത്തിക്കുന്നതിൽ മോദി സർക്കാർ വൻവിജയം; 75000 കോടി ഇന്ത്യയിൽ നിക്ഷേപിക്കാൻ ഗൂഗിൾ; നിക്ഷേപം അടുത്ത ഏഴ് വർഷത്തിനിടെയെന്ന് പ്രധാനമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം സുന്ദർ പിച്ചെ; ചൈനയോട് അമേരിക്കൻ കമ്പനികൾ മുഖം തിരിക്കാൻ തുടങ്ങിയതോടെ ഐ ഫോൺ നിർമ്മാണത്തിനായി ആപ്പിളും ഇന്ത്യയിലേക്ക്; 7500 കോടി നിക്ഷേപിക്കുന്നത് ആപ്പിളിന് ഐഫോൺ നിർമ്മിച്ച് നൽകുന്ന ഫോക്‌സ്‌കോൺ

'ഇന്ത്യ ബിസിനസിന് റെഡി': ആഗോള വ്യവസായ ഭീമന്മാരിലേക്ക് സന്ദേശം എത്തിക്കുന്നതിൽ മോദി സർക്കാർ വൻവിജയം; 75000 കോടി ഇന്ത്യയിൽ നിക്ഷേപിക്കാൻ ഗൂഗിൾ; നിക്ഷേപം അടുത്ത ഏഴ് വർഷത്തിനിടെയെന്ന് പ്രധാനമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം സുന്ദർ പിച്ചെ; ചൈനയോട് അമേരിക്കൻ കമ്പനികൾ മുഖം തിരിക്കാൻ തുടങ്ങിയതോടെ ഐ ഫോൺ നിർമ്മാണത്തിനായി ആപ്പിളും ഇന്ത്യയിലേക്ക്; 7500 കോടി നിക്ഷേപിക്കുന്നത് ആപ്പിളിന് ഐഫോൺ നിർമ്മിച്ച് നൽകുന്ന  ഫോക്‌സ്‌കോൺ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: കോവിഡിന്റെ ആഘാതത്തിൽ വ്യവസായ രംഗം മാന്ദ്യത്തിലായിരിക്കെ, രാജ്യത്തിന് പുത്തൻ പ്രതീക്ഷകൾ നൽകുന്ന ചില വിദേശ നിക്ഷേപ പദ്ധതികൾ വരവായി. ഗൂഗിൾ, ഇന്ത്യയിൽ 75,000 കോടി നിക്ഷേപിക്കുന്നു എന്നതാണ് ഒടുവിലത്തെ വാർത്ത. ഇതിന് പുറമേ, ചൈന-യുഎസ് വാണിജ്യ യുദ്ധത്തിന്റെ ബാക്കിപത്രമായി ചൈന വിട്ട് ആപ്പിൾ കമ്പനി ഇന്ത്യയിലേക്ക് നീങ്ങുകയാണ്. ആദ്യം ഗൂഗിളിന്റെ നിക്ഷേപ താൽപര്യം നോക്കാം.

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും ചീഫ് എക്‌സിക്യൂട്ടീവ് സുന്ദർ പിച്ചയുമായി വിവധവിഷയങ്ങളിൽ കർച്ച നടത്തി. കോവിഡ് മഹാമാരിയുടെ വെല്ലുവിളികളും പുതിയ തൊഴിൽ സംസ്‌കാരവും ഒക്കെ സംസാരവിഷയമായി. പിന്നീട് ഗുഗിൾ ഫോർ ഇന്ത്യയുടെ ആറാമത് വാർഷിക സമ്മേളനത്തിലാണ് ഡിജിറ്റൽവത്കരണതിനായുള്ള ഫണ്ട് പ്രഖ്യാപിച്ചത്. അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തിനിടെ ഗൂഗിൾ ഇന്ത്യയിൽ 75,000 കോടി നിക്ഷേപിക്കുമെന്ന് സുന്ദർ പിച്ചെ പ്രഖ്യാപിച്ചു.

ഇക്വിറ്റി നിക്ഷേപങ്ങൾ, പങ്കാളിത്തങ്ങൾ, ഓപ്പറേഷണൽ, അടിസ്ഥാനസൗകര്യ-പരിസ്ഥിതി മേഖലകളിലായിരിക്കും നിക്ഷേപം. സാങ്കേതിക വിദ്യയിലൂടെ ഇന്ത്യയിലെ കർഷകരുടെയും, യുവാക്കളുടെയും, സംരംഭകരുടെയും ജീവിതം മാറ്റിമറിക്കുന്നതടക്കം വിവിധ വിഷയങ്ങളെ കുറിച്ച് സുന്ദർ പിച്ചെയുമായി ചർച്ച ചെയ്‌തെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

കോവിഡിന്റെ കാലത്ത് ഉരുത്തിരിയുന്ന പുതിയ തൊഴിൽ സംസ്‌കാരവും ചർച്ചാവിഷയമായി. കായികവിനോദ രംഗത്തും മറ്റും മഹാമാരി വരുത്തിയ വെല്ലുവിളികളും ചർച്ചയായി. ഡാറ്റ സുരക്ഷ, സൈബർ സുരക്ഷ എന്നീ വിഷയങ്ങളും സംസാരിച്ചു, മോദി കുറിച്ചു. വിദ്യഭ്യാസം, പഠനം, ഡിജിറ്റൽ ഇന്ത്യ, ഡിജിറ്റൽ പേയ്‌മെന്റ്‌സ് തുടങ്ങി നിരവധി മേഖലകളിൽ ഗൂഗിളിന്റെ പരിശ്രമങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, ഡിജിറ്റൽ ഇന്ത്യയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനത്തിൽ ശുഭാപ്തി വിശ്വാസം ഉണ്ടെന്നും അതിന് വേണ്ടി പ്രവർത്തിക്കുന്നതിൽ ആവേശഭരിതനാണെന്നും സുന്ദർ പിച്ചെ ട്വീറ്റ് ചെയ്തു.

ആപ്പിളിന്റെ വരവ്

ചൈന-അമേരിക്ക വാണിജ്യയുദ്ധത്തിന്റെ പ്രത്യാഘാതമായി പല അമേരിക്കൻ കമ്പനികളും ചൈന വിട്ട് മറ്റിടങ്ങളിലേക്ക് ചേക്കേറുകയാണ്. തങ്ങളുടെ നിർമ്മാണ പ്ലാന്റിന്റെ ഒരു ഭാഗം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ ആപ്പിൾ ആലോചിക്കുന്നതായി വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ട് ഏറെയായി. ആപ്പിളിന്റെ വിതരണക്കാരായ ഫോക്‌സ്‌കോൺ 7500 കോടി ഇന്ത്യയിൽ നിക്ഷേപിക്കുന്നുവെന്ന വാർത്തയും വന്നിരിക്കുന്നു, തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുദൂരിൽ ഫാക്ടറി വികസിപ്പിക്കാനാണ് ഫോക്സ്‌കോൺ പദ്ധതിയിടുന്നത്. ആപ്പിളിന് ഐഫോണുകൾ നിർമ്മിച്ചു നൽകുന്ന തായ് വാനിലെ ഇലക്രോണിക്‌സ് കമ്പനിയാണ് ഫോക്‌സ്‌കോൺ.

കോവിഡിന്റെയും യുഎസ്-ചൈന വാണിജ്യ യുദ്ധത്തിന്റെയും പശ്ചാത്തലത്തിലാണ് ഐഫോൺ നിർമ്മാണം ചൈനയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് നീക്കാൻ ആപ്പിൾ വളരെ നിശ്ശബ്ദമായ തന്ത്രം ആവിഷ്‌കരിച്ചിരിക്കുന്നത്. ചെന്നൈയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ശ്രീപെരുംപുതൂർ പ്ലാന്റിൽ ആപ്പിളിന്റെ ഐഫോൺ എക്‌സ്ആർ മോഡലാണ് നിർമ്മിക്കുന്നത്. മൂന്നുവർഷം കൊണ്ടായിരിക്കും ഫോക്‌സ്‌കോണിന്റെ നിക്ഷേപം. ചൈനയിൽ നിലവിൽ നിർമ്മിച്ച് വരുന്ന മറ്റ് ഐഫോൺ മോഡലുകളും ഈ പ്ലാന്റിൽ നിർമ്മിക്കുമെന്ന് അറിയുന്നു. പുതിയ നിക്ഷേപം വരുന്നതോടെ പ്ലാന്റിൽ 6000 പേർക്ക് കൂടി തൊഴിൽ കിട്ടും. ഇതുകൂടാതെ മേക്ക് ഇൻ ഇന്ത്യയ്ക്ക് പുതിയ ഊർജ്ജവും.

ഇന്ത്യയിലെ കുറഞ്ഞ തൊഴിൽ വേതന നിരക്കും, വിതരണ ശൃംഖലയുടെ അടിത്തറയും ഒക്കെ ആപ്പിളിന്റെ കയറ്റുമതിയെ സഹായിക്കും. ഇന്ത്യയിൽ ഫോണുകൾ നിർമ്മിക്കുക വഴി ഇറക്കുമതി നികുതി ലാഭിക്കാനും കമ്പനിക്ക് കഴിയും. മേക്ക് ഇൻ ഇന്ത്യയ്ക്ക് ഉണ്ടാകുന്ന കുതിപ്പാണ് കൂടുതൽ ശ്രദ്ധേയം. ദക്ഷിണേന്ത്യൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിൽ ഒരു പ്രത്യേക പ്ലാന്റും പ്രവർത്തിക്കുന്നു. ഇവിടെ ചൈനയുടെ ഷഓമി കമ്പനിയുമായി ചേർന്നാണ് സ്മാർട് ഫോണുകൾ നിർമ്മിക്കുന്നത്. ആപ്പിളിന്റെ എതിരാളിയായ സാംസങ്ങിന് വടക്കേന്ത്യയിൽ ഫാക്ടറിയുണ്ട്.

കഴിഞ്ഞ മാസം, 50,000 കോടിയുടെ ഇലക്രോണിക്‌സ് നിർമ്മാണ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ആഗോളതലത്തിൽ സ്മാർട്ട് ഫോൺ നിർമ്മാതാക്കൾക്ക് തങ്ങളുടെ ഫാക്ടറികൾ ഇന്ത്യയിൽ സ്ഥാപിക്കാൻ ആകർഷക വാഗ്ദാനങ്ങളും മുന്നോട്ട് വച്ചു. ഇന്ത്യ ബിസിനസിന് റെഡി എന്ന സന്ദേശമാണ് ഈ പദ്ധതിയിലൂടെ മോദി സർക്കാർ നൽകുന്നതെന്ന് ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP