Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202418Saturday

'മാധ്യമത്തിന്' എതിരെ വിദേശ രാജ്യത്തിന് കത്തെഴുതാൻ സംസ്ഥാന മന്ത്രിക്ക് എന്ത് അവകാശം? പത്രം പൂട്ടിക്കാൻ ഉള്ള രഹസ്യശ്രമമാണ് പുറത്തായത്; പൂർണമായ പ്രോട്ടോക്കോൾ ലംഘനം; ജലീലിന് എതിരെ സ്വപ്‌ന ഉന്നയിച്ചത് ഗുരുതര ആരോപണം എന്നും വി ഡി സതീശൻ

'മാധ്യമത്തിന്' എതിരെ വിദേശ രാജ്യത്തിന് കത്തെഴുതാൻ സംസ്ഥാന മന്ത്രിക്ക് എന്ത് അവകാശം? പത്രം പൂട്ടിക്കാൻ ഉള്ള രഹസ്യശ്രമമാണ് പുറത്തായത്; പൂർണമായ പ്രോട്ടോക്കോൾ ലംഘനം; ജലീലിന് എതിരെ സ്വപ്‌ന ഉന്നയിച്ചത് ഗുരുതര ആരോപണം എന്നും വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.ടി ജലീലിനെതിരെ ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വപ്ന സുരേഷിന് വിശ്വാസ്യതയില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ സ്വപ്നയുടെ വെളിപ്പെടുത്തലിന് തെളിവുകളുണ്ടല്ലോ. വന്ദേ ഭാരത് മിഷന്റെ ഭാഗമായി വിദേശത്ത് നിന്നുള്ള മലയാളികൾ അടക്കമുള്ള പ്രവാസികളെ ഇന്ത്യയിലേക്ക് കൊണ്ടു വരേണ്ട സമയത്ത് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിസംഗമായി നിന്നപ്പോൾ ഇനിയും ആളുകൾ മരിക്കണമോയെന്ന ചോദ്യമുയർത്തി, അതുവരെ വിദേശത്ത് മരിച്ചവരുടെ ചിത്രം ഉൾപ്പെടുത്തിയാണ് മാധ്യമം ദിനപത്രം ഒന്നാം പേജ് പ്രസിദ്ധീകരിച്ചത്. ഇതൊരു കുത്തിത്തിരുപ്പാണെന്ന് അന്നു തന്നെ മുഖ്യമന്ത്രി പറഞ്ഞു. അന്ന് മന്ത്രിയായിരുന്ന ജലീൽ ഈ പത്രത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദേശ രാജ്യത്തിന് കത്തെഴുതിയത്. യു.എ.ഇ സർക്കാരിന്റെ കുഴപ്പം കൊണ്ടാണ് ആളുകൾ മരിച്ചതെന്നാണ് പത്രം പറയുന്നതെന്നാണ് കത്തിൽ ആരോപിച്ചത്. ഇത്തരത്തിൽ തെറ്റായ വിവരമൊന്നും പത്രത്തിൽ ഉണ്ടായിരുന്നില്ല. എന്നിട്ടും ഇല്ലാത്ത കാര്യം ചൂണ്ടിക്കാട്ടി പത്രത്തിനെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. വിദേശ രാജ്യത്തിന് കത്തെഴുതാനുള്ള എന്ത് അവകാശമാണ് സംസ്ഥാന മന്ത്രിക്കുള്ളത്?

പൂർണമായ പ്രോട്ടോകോൾ ലംഘനമാണുണ്ടായത്. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ കടന്നു കയറ്റം കൂടിയാണിത്. തങ്ങൾക്ക് എതിരെ വാർത്ത എഴുതിയ ഒരു മാധ്യമത്തെ ഇല്ലാതാക്കാൻ, മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി ഇരുന്ന് സംസാരിക്കുന്ന ആളുകൾ രഹസ്യമായി ചെയ്തതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വ്യക്തിപരമായ സൗഹൃദം കൊണ്ടാണ് കത്തെഴുതിയതെന്നാണ് പറയുന്നത്. സ്വർണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായി നിൽക്കുന്ന കോൺസൽ ജനറൽ ഉൾപ്പെടെയുള്ളവരുമായി വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നെന്ന് ജലീൽ തന്നെ ഇപ്പോൾ സമ്മതിച്ചിരിക്കുകയാണ്.

പത്രത്തെ പൂട്ടിക്കാൻ വേണ്ടി രഹസ്യമായി നടത്തിയ ശ്രമമാണ് ഇപ്പോൾ പുറത്തായത്. മന്ത്രി സ്ഥാനം ഏതെല്ലാം തരത്തിൽ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്. രേഖകളെല്ലാം പുറത്ത് വന്നതോടെ ആരോപണങ്ങൾ ജലീൽ സമ്മതിച്ചിരിക്കുകയാണ്. ഇനിയെങ്കിലും സ്വപ്ന സുരേഷിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നവർ അതിൽ നിന്നും പിന്മാറണം. അവർ പറയുന്ന കാര്യങ്ങൾ ശരിയാണോയെന്ന് അന്വഷിക്കണം. ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പിന്റെ ഭാഗമായാണ് കേസന്വേഷണം അവസാനിപ്പിക്കപ്പെട്ടത്. മൂടി വച്ച സത്യങ്ങൾ ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ദുരൂഹതകളുണ്ട്. വിദേശരാജ്യത്തോട് ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് മന്ത്രി കത്തെഴുതിയത് സർക്കാരിന്റെ അറിവോടെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

കോഴിക്കോട് നടക്കുന്ന ചിന്തൻ ശിവിർ വരാനിരിക്കുന്ന കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറുമെന്നും സതീശൻ പറഞ്ഞു. കോൺഗ്രസിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് രൂപവും ഭാവവും നൽകുന്ന, നിലപാടുകളിലെ വ്യക്തത ഉയർത്തിപ്പിടിക്കുന്ന നേതൃസംഗമത്തിന് കെ. കരുണാകരൻ നഗറിൽ നടക്കുന്ന ചിന്തൻ ശിവിർ വേദിയാകും. ഫലപ്രദമായ ചർച്ചകളും ആശയവിനിമയവും സംവാദങ്ങളും ഇവിടെ നടക്കും. ഭാവി പ്രവർത്തനത്തിലേക്കുള്ള രൂപരേഖക്കും ജനങ്ങളുമായി കൂടുതൽ ബന്ധമുണ്ടാക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളും നടക്കും. കോൺഗ്രസിനെ കേരളത്തിലെ ഒന്നാമത്തെ രാഷ്ട്രീയ ശക്തിയാക്കി ഉയർത്തിക്കൊണ്ട് വരുന്നതിനുള്ള തുടക്കം കോഴിക്കോട് ചിന്തൻ ശിവിറിൽ നിന്നായിരിക്കും.

സ്വർക്കള്ളക്കടത്ത് വെളിപ്പെടുത്തലിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള വ്യാപക ശ്രമങ്ങളാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചു, എ.കെ.ജി സെന്ററിലേക്ക് സ്വയം പടക്കം എറിഞ്ഞു. ഭരണഘടനാവിരുദ്ധ പരാമർശവും സ്ത്രീവിരുദ്ധ പരാമർശവും ഉണ്ടായി. മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ശ്രദ്ധ തിരിക്കുന്നതിനുള്ള വ്യാപക ശ്രമങ്ങളാണുണ്ടായത്. വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന തെറ്റായ പ്രചാരണം നടത്തിയും കേരളത്തിൽ വ്യാപകമായി അക്രമങ്ങളുണ്ടാക്കി. അക്രമങ്ങൾ കൊണ്ടൊന്നും കോൺഗ്രസിനെ തകർക്കാനാകില്ലെന്ന തിരിച്ചറിവ് സിപിഎമ്മിനുണ്ടാകണം. പ്രവർത്തകരെ സംരക്ഷിക്കാനും ചേർത്ത് നിർത്താനും പ്രതിരോധിക്കാനുമുള്ള മാർഗങ്ങളെ കുറിച്ചും ഗൗരവതരമായി കോൺഗ്രസ് നേതൃത്വം ആലോചിക്കും.

സ്വർണക്കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നതിൽ ഇ.ഡിക്ക് പരിമിതികളുണ്ട്. കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാനുള്ള അധികാരം മാത്രമെ ഇ.ഡിക്കുള്ളൂ. എൻ.ഐ.എക്കും കസ്റ്റംസിനും ഇത്തരം പരിമിതികളുണ്ട്. ഇവരുടെയൊക്കെ അധികാര പരിധിക്കും അപ്പുറത്തേക്കുള്ള ഇടപെടലുകളാണ് സ്വർണക്കടത്ത് കേസിൽ നടന്നത്. അതുകൊണ്ടാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ വന്ന അന്ന് മുതൽക്കെ ഹൈക്കോടതി നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. കേന്ദ്ര ഏജൻസിയെന്ന നിലയിൽ സിബിഐയെയും പൂർണമായും വിശ്വസിക്കാനാകാത്തതിനാലാണ് ഹൈക്കോടതിയുടെ മേൽനോട്ടം വേണമെന്ന് ആവശ്യപ്പെടുന്നത്. ആ നിലപാട് യു.ഡി.എഫ് മാറ്റിയിട്ടില്ല. അതിൽ ഉറച്ച് നിൽക്കുന്നു.

മന്ത്രി ആന്റണി രാജു രാജി വക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭത്തേക്കാൾ പ്രധാനം നിയമ നടപടികളാണ്. നീതിന്യായ വ്യവസ്ഥയെ കബളിപ്പിച്ചു കൊണ്ട് അടിവസ്ത്രത്തിൽ ഹാഷിഷ് കലർത്താൻ ശ്രമിച്ച വിദേശിയെ രക്ഷപ്പെടുത്താൻ വേണ്ടി നാണം കെട്ടതും അശ്ലീലവുമായ നടപടിയാണ് ചെയ്തത്. അങ്ങനെയുള്ള ആളാണ് മന്ത്രിയായി ഇരിക്കുന്നത്. രാജിവച്ച് പുറത്ത് പോകാൻ ആന്റണി രാജു തയാറാകണം. രാജിവച്ചില്ലെങ്കിൽ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണം. കേസിൽ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. വിചാരണ നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് കരുതുന്നത്.

കെ.കെ രമയെ നിശബ്ദയാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായുള്ളതാണ് ഇപ്പോൾ വന്നിരിക്കുന്ന ഭീഷണി കത്ത്. ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി കൊന്നിട്ടും മുഖം വികൃതമാക്കിയിട്ടും തീരാത്ത പകയാണ് അദ്ദേഹത്തിന്റെ ഭാര്യയോടും കാണിക്കുന്നത്. രമ സംസാരിക്കുമ്പോൾ ചന്ദ്രശേഖരന്റെ ശബ്ദമാണ് നിയമസഭയിൽ മുഴങ്ങുന്നത്. അത് സർക്കാരിനും സിപിഎമ്മിനും നടുക്കമുണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് രമയെ വേട്ടയാടുന്നതും ഭീഷണിപ്പെടുത്തുന്നതും. രമയെ ഇല്ലാതാക്കുമെന്നാണ് പറയുന്നത്. ഇത്തരം ഭീഷണികൾക്ക് മുന്നിലൊന്നും രമയോ കേരളത്തിലെ യു.ഡി.എഫോ തലകുനിക്കില്ല. നാല് ചുറ്റും നിന്ന് യു.ഡി.എഫ് രമക്ക് സംരക്ഷണമൊരുക്കും.

കത്തിൽ പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും എതിരായ ഭീഷണി കാര്യമായി എടുക്കുന്നില്ല. അമ്പലപ്പുഴ എംഎ‍ൽഎ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും റോഡിലൂടെ നടന്നാൽ കൈക്കരുത്ത് അറിയുമെന്ന് ഭീഷണിപ്പെടുത്തി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. തിരുവനന്തപുരത്ത് കാല് കുത്തിക്കില്ലെന്നും നിയമസഭയിൽ കയറ്റില്ലെന്നും ഡിവൈഎഫ്ഐ നേതാവ് പറഞ്ഞു. ഞാൻ ഇപ്പോഴും കേരളത്തിലൂടെ തന്നെയാണ് നടക്കുന്നത്. അത്തരം ഭീഷണികളിലൊക്കെ ഭയപ്പെടുകയും ആയിരം പൊലീസുകാർക്കിടയിൽ ഒളിക്കുകയുമൊക്കെ ചെയ്യുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഞങ്ങളൊന്നും ഭീരുക്കളല്ല.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. ഒന്നും അറിയാതെ ആരെയെങ്കിലും ആക്ഷേപിക്കുന്നത് ശരിയല്ല. നിരന്തരമായി നടക്കുന്ന കസ്റ്റഡി മരണങ്ങളെ കുറിച്ച് അന്വേഷിക്കണം. മാനദണ്ഡങ്ങൾ ലംഘിച്ച് കൊണ്ടാണ് ശബരിനാഥനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന്റെ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. ലോക്കപ്പിനുള്ളിൽ പലരും പൊലീസ് മർദ്ദനത്തിന് ഇരയാകുന്നുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് ഗൗരവമായി അന്വേഷിക്കണം എന്നും സതീശൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP