Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

ഉപേക്ഷിക്കപ്പെട്ട പുസ്തകത്തിൽ രേഖപ്പെടുത്തിയത് 'ഷാരൂഖ് സെയ്ഫി'സ് കാർപെന്ററി' എന്ന്; പരിശോധിച്ചപ്പോൾ കണ്ടത് യുട്യൂബ് ചാനലിലെ വീഡിയോകൾ; എലത്തൂരിലെ തീവണ്ടി തീവെപ്പ് കേസിലെ പ്രതിയെ കണ്ടെത്താൻ സോഷ്യൽ മീഡിയയിലും പരിശോധന; പല സംഘങ്ങളായി അന്വേഷണം പുരോഗമിക്കുമ്പോഴും പ്രതി കാണാമറയത്ത് തന്നെ

ഉപേക്ഷിക്കപ്പെട്ട പുസ്തകത്തിൽ രേഖപ്പെടുത്തിയത് 'ഷാരൂഖ് സെയ്ഫി'സ് കാർപെന്ററി' എന്ന്; പരിശോധിച്ചപ്പോൾ കണ്ടത് യുട്യൂബ് ചാനലിലെ വീഡിയോകൾ; എലത്തൂരിലെ തീവണ്ടി തീവെപ്പ് കേസിലെ പ്രതിയെ കണ്ടെത്താൻ സോഷ്യൽ മീഡിയയിലും പരിശോധന; പല സംഘങ്ങളായി അന്വേഷണം പുരോഗമിക്കുമ്പോഴും പ്രതി കാണാമറയത്ത് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: എലത്തൂരിൽ ഓടുന്ന ട്രെയിനിനുള്ളിൽ തീ കൊളുത്തിയ കേസിലെ പ്രതിക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു പൊലീസ്. ഡൽഹിയിലേക്കും ഉത്തർപ്രദേശിലേക്കുമാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതി ഉത്തരേന്ത്യക്കാരനാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെന്നു സംശയിക്കുന്ന ഷാറുഖ് സെയ്ഫിയുടെ വിവരങ്ങൾ തേടി കേരള പൊലീസിന്റെയും റെയിൽവേ പൊലീസിന്റെയും സംഘങ്ങൾ ഉത്തർപ്രദേശിലെ ഗസ്സിയാബാദിലെത്തി. കേരള പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡും (എടിഎസ്) ഡൽഹിയിൽ എത്തി. എന്നാൽ, ഇതിനിടെ, ഷാറുഖ് സെയ്ഫി എന്ന യുവാവിനെ ഉത്തർപ്രദേശ് എടിഎസ് ചോദ്യം ചെയ്തു വിട്ടയച്ചു.

റെയിൽ ട്രാക്കിനു സമീപത്തുനിന്നു പ്രതിയുടേതെന്നു സംശയിക്കുന്ന ബാഗ് കണ്ടെത്തിയിരുന്നു. ഇതിലുണ്ടായിരുന്ന ഡയറിയിൽനിന്നും മൊബൈൽ ഫോണിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘങ്ങൾ ഗസ്സിയാബാദിലെത്തിയത്. എന്നാൽ, ഷാറുഖ് സെയ്ഫി തന്നെയാണു പ്രതിയെന്ന കാര്യത്തിൽ പൊലീസ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

അക്രമി തീയിട്ട ട്രെയിൻ ബോഗി ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) റെയിൽവേ സുരക്ഷാ സേനയും (ആർപിഎഫ്) കണ്ണൂരിലെത്തി പരിശോധിച്ചു. അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന കേരള പൊലീസ് എഡിജിപി എം.ആർ.അജിത്കുമാറും സംഘവും എലത്തൂരിൽ റെയിൽവേ ട്രാക്കിൽ പരിശോധന നടത്തി.

പ്രതിയുടേതെന്നു കരുതുന്ന ഡയറിയിൽ 'ഷാറുഖ് സെയ്ഫ് കാർപെന്റർ' എന്ന് എഴുതിയതിന്റെ തുമ്പുപിടിച്ചാണ് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ മരപ്പണിക്കാരനായി ജോലി ചെയ്യുന്ന ഷാറുഖിനെ യുപി എടിഎസ് കസ്റ്റഡിയിലെടുത്തത്. ഈ പേരിൽ യുട്യൂബ് ചാനലിൽ ഒട്ടേറെ വിഡിയോകളുണ്ട്. ഈ വിഡിയോകളിൽ 'മേഡ് എ ക്രോക്കറി അലമാര' എന്ന തലക്കെട്ടോടുകൂടിയ ഒരു വിഡിയോ കഴിഞ്ഞ ഒക്ടോബർ 22ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. മകൻ 2 മാസമായി വീട്ടിൽ തന്നെയുണ്ടെന്നും കേരളത്തിൽ പോയിട്ടില്ലെന്നും ഷാറുഖിന്റെ പിതാവ് പറഞ്ഞു.

അതേസമയം വീഡിയോയിൽ പറയുന്ന അതേ അളവിലുള്ള അലമാരയുടെ രേഖാചിത്രവും അളവുകളും ഉപേക്ഷിക്കപ്പെട്ട പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം, ഈ വിവരം പുറത്തുവന്നതോടെ യൂട്യൂബ് ചാനലിലെ വിഡിയോകൾക്കുതാഴെ മലയാളികൾ കൂട്ടത്തോടെ കമന്റുകൾ പോസ്റ്റ് ചെയ്യുന്നുണ്ട്. ഷാരൂഖ് സെയ്ഫി എന്ന പേരിൽ ഫേസ്‌ബുക്കിലുള്ള അക്കൗണ്ടുകളിലെ മുഖചിത്രങ്ങളുമായി രേഖാചിത്രങ്ങൾ ഒത്തുനോക്കുന്നുമുണ്ട്.

ഇതിനിടെ എലത്തൂരിൽ ട്രെയിനിൽ തീവയ്പ് നടത്തിയ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഫോണിൽ നിന്ന് അവസാനം വിളിച്ച നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സിം ഊരി മാറ്റിയ ഫോണിന്റെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഫോണിൽ മുൻപ് ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ വിവരങ്ങൾ കണ്ടെത്തിയത്. ഈ സിം കാർഡിലുള്ള 7289865663 എന്ന നമ്പർ ഏറ്റവുമൊടുവിൽ ഉപയോഗിച്ചത് മാർച്ച് 31ന് ഹരിയാനയിലായിരുന്നു.

ഡൽഹി ഷഹീൻബാഗിലെ വിലാസത്തിലുള്ള സിം കാർഡാണിത്. ഫാറൂഖിന്റെ (23) പേരിലാണ് സിം. 2018 മാർച്ച് ഒന്നിനാണ് സിം എടുക്കാനുള്ള അപേക്ഷ നൽകിയത്. അന്വേഷണ സംഘം ഡൽഹി സൈബർ പൊലീസുമായി ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. വ്യാജ വിലാസം നൽകിയാണോ സിംകാർഡ് സംഘടിപ്പിച്ചതെന്നു സംശയമുണ്ട്.

അതേസമയം സൈബറിടങ്ങളിലെ വ്യാജപ്രചരണങ്ങളെ ചെറുക്കാനും പൊലീസ് മുന്നറിയിപ്പുമായി രംഗത്തുവന്നു. ട്രെയിൻ തീവയ്പു കേസുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരെ നടപടിയെടുക്കുമെന്നു പൊലീസ്. തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർധ ജനിപ്പിക്കുന്നതുമായ പ്രചാരണങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP