Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

സ്പാനിഷ് ലീഗ് ചാമ്പ്യന്മാരെ ഇന്നറിയാം; ഫോട്ടോ ഫിനിഷിൽ ജയം ലക്ഷ്യമിട്ട് അത്ലറ്റിക്കോ; ട്വിസ്റ്റ് പ്രതീക്ഷിച്ച് റയൽ; മത്സരം രാത്രി ഒൻപതരയ്ക്ക്; മാഡ്രിഡിൽ വൻ സുരക്ഷ

സ്പാനിഷ് ലീഗ് ചാമ്പ്യന്മാരെ ഇന്നറിയാം; ഫോട്ടോ ഫിനിഷിൽ ജയം ലക്ഷ്യമിട്ട് അത്ലറ്റിക്കോ; ട്വിസ്റ്റ് പ്രതീക്ഷിച്ച് റയൽ;  മത്സരം രാത്രി ഒൻപതരയ്ക്ക്; മാഡ്രിഡിൽ വൻ സുരക്ഷ

സ്പോർട്സ് ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് ലീഗ് ചാമ്പ്യന്മാരെ ഇന്നറിയാം. കിരീട പ്രതീക്ഷയുമായി അത്‌ലറ്റിക്കോ മാഡ്രിഡും റയൽ മാഡ്രിഡും അവസാന മത്സരത്തിനിറങ്ങും. രാത്രി ഒൻപതരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക.

ഫോട്ടോ ഫിനിഷിലാണ് ലാ ലീഗ. കിരീടത്തിലേക്ക് എത്താൻ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടത് വയ്യാഡോളിനെതിരായ ജയം മാത്രമാണ്. നിലവിൽ 83 പോയിന്റുമായി ഒന്നാം സ്ഥാനത്തു നിൽക്കുന്ന അത്ലറ്റിക്കോ അടക്കിപ്പിടിച്ച ആഹ്ലാദത്തിലാണ്. കിരീടം നേടാൻ അവർക്ക് ഇന്ന് തരംതാഴ്‌ത്തൽ ഭീഷണിയിലുള്ള റയൽ വല്ലദോലിഡിനെ തോൽപിച്ചാൽ മതി.

81 പോയിന്റുമായി രണ്ടാമതുള്ള റയലിനതു പോര; അത്ലറ്റിക്കോ മാഡ്രിഡ് സമനില വഴങ്ങുകയോ തോൽക്കുകയോ ചെയ്താൽ മാത്രമേ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് സാധ്യതയുള്ളൂ. ഒപ്പം വിയ്യാ റയലിനെ തോൽപിക്കുകയും വേണം.

അവസാന മത്സരത്തിനിറങ്ങുമ്പോൾ അത്ലറ്റിക്കോയ്ക്ക് 83ഉം റയലിന് 81ഉം പോയിന്റ്. റയൽ ജയിക്കുകയും അത്ലറ്റിക്കോ സമനില വഴങ്ങുകയും ചെയ്താൽ ഇരുടീമിനും 84 പോയിന്റ് വീതമാവും. നേർക്കുനേർ പോരാട്ടക്കണക്കിലെ മികവിൽ റയൽ ചാമ്പ്യന്മാരാവും.

എഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കിരീടം സ്വന്തമാക്കാനിറങ്ങുന്ന അത്ലറ്റിക്കോ ഉറ്റുനോക്കുന്നത് ലൂയിസ് സുവാരസ്, ഏഞ്ചൽ കോറിയ സഖ്യത്തെ. ഗോൾകീപ്പർ യാൻ ഒബ്ലാക്കിന്റെ മികവും കോച്ച് ഡീഗോ സിമിയോണിയുടെ ആത്മവിശ്വാസം കൂട്ടുന്നു.

സിനദിൻ സിദാന്റെ തന്ത്രങ്ങളുമായി ഇറങ്ങുന്ന റയലിന്റെ കരുത്ത് മധ്യനിരയുടെ മികവാണ്. കാസിമിറോ, ലൂക്ക മോഡ്രിച്ച് എന്നിവർക്കൊപ്പം കരീം ബെൻസേമ കൂടി ചേരുമ്പോൾ വയ്യാഡോളിഡിനെ മറികടക്കുക റയലിന് അത്ര പ്രയാസമാവില്ല.

കിരീടം നേടുന്നത് അത്ലറ്റിക്കോയായാലും റയൽ ആയാലും ആരാധകർ കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് തെരുവിലിറങ്ങി ആഘോഷം നടത്തുമെന്നുറപ്പ്. അവരെ തടയാൻ നൂറിലേറെ പൊലീസുകാരെയാണ് മാഡ്രിഡ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.

അത്ലറ്റിക്കോ ആരാധകർക്ക് തങ്ങളുടെ സ്ഥിരം ആഘോഷ സ്ഥലമായ നെപ്റ്റിയൂണോ ഫൗണ്ടനു സമീപവും റയൽ ആരാധകർക്ക് അവരുടെ സിബെലെസ് ഫൗണ്ടനു സമീപവും ആഘോഷിക്കാനാവില്ലെന്നു ചുരുക്കം. വെറും 600 മീറ്ററാണ് 2 സ്ഥലങ്ങളും തമ്മിലുള്ള 'സാമൂഹിക അകലം'! രാത്രി 9.30നാണ് ഇന്നത്തെ എല്ലാ മത്സരങ്ങളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP