Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

ഡൽഹി അക്ഷര തിയറ്ററിന്റെ സഹസ്ഥാപക; ഇന്ത്യയ്ക്കകത്തും പുറത്തും ഒട്ടേറെ വേദികളിൽ നാടകം അവതരിപ്പിച്ചു പ്രശംസ നേടിയ നടി; വാരിക്കൂട്ടിയത് നിരവധി അവാർഡുകൾ: അന്തരിച്ച വിഖ്യാത നാടകപ്രവർത്തകയും നടിയുമായ ജലബാല വൈദ്യയ്ക്ക് ആദരാഞ്ജലികൾ

ഡൽഹി അക്ഷര തിയറ്ററിന്റെ സഹസ്ഥാപക; ഇന്ത്യയ്ക്കകത്തും പുറത്തും ഒട്ടേറെ വേദികളിൽ നാടകം അവതരിപ്പിച്ചു പ്രശംസ നേടിയ നടി; വാരിക്കൂട്ടിയത് നിരവധി അവാർഡുകൾ: അന്തരിച്ച വിഖ്യാത നാടകപ്രവർത്തകയും നടിയുമായ ജലബാല വൈദ്യയ്ക്ക് ആദരാഞ്ജലികൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അന്തരിച്ച വിഖ്യാത നാടകപ്രവർത്തകയും നടിയുമായ ജലബാല വൈദ്യ (86) യ്ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സംസ്‌ക്കാരം നടത്തി. ഡൽഹി അക്ഷര തിയറ്ററിന്റെ സഹസ്ഥാപകയാണ് ജലബാല വൈദ്യ. ഇന്ത്യയ്ക്കകത്തും പുറത്തും ഒട്ടേറെ വേദികളിൽ നാടകം അവതരിപ്പിച്ചു പ്രശംസ നേടി. സംഗീതനാടക അക്കാദമിയുടെ ടഗോർ അവാർഡ്, ഡൽഹി നാട്യസംഘ് അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭർത്താവും നാടകാചാര്യനുമായ ഗോപാൽ ശർമൻ 2016ൽ ആണു മരിച്ചത്.

നാടകരചയിതാവും കവിയുമായ ഗോപാൽ ശർമനെ പരിചയപ്പെട്ടതോടെയാണു നാടകരംഗത്തേക്കുള്ള പ്രവേശനം. ഗോപാലിന്റെ കവിതയും കഥകളും ചേർന്നൊരുക്കിയ 'ഫുൾ സർക്കിൾ' എന്ന നാടകത്തിലൂടെയാണു ജലബാല ശ്രദ്ധ നേടുന്നത്. 1968 ൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിലൂടെ നാടകസംഘം പര്യടനം നടത്തി. ബ്രിട്ടനിലെ റോയൽ ഷെയ്ക്‌സ്പിയർ കമ്പനിക്കു വേണ്ടി ഗോപാൽ ശർമൻ അവതരിപ്പിച്ച 'ദ് രാമായണം' ആയിരുന്നു ജലബാലയുടെ മാസ്റ്റർപീസ്. ഇതിൽ ഇരുപതോളം കഥാപാത്രങ്ങളെ ജലബാല തനിച്ചാണ് അവതരിപ്പിച്ചത്. യുഎൻ ആസ്ഥാനത്തുൾപ്പെടെ രാമായണവുമായി ജലബാല കയ്യടി നേടി.

എഴുത്തുകാരനും സ്വാതന്ത്ര്യസമരസേനാനിയുമായ സുരേഷ് വൈദ്യയുടെയും ഇംഗ്ലിഷ് ഗായിക മാഡ്ഗി ഫ്രാൻകെസ്സിന്റെയും മകളായി 1936 ൽ ലണ്ടനിലാണു ജനനം. മാധ്യമപ്രവർത്തകയായി തുടങ്ങിയ അവർ പല ദേശീയമാധ്യമങ്ങളിലും പ്രവർത്തിച്ചു. പ്രശസ്ത മാധ്യമപ്രവർത്തകൻ സി.പി.രാമചന്ദ്രനുമായുള്ള ആദ്യവിവാഹം അധികകാലം നീണ്ടുനിന്നില്ല.

ഗോപാൽ ശർമനുമായി ചേർന്ന് ആരംഭിച്ച അക്ഷര നാഷനൽ ക്ലാസിക്കൽ തിയറ്ററിന്റെ നേതൃത്വത്തിൽ അരങ്ങിലെത്തിച്ച ഇരുപതിലേറെ നാടകങ്ങളിൽ പ്രധാന വേഷത്തിൽ ജലബാലയെത്തി. 'ലെറ്റ്‌സ് ലാഫ് എഗൈൻ', 'ദ് ഭഗവത് ഗീത', 'ദ് കാബൂളിവാല' തുടങ്ങിയ നാടകങ്ങളും ഏറെ ശ്രദ്ധ നേടി. 'ഇന്ത്യ എലൈവ്', 'ദ് കശ്മീർ സ്റ്റോറി', 'ദ് സൂഫി വേ' തുടങ്ങിയ ടെലിവിഷൻ പ്രൊഡക്ഷനുകളുടെ നിർമ്മാണവും അവതരണവും നിർവഹിച്ചിട്ടുണ്ട്. നാടക സംവിധായിക അനസൂയ വൈദ്യ ഷെട്ടി ഏക മകളാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP