Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

എൽ എം എസിൽ കരാർ പണിക്ക് എത്തി ബിഷപ്പിന്റെ വിശ്വസ്തനായി; ഇംഗിതത്തിന് വഴങ്ങാത്ത കമ്മിറ്റിയെ നിഷ്പ്രഭമാക്കിയപ്പോൾ സഭാ സെക്രട്ടറിയായി ബിഷപ്പ് തെരെഞ്ഞടുത്തത് പ്രവീണിനെ; ഇന്നത്തെ ആസ്തി 500കോടിക്ക് പുറത്ത്; തിരുന്നൽവേലി ലോബിയ്‌ക്കൊപ്പം ബിജെപിയുടെ പ്രതികാരവും ബിഷപ്പിനെ കുടുക്കിയോ?

എൽ എം എസിൽ കരാർ പണിക്ക് എത്തി ബിഷപ്പിന്റെ വിശ്വസ്തനായി; ഇംഗിതത്തിന് വഴങ്ങാത്ത കമ്മിറ്റിയെ നിഷ്പ്രഭമാക്കിയപ്പോൾ സഭാ സെക്രട്ടറിയായി ബിഷപ്പ് തെരെഞ്ഞടുത്തത് പ്രവീണിനെ; ഇന്നത്തെ ആസ്തി 500കോടിക്ക് പുറത്ത്; തിരുന്നൽവേലി ലോബിയ്‌ക്കൊപ്പം ബിജെപിയുടെ പ്രതികാരവും ബിഷപ്പിനെ കുടുക്കിയോ?

വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതികൂട്ടിലായ ബിഷപ്പ് ഡോ. ധർമ്മരാജ് റസാലം ആദ്യഘട്ടിൽ ഈ പ്രശ്നത്തിൽ നിന്നും തലയൂരാൻ കണ്ടെത്തിയ വഴി സഭയുടെ പണം എടുത്ത് നല്കി പരാതിക്കാരെ ശാന്തരാക്കുക എന്നതായിരുന്നു. അതിന് വേണ്ടി കരുക്കങ്ങൾ നീക്കയതോടെ അന്നത്തെ സെക്രട്ടറിയും ട്രഷററും കണക്ക് വേണമെന്നും സഭയുടെ പണം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലന്നും നിലപാട് എടുത്തു. ഇതോടെ കമ്മിറ്റിയും ബിഷപ്പു രണ്ടു തട്ടിലായി. ബിഷപ്പ് തന്റെ പ്രത്യേക അധികാരം എടുത്ത് പ്രയോഗിച്ച് കമ്മിറ്റിയെ പിരിച്ചു വിടുകയും ചെയ്തു. ഇതെല്ലാം വിവാദമായി.

തിരുവനന്തപുരത്ത് ബിഷപ്പിനെതിരെ സഭാ വിശ്വാസികൾ തന്നെ രംഗത്തുണ്ട്. ഇവർക്കൊപ്പം തിരുന്നൽവേലിയിലെ ചിലരും കൂടിയാതാണ് പ്രശ്‌നത്തിന് കാരണം. യുകെയിൽ സഭയുടെ യോഗത്തിന് ഡോ. ധർമ്മരാജ് റസാലം പോകാനിരുന്നതാണ്. എന്നാൽ വിമാനത്താവളത്തിൽ തടഞ്ഞു. ഇതിന് പിന്നിൽ തിരുന്നൽവേലിയിലെ ഇടപെടലായിരുന്നു. അവിടെയുണ്ടായിരുന്ന ബിഷപ്പിനെ റസാലം പുറത്താക്കിയിരുന്നു. ആ ബിഷപ്പിനെ അനുകൂലിക്കുന്നവരാണ് ധർമ്മരാജ് റസാലത്തിനെതിരെ കരുക്കൾ നീക്കിയത്. ഇതിനൊപ്പം ബിജെപിയുടെ രാഷ്ട്രീയ താൽപ്പര്യവും വിനയായി എന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം ലോക്‌സഭയിലേയും നേമം നിയമസഭയിലേയും ബിജെപി തോൽവിക്ക് കാരണം സിഎസ് ഐ സഭയുടെ നിസ്സഹകരണമാണെന്നാണ് ബിജെപി വിലയിരുത്തൽ. അതും ബിഷപ്പിനെതിരായ നടപടിക്ക് കാരണമായി.

പഴയ കമറ്റി പിരിച്ചുവിട്ട് പിന്നീട് രൂപീകരിച്ച അഡ്‌മിനസ്ട്രേററീവ് കമ്മിറ്റിയിലേക്ക് സെക്രട്ടറിയായി ബിഷപ്പ് തന്നെ കണ്ടെത്തിയ ആളാണ് ടി ടി പ്രവീൺ എന്ന കരാറുകാരൻ. 25 വർഷം മുൻപ് പെരുങ്കടവിളയിലെ കുടംബ വീട്ടിൽ നിന്നും ബന്ധുക്കളോടു പിണങ്ങി ഇറങ്ങുമ്പോൾ സാധാരണക്കാരൻ മാത്രമായിരുന്നു പ്രവീൺ്. ആദ്യം ചില ചെറിയ പണികൾ ചെയ്ത് മുന്നോട്ടു പോയ കാലം. പിന്നീട് സബ് കരാറുകൾ എടുക്കുന്ന ചെറിയ കരാറുകാരനായി. അങ്ങനെ കോൺട്രാക്ട് പണിക്കായി എൽ എം എസിൽ എത്തിയ പ്രവീണിന് പിന്നീട് പുറകോട്ടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പ്രവീണും ഇഡിയുടെ നടപടിയെ ഭയന്ന് ഒളിവിലാണ്.

ചെറുവാരകുളം ലാ കോളേജ്, മുളയറ ആർട് ആൻഡ് സയൻസ് കോളേജ്, കാട്ടാക്കട ക്രിസ്ത്യൻ കേളേജിലെയും കാരക്കോണം മെഡിക്കൽ കോളേജിലെയും നവീകരണ പ്രവർത്തനങ്ങൾ അങ്ങനെ സി എസ് ഐ സഭ യുടെ എല്ലാ വർക്കുകളും ടി ടി പ്രവീൺ എന്ന കോൺട്രാകട്റുടെ കൈകളിൽ എത്തി. ഇതോടെ ബിഷപ്പുമായുള്ള ബന്ധം കൂടുതൽ വളർന്നു. അതാണ് സഭാ കമ്മിറ്റി എതിരായപ്പോൾ രൂപീകരിച്ച അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തലപ്പത്ത് പ്രവീണിനെ ബിഷപ്പ് പ്രതിഷ്ഠിച്ചത്. രണ്ടു വർഷം മുൻപാണ് പ്രവീൺ സഭാ സെക്രട്ടറി ആയതെങ്കിലും കഴിഞ്ഞ 10 വർഷത്തിലധികമായി ബിഷപ്പിന്റെ ആസ്ഥാനത്തെ അനൗദ്യോഗിക അധികാര കേന്ദ്രമായി തുടരുന്നു.

പ്രവീണിന്റെ വളർച്ചയും വളര പെട്ടന്നായിരുന്നു. 10 വർഷത്തിനിടെയാണ് മിഖായേൽ കൺസ്ട്രഷൻ വളർന്നതും. നിലവിൽ 500 കോടിക്ക് മേൽ ആസ്തി പ്രവീണിന് ഉണ്ടെന്നാണ് സഭാ വിശ്വാസികൾ പറയുന്നത്. തിരുവനന്തപുരം നഗരത്തിൽ തന്നെ രണ്ട് ആഡംബര ബംഗ്ലാവുകൾ, ചെറിയ കൊല്ലയിലും രണ്ട് ആഡംബര വീടുകൾ, രാഷ്ട്രീയക്കാർക്ക് വിരുന്ന് നൽകാൻ പ്രത്യേക അതിഥി മന്ദിരം , കൂടാതെ രണ്ടര കോടിയുടെ ബെൻസ്, ബി എം ഡബ്ള്യൂ, ഫോർച്യൂണർ,എൻഡവർ ഇങ്ങന ആഡംബര വാഹനത്തിന്റെ നിര തന്നെയുണ്ട്. പെയിന്റ് ഷോപ്പ്, ഇന്റർലോക്ക് കട, ഗ്രാനൈറ്റ് കട, ഇങ്ങനെ ബിസിനസ് സാമ്രാജ്യങ്ങൾ പ്രവീണിന്റേതായുണ്ട്.

സഭാ ബന്ധത്തിന് ശേഷമാണ് പ്രവീണന് വളർച്ച ഉണ്ടായതെന്ന് ചെറിയ കൊല്ലയിലെ നാട്ടുകാരും പറയുന്നു. ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെ മകന് പ്രവീൺ അടുത്തിടെ ഒരു ആഡംബര വാഹനം സമ്മാനമായി നല്കിയെന്നും സഭയുടെ പണം ബിഷപ്പും പ്രവീണു ചേർന്ന് കട്ടു മുടിച്ചതായും ഇവരുടെ എതിരാളികൾ ആരോപിക്കുന്നു. അതേ സമയം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സി.എസ്‌ഐ ബിഷപ്പ് ധർമരാജ് റസാലത്തെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചത് സഭയ്ക്ക് നാണക്കേടായി. ഇന്നലെ നാലിടത്ത് തിങ്കളാഴ്ച ഇ.ഡി പരിശോധന നടത്തിയതിന് പിന്നാലെയാണ് ബിഷപ്പിനെ വിമാനത്താവളത്തിൽ തടഞ്ഞിരിക്കുന്നത്.

യു.കെയിലേക്ക് പോകാൻ എത്തിയ റസാലത്തിനെ എമിഗ്രേഷൻ വിഭാഗമാണ് തടഞ്ഞുവെച്ചത്. തുടർന്ന് ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ബുധനാഴ്ച കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യംചെയ്യലിനായി നേരത്തേയും ഇ.ഡി നോട്ടീസ് നൽകിയിരുന്നുവെങ്കിലും ബിഷപ്പ് അടക്കമുള്ളവർ ഹാജരായിരുന്നില്ല. തുടർന്നായിരുന്നു തിങ്കളാഴ്ച പരിശോധന നടന്നത്. മെഡിക്കൽ പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയെന്ന കേസിലും മറ്റു സാമ്പത്തിക ക്രമക്കേടുകളിലുമാണ് അന്വേഷണം നടക്കുന്നത്. അടുത്തിടെയാണ് കേസിൽ ഇ.ഡി അന്വേഷണം ആരംഭിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP