Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

അതിവേഗതയിൽ ബൈക്ക് ഓടിച്ചതിനെ തുടർന്ന് വാക്ക് തർക്കം തുടങ്ങി; ചോദിക്കാൻ പോയവരെ മർദ്ദിച്ചപ്പോൾ സംഘർഷമായി; പൊതിച്ചോറ് തയ്യാറാക്കുന്ന തിരക്കിനിടെയിലും ബ്രാഞ്ച് സെക്രട്ടറി ഓടിയെത്തിയത് തർക്കം പറഞ്ഞു തീർക്കാൻ; റോഡിലെ സംസാരം വീണ്ടും ഭിന്നതയായി; കൈയിൽ കരുതിയ കത്തികൊണ്ട് സനൂപിനെ കുത്തിയത് പ്രവാസിയായ നന്ദൻ; ഇത് രണ്ട് മാസത്തിനിടെ തൃശൂരിൽ സിപിഎമ്മിനുണ്ടാകുന്ന രണ്ടാമത്തെ ജീവൻ നഷ്ടം; പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസും

അതിവേഗതയിൽ ബൈക്ക് ഓടിച്ചതിനെ തുടർന്ന് വാക്ക് തർക്കം തുടങ്ങി; ചോദിക്കാൻ പോയവരെ മർദ്ദിച്ചപ്പോൾ സംഘർഷമായി; പൊതിച്ചോറ് തയ്യാറാക്കുന്ന തിരക്കിനിടെയിലും ബ്രാഞ്ച് സെക്രട്ടറി ഓടിയെത്തിയത് തർക്കം പറഞ്ഞു തീർക്കാൻ; റോഡിലെ സംസാരം വീണ്ടും ഭിന്നതയായി; കൈയിൽ കരുതിയ കത്തികൊണ്ട് സനൂപിനെ കുത്തിയത് പ്രവാസിയായ നന്ദൻ; ഇത് രണ്ട് മാസത്തിനിടെ തൃശൂരിൽ സിപിഎമ്മിനുണ്ടാകുന്ന രണ്ടാമത്തെ ജീവൻ നഷ്ടം; പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: സിപിഎം. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപി(28)ന്റെ കൊലപാതകത്തിന് പിന്നിൽ അതിവേഗത്തിൽ ബൈക്ക് ഓടിച്ചതിനെ തുടർന്നുള്ള തർക്കങ്ങളെന്ന് സൂചന. ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനിടെയുണ്ടായ ആക്രമണമാണ് സനൂപിന്റെ കൊലപാതകമായി മാറിയത്.

അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതായും പൊലീസ്. പ്രാഥമികാന്വേഷണത്തിൽ ചിറ്റിലങ്ങാട് സ്വദേശികളായ തറയിൽവീട്ടിൽ നന്ദനൻ (48), കരിമ്പനയ്ക്കൽ വീട്ടിൽ സജീഷ് (35), അരണംകോട്ട് വീട്ടിൽ അഭയ്ജിത്ത് (19) എന്നിവരുടെ പേരിൽ കേസെടുത്തു. നന്ദനൻ ഒന്നരമാസം മുൻപാണ് വിദേശത്തുനിന്നെത്തിയത്. അക്രമസ്ഥലത്ത് കൂടിയിരുന്ന കണ്ടാലറിയാവുന്നവരുടെ പേരിലും എരുമപ്പെട്ടി പൊലീസ് കേസെടുക്കും.

ആർ.എസ്.എസ്., ബിജെപി. പ്രവർത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് സിപിഎം. നേതാക്കൾ ആരോപിച്ചു. ബിജെപി.ക്കോ സംഘപരിവാർ സംഘടനകൾക്കോ കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപി. നേതാക്കളും വിശദീകരിച്ചു. ഞായറാഴ്ച രാത്രി എയ്യാൽ, ചിറ്റിലങ്ങാടുണ്ടായ ആക്രമണത്തിലാണ് സനൂപ് മരിച്ചത്. മൂന്ന് സുഹൃത്തുക്കൾ പരിക്കുകളോടെ വിവിധ ആശുപത്രികളിലാണ്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

അതിവേഗത്തിൽ ബൈക്ക് ഓടിച്ചതിന് ചിറ്റിലങ്ങാട് സ്വദേശിയായ മിഥുനും പ്രദേശവാസികളായ ചിലരുമായി തർക്കമുണ്ടായിരുന്നു. ഇതു ചോദിക്കാൻ മരത്തംകോടുനിന്നുള്ള മിഥുന്റെ സുഹൃത്തുക്കൾ എത്തിയപ്പോൾ ചെറിയരീതിയിൽ സംഘർഷമുണ്ടായി. പിന്നീട് പ്രശ്നം പരിഹരിക്കുന്നതിനാണ് പുതുശ്ശേരിയിൽനിന്ന് സനൂപും സുഹൃത്തുക്കളായ പുതുശ്ശേരി കോളനിയിലെ പനക്കൽ വിബിൻ (28), അഞ്ഞൂർപാലം മുക്കിൽവീട്ടിൽ ജിതിൻ (25), മരത്തംകോട് കിടങ്ങൂർ കരുമത്തിൽ വീട്ടിൽ അഭിജിത്ത് (28) എന്നിവരെത്തിയത്.

റോഡിൽനിന്ന് സംസാരിക്കുന്നതിനിടെ വീണ്ടും തർക്കവും സംഘർഷവുമുണ്ടായി. ഇതിനിടെ ചിറ്റിലങ്ങാട് സ്വദേശികൾ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. സനൂപിന്റെ വയറിൽ രണ്ടുതവണ കുത്തേറ്റു. പുറത്തും ആഴത്തിലുള്ള മുറിവുണ്ട്. വിബിനും സാരമായി പരിക്കേറ്റു. തൃശൂരിലെ പ്രധാന ശക്തികേന്ദ്രങ്ങളിലുൾപ്പെട്ടതാണ് കൊലപാതകമുണ്ടായ ചിറ്റിലങ്ങാടും പുതുശ്ശേരിയും പഴുന്നാനയുമെല്ലാം. ഇക്കഴിഞ്ഞ ജൂലൈയിലാണ് താന്ന്യത്ത് ഡിവൈഎഫ്ഐ പ്രവർത്തകനും പഞ്ചായത്ത് അംഗത്തിന്റെ മകനുമായ ആദർശിനെ കാറിലെത്തിയവർ കൊലപ്പെടുത്തിയത്. പട്ടാപ്പകൽ റോഡിലിട്ടായിരുന്നു ഇത്.

ഏങ്ങണ്ടിയൂരിലും വരന്തരപ്പിള്ളിയിലും കൊടുങ്ങല്ലൂരിലും കുന്നംകുളത്തുമെല്ലാം സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും ഇവയെല്ലാം എതിർപാർട്ടികളുടെ, പ്രത്യേകിച്ച് ആർ.എസ്.എസിന് സ്വാധീനമുള്ള പ്രദേശങ്ങളും നിത്യസംഘർഷ മേഖലകളുമായിരുന്നു. ഇപ്പോൾ കൊലപാതകം നടന്ന പ്രദേശത്ത് ലഹരിയുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നു. പുറത്തുനിന്നെത്തിയ സംഘമായിരുന്നു ഇതിന് പിന്നിൽ. ഇതിനെ എതിർത്ത ഡിവൈഎഫ്ഐ പ്രവർത്തകരുമായി വാക്കേറ്റവും തർക്കവുമുണ്ടായിരുന്നു. ഇതോടെ ഇത്തരം കാര്യങ്ങളിൽ ജാഗ്രത വേണമെന്ന് പാർട്ടി നിർദ്ദേശം നൽകിയിരുന്നു. ദിവസങ്ങൾക്കുമുമ്പും സമാന സംഭവമുണ്ടായിരുന്നു. ചൂണ്ടലിനോട് ചേർന്ന പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ സനൂപ് ഡിവൈഎഫ്ഐ മേഖല ജോ. സെക്രട്ടറിയെന്ന നിലയിൽ ചിറ്റിലങ്ങാടിയിലുൾപ്പെടെ സജീവമാണ്.

അതുകൊണ്ടാണ് ബൈക്ക് റേസിലെ തർക്കം പറഞ്ഞു തീർക്കാൻ ഓടിയെത്തിയത്. മെഡിക്കൽ കോളജിലേക്കുള്ള പൊതിച്ചോറ് സംഘടിപ്പിക്കുന്ന തിരക്കിനിടയിലാണ് മറ്റൊരു പാർട്ടി പ്രവർത്തകനുമായി എതിർസംഘം തർക്കമുണ്ടായത് പരിഹരിക്കാനായാണ് സനൂപും മറ്റുള്ളവരും എത്തിയത്. സംസാരിച്ച് പരിഹരിക്കാൻ ഉദ്ദേശിച്ചെത്തിയ സിപിഎം പ്രവർത്തകരെ ആയുധവുമായി കാത്തുനിന്ന് വകവരുത്തുകയായിരുന്നുവെന്ന് സിപിഎം പറയുന്നു.

സനൂപിനെ കൊന്ന നാല് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. ആക്രമണത്തിൽ മൂന്ന് സി പി എം പ്രവർത്തകർക്കും കുത്തേറ്റിരുന്നു. നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതെന്ന് പരിക്കേറ്റവർ മൊഴി പൊലീസിന് നൽകി. സനൂപിനെ കുത്തിയത് നന്ദനാണെന്നും മൊഴിയുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. ആക്രമണത്തിന് പിന്നിൽ ബിജെപി ബജ്‌റംഗ്ദൾ പ്രവർത്തകരെന്ന് മന്ത്രി എസി മൊയ്ദീൻ പറഞ്ഞു. കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു.

ഞായറാഴ്ച രാത്രി 11.30യ്ക്കാണ് സനൂപ് കൊല്ലപ്പെടുന്നത്. ചിറ്റിലങ്ങാട്ടെ സി പി എം പ്രവർത്തകനായ മിഥുനും പ്രതികളും തമ്മിൽ കഴിഞ്ഞ ദിവസം വാക്കുതർക്കമുണ്ടായിരുന്നു. പ്രശ്‌നം സംസാരിച്ച് പരിഹരിക്കാനാണ് സനൂപും മറ്റ് മൂന്ന് സി പി എം പ്രവർത്തകരും ചേർന്ന് സ്ഥലത്തെത്തിയത്. വിജനമായ പ്രദേശത്ത് സനൂപും അഭി ജിത്തും, ജിതിനും വിബുവും എത്തുമ്പോൾ കൊലയാളി സംഘം മദ്യപിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇരുകൂട്ടരും തമ്മിലുള്ള വാക്കുതർക്കം സംഘർഷത്തിലെത്തി. പിന്നീട് സനൂപിനെ കുത്തിന് കൊലപ്പെടുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP