Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

ടെലികോം സിറ്റി ഭൂമി വികസനത്തിന്റെ മറവിൽ 3.46 കോടി രൂപയുടെ മണൽകടത്ത്; സിഡ്‌കോ എംഡി സജി ബഷീറടക്കം ആറു പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ വിജിലൻസ് കോടതി ഉത്തരവ്; കരാറിൽ ഉൾപ്പെടാത്ത സർക്കാർ പുറമ്പോക്ക് ഭൂമിയായ പാർവതി പുത്തനാർ കനാലിന് സമീപത്തു നിന്നും അനധികൃത ഖനനം നടത്തി കടത്തിയത് 19181 എം ക്യൂബ് മണൽ; അധികൃതരുടെ ഒത്താശയും

പി.നാഗരാജ്

തിരുവനന്തപുരം: തലസ്ഥാനത്ത് കഴക്കൂട്ടം മേനംകുളം ടെലികോം സിറ്റി പ്രോജക്റ്റ് ഭൂമി വികസനത്തിന്റെ മറവിൽ 27 ഏക്കർ മണൽ പാടത്തു നിന്നും 3. 46 കോടി രൂപയുടെ മണൽ കടത്തിയ കേസിൽ സിഡ്‌കോ എം. ഡി. സജി ബഷീറടക്കം ആറ് പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ തിരുവനനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. ആറു പ്രതികളും ഏപ്രിൽ 30ന് നേരിട്ട് ഹാജരാകാനാണ് വിജിലൻസ് സ്‌പെഷ്യൽ ജഡ്ജി എം.ബി. സ്‌നേഹത ഉത്തരവിട്ടത്. കുറ്റ സ്ഥാപനത്തിൽ രണ്ട് വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ സെഷൻസ് കേസായതിനാൽ വിജിലൻസ് കുറ്റപത്രവും കേസ് റെക്കോർഡുകളും പരിശോധിച്ച് കോടതി നേരിട്ട് തയ്യാറാക്കുന്ന കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ചാണ് പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരമാണ് സെഷൻസ് കേസിൽ വിചാരണയ്ക്ക് മുന്നോടിയായി കോടതി കുറ്റം ചുമത്തുന്നത്.

കേരള സർക്കാർ സ്ഥാപനമായ സിഡ്‌കോ മുൻ മാനേജിങ് ഡയറക്ടർ സജി ബഷീർ , സിഡ്‌കോയിലെ അസിസ്റ്റന്റ് ജനറൽ മാനേജരും ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ടെലികമ്മ്യൂണിക്കേഷൻ ഡിവിഷൻ (ഐ റ്റി ആൻഡ് റ്റി സി) ഹെഡ്ഡുമായ എസ്.അജിത്കുമാർ , ഭൂമി വികസനം നടപ്പിലാക്കാൻ കരാർ ലഭിച്ച കമ്പനിയായ ന്യൂ ഡൽഹി ആസ്ഥാനമായ മെസ്സേഴ്‌സ്. സോം പ്രോജക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടർ സഞ്ജയ് ഗോയൽ, സോം പ്രോജക്റ്റ് ലിമിറ്റഡ് കമ്പനിയുടെ സ്‌പെഷ്യൽ പവ്വർ ഓഫ് അറ്റോർണി (മുക്ത്യാർകാരൻ) നവനേന്ദ്ര ഗാർഗ് , ഉപ കരാറുകാരായ മെസ്സേഴ്‌സ് കെ.ജി.എൻ. സിവിൽ കൺസ്ട്രക്ഷൻ സ്ഥാപന ഉടമ മുഹമ്മദ് സാദിഖ് ഹുസൈൻ , മെസ്സേഴ്‌സ് വീയെം ഗ്രൂപ്പ് എഞ്ചിനിയേഴ്‌സ് സ്ഥാപന ഉടമ നൂഹുഘാൻ എന്നിവരാണ് അനധികൃത മണൽ കടത്ത് വിജിലൻസ് കേസിലെ ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ.

ഭൂമി വികസനത്തിനായി 27 ഏക്കർ ഭൂമി സിഡ്കോ എം.ഡി.സജി ബഷീറിനെ ഏൽപ്പിച്ചിരുന്നു. സിഡ്‌കോ മേനംകുളം സൈറ്റിലെ മണൽ ഖനന കരാർ സോം പ്രോജക്റ്റിന് നൽകി. 30% ചെമ്മണ്ണ് (38,793 എം ക്യൂബ്) റീഫില്ലിങ് ഉൾപ്പടെ 1,29,309 എം ക്യൂബ് മണൽ ഖനനം ചെയ്യാനും മാറ്റാനുമായി 11,31,31,786/ രൂപക്കാണ് കമ്പനിയുമായി കരാർ ഉറപ്പിച്ചത്.

എന്നാൽ പൊതു സേവകരായ ഒന്നും രണ്ടും പ്രതികൾ മറ്റു നാലു പ്രതികളുമായി ഗൂഢാലോചന നടത്തി കരാറിലെ പ്രധാന വ്യവസ്ഥക്ക് വിപരീതമായും നിയമവിരുദ്ധമായും 95,795 എം ക്യൂബ് മണൽ കടത്തിയതായും 30% ചെമ്മണ്ണ് റീഫിൽ ചെയ്യുന്നതിന് പകരം 1 1.82% ആയ 11,322 എം ക്യൂബ് ചെമ്മണ്ണ് മാത്രമേ റീഫിൽ ചെയ്തിട്ടുള്ളുവെന്നും വിജിലൻസ് കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾ നേരുകേടായും വഞ്ചനാപരമായും 20, 364.7 എം ക്യൂബ് മണൽ കരാറിന് വിരുദ്ധമായി ഖനനം ചെയ്ത് കടത്തി. തന്മൂലം സിഡ്‌കോയ്ക്ക് പ്രതികൾ അന്യായ നഷ്ടം വരുത്തി.

കൂടാതെ പൊതുസേവകരായ ഒന്നും രണ്ടും പ്രതികൾ ഉപ കരാറുകാരായ അഞ്ചും ആറും പ്രതികളുമായി ഗൂഢാലോചന നടത്തി രഹസ്യധാരണയിലൂടെ സർക്കർ പുറമ്പോക്ക് ഭൂമിയ പാർവ്വതി പുത്തനാർ കനാലിന് സമീപത്ത് നിന്നുള്ള പ്രദേശത്ത് നിന്ന് 19,181 എം ക്യൂബ്മണൽ നിയമവിരുദ്ധമായി ഖനനം ചെയ്ത് കടത്തി. ഇത് കരാറിൽ ഉൾപ്പെടാത്ത ഭൂമിയാണെന്നും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ ക്വാറിയിങ് പെർമിറ്റ് ഇല്ലാതെയാണ് മണൽ ഖനനം ചെയ്തതെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

പൊതുസേവകരായ ഒന്നും രണ്ടും പ്രതികൾ തങ്ങളുടെ ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഗൂഢാലോചന നടത്തി മൂന്നു മുതൽ ആറ് വരെ പ്രതികൾക്ക് അഴിമതി മാർഗ്ഗത്തിലൂടെ സഹായം ചെയ്ത് 27 ഏക്കർ ഭൂമിയിൽ നിന്നും അനധികൃതമായി 39,545.7 എം ക്യൂബ് മണൽ (20,3647 പ്ലസ് വൺ9,181 എം ക്യൂബ്) കടത്തിക്കൊണ്ടു പോയതിലൂടെ എം ക്യൂബിന് 875 രൂപ നിരക്കിൽ 3, 46, 02, 488 / രൂപയുടെ അവിഹിത സാമ്പത്തിക നേട്ടം മൂന്നു മുതൽ ആറു വരെ പ്രതികൾ ഉണ്ടാക്കിയതായും തുല്യ തുകയ്ക്കുള്ള സാമ്പത്തിക നഷ്ടം സിഡ്‌കോയ്ക്ക് പ്രതികൾ വരുത്തിയെന്നുമാണ് വിജിലൻസ് കുറ്റപത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP