Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

മാഫിയ സംഘങ്ങളുടെ ക്രൂരതകൾ ഏറ്റുവാങ്ങിയ ജനത; കാലാവസ്ഥാ വ്യതിയാനം കൂടി ചതിച്ചപ്പോൾ ബാക്കിയായത് ദുരിത ജീവിതം; വിശക്കുന്ന പിഞ്ചുകുഞ്ഞിന്റെ വായിലേക്ക് പച്ചവെള്ളം ഇറ്റിച്ച് നിസ്സഹായതയുടെ കണ്ണുനീർ കുടിച്ച് ജീവിക്കുന്ന അമ്മമാർ; മക്കളെ കള്ളവണ്ടികയറ്റി അമേരിക്കയിലേക്ക് അയയ്ക്കുന്ന അച്ഛന്മാർ; അതിജീവനത്തിനായി പൊരുതുന്ന വരണ്ട ഇടനാഴിയുടെ കഥ

മാഫിയ സംഘങ്ങളുടെ ക്രൂരതകൾ ഏറ്റുവാങ്ങിയ ജനത; കാലാവസ്ഥാ വ്യതിയാനം കൂടി ചതിച്ചപ്പോൾ ബാക്കിയായത് ദുരിത ജീവിതം; വിശക്കുന്ന പിഞ്ചുകുഞ്ഞിന്റെ വായിലേക്ക് പച്ചവെള്ളം ഇറ്റിച്ച് നിസ്സഹായതയുടെ കണ്ണുനീർ കുടിച്ച് ജീവിക്കുന്ന അമ്മമാർ; മക്കളെ കള്ളവണ്ടികയറ്റി അമേരിക്കയിലേക്ക് അയയ്ക്കുന്ന അച്ഛന്മാർ; അതിജീവനത്തിനായി പൊരുതുന്ന വരണ്ട ഇടനാഴിയുടെ കഥ

രവികുമാർ അമ്പാടി

ഴിഞ്ഞദിവസം മാധ്യമങ്ങളിൽ തലക്കെട്ടുകൾ സൃഷ്ടിച്ച ഒരു വാർത്തയായിരുന്നു അമേരിക്കയിലേക്ക് ഒളിച്ചുകടക്കാൻ എത്തിയ ഒരു ബാലനെ അമേരിക്കൻ അതിർത്തി പൊലീസ് പിടിച്ച കഥ. അനധികൃത കുടിയേറ്റത്തിനെത്തിയ സംഘത്തിലെ മറ്റംഗങ്ങൾ ഉപേക്ഷിച്ചുപോയതോടെ രാത്രിമുഴുവൻ ഒറ്റയ്ക്ക് കഴിയേണ്ടിവന്ന ബാലൻ അതിർത്തി രക്ഷാ സൈനികരെ അഭയം പ്രാപിക്കുകയായിരുന്നു. ഇത്തരത്തിൽ നിരവധി ബാലികാബാലന്മാരാണ് നിത്യവും അമേരിക്കയിലേക്ക് കടക്കാൻ എത്തുന്നത്. പട്ടുമാളികയിലെ ജീവിതം സ്വപ്നം കണ്ടെത്തുന്നവരല്ല ഇവർ, കുഞ്ഞുങ്ങളെങ്കിലും പട്ടിണിയാകാതിരിക്കട്ടെ എന്ന ആഗ്രഹത്തിൽ മാതാപിതാക്കൾ നാടുകടത്തുന്നവരാണ്.

അതിജീവിനത്തിനായി പൊരുതുന്ന മദ്ധ്യ അമേരിക്കയിലെ വരണ്ട ഇടനാഴി എന്നറിയപ്പെടുന്ന ഗ്വാട്ടിമാല, എൽ സാൽവഡോർ, ഹോണ്ടുറസ്, നിക്കാരാഗ്വെ, കോസ്റ്റോ റിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നിരവധിപേരാണ് ഇത്തരത്തിൽ പലായനം ചെയ്യുന്നത്. ഒരുകാലത്ത് ഇവിടെനിന്നും അമേരിക്കയിലേക്കും മറ്റും ജനങ്ങൾ കടന്നിരുന്നത് ഇവിടത്തെ മാഫിയാ സംഘങ്ങളുടേ ആക്രമണം ഭയന്നായിരുന്നു. ഇങ്ങനെ കടന്നെത്തിയവരെ കുറ്റവാളികളുടെ ഗോത്രാംഗങ്ങളായായിരുന്നു അമേരിക്കയിൽ കണക്കാക്കിയിരുന്നതും. അവരുടേ അക്രാമസക്തമായ സംസ്‌കാരം അമേരിക്കയിലേക്ക് കടത്തിക്കൊണ്ടുവന്നു എന്ന പഴിയും അവർ കേട്ടിരുന്നു.

എന്നാൽ, ഇന്ന് അത്തരത്തിൽ ആളുകൾ എത്തുന്നത് അക്രമം ഭയന്നല്ല, ഒരുനാഴി അരിക്ക് വേണ്ടിയാണ്. ഒരു നേരത്തെ വിശപ്പെങ്കിലും ശമിപ്പിക്കുവാനാണ്. അഭിശപ്ത ഭൂമികയായി മാറിയ വരണ്ട ഇടനാഴിയിൽ ഇന്ന് വിശന്നുവലയുന്ന മനുഷ്യൻ ഒരു അപൂർവ്വ കാഴ്‌ച്ചയല്ലാതെ ആയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഏറ്റവും ക്രൂരമായി അനുഭവപ്പെടുന്ന ഈ ഭൂമികയിൽ മനുഷ്യവംശത്തിന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞാലും അതിശയോക്തിയല്ല. ഈ പർവ്വതമേഖലയിൽ പ്രകൃതിയുടെ വികൃതി അത്തരത്തിലുള്ളതാണ്.

മഴപെയ്യേണ്ട സമയത്ത് കടുത്ത വരൾ ച്ച അനുഭവപ്പെടുന്നു. കടുത്ത ചൂട് അനുഭവപ്പെടേണ്ട സമയത്തുകൊടും തണുപ്പും. കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിച്ച് എന്തെങ്കിലും കൃഷിചെയ്താൽ വിളവെടുപ്പിന് മുൻപ് കൊടുങ്കാറ്റും മഴയുമെത്തും. 1990 ന് ശേഷമുള്ള 24 വർഷക്കാലയളവിൽ, അതിനു മുൻപുള്ള 24 വർഷത്തിൽ ഉണ്ടായതിന്റെ 12 ഇരട്ടി കൊടുങ്കാറ്റുകളാണ് ഇവിടെയുണ്ടായത്. ആയിരക്കണക്കിന് ആളുകൾ ഇവിടം ഉപേക്ഷിച്ചു പലായനം ചെയ്തുകഴിഞ്ഞു. അവശേഷിക്കുന്നവർ ആസന്ന മരണവും പ്രതീക്ഷിച്ച് പുതിയ തലമുറയെ ലഭ്യമായ അല്പം ആഹാരം ഊട്ടിവളർത്തുന്നു.

പോഷകക്കുറവ് മൂലം ജനിക്കുന്ന കുഞ്ഞുങ്ങളൊക്കെ സാധാരണയിലും ഭാരം കുറഞ്ഞവർ. മാത്രമല്ല, ജന്മനാ പല രോഗങ്ങൾക്കും വൈകല്യങ്ങൾക്കും അടിമപ്പെട്ടവർ. ഭക്ഷണത്തിന്റെ ദൗർലഭ്യതയും ഒപ്പം മലിനീകരിക്കപ്പെട്ട ജലവും ഇവർക്ക് മരണം ഉറപ്പാക്കുന്നു. റെയ്മുണ്ട എന്ന 24 കാരി തന്റെ നാല് മക്കളുമായി ജീവിക്കുന്നത് എങ്ങനെയോ കാലാവസ്ഥയോട് പൊരുതി വിളയിച്ചെടുത്ത അല്പം ബീൻസിലാണ്. അല്പാല്പമായി കഴിച്ചാൽ രണ്ടുവർഷം ഇതുകൊണ്ട് കഴിച്ചുകൂട്ടാമെന്നാണ് അവർ പറയുന്നത്. കുട്ടികൾ രോഗബാധിതരായതോടെ പണം കണ്ടെത്താൻ ദൂരെ കാപ്പിത്തോട്ടത്തിൽ ജോലിതേടിപ്പോയ ഭർത്താവിന്റെ യാതൊരു വിവരവുമില്ല.

രാത്രി സാധാരണയായി കുട്ടികളെ നേരത്തേ കിടത്തിയുറക്കും. അപ്പോൾ അവർക്ക് വിശപ്പറിയില്ലല്ലോ. ഉറക്കത്തിനിടയിൽ വിശന്നു നിലവിളിച്ചാൽ അല്പാല്പമായി വെള്ളം വായിലേക്ക് ഇറ്റിച്ചുകൊടുക്കും. അത്യാവശ്യ സാധനങ്ങൾ വാങ്ങാനുള്ള പണം പോലും കൈയിലില്ല. പണം നേടാൻ ഒരു ജോലിക്ക് അവസരമില്ല. വിശന്നുകരയുന്ന കുഞ്ഞുങ്ങളെ പാടിയുറക്കി സ്വന്തം വിശപ്പിനെ നോക്കി നിർവികാരയായി ഇരിക്കാൻ മാത്രമാണ് ഇന്ന് ഇവിടെയുള്ള മിക്ക അമ്മമാർക്കും കഴിയുന്നുള്ളു.

ഗ്വാട്ടിമാല, എൽസാൽവഡോർ, ഹോണ്ടുറസ്, നിക്കരാഗ്വേ തുടങ്ങിയ രാജ്യങ്ങളിൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അതിനു മുൻപത്തെ വർഷങ്ങളിലേതിനാക്കാൾ നാലിരട്ടിയോളം ജനങ്ങളാണ് പട്ടിണിയിലേക്ക് വലിച്ചിഴക്കപ്പെട്ടതെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പറയുന്നത്. 2018- ഈ നാലു രാജ്യങ്ങളിലും കൂടി 2.2 ദശലക്ഷം പേർ പട്ടിണിക്കാരായി ഉണ്ടായിരുന്നപ്പോൾ, നിലവിൽ അത് 8 ദശലക്ഷമാണ്. കാലാവസ്ഥാ വ്യതിയാനം വരുത്തിയ ദുരന്തമെന്ന കൂനിന്മേൽ കുരുവായി കോവിഡ് കൊണ്ടുവന്ന സാമ്പത്തിക പ്രതിസന്ധിയും കൂടിയായപ്പോൾ അവസാനപ്രതീക്ഷയും അറ്റിരിക്കുകയാണ് ഈ വരണ്ട ഇടനാഴിയിൽ.

സാഹചര്യം കൂടുതൽ മോശമാവുകയേ ഉള്ളു എന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. ഏറ്റവും ശുഭാപ്തി വിശ്വസം നിഴലിക്കുന്ന റിപ്പോർട്ടിൽ പോലും പറയുന്നത് വരും വർഷങ്ങളിൽ ഈ മേഖലയിലെ കാർഷിക വിളയിൽ 20 ശതമാനത്തിന്റെ കുറവുണ്ടാകും എന്നാണ്. സ്വന്തമായി വീടുള്ളവർ വളരെ കുറവാണ് ഈ മേഖലയിൽ. കാർഷികവൃത്തി ഇല്ലാതായതോടെ വാടക നൽകാൻ ഇല്ലാതെ പലരും മൺകുടിലുകളിലേക്ക് താമസം മാറ്റി. ഒറ്റമുറിയുള്ള മൺകുടിലിൽ രണ്ടും മൂന്നും കുടുംബങ്ങൾ ഒരുമിച്ച് താമസിക്കുന്ന സ്ഥിതിവിശേഷവുമുണ്ട്. ഇങ്ങനെ താമസിക്കുമ്പോൾ, ഏതെങ്കിലും ഒരു കുടുംബത്തിനെങ്കിലും എന്തെങ്കിലുംഭക്ഷണം സംഘടിപ്പിക്കാൻ ആയാൽ അല്പാല്പമായെങ്കിലും എല്ലാവർക്കും അതിൽ നിന്നും പങ്ക് ലഭിക്കുമെന്ന ആശ്വാസവുമുണ്ട്.

ദൂരെക്കാഴ്‌ച്ചയിൽ പച്ചപ്പട്ടുവിരിച്ചുകിടക്കുന്ന മലകളും താഴ്‌വാരങ്ങളും പക്ഷെ അടുത്തറിയുമ്പോൾ നമ്മോടുപറയുക മനുഷ്യജന്മത്തിന്റെ ശാപകഥകളാണ്. കടുത്ത ചൂടും അസമയത്തുള്ള മഴയും കൊടുങ്കാറ്റും കാരണം ഇവിടെ കാർഷിക വിളകൾ വിളഞ്ഞിട്ട് വർഷങ്ങളായി. കനത്ത മഴയത്ത് സംഭവിക്കുന്ന മലയിടിച്ചിലിൽ വീടും കുടിയും നഷ്ടപ്പെട്ടവർ വേറെയും. പാതിവഴിയിൽ വാടിക്കൊഴിഞ്ഞ് അകാല ചരമം പ്രാപിക്കുന്ന ചോളച്ചെടികൾക്ക് മുന്നിലിരുന്ന് നെടുവീർപ്പിടാൻ മാത്രമേ ഇന്ന് ഇവിടത്തുകാർക്ക് കഴിയുന്നുള്ളു.

കലിപൂണ്ട പഞ്ചഭൂതങ്ങൾക്കെതിരെ പരാജയപ്പെടും എന്നുറപ്പുള്ള യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇവരിലും പക്ഷെ അല്പമെങ്കിലും പ്രതീക്ഷയുണ്ട്. നാളെ എല്ലാം ശരിയാകും എന്ന പ്രതീക്ഷ. പക്ഷെ നാളുകളെത്ര കഴിഞ്ഞിട്ടും ഈ നാളെ ഇനിയുമെത്തിയില്ലെന്ന യാഥാർത്ഥ്യം ഇടയ്ക്കൊക്കെ ഇവരുടെ മനോധൈര്യംതല്ലിക്കൊഴിക്കും. അത്തരം അവസരങ്ങളിലാണ് ഈ ശാപഗ്രസ്ഥയായ ഭൂമിയിലേക്ക് ജന്മം നൽകി വിട്ട കുഞ്ഞുങ്ങളെങ്കിലും പട്ടിണി കടക്കാതിരിക്കാൻ കള്ളവണ്ടികയറ്റി അയക്കുന്നത്. അതിർത്തിയിൽ പിടിക്കപ്പെട്ട് ജയിലിൽ ആയാലും അവർക്ക് ഭക്ഷണം കിട്ടുമല്ലോ എന്നാണ് ഈ മാതാപിതാക്കൾ കരുതുന്നത്.

ഇവിടത്തെ മിക്ക ഗ്രാമങ്ങളിലും ഇന്ന് പുരുഷന്മാർ ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. പുരുഷന്മാർ പലരും മറ്റു പട്ടണങ്ങളിലോ ദൂരെയുള്ള തോട്ടങ്ങളിലോ പണിതേടിപോയിരിക്കുകയാണ്. ഇല്ലെങ്കിലിരുളിന്റെ മറവുപിടിച്ച് അമേരിക്കയെന്ന സ്വർഗ്ഗത്തിലെത്താനുള്ള യാത്രയിലാണ്. എന്നെങ്കിലും തിരിച്ചുവരാനായാൽ അന്ന് ഉറ്റവരുടെ വിശപ്പുമാറ്റാം എന്ന് സ്വപ്നം കണ്ടുള്ള യാത്രയാണിവരുടെത്. കുടിയേറ്റത്തിനെതിരെ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരുമ്പോഴും അതിന്റെ മറുഭാഗത്ത് ഇങ്ങനെയും ചില മനുഷ്യർ ഉണ്ടെന്നുള്ളത് ഓർക്കേണ്ട കാര്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP