Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

ഭാര്യ സിലിയുടെയും മകളുടെയും മറ്റ് കൊലപാതകങ്ങളെ കുറിച്ചും തനിക്ക് അറിയാമായിരുന്നു; ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചിരുന്നു; അതുകൊണ്ടാണ് അറിഞ്ഞ കാര്യങ്ങൾ പുറത്തു പറയാതിരുന്നത്; ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കൾ ഉണ്ടായിരുന്നു; ഒരു അദ്ധ്യാപകനായ തന്റെ ഭാഗത്തുനിന്ന് സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്; വടകര റൂറൽ എസ്‌പി ഓഫീസിൽ ചോദ്യം ചെയ്യുന്ന ഷാജുവിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്; കസ്റ്റഡിയിലുള്ള ജോളിയുടെ രണ്ടാം ഭർത്താവിന്റെ അറസ്റ്റു രേഖപ്പെടുത്തിയേക്കും

ഭാര്യ സിലിയുടെയും മകളുടെയും മറ്റ് കൊലപാതകങ്ങളെ കുറിച്ചും തനിക്ക് അറിയാമായിരുന്നു; ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചിരുന്നു; അതുകൊണ്ടാണ് അറിഞ്ഞ കാര്യങ്ങൾ പുറത്തു പറയാതിരുന്നത്; ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കൾ ഉണ്ടായിരുന്നു; ഒരു അദ്ധ്യാപകനായ തന്റെ ഭാഗത്തുനിന്ന് സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്; വടകര റൂറൽ എസ്‌പി ഓഫീസിൽ ചോദ്യം ചെയ്യുന്ന ഷാജുവിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്; കസ്റ്റഡിയിലുള്ള ജോളിയുടെ രണ്ടാം ഭർത്താവിന്റെ അറസ്റ്റു രേഖപ്പെടുത്തിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ അതി നിർണായകമായ വഴിത്തിരിവ്. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ കസ്റ്റഡിയിൽ എടുത്ത ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യവേ നിർണായക വിവരങ്ങൾ ലഭിച്ചു. ജോളി നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അറിയാമായിരുന്നെന്ന് രണ്ടാം ഭർത്താവ് ഷാജുവിന്റെ മൊഴി. ഭയം കാരണമാണ് പുറത്തുപറയാതിരുന്നത്. എസ് പി ഓഫീസിലാണ് ഷാജുവിന്റെ നിർണായക വെളിപ്പെടുത്തൽ. താനൊരു അദ്ധ്യാപകനാണ്. അതുകൊണ്ട് ആ പരിഗണന നൽകണമെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ഷാജു പറഞ്ഞു. അദ്ധ്യാപകനായ തന്റെ ഭാഗത്തുനിന്ന് സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചെന്നും ഷാജു സമ്മതിച്ചു.

ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചാണ് ഇക്കാര്യം പുറത്തുപറയാതിരുന്നതെന്ന് ഷാജു ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് അറിയാമായിരുന്നു. ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഷാജുവിനെ ക്രൈംബ്രാഞ്ച് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ച് ഒന്നരമണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് വടകര റൂറൽ എസ്‌പി ഓഫീസിലേക്ക് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഷാജുവിന്റെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന.

കൊലപാതകങ്ങളെക്കുറിച്ചു യാതൊന്നും അറിയില്ലെന്നായിരുന്നു ഇന്നലെ ഷാജു പറഞ്ഞിരുന്നത്. താൻ നിരപരാധിയാണെന്നും അതുകൊണ്ടാണു അന്വേഷണസംഘം കസ്റ്റഡിയിൽ എടുക്കാതിരുന്നതെന്നും ഷാജു പറഞ്ഞിരുന്നു. ജോളിയുടെ ആദ്യഭർത്താവിന്റെ മരണത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയ കാര്യം കഴിഞ്ഞ ദിവസം പൊലീസ് മൊഴിയെടുക്കാനെത്തിയപ്പോഴാണു താൻ അറിഞ്ഞതെന്നും ഷാജു പറഞ്ഞിരുന്നു. ഷാജുവിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായാണ് സൂചന. ഷാജു നിരപരാധിയാണെന്ന് വാദിച്ച് ഷാജുവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. മരണങ്ങളിൽ ജോളിയെ സംശമുണ്ടെന്നും ഷാജുവിന്റെ കുടുംബം ആരോപിച്ചു.

അതസമയം ഷാജുവിന് സിലിയുടേയും മകളുടേയും കൊലപാതകത്തിൽ പങ്കുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. എന്തുകൊണ്ട് ജോളിയെ തന്നെ വിവാഹം ചെയ്തുവെന്ന ചോദ്യത്തിന് ഷാജു മറുപടി നൽകിയിരുന്നില്ല. ഷാജുവിന്റെ മൊഴികളിൽ വലിയ വൈരുദ്ധ്യമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെയാണ ഇയാളെ പൊലീസ് അറസ്റ്റു ചെയ്യാൻ ഒരുങ്ങുന്നതും. കൂടത്തായിയിലെ ദുരൂഹ മരണങ്ങളിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നായിരുന്നു നേരത്തെ ഷാജു മൊഴി നൽകിയത്. തെളിവ് കിട്ടിയിട്ടുണ്ടെങ്കിൽ ആരും ശിക്ഷിക്കപ്പെടട്ടെ. ആരാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്ന് അറിയില്ല. തന്റെ ആദ്യ ഭാര്യയും കുഞ്ഞും അസുഖത്തെ തുടർന്നാണ് മരിച്ചതെന്നും ഷാജു പറഞ്ഞിരുന്നു. ദുരൂഹ മരണക്കേസിൽ അന്വേഷണ സംഘം ഷാജുവിനെ ചോദ്യം ചെയ്തിരുന്നു.

അതേസമയം ജോളിയുടെ സൗഹൃദവലയത്തിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കളും സർക്കാർ ഉദ്യോഗസ്ഥരും ഉണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഇവരെല്ലാം ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. ഇവരുമായി ജോളി നടത്തിയ ഇടപാടുകൾ സംബന്ധിച്ച പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം ഇപ്പോൾ. വ്യാജവിൽപത്രം ഉണ്ടാക്കിയത് സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ജോളിയുടെ ഉന്നതബന്ധങ്ങൾ സംബന്ധിച്ച് വിവരങ്ങൾ പുറത്തു കൊണ്ടു വന്നത്.

സ്വത്തുകൾ ജോളിയുടെ പേരിലാക്കി മാറ്റിയെഴുത്തിയ വ്യാജവിൽപത്രത്തിൽ പ്രദേശവാസികളോ റോയി തോമസിന്റേയോ ബന്ധുക്കൾ അല്ല സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിച്ച പൊലീസ് ഇവരെക്കുറിച്ച് വിശദമായി അന്വേഷിച്ചു. സിപിഎമ്മിന്റെ കുന്ദമംഗലത്തെ പ്രാദേശിക നേതാവാണ് ഒരു സാക്ഷിയായി വിൽപത്രത്തിൽ ഒപ്പിട്ടിരിക്കുന്നത്. ഇതിനായി ഒരു ലക്ഷം രൂപ ജോളി ഇയാൾക്ക് നൽകി. പണമിടപാടിന് ഉപയോഗിച്ച ചെക്ക് അടക്കമുള്ള രേഖകൾ അന്വേഷണസംഘം ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.

ജോളിയുടെ സമീപവാസിയും വീട്ടിലെ നിത്യസന്ദർശകനുമായ ഒരു ലീഗ് നേതാവാണ് വ്യാജവിൽപത്രം തഹസിൽദാരുമായി ബന്ധപ്പെട്ട് സ്വത്തുകൾ ജോളിയുടെ പേരിൽ മാറ്റിയെഴുത്താൻ സഹായിച്ചത്. ഇയാളും ജോളിയും ബാങ്കിൽ പോയി പണമിടപാട് നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഒരു വനിതാ തഹസിൽദാറാണ് വ്യാജവിൽപത്രം ആധാരപ്പെടുത്തി സ്വത്തുകൾ ജോളിയുടെ പേരിലാക്കാൻ ഇടപെട്ടത്. കൂടത്തായി പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ ഇടപെട്ടു. സ്വത്തുകൾ വ്യാജവിൽപത്രം വച്ച് മാറ്റിയെഴുത്തിയ അറിഞ്ഞ റോയ് മാത്യുവിന്റെ സഹോദരൻ റോജോ രേഖകൾ ആവശ്യപ്പെട്ട് പലവട്ടം പഞ്ചായത്ത് ഓഫീസിൽ കയറി ഇറങ്ങിയെങ്കിലും മുസ്ലിം ലീഗ് നേതാവ് വഴി ജോളി നടത്തിയ നീക്കത്തെ തുടർന്ന് റോജോയ്ക്ക് രേഖകൾ ലഭിച്ചില്ല.

വിവരാവകാശ നിയമപ്രകാരം വരെ രേഖകൾക്ക് അപേക്ഷിച്ചെങ്കിലും അപേക്ഷ നിഷേധിക്കപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ഒരു കോൺഗ്രസ് നേതാവും ഇക്കാര്യത്തിൽ ഇടപെട്ടു എന്നാണ് സൂചന. എന്നാൽ ഇയാളെ പ്രതിസ്ഥാനത്ത് നിർത്താൻ ഉതകുന്ന തരത്തിലുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇവരെ കൂടാതെ ഒരു അഭിഭാഷകനും ഒരു ബിഎസ്എൻഎൽ ജീവനക്കാരനും പൊലീസ് നിരീക്ഷണത്തിലുണ്ട്. ഇവർക്കെതിരെ ശക്തമായ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ബിഎസ്എൻഎൽ ജീവനക്കാരന് കൊലപാതകങ്ങളിൽ നേരിട്ട് ബന്ധമുണ്ടോയെന്ന് പോലും പൊലീസ് സംശയിക്കുന്നുണ്ട്. ജോളിയുമായി അടുത്ത സൗഹൃദമുള്ള ഇയാൾ ജോളിയും ഷാജുവുമായുള്ള വിവാഹത്തിന് ഒത്താശയുമായി ഇയാൾ ഒപ്പമുണ്ടായിരുന്നു. കൂടത്തായി അറസ്റ്റിൽ ഇനിയും അറസ്റ്റുകളുണ്ടാവും എന്ന് പൊലീസ് ഉറപ്പിച്ച് പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP