Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202226Thursday

വാർക്കപ്പണിയെടുത്ത് ഇവിടെ ഒരു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ജീവിച്ചിരുന്നു! സാരി വാങ്ങിക്കാൻ കാശില്ലാത്ത ഇഎംഎസും വീട് വിറ്റുപോയ പാലോളിയും പഴങ്കഥ; മയക്കുമരുന്ന് തൊട്ട് ലൈംഗിക അപവാദം വരെ ഉണ്ടായിട്ടും കുലുക്കമില്ലാതെ ബിനീഷും ബിനോയും; ഡിഗ്രിക്ക് തേർഡ് ക്ലാസ് മാത്രമായിട്ടും പിണറായിയുടെ മകന് ബമ്മിങ്ങ്ഹാമിൽ അഡ്‌മിഷനും ഉയർന്ന ജോലിയും; വീണയുടെ കമ്പനിയുടെ വളർച്ചയും മുഖ്യമന്ത്രിക്കൊപ്പം; മക്കളാൽ മുടിയുന്ന ഒരു വിപ്ലവ പാർട്ടിയുടെ കഥ

വാർക്കപ്പണിയെടുത്ത് ഇവിടെ ഒരു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ജീവിച്ചിരുന്നു! സാരി വാങ്ങിക്കാൻ കാശില്ലാത്ത ഇഎംഎസും വീട് വിറ്റുപോയ പാലോളിയും പഴങ്കഥ; മയക്കുമരുന്ന് തൊട്ട് ലൈംഗിക അപവാദം വരെ ഉണ്ടായിട്ടും കുലുക്കമില്ലാതെ ബിനീഷും ബിനോയും; ഡിഗ്രിക്ക് തേർഡ് ക്ലാസ് മാത്രമായിട്ടും പിണറായിയുടെ മകന് ബമ്മിങ്ങ്ഹാമിൽ അഡ്‌മിഷനും ഉയർന്ന ജോലിയും; വീണയുടെ കമ്പനിയുടെ വളർച്ചയും മുഖ്യമന്ത്രിക്കൊപ്പം; മക്കളാൽ മുടിയുന്ന ഒരു വിപ്ലവ പാർട്ടിയുടെ കഥ

മറുനാടൻ ഡെസ്‌ക്‌

'പ്രിയപ്പെട്ട സാഹിബിന്, കത്തുമായി വരുന്ന കുട്ടി എന്റെ മകൾ മാലതിയാണ്. അവൾക്ക് രണ്ട് വോയിൽ സാരി കൊടുക്കുക. അല്പം ബുദ്ധിമുട്ടിലാണ്. അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് കടം തീർത്തുകൊള്ളാം...എന്ന്, ഇ എം എസ്''

അടുത്തകാലത്ത് സോഷ്യൽ മീഡിയിൽ വൈറലായ ഒരു കത്താണിത്. മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ അനിഷേധ്യ നേതാവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് തിരുവനന്തപുരം ചാലയുടെ ഒരു വ്യാപാരിക്ക് എഴുതിയ  കത്തിലെ വാചകങ്ങൾ ആണിത്. മുഖ്യമന്ത്രിയായിരുന്ന ഒരാൾ സ്വന്തം മകൾക്ക് ഒരു സാരി പോലും വാങ്ങിക്കൊടുക്കാൻ പോലും കഴിയാത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു എന്നു വ്യക്തമാക്കുന്നതായിരുന്നു ഈ ഈ കത്ത്. അടുത്ത മാസത്തെ ശമ്പളം കാത്തിരിക്കുകയാണ് കടങ്ങൾ വീട്ടാൻ എന്നും ഇഎംഎസ് പറയുന്നത് നോക്കുക

ഈ കത്തിനെക്കുറിച്ചും വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. ഇഎംഎസിന്റെ മകൾ രാധ പറയുന്നത് ഇങ്ങനെയാണ്. 'പിതാവിന്റെ പേരോ പദവിയോ ഒരിക്കൽ പോലും ഉപയോഗിക്കാൻ പാടില്ലായെന്ന കർശന നിർദ്ദേശത്തിലാണ് ഞങ്ങളെ വളർത്തിയത്. എന്താവശ്യവും അമ്മയോടാണ് പറഞ്ഞിരുന്നത്. അമ്മയാണ് ഞങ്ങളുടെ ആവശ്യങ്ങൾ നടത്തി തന്നിരുന്നത്. മക്കളായ ഞങ്ങൾക്ക് സാരി വാങ്ങാൻ ഇഎംഎസ്‌ കത്തെഴുതിയത് ഞങ്ങൾ അറിഞ്ഞിട്ടില്ല. ഞങ്ങളാരും സാരി വാങ്ങാൻ പോയിട്ടുമില്ല'- പക്ഷേ ഒരു കാര്യം രാധയും സമ്മതിക്കുന്നു. മക്കൾക്കുവേണ്ടി ഒരു ശിപാശയും ഇഎംഎസ് നടത്തിയിട്ടില്ല. കാര്യമായി ഒന്നും സമ്പാദിച്ചിട്ടുമില്ല. അദ്ദേഹത്തിന് എല്ലാം പാർട്ടിയായിരുന്നു സ്വന്തം സ്വത്തുക്കൾപോലും പാർട്ടിക്കായി വിട്ടുകൊടുത്ത ഋഷി തുല്യമായ ജീവിതം ആയിരുന്നു അദ്ദേഹത്തിന്റെത് എന്ന് രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിക്കും. മടിയിൽ കീശയുള്ളവനേ വഴിയിൽ ഭയമുള്ളൂ എന്ന് അന്വർഥമാക്കുന്നതായിരുന്നു അക്കാലത്തെ കമ്യൂണിസ്റ്റ് നേതാക്കളുടെ ജീവിതം.

ഇത് ഇഎംഎസിന്റെ ഒറ്റപ്പെട്ട നിലപാട് ആയിരുന്നില്ല. സുന്ദരയ്യയും, രണദിവയും, എകെജിയും, കൃഷ്ണപ്പിള്ളയും, പാലോളിയും, ചടയൻ ഗോവിന്ദനും ഉൾപ്പെടുന്ന കമ്യൂണിസ്റ്റ് നേതാക്കൾ എക്കാലവും ലാളിത്യത്തിന്റെ പക്ഷത്തായിരുന്നു. അവരുടെ മക്കൾക്കും ബന്ധുക്കൾക്കുമൊക്കെ ഒരു ശിപാർശ പറയാൻ പോലും പേടിയായിരുന്നു. രണ്ടുതവണ മന്ത്രിയായിട്ടും സ്വന്തം വീടും പുരയിടവും കടം കൊണ്ട് വിൽക്കേണ്ട വ്യക്തിയാണ് നമ്മുടെ പാലോളി മുഹമ്മദ് കുട്ടി. പാർട്ടി ഭരിക്കുമ്പോഴും ഒരു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ വാർക്കപ്പണിയെടുത്ത് ജീവിച്ച അനുഭവം സങ്കൽപ്പിക്കാൻ കഴിയുമോ. അതായിരുന്നു ചടയൻ ഗോവിന്ദൻ എന്ന കണ്ണൂരിലെ സമുന്നതായ നേതാവിന്റെ  മകന്റെ അനുഭവം. ബാങ്കിലും ആശുപത്രികളിലുമൊക്കെയായി കിട്ടുന്നിടത്തൊക്കെ മക്കളെയും ബന്ധുക്കളെയും തിരുകിക്കയറ്റുന്നവർക്ക് പറഞ്ഞാൽ മനസ്സിലാവുന്നതല്ല അതൊന്നും.

പക്ഷേ ഇന്ന് കാലം എത് രീതിയിൽ മാറ്റുന്നുവെന്ന് നോക്കൂ. ഇന്ന് ചടയൻ ഗോവിന്ദന്റെ അതേ സ്ഥാനത്ത് ഇരിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ആരോപിതനായിരിക്കുന്നത് മയക്കുമരുന്ന് കേസിലാണ്! ഞെട്ടിപ്പിക്കുന്നതാണ് ഈ അപചയം. കോടിയേരിയുടെ മൂത്ത മകൻ ബിനോയ്ക്ക് ദൂബൈയിൽ യാത്രാവിലക്ക് ഉണ്ടായതും, ബീഹാരി ബാർഡാൻസറുമായി ഉണ്ടായ ലൈംഗിക അപവാദത്തിന്റെ വാർത്തകളും ഇനിയും അടങ്ങിയിട്ടില്ല. ചങ്ങാത്ത
മുതലാളിത്തം  എന്ന് ഒരുകാലത്ത്  മാർക്‌സിസ്റ്റുകാർ  അപഹസിച്ചിരുന്ന വാക്കിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ് ഇന്ന് ജീവിച്ചിരിക്കുന്ന പല കമ്യൂണിസ്റ്റ് നേതാക്കളും. അവർക്ക് ഇന്ന് മുതലാളിമാരോടും കുത്തകള്ളോടും യാതൊരു അയിത്തവുമില്ല. രവിപിള്ളയും, യൂസഫലിയും, ഗൾഫാർ മുഹമ്മദലിയുമെല്ലാം സിപിഎം നേതാക്കളുടെ മക്കളെ കുടിയിരുത്തുന്നതിനുള്ള റിക്രൂട്ട്മെന്റ് എജൻസികൾ മാത്രം. സ്വാശ്രയ കോളജിനെതിരെ പ്രസംഗിച്ചിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ   മാതാ അമൃതാനന്ദമയിയുടെ
സ്വാശ്രയ കോളജിൽ പഠിച്ചാണ് പിന്നെ രവി പിള്ളയുടെ കമ്പനിയിൽ എത്തുന്നതും സ്പ്രിങ്ളർ കരാറിൽ വരെ വിവാദമായ പുതിയ കമ്പനിയുടെ ഉടമായയതും. വെറു തേർഡ് ക്ലാസ് ബിരുദം മാത്രമുള്ള പിണറായുടെ മകൻ ബർമ്മിഹാം യൂനിവേഴ്സിറ്റിയിൽ പഠിച്ച് ഇന്ന് അബൂദബിയിൽ ഉന്നത ജോലി നോക്കുന്നു.

ഇതൊക്കെ എങ്ങനെ കിട്ടുന്നു എന്നിടത്താണ് പ്രശ്നം. പിതാവിന്റെ ബീജ ഗുണം അല്ലാതെ എന്ത് കഴിവാണ് ഇവർക്കൊക്കെയുള്ളത്. കമ്മ്യൂണിസ്റ്റ് ജീവിതരീതിയെക്കുറിച്ച് പാർട്ടി സമ്മേളനങ്ങളിലും പ്രത്യേക പ്ലീനങ്ങളിലും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാറുണ്ട്. ഇതൊക്കെ നിലനിൽക്കെയാണ് പാർട്ടി സെക്രട്ടറിയുടെ മക്കൾക്കെതിരെ അടക്കം നിരന്തരം ആരോപണങ്ങൾ ഉയരുന്നത്. ബംഗാളിൽ എസ്എഫ് ഐ നേതാവും എം പിയുമായ
ഋതബ്രതാ ബാനർജിയെ സിപിഎം പുറത്താക്കിയത് അദ്ദേഹത്തിന്റെ ജീവിത രീതി പാർട്ടി നയങ്ങൾക്ക് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. അങ്ങനെ പുറത്താക്കാൻ തുടങ്ങിയാൽ കേരളത്തിൽ എത്രപേർ ബാക്കിയുണ്ടാവും.

വീട് വിറ്റുപോയ പാലോളി

പഴയ കമ്യൂണിസ്റ്റ് നേതാക്കളുടെ ത്യാഗം അവർക്ക് മറ്റ് വഴികൾ ഒന്നും ഇല്ലാത്തതുകൊണ്ടാണെന്ന് വിമർശിക്കുന്നവർ ഉണ്ടാവാം . എന്നാൽ ആധുനികാലത്തും അതിലളിതമായി ജീവിച്ച നേതാവിന് ഉദാഹരണമാണ് രണ്ടുതവണ മന്ത്രിയായ സിപിഎമ്മിന്റെ ഉന്നതനായ നേതാവ് പാലോളി മുഹമ്മുദുകുട്ടി. വർഷങ്ങൾക്ക് മുമ്പ് മനോരമയുടെ എകസക്ലൂസീവ് വാർത്തയായിരുന്നു പാലോളിയുടെ മലപ്പുറം ചട്ടിപ്പറമ്പിലെ വീട് വിറ്റുപോയത്. അങ്ങനെയാണ് പാലോളി. അധികാരം ഉപയോഗിച്ച നയാ പൈസ സമ്പാദിക്കുകയോ മക്കളെ അധികാര സ്ഥാനങ്ങളിലേക്ക് ഉയർത്തുകയോ ചെയ്തിട്ടില്ല.

ഇതേക്കുറിച്ച് പാലോളി പ്രതികരിക്കുന്നത് ഇങ്ങനെയാണ്. -''ചില ആളുകൾ ഉന്നതസ്ഥാനത്ത് വന്നാൽ അവരുടെ മക്കൾ അത് ദുരുപയോഗം ചെയ്ത് ആ വ്യക്തിക്കും അയാൾ ഉൾക്കൊള്ളുന്ന പ്രസ്ഥാനത്തിനും ചീത്തപ്പേര് ഉണ്ടാക്കാറുണ്ട്. ഞാൻ നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന കാലം. എന്റെ മൂത്ത മകൻ ഹൈദരാലി ഗൾഫിൽ നിന്ന് നാട്ടിൽ വന്ന സമയമാണത്. ബാപ്പയോട് പറഞ്ഞ് ആ കാര്യമൊന്ന് ശരിയാക്കണം എന്ന് ആളുകൾ അവനോട് വന്നു പറയും. നല്ല കാര്യം പറയും. നടക്കാത്ത കാര്യവും പറയും. ഒരിക്കലും നമുക്ക് ചെയ്യാൻ പറ്റാത്ത കാര്യവും പറയും. ആവശ്യങ്ങൾ പറയുന്നതല്ലാതെ അവ ചെയ്യാൻ പറ്റുന്നതാണോ എന്ന് അപ്പോൾ ചിന്തിക്കാൻ പറ്റില്ലല്ലോ. പാർട്ടി കമ്മിറ്റി മുഖേന കിട്ടുന്നതൊക്കെ നമ്മൾ പരിശോധിക്കും. അവർ ഒരു പരിശോധന കഴിഞ്ഞിട്ടാണ് അങ്ങോട്ട് അയക്കുന്നത്. അതിനാൽ വല്ലാതെ തകരാർ ഉണ്ടാവില്ല. ഞാൻ മകനോട് പറഞ്ഞു, ''ആളുകൾ കൊണ്ടുവന്നു തരുന്ന നിവേദനങ്ങളെല്ലാം നീ വാങ്ങി വെച്ചിട്ട് അത് നടപ്പാക്കാൻ കഴിയില്ല. നീ അവരോട് കാര്യം തുറന്നു പറയണം. ഇതിലെ പ്രായോഗിക പ്രയാസങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തണം.

രണ്ട് മാസത്തെ ലീവിന് വന്നതായിരുന്നു അവൻ. 15 ദിവസം കഴിഞ്ഞപ്പോൾ ലീവ് ക്യാൻസൽ ചെയ്ത് തിരിച്ചുപോയി. ഗൾഫിൽ എത്തിയ ഉടനെ അവൻ എന്നോട് വിളിച്ചു പറഞ്ഞു, ''ഉപ്പാ നാട്ടിൽ നിന്നാൽ ശരിയാകില്ല. ആളുകൾ ഓരോ കാര്യം വന്നു പറയുകയാണ്. സാധ്യമല്ല എന്ന് അവരോട് പറയാൻ എനിക്ക് കഴിയില്ല. നിങ്ങളാണെങ്കിൽ ഇത്തരം കാര്യങ്ങൾ ആവശ്യപ്പെട്ടാൽ ദേഷ്യപ്പെടുകയും ചെയ്യും. അങ്ങനെ തിരിച്ചുപോന്നതാണ് ഞാൻ.''നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ പാർട്ടിക്ക് ക്ഷീണം വരും. അതിന് ഉത്തരം പറയേണ്ടി വരിക പാലോളി തറവാട്ടുകാരല്ലല്ലോ സംസ്ഥാനത്തുള്ള മുഴുവൻ പാർട്ടി സഖാക്കളുമാണ്. വലിയ ശ്രദ്ധ എപ്പോഴും ആ കാര്യത്തിൽ വേണം. അതില്ലാതെ പിശക് പറ്റുന്നതിന്റെ പരുക്ക് പാർട്ടിക്ക് പറ്റുന്നുണ്ട്'. - പാലോളി പറയുന്നു.

മക്കൾ അധ്വാനിച്ച് ജീവിക്കുന്നതിൽ അഭിമാനിച്ച ചടയൻ

അതുപോലെ തന്നെയായിരുന്നു സിപിഎം നേതാവ് ചടയൻ ഗോവിന്ദന്റെയും
ജീവിതം. 98ൽ മരിക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു ചടയൻ ഗോവിന്ദൻ. അന്ന് നായനാർ സർക്കാറാണ് ഭരിക്കുന്നത്. അക്കാലത്തും ചടയന്റെ മക്കൾ കൂലിപ്പണിയെടുത്ത് ജീവിക്കയായിരുന്നു. മനോരമയിൽ തന്നെയായിരുന്നു ചടയന്റെ മകൻ കമ്പിവളക്കുന്നതിന്റെ ചിത്രം കൊടുത്ത് വിശദമായി വാർത്തവന്നത്. ചടയൻ മരിക്കുന്നതിന് മുമ്പും പലരും ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ അനർഹമായി ഒന്നും ചെയ്യാൻ അദ്ദേഹം കൂട്ടാക്കിയില്ല. മാത്രമല്ല മക്കൾ അധ്വാനിച്ചാണ് ജീവിക്കുന്നതെന്ന് അദ്ദേഹം എവിടെയും എടുത്തു പറയുകയും ചെയ്യുമായിരുന്നു.

1948-ൽ കമ്യുണിസ്റ്റ് പാർട്ടിയിൽ അംഗമായ ചടയൻ നിരവധി തൊഴിലാളി സമരങ്ങൾ നയിക്കുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച സമയത്ത് പൊലീസിന്റേയും ശത്രുക്കളുടേയും ആക്രമണത്തിനു പലതവണ വിധേയനായിരുന്നു ഗോവിന്ദൻ. പാർട്ടി നിരോധനം നിലനിന്നിരുന്ന കാലത്ത്, കമ്മ്യൂണിസ്റ്റ് നേതാവായ പി. കൃഷ്ണപിള്ളയെ കൊണ്ടു വന്ന് നാറാത്ത് പ്രസംഗിപ്പിച്ചു. ശത്രുക്കൾ ആക്രമിച്ചെങ്കിലും കൃഷ്ണപിള്ളക്ക് യാതൊരാപത്തും സംഭവിക്കാതെ ഗോവിന്ദനുൾപ്പടെയുള്ള പ്രവർത്തകർ സംരക്ഷിക്കുകയായിരുന്നു. കയറളത്തെ കോൺഗ്രസ്സ് നേതാവായിരുന്ന കുഞ്ഞിരാമൻ നമ്പ്യാരുടെ വീടാക്രമിച്ച കേസിൽ ഗോവിന്ദൻ പ്രതിയായിരുന്നു. പൊലീസിന്റെ പിടിയിൽപ്പെടാതിരിക്കാൻ ഒളിവിൽപോയെങ്കിലും പിന്നീട് അറസ്റ്റിലായി. ഈ കേസിൽ ഏഴുമാസത്തോളം കണ്ണൂരിൽ തടവുകാരനായി കഴിഞ്ഞു. 1965 ൽ ചൈനാ ചാരനെന്നു മുദ്രകുത്തി പൊലീസ് വേട്ടയാടി, വീണ്ടും ഒളിവിൽ പോയെങ്കിലും പൊലീസ് അറസ്റ്റു ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത് മുഴുവനായി ഒളിവിലായിരുന്നു.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ കൗൺസിൽ അംഗമായിരുന്നു. പാർട്ടി പിളർന്നപ്പോൾ സിപിഐ.എമ്മിന്റെ കൂടെ നിന്നു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി, കേരള നിയമസഭാംഗം (19771979) അഴീക്കോട് നിയമസഭാമണ്ഡലം എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷം സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1998 സെപ്റ്റംബർ ഒമ്പതിന് തന്റെ 69ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്. ചടയൻ ഗോവിന്ദന്റെ നിര്യാണത്തെ തുടർന്നാണ് പിണറായി പാർട്ടി സെക്രട്ടറിയായി എത്തുന്നത്.

പിണറായിയുടെ മകൾക്ക് അമൃതാന്ദമയിയുടെ കോളജിൽ പ്രവേശനം

ചടയന്റെ പിൻഗാമിയായി എത്തിയ  പിണറായി വിജയന് പക്ഷേ ചടയന്റെ ജീവിതചര്യ പിന്തുടരാൻ കഴിഞ്ഞോ എന്നത് സംശയമാണ്. അധിനിവേശ പ്രതിരോധ സമിതിയും, ആർഎംപിയുമൊക്കെ ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹത്തിന്റെ കുടുംബത്തിനുനേരെ ഉയർത്തിയത്. പിണറായി വിജയന്റെ മക്കളുടെ വിദ്യാഭ്യാസം സംബന്ധിച്ചാണ് ആദ്യം ആരോപണം ഉയർന്നത്. സ്വാശ്രയ കോളജുകൾക്കെതിരെ സമരം നടത്തി കൂത്തപറമ്പിൽ അഞ്ചുയുവാക്കൾ വെടിയേറ്റ് മരിച്ചതൊക്കെ ഇനിയും ആരും മറന്നിട്ടില്ല. ഈ സമയത്താണ് പിണറായിയുടെ മകൾ വീണക്ക് മാതാ മാതാഅമൃതാനന്ദമയിയുടെ  കോളജിൽ അഡ്‌മിഷൻ കിട്ടയത്. ഇതേക്കുറിച്ച് ബെർളിൻ കുഞ്ഞനന്തൻ നായർ ഉന്നയിച്ച ആരോപണങ്ങ്േളാട് ഇനിയും മറുപടി പറയാൻ പിണറായിക്ക് ആയിട്ടില്ല. ബർലിൻ കുഞ്ഞനന്തൻ നായർ എഴുതിയ 'ഒളിക്യാമറകൾ പറയാത്തത്' എന്ന ആത്മകഥയിലെ 'ദഹിക്കാതെ പോയ ഊണ്' എന്ന അദ്ധ്യായം സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാണ്.

ദഹിക്കാതെ പോയ ഊണ്'; അധ്യായത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്.-പിണറായിയുടെ മകൾ വീണക്ക് ഐ.റ്റി വിഷയത്തിൽ എഞ്ചിനിയറിംഗിന് കലശലായ ആഗ്രഹമുള്ള കാലം. കൊലിയക്കോട് കൃഷ്ണൻ നായർ മുഖേന സീറ്റുറപ്പിക്കാനുള്ള ശ്രമം വിഫലമായി. എ.കെ.ജി സെന്ററിൽ നിന്ന് ബർലിൻ കുഞ്ഞനന്തൻ നായർ മുഖേന ക്യാപ്റ്റൻ കൃഷ്ണൻ നായരുമായി ബന്ധപ്പെടുന്നു.കോയമ്പത്തൂരിലെ അമൃതാ എഞ്ചിനിയറിങ് കോളേജിൽ പ്രവേശനം ലഭിക്കാൻ അമ്മയെ സ്വാധീനിക്കുന്നു.ജാതി മതശക്തികളുടെയും പുത്തൻ സാമ്പത്തിക ശക്തികളുടേയും സമ്മർദ്ദത്തിൽ സ്വാശ്രയകോളേജുകൾ തലങ്ങും വിലങ്ങും ആരംഭിച്ചതിനെതിരെ എസ്.എഫ്.ഐ യും ഡിവൈഎഫ്ഐ യും നടത്തിയ പോരാട്ടങ്ങളുടെ ചൂടും ചോരയും അന്തരീക്ഷത്തിൽ നിലനിന്നിരുന്നു.

കൂത്തുപറമ്പു രക്തസാക്ഷികളുടെ ചോരപ്പാടുകൾ മായാത്ത കാലം. പിണറായിയുടെ മകൾ വീണക്കു വേണ്ടി ലക്ഷപ്രഭുക്കളുടെ മക്കൾക്കു മാത്രം പ്രവേശിക്കാൻ കഴിയുന്ന സ്ഥാപനം. അവിടെ വീണയെ ചേർത്താൽ കടുത്ത വിമർശനങ്ങൾ ഉയർന്നു വരില്ലേ എന്ന ചോദ്യത്തിന് നിങ്ങൾ അതൊന്നും നോക്കണ്ട, കഴിയുമെങ്കിൽ കൃഷ്ണൻ നായരെ വിളിക്കൂ എന്ന പിണറായിയുടെ ആജ്ഞ. എ.കെ.ജി സെന്ററിലെ ഫോണിൽ നിന്നും ബർലിൻ കൃഷ്ണൻ നായരെ വിളിക്കുന്നു. കാര്യങ്ങൾ വിശദീകരിച്ചു കഴിഞ്ഞപ്പോൾ അങ്ങേ തലക്കൽ നിന്നും ക്യാപ്റ്റന്റെ നീണ്ട ചിരി. കുഞ്ഞനന്തൻ നായരെ നിങ്ങൾ പാർട്ടിക്കാർ സ്വാശ്രയ കോളേജുകൾക്ക് എതിരല്ലെ, എസ്.എഫ്.ഐ പിള്ളേരുടെ സമരം ഇനിയും തീർന്നില്ലല്ലോ അത്തരം കോളേജിൽ പിണറായി മകളെ ചേർക്കുമോ നിങ്ങൾ അദ്ദേഹത്തോടു ചോദിച്ചിട്ട് തന്നെയാണോ എന്നോട് സംസാരിക്കുന്നത്.

അതെ എന്നു മറുപടി പറഞ്ഞു. അതിനുശേഷം കൃഷ്ണൻ നായർ മറുത്തൊന്നും പറഞ്ഞില്ല. അമ്മ ഇപ്പോൾ വിദേശത്താണെന്നും ബന്ധപ്പെട്ടുനോക്കാമെന്നും ക്യാപ്റ്റ െന്റ മറുപടി. അന്നു വൈകുന്നേരം ക്യാപ്റ്റൻ കൃഷ്ണൻ നായരെ വിളിച്ചു. എല്ലാ തിരക്കുകളും മാറ്റിവെച്ച് ഈ ആവശ്യത്തിനായി പലരേയും ബന്ധപ്പെടുകയായിരുന്നു അദ്ദേഹം.അല്പം കഴിഞ്ഞ് ക്യാപ്റ്റന്റെ ഫോൺ നിങ്ങൾ 2000 ജൂലൈ 19 ന് രാവിലെ 10 മണിക്ക് കോയമ്പത്തൂരിലെ അമൃതാ എഞ്ചിനിയറിങ് കോളേജിൽ കുട്ടിയേയും കൂട്ടി എത്തണം. ഞാൻ അമ്മയെ വിളിച്ചു. സീറ്റ് ശരിയാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. കോളേജിന്റെ കോ-ഓർഡിനേറ്റർ പ്രൊഫ. പരമേശ്വരനെ കണ്ടാൽ മതി.എല്ലാ കാര്യങ്ങളും എർപ്പാടുചെയ്തിട്ടുണ്ട്. കാര്യങ്ങൾ കേട്ടപ്പോൾ പിണറായിക്ക് ആശ്വാസമായി.

അന്നുതന്നെ കോയമ്പത്തൂരിലേക്ക് പോകുവാൻ 5 എ സി ടിക്കറ്റുകൾ ബുക്കുചെയ്യാൻ ഏർപ്പാടാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എമർജൻസി ക്വാട്ടയിലാണ് 3 ടിക്കറ്റുകൾ ഷൊർണൂരിലേക്ക് കിട്ടി. പിണറായി ഭാര്യ കമല മകൾ വീണ, ഞാൻ, പിണറായിയുടെ ഗൺമാൻ എന്നിവർ ജൂലായ് 18 ന് യാത്ര തിരിച്ചു.പിണറായി ട്രയിനിൽ അപ്പർ ബർത്തിലും ഭാര്യയും മകളും ലോവർ ബർത്തിലും, എനിക്കും ഗൺമാനും ബർത്ത് ഇല്ലായിരുന്നു.ട്രയിൻ കൊല്ലത്ത് എത്തിയപ്പോൾ ജനതാദൾ നേതാവ് സി.കെ നാണു ബുദ്ധിമുട്ടുന്ന എന്നെ കണ്ടു, അദ്ദേഹം ടി ടി എ കണ്ട് ഷൊർണൂരിലേക്ക് ഒരു ബർത്ത് ശരിപ്പെടുത്തി തന്നു.എനിക്ക് ബർത്ത് കിട്ടാത്ത കാര്യമൊന്നും പിണറായി ഗൗനിച്ചതേയില്ല, അദ്ദേഹത്തിന്റെആവശ്യത്തിനാണ് ഞാൻ പോകുന്നത് എന്ന ചിന്തയെങ്കിലും അദ്ദേഹത്തിന് ഉണ്ടാകേണ്ടതായിരുന്നു. എനിക്ക് ഒരുതരം ആത്മനിന്ദയാണ് തോന്നിയത്.ഞാനെന്തിനാണ് ഇങ്ങനെയൊരാളെ സഹായിക്കണം. ഞങ്ങൾ പുലർച്ച ഷൊർണൂരെത്തി മഴ കനത്തു പെയ്യുന്നുണ്ടായിരുന്നു.

നമുക്കൊരു ടാക്സി പിടിച്ച് പാർട്ടി ഓഫീസിലേക്കോ, ഗസ്റ്റുഹൗസിലേക്കോ പോകാമെന്ന് ഞാൻ പറഞ്ഞു, ഓ, അതൊന്നും നിങ്ങൾ ആലോചിക്കണ്ട, അതിനെല്ലാം ഏർപ്പാട് ചെയ്തിട്ടുണ്ട്. പിണറായി പറഞ്ഞു.റെയിൽവെ സ്റ്റേഷൻ കവാടത്തിൽ ഒരാൾ പിണറായിയെ കണ്ടപ്പോൾ തൊഴുതു വണങ്ങി. മൂന്ന് ആഡംബരക്കാറുകൾ ഞങ്ങളെ കാത്തു കിടപ്പുണ്ടായിരുന്നു.ഒന്നിന്റ നമ്പർ 5008. കാർ ഉടമ വൻ ബിസിനസുകാരനും വ്യവസായിയുമായ വരദരാജനായിരുന്നു.ഞങ്ങൾ പാലക്കാട് വിക്ടോറിയ കോളേജിനു സമീപമുള്ള ഗസ്റ്റ് ഹൗസിലെത്തി. സ്വീകരിക്കാൻ പരിചാരകരുടെ വൻപട തന്നെയുണ്ടായിരുന്നു.അതേ കാറിൽ കോയമ്പത്തൂരിലെ അമൃതാ ഇൻസ്റ്റ്യൂട്ടിലേക്ക് പോയി.പത്തുമണിയോടെ എട്ടിമടയിലുള്ള കോളേജിലെത്തി.കോളേജിലെ കോ ഓർഡിനേറ്റർ പ്രൊഫ.സി.പരമേശ്വരൻ ഞങ്ങളെ സ്വീകരിച്ചു. അഡ്‌മിഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രൊഫ. സി.പരമേശ്വരൻ സ്വകാര്യമായി പറഞ്ഞു.

എൻട്രസ് ടെസ്റ്റ് എന്ന ഒരു നടപടി ക്രമം ഇവിയെയുണ്ട്. അതിന്റെ മാർക്കുകൂടി കണക്കിലെടുത്താണ് അഡ്‌മിഷൻ നൽകുന്നത്.വെറും ഫോർമാലിറ്റി, കുട്ടിക്ക് എഴുതിക്കൂടെ ഇതു കേട്ടപ്പോൾ എല്ലാവരുടേയും മുഖത്ത് മ്ലാനത പരന്നു. ഞാൻ പ്രൊഫ. പരമേശ്വരനോട് സ്വകാര്യമായി പറഞ്ഞു എൻട്രസ് ടെസ്റ്റിൽ കുട്ടി പാസ്സായിക്കോണം എന്നില്ല ഇത്രയും ഉപകാരം ചെയ്തുതന്ന സ്ഥിതിക്ക് അതും കൂടി ഒഴിവാക്കി തന്നുകൂടെ അദ്ദേഹം ആരെയോ വിളിച്ചശേഷം എൻട്രസ് ഒഴിവാക്കിത്തന്നു.അങ്ങനെ ക്യാപ്റ്റൻ കൃഷ്ണൻ നായർ മുഖേന മാതാ അമൃതാനന്ദമയി ഇടപെട്ട് ഒരു രൂപ പോലും കൊടുക്കാതെ പിണറായിയുടെ മകൾക്ക് അഡ്‌മിഷൻ കിട്ടി ലോക്കൽ ഗർഡിയനായി വരദരാജൻ മുതലാളിയുടെ പേര് കൊടുക്കുകയും ചെയ്തു.'- ബർലിൻ എഴുതി. ഇത് ഇതുവെരെയും പിണറായി നിഷേധിച്ചിട്ടില്ല. ബർലിൻ കുഞ്ഞനന്തൻ നായർ പിന്നീട് പാർട്ടിയിലേക്ക് തിരിച്ചുവന്നെങ്കിലും അദ്ദേവും തന്റെ പുസ്തകത്തെ തള്ളിപ്പറഞ്ഞിട്ടില്ല.

പിണറായി ഭരണത്തിൽ മകളുടെ കമ്പനിയും ലാഭമാവുന്നു

പഠനശേഷം പിണറായിയുടെ മകൾ ജോലിക്കുചേർന്നതും പ്രമുഖ വ്യവസായി രവി പിള്ളയുടെ കമ്പനിയിൽ ആയിരുന്നു. സിപിഎമ്മിന് അദാനിയെപ്പോലുള്ള  കുത്തകകളോട് മാത്രമേ വിരോധമുള്ളൂ എന്ന് വിമർശകർ പറയുന്നത് ഇതുകൊണ്ടാണ്. ദീർഘകാലം ഇവിടെ ജാലി ചെയ്ത ശേഷമാണ് വീണ സ്വന്തമായി കമ്പനി തുടങ്ങുന്നത്. രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആർപി ടെക്സോഫ്റ്റിന്റെ സിഇഒയായിരുന്നു വീണ. പഠിക്കാൻ ആവറേജ് മാത്രമായിരുന്നു ഒരു കുട്ടി വളരെ പെട്ടന്ന ഉയരങ്ങളിൽ എത്തുന്നത് എങ്ങനെയാണെന്ന് വ്യക്തം.

സിംപ്രിങ്ളർ വിവാദത്തിൽ ആ കമ്പനിയും പെട്ടു. വീണയുടെ കമ്പനിയായ എക്സാലോജിക്കിന് സിംപ്രിങ്ളറുമായി ബന്ധമുണ്ടെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തിയത്. സിംപ്രിങ്ളർ വിവാദം ഉയർന്നപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ മകളായ വീണയുടെ എക്സാലോജിക്ക് ഐടി കമ്പനിയുടെ വെബ്സൈറ്റ് സസ്പെൻഡ് ചെയ്യപ്പെട്ടു. ആ വെബ്സൈറ്റിൽ ആദ്യമുണ്ടായിരുന്ന വിവരങ്ങൾ പലതും എടുത്തുമാറ്റപ്പെട്ടു. മാത്രമല്ല തുടർച്ചയായി നഷ്ടത്തിലായ ഈ കമ്പനിക്ക് ധനലക്ഷ്മി ബാങ്ക് ലക്ഷങ്ങൾ ലോൺ എങ്ങനെ കൊടുത്തുവെന്നതും വിവാദമായിട്ടുണ്ട്. തുടർച്ചയായ നഷ്ടം കാണിച്ച കമ്പനി പിണറായി മുഖ്യമന്ത്രിയാ ആദ്യ വർഷത്തിലാണ് പൊടുന്നനെ ലാഭം ഉണ്ടാക്കിയത്. അതായത് പിണറായിയുടെ പേര് തന്നെയാണ് വീണയുടെ ബലം എന്ന് വ്യക്തം.

എക്‌സാലോജിക്ക് കമ്പനിയുടെ ഡയറക്ടറായ മുഖ്യമന്ത്രിയുടെ മകൾ വീണ തൈക്കണ്ടിയിൽ കമ്പനി രജിസ്‌ട്രേഷൻ രേഖകളിൽ നൽകിയിട്ടുള്ളത് സിപിഎം ആസ്ഥാനമായ എകെജി സെന്ററിന്റെ വിലാസമാണെന്നതും വിവാദമായി. ഐടി കമ്പനിയുടെ രജിസ്‌ട്രേഷന് രജിസ്ട്രാർക്ക് നൽകിയിരിക്കുന്ന വിലാസം വീണാ തൈക്കണ്ടിയിൽ, പിണറായി വിജയന്റെ മകൾ, എകെജി സെന്റർ, പാളയം എന്നാണ്. കമ്പനി ഉടമസ്ഥതയ്ക്ക് വീണയുടെ നോമിനിയാക്കി മാറ്റിയിട്ടുള്ള അമ്മ കമല വിജയൻ തലശേരി മേൽവിലാസം നൽകിയപ്പോൾ സിപി എം ബന്ധങ്ങൾ ഐടി വ്യവസായത്തിൽ പ്രയോജനപ്പെടുത്തുകയെന്ന ദുരുദ്ദേശ്യത്തോടെ പാർട്ടി കേരള ആസ്ഥാനമായ എകെജി സെന്റർ വിലാസം ഉൾപ്പെടുത്തുകയായിരുന്നെന്നാണ് വിമർശകർ ആരോപിക്കുന്നത്.

ആരംഭം കുറിച്ച 2014ലെ സാമ്പത്തിക നഷ്ടത്തിൽ നിന്ന് പിണറായി വിജയൻ മുഖ്യമന്ത്രിയായ 2016 മുതൽ എക്‌സലോജിക് കമ്പനി അസാധാരണ ലാഭത്തിലേക്ക് കുതിച്ച് ഉയരുകയായിരുന്നു. ബെംഗളൂർ ആസ്ഥാനമെങ്കിലും ഐടി കമ്പനിയുടെ ഇടപാടുകാരിൽ മലയാളികൾ ഏറെയുണ്ട്. ഇവിടെയാണ് മുഖ്യമന്ത്രിയുടെ മകൾ വീണ സ്വന്തം വിലാസം തന്നെ പാർട്ടി ആസ്ഥാനത്തിന്റേതാക്കി നൽകുമ്പോഴുള്ള നേട്ടവും, കമ്പനിയുടെ വളർച്ചയുമെല്ലാം വെളിപ്പെടുന്നത്. അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്‌ളർ ചെയ്യുന്ന വിവര സാങ്കേതിക പ്രവർത്തനങ്ങളെല്ലാം ചെയ്യുന്ന കമ്പനിയാണ് വീണയുടെ എക്‌സലോജിക്. ഇവർ മുമ്പ് ജോലി ചെയ്തിരുന്ന ടോളന്റ് സിസ്റ്റംസും ഇതേ പ്രവർത്തനങ്ങളാണ് ചെയ്തിരുന്നത്.

ഡിഗ്രി തേർഡ് ക്ലാസിൽ പാസായ മകൻ ബർമ്മിങ്ങ്ഹാമിൽ

മകൾ വീണയെപ്പോലെ തന്നെ പിണറായി വിജയന്റെ മകൻ വിവേക് കിരൺ ബർമ്മിഹാം യൂനിവേഴ്സിറ്റതിൽ പഠിച്ചതും വൻ വിവാദമായി. ഡിഗ്രി തേർഡ് ക്ലാസിൽ പാസായ കുട്ടിക്ക് എങ്ങെനെയാണ് ബമ്മിങ്ങ്ഹാമിൽ അഡ്‌മിഷൻ കിട്ടുക എന്നാണ് അന്ന് അധിനിവേശ പ്രതിരോധ സമിതിയുടെ മാസികയായ ജനശക്തിയിൽ വന്ന ലേഖനം ആരോപിക്കുന്നത്.

'വിവിക് ഡിഗ്രി പാസായത് മൂന്നാം ക്ലാസിൽലാണ്. രണ്ടാം വർഷത്തിൽ അക്കൗണ്ടൻസിക്ക് 100ൽ കിട്ടിയത് 17 മാർക്ക്. ഇംപ്രൂവ്മെന്റ് എഴുതിയപ്പോൾ ആറു മാർക്കു കൂടി 23 ആയി.സഹകരണ മന്ത്രി ജി സുധാകരനും സാഹിത്യനായകൻ ടി പത്മനാഭനും മിടുക്കനെന്ന് വാഴ്‌ത്തിയ പിണറായി വിജയന്റെ മകൻ വിവേക് പിണറായിക്ക് കിട്ടിയ മാർക്കുകളാണ് ഇത്.തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലാണ് വിവേക് പ്രീഡിഗ്രി പഠിച്ചത്. ജയിച്ചത് രണ്ടാം ക്ലാസിൽ. ഇതേ കോളെജിൽ തന്നെയാണ് വിവേക് ഡിഗ്രിക്കും പഠിച്ചത്. ഡിഗ്രി ജയിച്ചത് മൂന്നാം ക്ലാസിൽ.പ്രീഡിഗ്രിക്ക് ഒന്നാം ഗ്രൂപ്പും ഡിഗ്രിക്ക് ബികോമുമായിരുന്നു വിവേക് പഠിച്ചത്. ഡിഗ്രി നേടിയ ശേഷം വിവേക് പഠിച്ചത് കളമശേരി എസ് സി എം എസ് (സ്‌ക്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്) കോളെജിലാണ്. ജിപിസി നായരുടെ ഉടമസ്ഥയിലുള്ളതാണ് ഈ കോളെജ്. ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദത്തിനാണ് വിവേക് ഈ കോളെജ് പ്രവേശനം നേടിയത്.ബിരുദത്തിൽ രണ്ടാം ക്ലാസെങ്കിലും നേടിയവർക്കു മാത്രമേ ഈ കോളെജിൽ പ്രവേശനം അനുവദിക്കുകയുള്ളൂവെന്നാണ് ചട്ടം. ഇവർ കാറ്റ്, മാറ്റ് ( CAT Common Aptitude Ttse, MAT Management Aptitude Ttse) എന്നിവയിലേതെങ്കിലും ഒരു പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം നേടേണ്ടെതെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. എന്നാൽ വിവേക് പിണറായിയുടെ കാര്യത്തിൽ ഈ ചട്ടം പാലിക്കപ്പെട്ടില്ല.

ബികോമിന് വെറും മൂന്നാം ക്ലാസുള്ള വിവേക് പിണറായി ജിപിസി നായരുടെ കോളെജിൽ ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം അഭ്യസിച്ചു. പ്രവേശന പരീക്ഷ വേണ്ട, യോഗ്യതയുടെ കാര്യത്തിൽ മാനേജ്മെന്റ് ദയാപുരസരം ഒരിളവും അനുവദിച്ചു.എസ് ബി ടിയുടെ കലൂർ ബ്രാഞ്ചിൽ നിന്നും നാലു ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്താണ് വിവേക് ഈ കോളെജിൽ പഠിച്ചത്. വായ്പയുടെ ജാമ്യക്കാർ പിണറായി വിജയനും ഭാര്യ കമലാ വിജയനുമായിരുന്നു. 2003ൽ സി ഗ്രേഡ് സർട്ടിഫിക്കറ്റോടെയാണ് വിവേക് ഈ കോഴ്സ് പാസായത്.2004ൽ വിവേക് സ്വന്തം ബിസിനസ് നടത്താൻ സിംഗപ്പൂരിലേയ്ക്ക് പോയി. കാര്യമായ നേട്ടമൊന്നുമില്ലാത്തതിനാൽ രണ്ടു മാസത്തിനു ശേഷം തിരികെ വന്നു. പിന്നീട് ജോലി തേടി അബുദാബിയിൽ പോയി. അവിടെയും ശരിപ്പെടാത്തതിനാൽ 2005 സെപ്റ്റംബറിൽ വീണ്ടും നാട്ടിലെത്തി.പിന്നീടാണ് ഇംഗ്ലണ്ടിലെ ബർമ്മിങ് ഹാം സർവകലാശാലയിൽ ബിസിനസ് മാനേജ്മെന്റ് പഠിക്കാൻ വിവേക് തീരുമാനിച്ചത്. 20 ലക്ഷം രൂപയാണ് ഈ കോഴ്സിനുള്ള ഫീസ്. ഈ തുക വായ്പയെടുക്കാൻ വീണ്ടും കലൂരിലെ എസ് ബി ടി ശാഖയെ സമീപിച്ചു. ഏഴു ലക്ഷം രൂപയ്ക്കു മേലുള്ള തുക വായ്പ നൽകാൻ ബാങ്ക് കൊച്ചി ദേശാഭിമാനിയെയാണ് ഈടായി ആവശ്യപ്പെട്ടത്. ദേശാഭിമാനിയിലുള്ള ചിലരുടെ എതിർപ്പിനെ തുടർന്ന് ഇത് നടക്കാതെ പോയി.

എന്നാൽ പിന്നീട് ഈ തുക സംഘടിപ്പിച്ച് വിവേക് ബർമ്മിങ് ഹാം സർവകലാശാലയിൽ പഠനത്തിന് ചേർന്നു. ഇംഗ്ലണ്ടിലെ താമസം, ഭക്ഷണം, മറ്റ് ചെലവുകൾ എന്നിവ കൂടി കണക്കിലെടുത്താൽ ഏതാണ്ട് അരക്കോടിക്ക് മേലുള്ള തുകയാവും ഈ കോഴ്സ് കഴിയുമ്പോൾ ആകെ ചെലവ്.ഇത്രയും ഭീമമായ തുക എവിടെ നിന്നാണ് ലഭിച്ചത് എന്ന ചോദ്യത്തിന് ഇതുവരെ ബന്ധപ്പെട്ടവരാരും മറുപടി പറഞ്ഞിട്ടില്ല. അധിനിവേശ പ്രതിരോധ സമിതിയുടെ ഒരു യോഗത്തിൽ ഈ ചോദ്യം ചോദിച്ച എഴുത്തുകാരി സാറാ ജോസഫിനെ സഹകരണ മന്ത്രി സുധാകരൻ രൂക്ഷമായി വിമശിക്കയാണ് ചെയ്തത്. മിടുക്കരായ കുട്ടികൾ സ്‌കോളർഷിപ്പ് നേടി വിദേശത്തു പഠിക്കുന്നതിൽ ആരും അസൂയപ്പെടേണ്ടെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജും പറയുന്നു. മാർക്ക് ലിസ്റ്റിൽ വെളിപ്പെടാത്ത മറ്റെന്ത് മിടുക്കാണ് വിവേകിനുള്ളതെന്ന ചോദ്യത്തിന് ആരും ഉത്തരം പറയുന്നുമില്ല.കത്തോലിക്കാ സഭയ്ക്കെതിരെ ചന്ദ്രഹാസം മുഴക്കുന്ന പിണറായി വിജയന്റെ മകൻ മാർ ഇവാനിയോസ് കോളെജിലെ മാനേജ്മെന്റ് ക്വാട്ടയിലാണ് പ്രിഡിഗ്രിക്കും ഡിഗ്രിക്കും പ്രവേശനം നേടിയതെന്ന അറിവും മറക്കരുത്. '- ജനശക്തിയിലെ ലേഖനം  ഖണ്ഡിക്കാൻ സൈബർ സഖാക്കൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

കോടിയേരി എന്ന സമ്പൂർണ്ണ പരാജയം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ന്റെ കുടുംബത്തെ അടിമുടി വിവാദ കുടുംബം എന്ന ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. പോളിറ്റ് ബ്യൂറോ അംഗവും കൂടിയാണ് കോടിയേരി. ഇത്തരമൊരു നേതാവിന്റെ മക്കളെ കൊണ്ട് പൊറുതി മുട്ടുകയാണ് സിപിഎം. കോടിയേരിയുടെ മക്കൾ ബിനീഷും ബിനോയിയും പലവിധ വിവാദങ്ങളിലൂടെ കടന്നു പോയി. ആദ്യം ബിനീഷിന്റെ രാഷ്ട്രീയ പ്രവർത്തനവും കേസുകളുമാണ് കുരുക്കായത്. അച്ഛന്റെ ലേബലിൽ പാർട്ടിയിൽ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും എത്തി. ഇതോടെ ബിനീഷ് പതിയെ രാഷ്ട്രീയത്തിൽ നിന്ന് പിന്നോട്ട് പോയി. ഇതിനിടെ ബിനീഷിന്റെ സൗഹൃദങ്ങളും തലവേദനയായി. ഇപ്പോഴിതാ മയക്കുമരുന്ന് കേസ് അടക്കമുള്ള ഗുരുതരമായ ആരോപണമാണ് ബിനീഷിനുനേരെ ഉയരുന്നത്.

രവി പിള്ളയുടെ ആർപി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു മുൻപ് ബിനീഷ് കോടിയേരി. ഏഴു ലക്ഷത്തോളം രൂപ മാസ ശമ്പളം വാങ്ങിയാണ് ബിനീഷ് ജോലി ചെയ്യുന്നത് എന്നാണ് അന്ന് വന്നിരുന്ന വാർത്തകൾ. പിന്നീട് സിനിമയായി ബിനീഷ് കോടിയേരിയുടെ തട്ടകം. ഒപ്പം ഒട്ടനവധി വ്യവസായ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടു ബിനീഷിന്റെ പേര് പുറത്തുവരുന്നുണ്ട്. കാർ അക്സസറികൾ, ഫർണിച്ചർ, ഹോട്ടൽ വ്യവസായം എന്നിങ്ങനെ തിരുവനന്തപുരത്തെ വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ബിനീഷിന്റെ പേര് കേൾക്കാം. ബിനോയ് കോടിയേരി്ക്ക് ഗൾഫിൽ ഇവന്റ് മാനേജ്‌മെന്റ് കമ്പനി എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

നോക്കുക, സിനിമയിലും സെലിബ്രിറ്റി ക്രിക്കറ്റിലുമൊക്കെ ബിനീഷ് വിലസുകയാണ്. നോക്കുക, ഒരു നല്ല നടൻ പോയിട്ട് ആവറേജ് നടൻ പോലുമല്ല ബിനീഷ്. ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരില്ല. അയാൾ പിന്നെ എങ്ങനെയാണ് ചാൻസ് ചോദിച്ച് നിൽക്കുന്ന നൂറുകണക്കിന് ആളുകളെ മറികടന്ന് മുന്നിലെത്തുന്നത്. എം എൻ വിജയൻ മാഷ് ചൂണ്ടിക്കാട്ടിയ ചങ്ങാത്ത മുതലാളിത്തതിന്റെ ശുക്ള ഗുണം തന്നെ. കോടിയേരിയെ കണ്ടുകൊണ്ടും ആ സ്വാധീനം ഗുണം ചെയ്യും എന്ന്  വിലയിരുത്തിയും
 തന്നെയാണ് അവർ ബിനീഷിനെ കാസ്ററ് ചെയ്യുന്നത്. ബിസിനസിന്റെ എന്ത് മണ്ണാങ്കട്ടയാണ് ബിനീഷ് അറിയുന്നത്. ലക്ഷങ്ങൾ കടം കൊടുക്കാനും വാങ്ങാനുമൊക്കെ എന്ത് കച്ചവടമാണ് അയാൾ ചെയ്തിട്ടുള്ളത്. ഒന്നുമില്ല. എല്ലാം സിപിഎം സെക്രട്ടറി എന്ന കോടിയേരിയുടെ ബലം വെച്ച് മാത്രം.

ഇവിടെയാണ് കോടിയേരി സമ്പൂർണ്ണ പരാജയമായിപോകുന്നത്. ചടയനും പാലോളിയും ചെയ്തപോലെ മക്കളെ നിയന്ത്രിക്കാനും അധികാരത്തിൽനിന്ന് മാറ്റി നിർത്താനും അദ്ദേഹത്തിന് കഴിയുന്നില്ല. അതിന്റെ ഫലം പാർട്ടി ഇപ്പോൾ മൊത്തമായി അനുഭവിക്കുന്നു.

സിപിഎമ്മിനെ ഞെട്ടിച്ച പീഡനക്കേസ്

ബിനോയ് കോടിയേരിക്കെതിരെ ഉണ്ടായ പീഡനക്കേസ് സിപിഎമ്മിനെ അടിമുടി ഞെട്ടിച്ചിരുന്നു. ഒമ്പത് വർഷക്കാലം വിവാഹ വാഗ്ദാനം ചെയ്ത് പിഡിപ്പിച്ചുവെന്നും അതിൽ തിനിക്ക് മകൻ ഉണ്ടെന്നുമുള്ള   ആരോപണമാണ് ബിഹാർ സ്വദേശിനി ഉന്നയിച്ചത്. ഇത് ഡിഎൻഎ ടെസ്റ്റിൽ വരെ എത്തി. പിന്നീട് ഇത് കോടികൾ നഷ്ടപരിഹാരം കൊടുത്തു ഒതുക്കിയെന്നാണ് കഴിഞ്ഞ വർഷം പുറത്തുവന്ന വാർത്തകൾ. മുംബൈയിൽ ബാർ ഡാൻസറായിരുന്ന തനിക്ക് ബിനോയ് ബാലകൃഷ്ണൻ വിവാഹിതനായിരുന്നുവെന്ന് അറിയില്ലെന്നാണ് യുവതി പറയുന്നത്. യുവതിയെ അറിയാമെന്ന് സമ്മതിച്ച ബിനോയ് ബാലകൃഷ്ണൻ, ആദ്യം ആരോപണങ്ങൾ നിഷേധിക്കുകയാണ്. ഭീഷണിപ്പെടുത്താനാണ് ഈ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് ബിനോയ്  പറഞ്ഞിരുന്നത്.

 സംഭവം  കോടിയേരി ബാലകൃഷ്ണന് നേരത്തെ അറിയാമായിരുന്നെന്ന് അഭിഭാഷകൻ വെളിപ്പെടുത്തിയതും ഇതിനിടെ വലിയ ിവിവാദമായി. നേരത്തെ മധ്യസ്ഥക്ക് ശ്രമിച്ച അഭിഭാഷകനായ കെ പി ശ്രീജിത്താണ് ഇക്കാര്യം സ്വകാര്യ ചാനലുമായി പങ്കുവെച്ചത്.ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചർച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസിൽ വച്ചാണ്. മധ്യസ്ഥ ചർച്ചക്ക് ശേഷം താൻ കോടിയേരി ബാലകൃഷ്ണനുമായി ഫോണിൽ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തിൽ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഇത് തെറ്റാണെന്ന് അഭിപ്രായപ്പെട്ട് അഭിഭാഷകൻ രംഗത്തെത്തിയത്.

2019 ഏപ്രിൽ 18ന് വിനോദിനിയും 29 ന് ബിനോയിയും ചർച്ചക്ക് വന്നത്. ചർച്ചക്ക് ശേഷം കോടിയേരി ബാലകൃഷ്ണനുമായി താൻ ഫോണിൽ സംസാരിച്ചു. വിഷയത്തിന്റെ ഗൗരവം കോടിയേരിയോട് പറഞ്ഞു. എന്നാൽ, ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി വിശ്വസിച്ചതെന്നും കെ പി ശ്രീജിത്ത് പറഞ്ഞു. അപ്പോൾ എല്ലാം അറിഞ്ഞിട്ടും കോടിയേരി കാര്യങ്ങൾ മറച്ചുവെക്കുകയായിരുന്നുവെന്ന് വ്യക്തം.

വിവിധ ബിസിനസുകൾ ഏർപ്പെടുത്തി നടത്തിയിരുന്ന ബിനോയ് ഗൾഫിൽ പ്രശ്നങ്ങളിൽ കുടുങ്ങിയിരുന്നു. ട്രാവൽ ബാൻ വരെ ഗൾഫിൽ ബിനോയ്ക്ക് വന്നിരുന്നു. 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് പുറത്തുവന്നതോടെയാണ് ബിനോയ് കോടിയേരിയും മുഖ്യധാരയിലേക്ക് വന്നത്. ഗൾഫിലെ വൻ മലയാളി വ്യവസായി ഇടപെട്ടാണ് ഈ കേസിനു തീർപ്പാക്കിയത് എന്നാണ് ലഭിച്ച വിവരം. ദുബായിൽയിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ജാസ് ടൂറിസം എൽഎൽസി എന്ന കമ്പനിയാണ് ബിനോയിക്കെതിരെ പരാതി നൽകിയത്. ബിനോയ് കമ്പനിക്ക് നൽകിയ ചെക്കുകൾ മടങ്ങുകയും ദുബൈയിൽ നിന്നും മുങ്ങുകയും ചെയ്തപ്പോൾ ഇന്റർപോളിന്റെ സാഹയം തേടിയിരുന്നു. പിന്നീട് ദിവസങ്ങൾക്കുള്ളിൽ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.

എല്ലാം ഭരണത്തിന്റെ വറ്റുകുത്തലിൽ

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിലെ കൊടുക്കൽ വാങ്ങലുകൾക്ക് നേതൃത്വം കൊടുത്തതു ബിനോയ് ആണ് എന്നാണ് ആരോപണം. മൂത്തമകൻ ബിനോയിയെ കുറിച്ച് കോടിയേരിക്കും നല്ല അഭിപ്രായമായിരുന്നു. ചെറുപ്പത്തിലേ വിവാദത്തിൽ കുടുങ്ങിയ ബിനീഷിനേക്കാൾ ശാന്തനായിരുന്നു അന്ന് ബിനോയ്. അതുകൊണ്ടാണ് മൂത്തമകനെ ഗൾഫ് ദൗത്യം കോടിയേരിയും ഭാര്യയും ഏൽപ്പിച്ചത്. ഇതിനിടെ ബീഹാറിലെ ബാർ ഡാൻസുകാരി ബിനോയ് പ്രണയത്തിലാവുന്നത്. എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റു ചെലവിന് കൊടുത്തത് തുടങ്ങിയത് പുലിവാലായി.

ദുബായിൽ കെട്ടിട നിർമ്മാണ ബിസിനസ് ആണെന്നു പറഞ്ഞാണ് ബിനോയ് കോടിയേരി തന്നെ പരിചയപ്പെട്ടതെന്നു ലൈംഗികാരോപണം ഉന്നയിച്ച യുവതി പരാതിയിൽ പറയുന്നത്. ബിഹാറിലെ ദരിദ്ര കുടുംബത്തിൽനിന്ന് ദുബായിൽ ബാർ ഡാൻസറായി എത്തിയ തനിക്ക് പല വിലകൂടിയ സമ്മാനങ്ങളും നൽകിയാണ് ബിനോയ് അടുത്തുകൂടിയതെന്നും വിശദീകരിക്കുന്നു. തന്റെ കുട്ടി ബിനോയിയുടേതാണെന്നും ആരോപിക്കുന്നു. ഇത് ഡിഎൻഎ പരിശോധനയിലെ ശാസ്ത്രീയമായി തെളിയിക്കാം. അതുകൊണ്ടാണ് ന്ധേരിയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നൽകിയ പീഡനപരാതിയിൽ യുവതി ഉറച്ച് നിൽക്കുന്നത്. എല്ലാത്തിനും തുടക്കം ദുബായിൽ എത്തിയ ബിനോയിയുടെ ഡാൻസ് ബാറുകളോടുള്ള ഭ്രമമായിരുന്നു. കേരളത്തിലെ പല പ്രമുഖരും ഡാൻസ് ബാറുകൾ ദുബായിൽ നടത്തുന്നുണ്ട്. ഇവർക്ക് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിയുടെ മകനോട് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു. ഇതോടെ എല്ലാ ഡാൻസ് ബാറുകളിലും ബിനോയിക്ക് പൂർണ്ണ സ്വാതന്ത്ര്യം കിട്ടി. അങ്ങനെയാണ് ബീഹാറുകാരിയേയും ബിനോയിക്ക് അടുത്തു കിട്ടുന്നത്. താൽപ്പര്യം തോന്നിയപ്പോൾ തന്നെ സ്വന്തമാക്കി. പിന്നീട് ഇവരെ മുംബൈയിലേക്ക് മാറ്റി.
.
ബിഹാറിലെ ദരിദ്ര കുടുംബത്തിൽ നിന്നുള്ള ആളായ ബീഹാറിലെ ഡാൻസർ 2007ൽ പിതാവിന്റെ മരണത്തെ തുടർന്നാണ് മുംബൈയിലെ സഹോദരിയുടെ വീട്ടിലെത്തിയത്. അവിടെവച്ചു ഡാൻസ് പഠിച്ചു. 2009 സെപ്റ്റംബറിലാണ് സുഹൃത്തിന്റെ സഹായത്തോടെ ദുബായിലെ ഡാൻസ് ബാറിൽ ജോലിക്കു കയറി. ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോൾ അവിടെ സ്ഥിരം സന്ദർശകനായിരുന്ന ബിനോയിയുമായി പരിചയപ്പെട്ടു. മലയാളിയാണെന്നും ദുബായിൽ കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്നുവെന്നുമാണു പറഞ്ഞത്. പിന്നീട് മൊബൈൽ നമ്പർ വാങ്ങിച്ച് സ്ഥിരമായി സംസാരിച്ചു. പലപ്പോഴും വിലകൂടിയ സമ്മാനങ്ങളും പണവും നൽകി. ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു. അങ്ങനെ തുടങ്ങിയ അടുപ്പമാണ് വിവാദങ്ങളിലേക്ക് കാര്യങ്ങളെത്തിയത്. ബിനോയ് അടുപ്പക്കാരനായതോടെ യുവതി ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ജോലി ഉപേക്ഷിക്കും മുമ്പേ ബിനോയിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. 2009 നവംബറിൽ ഗർഭിണിയായി. 2010 ജൂലൈ 22ന് ആൺകുട്ടിക്കു ജന്മം നൽകി. തുടർന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം കഴിക്കുമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു. 2010 ഫെബ്രുവരിയിൽ അന്ധേരി വെസ്റ്റിൽ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റി. ഇതിനിടെ ദുബായിൽനിന്ന് പതിവായി വന്നുപോയി. എല്ലാ മാസവും പണവും അയയ്ക്കുകയും വീടിന്റെ വാടകക്കരാർ കഴിയുമ്പോൾ പുതുക്കുകയോ പുതിയ വീട് എടുത്തു നൽകുകയോ ചെയ്തുപോന്നു.

2015ൽ ബിസിനസ് മോശമാണെന്നും ഇനി പണം നൽകുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട്, വിളിച്ചാൽ ഒഴിഞ്ഞുമാറാൻ തുടങ്ങി. 2018ലാണ് ബിനോയ്‌ക്കെതരിരെ സാമ്പത്തിക തട്ടിപ്പ് കേസ് വരുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോൾ ആദ്യം കൃത്യമായ മറുപടില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോൺ എടുക്കാതെയായി. 2019 വിവാഹം ചെയ്യണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോൾ ബിനോയിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

ചൂതാട്ടം നടത്തി കോടിയേരിയുടെ ഭാര്യാ സഹോദരി

കോടിയേരിയുടെ കുടുംബം വിവാദത്തിൽപെടുന്നത് ഇത് ആദ്യമല്ല. വർഷങ്ങൾക്ക് മുമ്പ് തലശ്ശേരിയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യാ സഹോദരി പൊലീസ് പിടിയിലായത് വലിയ ചർച്ചയായിരുന്നു. തലശേരി ധർമ്മടത്തെ വീട്ടിൽ നിന്നാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരിയായ എസ്ആർ.അരുണ(46)യെ ചൂതാട്ടം നടത്തിയെന്നാരോപിച്ച് ധർമ്മടം എസ്ഐ.സി.ഷാജുവും സംഘവും കസ്റ്റഡിയിൽ എടുത്തത്. 2,19,800രൂപ ഇവരിൽ നിന്നും പിടിച്ചെടുത്തു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് അരുണയും സംഘവും വലയിലായത്. എന്നാൽ രാഷ്ട്രീയ സമ്മർദ്ദം കാരണം വൻ സെക്സ് റാക്കറ്റിനെ പിടികൂടി അത് ചൂതാട്ടമാക്കി പൊലീസ് മാറ്റുകയായിരുന്നുവെന്ന് കോടിയേരിയുടെ രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിച്ചു. .പിടികൂടിയ ഉടൻ ദൃശ്യമാധ്യമങ്ങളിൽ തലശേരിയിൽ പെൺവാണിഭസംഘം വലയിലെന്ന് വാർത്ത വന്നെങ്കിലും പൊടുന്നനെ പിൻവലിക്കുകയായിരുന്നു എന്നാണ് ആരോപണം..

ഇത് നാട്ടുകാരുടെ ആരോപണത്തെ ബലപ്പെടുത്തുന്നു. കോടിയേരിയുടെ അരുമ ശിഷ്യനും ഡിവൈഎഫ്ഐ നേതാവുമായ തലശേരിക്കാരൻ നേരിട്ടിടപ്പെട്ടാണ് കേസ് അട്ടിമറിച്ചതെന്ന് ആരോപണമുണ്ട്. ഉന്നത പൊലീസ് ഉദ്യേഗസ്ഥർ അരുണയെ രക്ഷിക്കാൻ ഇടപ്പെട്ടു. സ്വാമിക്കുന്നിലെ ഇവരുടെ വീട്ടിൽ നിരവധി അപരിചിതരായ യുവതികൾ വന്നു പോകാറുണ്ട്. അന്ന് ഇവരെ പിടികൂടുമ്പോൾ വീട്ടിനുള്ളിൽ യുവതികൾ ഉണ്ടായിരുന്നൂവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഇവരെ പിടികൂടി വാഹനത്തിൽ കയറ്റുമ്പോൾ വീടു പൂട്ടാതെയാണ് പൊലീസ് പോകുന്നതും. വേലക്കാരി വീട്ടിനുള്ളിലുണ്ടെന്ന വിചിത്രമായ മറുപടിയാണ് പൊലീസ് നൽകിയത്.സ്റ്റേഷനിലെത്തി മണിക്കൂറുകൾക്കുള്ളിൽ അരുണ വീട്ടിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഏറെക്കാലം വിദേശത്തായിരുന്നു ഇവർ നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് വിവാദത്തിൽ പെട്ടത്.

പൂമൂടൽ.. ശത്രു സംഹാരം..

സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ശത്രുസംഹാര പൂജ നടത്തിയെന്നാണ് പുറത്തുവരുന്ന ആരോപണം. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. ക്ഷേത്രാരാധനയുടെ മറ്റും നടത്തിയതിന്റെ പേരിൽ പാർട്ടി പ്രാദേശിക ഭാരവാഹികൾക്കും അംഗങ്ങൾക്കും പാർട്ടി അണികൾക്കുമെതിരെ നടപടിയെടുക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽത്തന്നെ എട്ടോളം തന്ത്രി പ്രമുഖരെ പങ്കെടുപ്പിച്ച് പൂജ കഴിച്ചത് പാർട്ടി ഗ്രാമമായ കോടിയേരിയിലും പരിസരത്തും സജീവ ചർച്ചയാവുകയും ചെയ്തു. കൈമുക്ക് ശ്രീധരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ തൃശൂർ കൊടകരയിലെ പ്രമുഖ തന്ത്രികുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകളെന്നും റിപ്പോർട്ട് ചെയ്യുന്നു.

സുദർശന ഹോമം, ആവാഹന പൂജകൾ തുടങ്ങിയവയാണ് നടത്തിയത്. എട്ടോളം തന്ത്രിപ്രമുഖർ പൂജകളിൽ പങ്കെടുത്തെന്നാണ് സൂചന. തൊട്ടടുത്ത വീട്ടുകാരെ താൽക്കാലികമായി ഒഴിപ്പിച്ച് വൈദികർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കുകയായിരുന്നു. പൂജയിൽ പങ്കെടുക്കാൻ കോടിയേരി ബാലകൃഷ്ണൻ വീട്ടിലെത്തിയെന്ന് ആരോപണമെത്തി. മുമ്പും കോടിയേരിയുടെ കുടുംബാഗങ്ങൾ തറവാട്ടിൽ ദോഷ പരിഹാര പൂജകൾ നടത്തിയത് വാർത്തയായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് കോടിയേരിക്ക് വേണ്ടി കാടാമ്പുഴയിൽ പൂമൂടൽ പൂജ കഴിച്ചിരുന്നു ഇതും വൻ വിവാദമായിരുന്നു. കോടിയേരി താമസിക്കുന്ന തലശ്ശേരിയിലെ പപ്പന്റപീടികയിലെ മൊട്ടേമ്മൽ വീട്ടിൽ 2017 ഡിസംമ്പർ നാലു മുതൽ എട്ടുവരെയായിരുന്നു ശത്രുദോഷ പരിഹാര പൂജ.

ജയരാജൻ മുതൽ ജലീൽ വരെയുള്ള ആശ്രിത നിയമനങ്ങൾ

വി എസ് അച്യുതാനന്ദൻ സർക്കാരിൽ ആരോഗ്യമന്ത്രിയായിരിക്കെ   പി കെശ്രീമതിയുടെ പേഴ്‌സണൽ സ്റ്റാഫിൽ സ്വന്തം മരുമകളെ നിയമിച്ചത് വൻ വിവാദമായിരുന്നു. ശ്രീമതിയുടെ മകൻ സുധീറിന്റെ ഭാര്യ ധന്യ എം. നായരെയാണ് അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റായി നിയമിച്ചത്. പുതിയ സർക്കാരിന്റെ കാലത്ത് സുധീർ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയിൽ എന്റർപ്രൈസ് ലിമിറ്റഡിന്റെ എംഡിയായതാണ് വിവാദമായത്. കഴിഞ്ഞ
സർക്കാരിൽ ധന്യയെ നിയമിച്ചത് ശ്രീമതിയെങ്കിൽ സുധീറിനെ
നിയമിക്കുന്നത് സഹോദരി ഭർത്താവും വ്യവസായ മന്ത്രിയുമായ ഇപി ജയരാജനാണ്. അങ്ങനെ പിണറായിയുടെ ഭരണകാലത്തും ശ്രീമതിയുടെ കുടുംബം നിയമന വിവാദത്തിൽ എത്തി. പക്ഷേ വിവാദം കത്തിയയോടെ ഈ നിയമനം റദ്ദായി. ആരോപണങ്ങളെ തുടർന്ന് ഇ പി ജയരാജൻ മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും പിന്നീട് തിരിച്ചെത്തി.

ശ്രീമതി ടീച്ചർ  ധന്യ എം.നായരെ തന്റെ പേഴ്‌സണൽ സ്റ്റാഫിൽ ക്ലാർക്കായാണ് നിയമിച്ചത്.
പിന്നീട് മരുമകളെ പേഴ്‌സണൽ അസിസ്റ്റന്റാക്കി കൊണ്ട് പ്രമോഷനും നൽകി. പതിനേഴായിരം രൂപയാണ് ശമ്പളം. രണ്ടു വർഷത്തെ സർവീസ് പൂർത്തിയാക്കിയാൽ പെൻഷന് അർഹത നേടും. ഇതിനുള്ള തന്ത്രമാണ് നടന്നത്. മകന്റെ ഭാര്യയാണെന്ന കാര്യം മറച്ചുവച്ചാണ് ധന്യയെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചത്. ഔദ്യോഗിക രേഖയിൽ ധന്യയുടെ വിലാസം ആരാധനാ ഹൗസ്, തളാപ്പ്, കണ്ണൂർ എന്നായിരുന്നു. ഇത് ധന്യയുടെ സ്വന്തം വീട്ടിലെ വിലാസമായിരുന്നു. മന്ത്രി ശ്രീമതിയുടെ വീട് പഴയങ്ങാടി നെരുവമ്പ്രത്തും. സാധാരണ സിപിഎം മന്ത്രിമാർ പേഴ്‌സണൽ സ്റ്റാഫിൽ പാർട്ടി നിർദ്ദേശിക്കുന്ന സജീവപ്രവർത്തകരെയാണ് നിയമിക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു അന്ന് നിയമനം വിവാദമായത്. ഇതോടെയാണ് നിയമനം റദ്ദാക്കപ്പെട്ടതും.

ബന്ധുക്കളെ സ്വന്തം വകുപ്പിൽ നിയോഗിച്ചതിന്റെ പേരിൽ മന്ത്രി കെ ടി ജലീലും പഴികേട്ടു. നിരവധി മറ്റ് വകുപ്പുകളിലും സിപിഎം സ്വന്തക്കാരെ തിരുകിക്കയറ്റിയിട്ടുണ്ട്. ഇപി ജയരാജന്റെ രണ്ട് മക്കൾക്കും ഗൾഫ് ബന്ധങ്ങളുണ്ടെന്നാണ് വാർത്തയിലുള്ളത്. ഗൾഫിലെ പ്രമുഖ ബിസിനസുകാരനൊപ്പമാണ് ജയരാജന്റെ ഒരു മകനായ ജെയ്സൺ ജോലി ചെയ്യുന്നത്. മറ്റൊരു മകനായ ജിതിനും ഗൾഫിൽ ബിസിനസ് ബന്ധങ്ങളുണ്ട്. കണ്ണൂരിൽ ജയരാജന്റെ മകന്റെ സ്ഥാപനത്തിനുവേണ്ടി കുന്നിടിക്കുന്നതും നേരത്തെ വൻ വിവാദമായിരുന്നു.

മാതൃക കാട്ടിയത് പി ജയരാജൻ മാത്രം

പ്രമുഖ സിപിഎം നേതാക്കളുടെ മക്കൾ ഒക്കെയും വിദേശത്താണെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. അണികൾ വെട്ടി മരിക്കുമ്പോൾ തങ്ങളുടെ മക്കളെ നേതാക്കൾ സുരക്ഷിതരാക്കി. മന്ത്രി എ.കെ.ബാലന്റെ രണ്ടു മക്കളും വിദേശ വിദ്യാഭ്യാസവും ജോലിയും ഉള്ളവരാണ്. ബാലന്റെ ഭാര്യ പികെ ജമീല മുൻ ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്നു. ബാലന്റെ ഒരു മകൻ നവീൻ ബാലൻ പാരിസിൽ ഇന്റർ നാഷണൽ ബിസിനസ് ഡെവലപ്പറാണ് . രണ്ടാമത്തെ മകൻ നിഖിൽ ബാലൻ നെതർലൻഡ്‌സിലാണ് പഠിച്ചത്. ധനമന്ത്രി തോമസ് ഐസക്കിന്റെ രണ്ടു പെൺമക്കളും അമേരിക്കയിലാണ്. ഇടക്കിടെ മക്കളെ കാണാൻ തോമസ് ഐസക്ക് അമേരിക്കൻ യാത്ര നടത്താറുമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ കെ.ജെ.തോമസിന്റെ മകൾ ലണ്ടനിലാണ്.

പക്ഷെ സിപിഎമ്മിലെ എക്കാലത്തെയും വിവാദ നേതാവ് പി.ജയരാജൻ ഇതിൽനിന്ന് തീർത്തും വ്യത്യസ്തനാണ്. പി.ജയരാജന്റെ രണ്ടു ആൺ മക്കളും ഒരു വിവാദങ്ങളിലും കടന്നുവന്നില്ല . പി ജയരാജന്റെ ഒരു മകൻ ഗൾഫിലെ ഫാൻസി ഷോപ്പിൽ സാധാരണ സെയിൽസ്മാനായും, മറ്റൊരാൾ കേരളത്തിന് പുറത്തെ ഒരു പ്രൈവറ്റ് കമ്പനിയിലുമാണ് ജോലി ചെയ്യുന്നത്.മക്കളെ ഉന്നത സ്ഥാനങ്ങളിലേക്ക് എത്തിക്കാൻ ജയരാജൻ ചെറുവിരൽ പോലും അനക്കിയില്ല. രണ്ടുപേരും സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിതം നയിക്കുകയാണ്. മൂത്തമകന്റെ വിവാഹവും അതീവ ലളിതമായാണ് ജയരാജൻ നടത്തിയത്.

സിപിഎമ്മിന്റെ 19ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച തെറ്റുതിരുത്തൽ രേഖയിലടക്കം നേതാക്കൾ കമ്യൂണി്സ്റ്റ് ജീവിതരീതി കൈയൊഴിയുന്നതിനെ കുറിച്ചും, ബൂർഷ്വാ സംസ്‌ക്കാരം പാർട്ടിയിൽ വേരുപിടിക്കുന്നതികുറിച്ചും പലതവണ പറയുന്നുണ്ട്. പക്ഷേ തിരുത്തിത്തിരുത്തി തെറ്റ് ഏതാണ് തിരുത്ത് ഏതാണ് എന്ന്പോലും അറിയാത്ത കൺഫ്യൂഷനിലാണ് സിപിഎം ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP