Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതിയെ മഹാരാഷ്ട്ര എടിഎസ് പിടികൂടിയപ്പോൾ തന്നെ ചിത്രം മാധ്യമങ്ങളിൽ എത്തി; പഴി കിട്ടിയത് പി വിജയന്; സസ്‌പെൻഷൻ നൽകി വീട്ടിലിരുത്തിയ ഐപിഎസ് ഉദ്യോഗസ്ഥന് ഒടുവിൽ ശാപമോക്ഷം; ഐജി പി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതിയെ മഹാരാഷ്ട്ര എടിഎസ് പിടികൂടിയപ്പോൾ തന്നെ ചിത്രം മാധ്യമങ്ങളിൽ എത്തി; പഴി കിട്ടിയത് പി വിജയന്; സസ്‌പെൻഷൻ നൽകി വീട്ടിലിരുത്തിയ ഐപിഎസ് ഉദ്യോഗസ്ഥന് ഒടുവിൽ ശാപമോക്ഷം; ഐജി പി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:  സസ്‌പെൻഷൻ കാലാവധി കഴിഞ്ഞ് സർവീസിൽ തിരിച്ചുകയറിയ . പൊലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി.

എലത്തൂർ ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തെ അദ്ദേഹം സസ്പെൻഷനിൽ ആയിരുന്നു. കഴിഞ്ഞവർഷം നവംബറിലാണ് സർവീസിൽ തിരിച്ചെടുത്തത്. ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകി എന്നാരോപിച്ചാണ് സസ്പെൻഡ് ചെയ്തത്. എഡിജിപി എം.ആർ. അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2023 മെയ്‌ 18-നായിരുന്നു സസ്പെൻഷൻ ഓർഡറിങ്ങിയത്. അഞ്ച് മാസത്തോളം സസ്പെൻഷനിൽ തുടർന്ന വിജയനെ ചീഫ് സെക്രട്ടറിയുടെ അനുകൂല റിപ്പോർട്ടിനെ തുടർന്നാണ് തിരികെ സർവീസിലെടുത്തത്.

കേരളാ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയിൽ നിന്നും നീക്കിയതിന് പിന്നാലെയാണ് കഴിഞ്ഞ വർഷം മെയിൽ ഐജി പി വിജയനെ സസ്പെൻഡ് ചെയ്തത്. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിന്റെ അന്വേഷണത്തിൽ എടിഎസ് സംഘത്തിന്റെ നേതൃത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു. പൊതുമേഖലാ സ്ഥാപനമായ കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസിന്റെ എംഡിയുമായിരുന്നു പി വിജയൻ. ഈ ചുമതലയിൽ നിന്നും അദ്ദേഹത്തെ നീക്കിയിരുന്നു.

ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഐജി പി വിജയനെ സസ്പെൻഡ് ചെയ്തത്. എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ വിവരങ്ങൾ ചോർത്തിയെന്ന പേരിലായിരുന്നു നടപടി. പ്രതിയുമായുള്ള യാത്രാവിവരങ്ങൾ പുറത്തായത് വിജയൻ വഴിയെന്നായിരുന്നു റിപ്പോർട്ട്. എഡിജിപി എം.ആർ. അജിത്കുമാർ ആണ് റിപ്പോർട്ട് നൽകിയത്. തുടരന്വേഷണത്തിന് എഡിജിപി പി. പത്മകുമാറിനെ ചുമതലപ്പെടുത്തിയിരുന്നു.

തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചായിരുന്നു സർക്കാരിന് പി വിജയൻ വിശദീകരണം നൽകിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി രണ്ട് മാസത്തിന് ശേഷം വിഷയം പുനഃപരിശോധിച്ച് സസ്‌പെൻഷൻ പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും സർക്കാർ തയ്യാറായിരുന്നില്ല. എന്നാൽ പി വിജയന്റെ വിശദീകരണത്തിന് മേൽ സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണം തേടിയ ആഭ്യന്തര വകുപ്പ് സസ്‌പെൻഷൻ പിൻവലിക്കുന്നത് വൈകിപ്പിക്കുകയായിരുന്നു. എഡിജിപിയുടെ ആരോപണങ്ങൾ ശരിവച്ചാണ് ഡിജിപി റിപ്പോർട്ട് നൽകിയത്.

സസ്‌പെൻഷൻ നീട്ടി കൊണ്ടുപോകേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി വീണ്ടും ശുപാർശ ചെയ്‌തെങ്കിലും സർക്കാർ നടപടിയെടുത്തില്ല. സംസ്ഥാന പൊലീസ് സേനയിൽ തന്നെ മികച്ച സർവീസ് ട്രാക്കുള്ള ഉദ്യോഗസ്ഥനായിരുന്നു ഐജി പി വിജയൻ. ഇദ്ദേഹത്തിനെതിരായ സസ്‌പെൻഷൻ ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽ വ്യാപക അതൃപ്തിക്ക് കാരണമായിരുന്നു. എന്നിട്ടും ഐപിഎസ് ഓഫീസേഴ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കുകയോ സസ്‌പെഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല.

എലത്തൂർ തീവെപ്പ് കേസിൽ ഷാറൂഖിന്റെ രേഖാ ചിത്രം അതിവേഗം തയ്യാറാക്കിയ എടിഎസ് മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ നീക്കമാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. ഇതിനിടെ എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമെത്തി. ഇതോടെ വിജയൻ അപ്രസക്തനായി എന്നതാണ് വസ്തുത. സാധാരണ ചുറ്റുപാടിൽ നിന്ന് പഠന മികവിൽ ഐപിഎസ് നേടിയ വിജയൻ കേരളത്തിലെ ജനപ്രിയ പൊലീസ് ഉദ്യോഗസ്ഥനാണ്. പമ്പയെ വൃത്തിയാക്കാനുള്ള പുണ്യം പൂങ്കാവനവും വിജയന്റെ ആശയമാണ്. സ്‌കൂൾ പൊലീസ് കേഡറ്റുകളുടെ കാര്യത്തിലും വിജയന്റെ ഇടപെടലുകളാണ് വിജയത്തിലെത്തിയത്. ദേശീയ തലത്തിൽ പോലും ഇതെല്ലാം ചർച്ചയായി.

എലത്തൂരിൽ തിരിച്ചറിയൽ പരേഡിനു മുൻപു പ്രതിയുടെ ചിത്രം പുറത്തുപോയതു ഗുരുതര വീഴ്ചയായിരുന്നു. പ്രതിയുമായി കേരള പൊലീസിന്റെ യാത്രാവിവരം ചോർന്നതും പ്രതിയുടെ ദൃശ്യങ്ങൾ ടിവി ചാനൽ പകർത്തി പുറത്തുവിട്ടതും വീഴ്ചയായി. ഈ സമയത്ത് പ്രത്യേക അന്വേഷണസംഘം ചുമതലകൾ ഏറ്റെടുത്തിയിരുന്നു. പ്രതിയെ പടികൂടിയത് മഹാരാഷ്ട്രയിലാണ്. കേരളാ പൊലീസിന് അതിൽ പങ്കില്ലായിരുന്നു. മഹാരാഷ്ട്രയിൽ പ്രതി പിടിയിലായപ്പോൾ തന്നെ ഫോട്ടോ പുറത്തു വന്നിരുന്നു. ഇതാണ് വിജയന്റെ തലയിലേക്ക് ചിലർ വച്ചു കെട്ടിയത്.

വിജയൻ നേതൃത്വം നൽകിയ പുണ്യം പൂങ്കാവനം പദ്ധതിയിലെ സാമ്പത്തിക ഇടപാടുകളും വിവാദമായിരുന്നു. 2 പൊലീസുദ്യോഗസ്ഥർ സസ്പെൻഷനിലാവുകയും ചെയ്തു. പദ്ധതി സംബന്ധിച്ച് ഹൈക്കോടതി സർക്കാരിനോടു വിശദീകരണം തേടിയിരുന്നു. കെബിപിഎസ് കൃത്യസമയത്ത് കേരള ലോട്ടറി ടിക്കറ്റ് അച്ചടിച്ചു നൽകിയില്ലെന്ന് ലോട്ടറി ഡയറക്ടർ പരാതി ഉന്നയിച്ചിരുന്നു. ഇതെത്തുടർന്ന് 10 കരാർ ജീവനക്കാരെ ഒഴിവാക്കിയതിൽ സിഐടിയുവിനും പരാതിയുണ്ടായിരുന്നു. ഇതെല്ലാം പി വിജയന് വിനയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP