Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ നിന്ന് തന്നെ വിളിച്ചത് ജോൺ ബ്രിട്ടാസ്; സോളാറിൽ സെക്രട്ടേറിയറ്റ് വളയൽ സമരം തുടരാൻ എൽഡിഎഫ് ആഗ്രഹിച്ചിരുന്നില്ല; എല്ലാ കാലത്തും പന്ത് തങ്ങളുടെ കോർട്ടിൽ; താനാണ് സമരം തീർക്കാൻ ചെറിയാൻ ഫിലിപ്പിന്റെ ഫോണിലേക്ക് വിളിച്ചതെന്ന ബ്രിട്ടാസിന്റെ വാദം തള്ളി തിരുവഞ്ചൂർ

ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ നിന്ന് തന്നെ വിളിച്ചത് ജോൺ ബ്രിട്ടാസ്; സോളാറിൽ സെക്രട്ടേറിയറ്റ് വളയൽ സമരം തുടരാൻ എൽഡിഎഫ് ആഗ്രഹിച്ചിരുന്നില്ല; എല്ലാ കാലത്തും പന്ത് തങ്ങളുടെ കോർട്ടിൽ; താനാണ് സമരം തീർക്കാൻ ചെറിയാൻ ഫിലിപ്പിന്റെ ഫോണിലേക്ക് വിളിച്ചതെന്ന ബ്രിട്ടാസിന്റെ വാദം തള്ളി തിരുവഞ്ചൂർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളാർ സമരം സിപിഎമ്മും കോൺഗ്രസും തമ്മിൽ ഒത്തുതീർപ്പാക്കിയതാണെന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ വിവാദമൊന്നും ഇല്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അന്ന് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ നിന്നാണ് ബ്രിട്ടാസ് വിളിച്ചതെന്നും എല്ലാവരുമായി ചർച്ച നടത്തിയെന്നും തിരുവഞ്ചൂർ പറഞ്ഞു.

സെക്രട്ടറിയേറ്റ് വളയൽ സമരവുമായി ബന്ധപ്പെട്ട് ആദ്യ വിളി വന്നത് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ നിന്നാണ്. ഫോണിൽ നിന്ന് സംസാരിച്ചത് ജോൺ ബ്രിട്ടാസാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. സമരം തുടരണമെന്ന് എൽഡിഎഫ് ആഗ്രഹിച്ചിരുന്നില്ലെന്ന് സമരരീതി കണ്ടാൽ മനസ്സിലാകും. അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെയായിരുന്നു സമരം തുടങ്ങിയത്. ശാന്തമായി സമരം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു. സമരം തീർക്കണമെന്ന് എൽഡിഎഫിന് ആഗ്രഹമുണ്ടായിരുന്നു. എല്ലാ കാലത്തും പന്ത് തങ്ങളുടെ കോർട്ടിലാണെന്നും തിരുവഞ്ചൂർ പറഞ്ഞു. അത് പോലെ സമരം പിന്നീട് ഉണ്ടാവാതിരുന്നത് എന്തുകൊണ്ടാണെന്നും തിരുവഞ്ചൂർ ചോദിച്ചു.

സോളാർ സമരവുമായി ബന്ധപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ താനുമായി ബന്ധപ്പെടുകയായിരുന്നുവെന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ പ്രതികരണം. എൽഡിഎഫിന്റെ സോളാർ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയൽ സമരം തീർത്തത് ഒരു ഫോൺകോൾ വഴിയെന്ന് നേരത്തെ മലയാള മനോരമ തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനോടായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം. സമരം തീർക്കാൻ ഇടപെട്ടത് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസാണെന്നായിരുന്നു ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ കൈരളി ടിവിയിൽ പ്രവർത്തിച്ചിരുന്ന ചെറിയാൻ ഫിലിപ്പിന്റെ ഫോണിലേയ്ക്ക് തിരുവഞ്ചൂർ വിളിക്കുകയും തനിക്ക് ഫോൺ കൈമാറുകയുമായിരുന്നു എന്നാണ് ജോൺ ബ്രിട്ടാസ് വെളിപ്പെടുത്തുന്നത്. ബ്രിട്ടാസിന്റെ ഈ നിലപാടാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തള്ളിയത്.

ബ്രിട്ടാസ് പറഞ്ഞത്

സർക്കാർ ഏതുനിലയ്ക്കുള്ള ഒത്തുതീർപ്പിനും തയ്യാറാണെന്നും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാണെന്നുമുള്ള നിലപാടാണ് തിരുവഞ്ചൂർ ഫോണിൽ അറിയിച്ചത്. ദയവ് ചെയ്ത് എന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണമെന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടതായും ബ്രിട്ടാസ് പറഞ്ഞു. സിപിഐഎം നേതൃത്വത്തെ ഈ വിഷയം അറിയിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നോട് നിർദ്ദേശിച്ചുവെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. ജോൺ മുണ്ടക്കയത്തെയോ തിരുവഞ്ചൂർ രാധാകൃഷ്ണനെയോ താൻ വിളിച്ചിട്ടില്ലെന്നും ബ്രിട്ടാസ് വെളിപ്പെടുത്തി. അന്നത്തെ കോൾ ലിസ്റ്റുകൾ എടുത്താൽ ഇതെല്ലാം വ്യക്തമാകുമെന്നും ജോൺ മുണ്ടക്കയത്തിന് എവിടെ നിന്നാണ് ഈ കഥ കിട്ടിയതെന്ന് അറിയില്ലെന്നും ബ്രിട്ടാസ് വെളിപ്പെടുത്തി.

പിന്നീട് തുടർച്ചയായി പലതവണ തിരുവഞ്ചൂർ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ജോൺ ബ്രിട്ടാസ് വെളിപ്പെടുത്തി. നേരിൽ വന്ന് കാണാമെന്ന് പറഞ്ഞപ്പോൾ കേരളത്തിന്റെ ആഭ്യന്തരമന്ത്രി ഇങ്ങോട്ട് വന്ന് കാണണ്ട, അങ്ങോട്ട് വരാമെന്ന് പറയുകയായിരുന്നുവെന്നും ബ്രിട്ടാസ് പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണനെ കാണാൻ പോയപ്പോൾ ചെറിയാൻ ഫിലിപ്പും ഉണ്ടായിരുന്നു. തിരുവഞ്ചൂരുമായി സംസാരിച്ച കാര്യങ്ങൾ ചെറിയാൻ ഫിലിപ്പിന് അറിയാമെന്നും ബ്രിട്ടാസ് വ്യക്തമാക്കി.

ജുഡീഷ്യൽ അന്വേഷണം എന്നത് സോളാർ സമരത്തിൽ ഇടതുപക്ഷത്തിന്റെ ഒരു ആവശ്യമായിരുന്നു. തിരുവഞ്ചൂർ പറഞ്ഞതനുസരിച്ച് സിപിഐഎം നേതൃത്വത്തെ ബന്ധപ്പെട്ടപ്പോൾ പറഞ്ഞ നിർദ്ദേശം തിരുവഞ്ചൂരിനെ അറിയിച്ചു. പരസ്യമായി ജുഡീഷ്യൽ അന്വേഷണം പരസ്യമായി പ്രഖ്യാപിക്കുന്നതിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിനെ ജുഡീഷ്യൽ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു സിപിഐഎം നേതൃത്വത്തിന്റെ നിലപാട്. ഇത് പറഞ്ഞപ്പോൾ തിരുവഞ്ചൂർ വൈമുഖ്യം കാണിച്ചു. ഈ വിഷയത്തിൽ സ്വന്തം നിലയിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്നായിരുന്നു തിരുവഞ്ചൂരിന്റെ നിലപാട്. അതിനാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണാൻ തന്റെയൊപ്പം വരണമെന്ന് തിരുവഞ്ചൂർ ആവശ്യപ്പെടുകയായിരുന്നുവെന്നും ബ്രിട്ടാസ് വെളിപ്പെടുത്തി.

പിന്നീട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും കുഞ്ഞാലിക്കുട്ടിയും ഒപ്പമുണ്ടായിരുന്നുവെന്നും ജോൺ ബ്രിട്ടാസ് വെളിപ്പെടുത്തി. സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയത്. അവർക്ക് എന്തോ പറയാനുണ്ടെന്ന് പറയുമ്പോൾ അത് പോയി കേൾക്കണം എന്നായിരുന്നു സിപിഐഎം നേതൃത്വത്തിന്റെ നിലപാടെന്നും ബ്രിട്ടാസ് വെളിപ്പെടുത്തി. ജൂഡീഷ്യൽ അന്വേഷണം മാത്രം പോര ജുഡീഷ്യൽ അന്വേഷണത്തിന്റെ പരിഗണനാ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉൾപ്പെടുത്തണം എന്ന നിർദ്ദേശവും സിപിഐഎം നേതൃത്വം നൽകിയിരുന്നുവെന്നും ബ്രിട്ടാസ് വ്യക്തമാക്കി. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് ജുഡീഷ്യൽ അന്വേഷണ പരിധിയിൽ ഉൾപ്പെട്ടതും ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും ബ്രിട്ടാസ് ചൂണ്ടിക്കാണിച്ചു. ചർച്ചയുടെ ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും പിന്നീട് ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും ബ്രിട്ടാസ് വെളിപ്പെടുത്തി.

എന്ത് വിട്ടുവീഴ്ച ചെയ്തും ഈ സമരം അവസാനിപ്പിക്കണമെന്ന ആഗ്രഹം തിരുവഞ്ചൂർ രാധാകൃഷ്ണനുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ചെറിയാൻ ഫിലിപ്പ് വഴി തന്നെ ബന്ധപ്പെട്ടതെന്നും ബ്രിട്ടാസ് ചൂണ്ടിക്കാണിച്ചു. തിരുവഞ്ചൂരിന്റെ തിരക്കഥയായിരിക്കാം ഇപ്പോൾ ജോൺ മുണ്ടക്കയം പറയുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP