Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

ഇമേജിനെപ്പറ്റി ഒരു ബോധവുമില്ലാതെ, ലുങ്കിയുടുത്ത് നടക്കുന്ന സാധാരണക്കാരൻ; ഈ പാൻ ഇന്ത്യൻ നടന് മാനേജരും പി എയുമൊന്നുമില്ല; കന്നഡ സിനിമയുടെ തലവരമാറ്റിയ ഷെട്ടി ഗ്യാങിലെ പ്രമുഖൻ; ഇപ്പോൾ മമ്മൂട്ടിയുടെ ടർബോയിലെ കൊടും വില്ലൻ; രാജ് ബി ഷെട്ടിയെന്ന 'പാവം ക്രൂരന്റെ' കഥ!

ഇമേജിനെപ്പറ്റി ഒരു ബോധവുമില്ലാതെ, ലുങ്കിയുടുത്ത് നടക്കുന്ന സാധാരണക്കാരൻ; ഈ പാൻ ഇന്ത്യൻ നടന് മാനേജരും പി എയുമൊന്നുമില്ല; കന്നഡ സിനിമയുടെ തലവരമാറ്റിയ ഷെട്ടി ഗ്യാങിലെ പ്രമുഖൻ; ഇപ്പോൾ മമ്മൂട്ടിയുടെ ടർബോയിലെ കൊടും വില്ലൻ; രാജ് ബി ഷെട്ടിയെന്ന 'പാവം ക്രൂരന്റെ' കഥ!

എം റിജു

രു പത്തുവർഷം മുമ്പുവരെ കന്നഡ സിനിമയെക്കുറിച്ചുള്ള മലയാളികളുടെ അഭിപ്രായം എന്തായിരുന്നു? കത്തിയെന്നും, കോടാലിന്നെുമൊക്കെ മലയാളി കളിയാക്കിയിരുന്ന കുറേ ചിത്രങ്ങളാണ്, സാൻഡൽവുഡ് ഇൻഡസ്ട്രിയിൽനിന്ന് അക്കാലത്ത് ഏറെയും ഉണ്ടായത്. മറിച്ചുള്ള സിനിമകൾ ഒറ്റപ്പെട്ട അപവാദങ്ങളായിരുന്നു. ഒരു വേള ഹിന്ദി സിനിമ കന്നഡ സിനിമയെ വിഴുങ്ങുമോ എന്ന ആശങ്കവരെയുണ്ടായി.

എന്നാൽ ഇന്നോ, കെജിഎഫും കാന്തരയുമുണ്ടാക്കിയ പാൻ ഇന്ത്യൻ തരംഗത്തിന്റെ നിറവിലാണ് കന്നഡ സിനിമ. ഈ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചത് മൂന്ന് ഷെട്ടിമാരാണ്. കന്നഡ സിനിമ വ്യവസായത്തിലെ 'ദ ഗ്രേറ്റ് ഷെട്ടി ഗ്യാങ്ങ്' എന്ന അറിയപ്പെടുന്നവർ. ബംഗളൂരു കേന്ദ്രമാക്കി മുന്നോട്ടുപോയിരുന്ന ഇൻഡസ്ട്രിയിൽ, ദക്ഷിണ കർണാടകയുടെ സംസ്‌കാരം പശ്ചാത്തലമാക്കി, മംഗലൂരു കേന്ദ്രമാക്കി സിനിമകളെടുത്തവർ. മൂവരും മികച്ച സംവിധായകർ, അഭിനേതാക്കൾ, എഴുത്തുകാർ. രക്ഷിത് ഷെട്ടി, റിഷബ് ഷെട്ടി, രാജ് ബി.ഷെട്ടി എന്നിവരാണിവർ.

കെജിഎഫും, കാന്താരയും ഒന്നും ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. ഈ ഷെട്ടി ഗ്യാങ് തുടർച്ചയായി വ്യത്യസ്തമായ സിനിമയെടുത്ത്, ഒരു സമുഹത്തിന്റെ സിനിമാ സങ്കൽപ്പം തന്നെ മാറ്റിക്കഴഞ്ഞു. ഇതിൽ രക്ഷിതും റിഷബ് ഷെട്ടിയും കരിയർ ആരംഭിക്കുന്നത് ഒരുമിച്ചാണ്. 'നം ഏരിയൽ ഒന്ത് ദിന' എന്ന ചിത്രത്തിലൂടെയാണ് ഇരുവരുടെയും അഭിനേതാവായുള്ള അരങ്ങേറ്റം. നായകനായ, മൂന്നാം ചിത്രം 'സിംപിൾ ആഗി ഒന്ത് ലൗവ് സ്റ്റോറി' ഹിറ്റായതോടെ രക്ഷിതിനെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങി. തൊട്ടടുത്ത വർഷമാണ് 'ഉളിദവരു കണ്ടന്തെ' റിലീസാകുന്നത്. രക്ഷിത് തന്നെ തിരക്കഥയൊരുക്കി പ്രധാനവേഷത്തിൽ അഭിനയിച്ച ഈ ക്രൈം ഡ്രാമ തിയറ്ററുകളിൽ പരാജയമായിരുന്നുവെങ്കിലും പിന്നീട് ഏറെ ചർച്ചചെയ്യപ്പെട്ടു. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് റിഷബ് ഷെട്ടിയാണ്. അത് കന്നഡയിലെ ന്യൂജൻ തരംഗത്തിന്റെ തുടക്കമായിരുന്നു. പിന്നെ അവർ നിരന്തരം സിനിമ ചെയ്തു.

മറ്റ് രണ്ട് ഷെട്ടിമാരും കന്നഡ സിനിമയുടെ തലമുറമാറ്റത്തിൽ പ്രധാന പങ്കുവഹിച്ചശേഷമാണ് മൂന്നാമനായ രാജ് ബി. ഷെട്ടി സിനിമയിലേക്ക് വരുന്നത്. 'ഒണ്ടു മൊട്ടേയ കഥ'യിൽ തുടങ്ങിയ രാജിന്റെ യാത്ര 'ഗരുഡ ഗമന ഋഷഭ വാഹന' എന്ന ചിത്രത്തിലുടെ പാൻ ഇന്ത്യയിലേക്ക് മാറി. കനഡ സിനിമയുടെ മുഖഛായ മാറ്റിയ ഈ മൂന്ന് സുഹൃത്തുക്കളുടെയും ദീർഘകാല പ്രയത്നമാണ് കാന്തരയിൽ എത്തിനിൽക്കുന്നത്. റിഷബ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കാന്താര നിർമ്മിച്ചിരിക്കുന്നത് കെ.ജി.എഫിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ്. കാന്താരയുടെ ക്ലൈമാക്സ് ഷൂട്ടിൽ റിഷബിനെ രാജ് അസ്സിസ്റ്റ് ചെയ്തിട്ടുണ്ട്. തുളു സംഭാഷണങ്ങളിൽ ചിലത് എഴുതിയതും രാജ് ആണ്.

രാജ് ബി. ഷെട്ടി ഇപ്പോൾ മലയാളത്തിലും തിളങ്ങി നിൽക്കയാണ്. മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ, പുലിമുരുകൻ ഫെയിം വൈശാഖ് സംവിധാനം ചെയ്ത ടർബോയിലെ കിടിലൻ വില്ലനെ, ചിത്രം കണ്ട ആർക്കും മറക്കാൻ കഴിയില്ല. ഒരു കറുത്ത ലുങ്കിയുടുത്തുകൊണ്ട്, പതിഞ്ഞ താളത്തിൽ സംസാരിക്കുന്ന, 'വാട്ട് എ ബ്ലഡി ക്ലീഷെ' എന്ന് പറഞ്ഞ് കൊല്ലുന്ന, കണ്ണുകൾകൊണ്ടുപോലും അഭിനയിക്കാൻ കഴിയുമെന്ന് നിരൂപകർ വാഴ്‌ത്തുന്ന ആ കഷണ്ടിക്കാരൻ, കന്നഡ സിനിമയുടെ ജാതകം തിരുത്തിയ വ്യക്തിയാണ്. ടർബോയിലെന്നപോലെ ജീവിതത്തിലും കള്ളിമുണ്ട് ഉടുത്ത് നടക്കുന്ന ഈ നടന് സിനിമയെന്നത്, വല്ലാത്ത ഒരു ഉന്മാദമാണ്.

സിനിമാ ഭ്രാന്തന്മാരുടെ ബാല്യം

ദക്ഷിണ കന്നഡയിലെ ഭദ്രാവതിയിയാണ് രാജ് ബി. ഷെട്ടി ജന്മനാട്. പിന്നീട് അവർ മംഗലാപുരത്തേക്ക് താമസം മാറുകയായിരുന്നു. ഭദ്രാവതി സിനിമാ ഭ്രാന്തന്മാരുടെ നാടായിരുന്നു. സിനിമ കാണാനുള്ള കാശിനുവേണ്ടി ഷോക്കടിച്ച് മരിക്കാൻ പോയത് അടക്കമുള്ള അനുഭവങ്ങൾ ഒരു അഭിമുഖത്തിൽ രാജ് പറഞ്ഞലരുന്നു.

''പുതിയ സിനിമകൾ കാണാനായി ഞങ്ങൾ കുട്ടികളുടെ കൈയിൽ പണം ഉണ്ടായിരുന്നില്ല. അപ്പോൾ ഞാനും ചേട്ടനും കണ്ടെത്തിയ വഴിയാണ് ചാക്ക്, കുപ്പി അടക്കം കിട്ടാവുന്ന ആക്രികളെല്ലാം പെറുക്കി വിൽക്കയെന്നത്. പ്ലാസ്റ്റിക് ബക്കറ്റുകൾ, ഇരുമ്പ് കസേരകൾ, കേബിളുകൾ ... കൈ വയ്ക്കാവുന്നതെല്ലാം ഞങ്ങൾ സ്‌ക്രാപ്പ് ഡീലർക്ക് വിറ്റു. വൈദ്യുത കമ്പിയിൽ കാണുമെന്ന് പറഞ്ഞിരുന്ന ചെമ്പ് വിറ്റാൽ നല്ല വില കിട്ടുമെന്ന് അങ്ങനെയാണ് അറിഞ്ഞത്. ഞങ്ങൾ അയൽപക്കത്തെ ഒരു ഉപേക്ഷിക്കപ്പെട്ട വീട്ടിലേക്ക് പോയി. ഒരു കമ്പി കണ്ടെത്തി, അത് മുറിക്കാൻ സഹോദരൻ എന്റെ തോളിൽ കയറി അരിവാൾ വീശി. പക്ഷേ, അടുത്ത സെക്കന്റിൽ ഞങ്ങൾ നിലത്തുവീണു. അതി ശക്തമായി ഷോക്കേറ്റു. ഭാഗ്യത്തിന് മരിച്ചില്ല.''

സിനിമകളോട് എത്രമാത്രം ഭ്രാന്തായിരുന്നുവെന്ന് വിശദീകരിക്കാനാണ് രാജ് ഈ കഥ പറഞ്ഞത്. മൂന്നാം ക്ലാസ്വരെ രാജ് ഭദ്രാവതിയിൽ പഠിച്ചു. പിന്നെ കുടുംബം മംഗലൂരുവിലേക്ക് മാറി. ''അവിടെ സിനിമയുമായി ബന്ധപ്പെടാനുള്ള ഏക മാർഗം ടെലിവിഷൻ ആയിരുന്നു. ഞാനും എന്റെ സംഘവും നിർത്താതെ അത് കണ്ടു.വീട്ടിൽ ടെലിവിഷൻ ഇല്ലാതിരുന്നതിനാൽ ഞങ്ങൾ വീടുവീടാന്തരം കയറിയിറങ്ങി. ഒരാൾ ആട്ടിയോടിച്ചാൽ അടുത്ത വീട്ടിലേക്ക് പോകും. അങ്ങനെ ഒരുകാലം''- രാജ് പറയുന്നു.

ചെറുപ്പത്തിലേ സിനിമാ കമ്പം തീവ്രമായിരുന്നുവെങ്കിലും പഠിക്കാനും മിടുക്കനായിരുന്നു രാജ്. മംഗലാപുരത്തെ ഭാരതി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് സോഷ്യൽ വർക്കിൽ പിജിയെടുത്തു. ചെറുപ്പത്തിലേ നന്നായി സംസാരിക്കുമായിരുന്നു രാജ് റേഡിയോ ജോക്കിയായാണ് കരിയർ തുടങ്ങിയത്. ''കഥ എഴുതുന്നതുപോലെയല്ല പറയുന്നത്. മുൻപ് ഞാൻ ചെയ്തിരുന്ന ജോലി റേഡിയോ ജോക്കി ആയിരുന്നു. കഥ പറയാൻ ആ ജോലിയും സഹായിച്ചിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത് കാലത്ത് ഞങ്ങളുടെ വീട്ടിൽ ടിവി ഇല്ലായിരുന്നു. അപ്പോൾ ആരെങ്കിലും സിനിമ കണ്ടുവന്നു ആ കഥ പറഞ്ഞാണ് കേട്ടിരുന്നത്. സിനിമ നേരിൽ കാണുന്നതുപോലെ പറയാൻ കഴിയുള്ളവരായിരുന്നു അന്നത്തെ കുട്ടികൾ. കേൾക്കുമ്പോൾ അത് ഓരോരുത്തരുടെയും രീതിയിൽ മനസ്സിൽ സങ്കൽപ്പിച്ചു കാണുന്നു. കഥ കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. എന്റെ മുത്തശ്ശി കഥ പറഞ്ഞു തന്നതു കേട്ടാണ് ഞാൻ ഉറങ്ങിയിരുന്നത്. ഡിഗ്രിക്ക് പടിക്കുമ്പോൾവരെ മുത്തശ്ശിയുടെ കഥ ഇല്ലാതെ എനിക്ക് ഉറങ്ങാനാകില്ലായിരുന്നു.''- രാജ് പറയുന്നു.

ആർ ജെയിൽനന്ന് സിനിമയിലേക്ക്

''റേഡിയോ ജോക്കിയായി മൂന്ന് വർഷം ജോലി ചെയ്തിട്ടും എനിക്ക് തൃപ്തി വന്നില്ല, എന്നിലെ ശൂന്യത വലുതായിക്കൊണ്ടേയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ രാജിവെച്ചു. പെട്ടെന്ന് ഒരു ഷോർട്ട് ഫിലിം ചെയ്തുകൊണ്ടിരുന്ന എന്റെ ഒരു സുഹൃത്ത്, എനിക്ക് എഴുതാമോ എന്ന് ചോദിച്ചു. ഞാൻ എഴുതി. പക്ഷേ ആ പ്രോജക്റ്റ് നടന്നില്ല. എന്നിട്ടും ഞാൻ ഫിലിം മേക്കിങ് കല പഠിക്കാൻ തുടങ്ങി.''- രാജ് ബി ഷെട്ടി ഒരു അഭിമുഖത്തിൽ പറയുന്നു.

അതിനുശേഷം ഒരു തീയേറ്റർ ഗ്രൂപ്പിൽ ചേർന്ന്, നാടകങ്ങൾ ചെയ്തു. പിന്നീട് ഇടക്ക് കന്നട നടൻ ഉപേന്ദ്രയുടെകൂടെ അസിസറ്റന്റ് ഡയറട്കടറായി കുറച്ചുകാലം നിന്നു. ''എഴുത്തും അഭിനയവും സംവിധാനവുമെല്ലാം പരസ്പരബന്ധിതമാണെന്ന് ഞാൻ മനസ്സിലാക്കി. പിന്നെ ഒരു വർഷത്തോളം സിനിമ പഠിച്ചു. എന്റെ സുഹൃത്ത് പ്രവീണുമായി ചേർന്ന് ഒരു ഷോർട്ട് ഫിലിം ചെയ്തു. മൂന്ന് മിനിറ്റ് മാത്രമുള്ള സിനിമയായിരുന്നു അത്. പക്ഷേ ഞങ്ങൾ സന്തോഷിച്ചു. എന്റെ യഥാർത്ഥ ജീവിതം ഇതാണെന്ന് തിരിച്ചറിഞ്ഞു. ഞാൻ മറ്റൊരു ഷോർട്ട് ഫിലിം എഴുതി. ഇത്തവണ അത് 20 മിനിറ്റിൽ കൂടുതലായി.അപ്പോഴേക്കും ഞങ്ങൾ ഒരു ചെറിയ ടീം ഉണ്ടാക്കിയിരുന്നു, ഞങ്ങളിൽ ഭൂരിഭാഗവും അടുത്ത സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ സിനിമ ചെയ്യാൻ തീരുമാനിച്ചു.''- രാജ് പറയുന്നു.

അസിസ്റ്റന്റായി അധികം ജോലി രാജ് ജോലി ചെയ്തിട്ടില്ല. സിനിമ പഠിച്ചത് ഇന്റർനെററിൽനിന്നാണ് അദ്ദേഹം പറയാറുള്ളത്്. ആദ്യ തിരക്കഥ ഒരു തുളു ചിത്രത്തിനായിരുന്നു. അത് സിനിമയായില്ല. പിന്നീട് മൂന്ന് ചിത്രങ്ങൾക്ക് എഴുതി. പക്ഷേ അതും സിനിമയായില്ല. അങ്ങനെ അഞ്ചാമതായി എഴുതിയതാണ് 'ഒണ്ടു മൊട്ടേയ കഥ' ഹസ്ര ചിത്രത്തിന് വേണ്ടിയായിരുന്നു.

ചരിത്രമായ 'ഒണ്ടു മൊട്ടേയ കഥ'

കഷണ്ടിയുള്ള ഒരു യുവാവിന്റെ ജീവിതം പറഞ്ഞ, 2017-ൽ രാജ് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായും അഭിനയിച്ച 'ഒണ്ടു മൊട്ടേയ കഥെ' ആണ് കന്നഡ സിനിമയുടെ ജാതകം മാറ്റിത് എന്ന് പലരും പറയുന്നുണ്ട്്. കന്നഡയുടെ ന്യൂജൻ തരംഗത്തിനും ഇന്ന് ഇൻഡസ്ട്രി ആഘോഷിക്കുന്ന ഷെട്ടി ഗ്യാങ്ങിനും ഊർജം പകർന്നത് ഈ ചിത്രമാണ്. പിന്നീട് 'തമാശ' എന്നപേരിൽ വിനയ് ഫോർട്ടിനെ നായകനാക്കി മലയാളത്തിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. അതും ഹിറ്റായി. തമിഴിലും ചിത്രം ഹിറ്റായി. വെറുമൊരു ഷോട്ട് ഫിലിമിൽ ഒതുങ്ങേണ്ടിയിരുന്നു ഈ പടം പവൻ കുമാർ എന്ന നിർമ്മാതാവിന്റെ ശ്രദ്ധയിൽപെട്ടപ്പോഴാണ് ഫീച്ചർ ഫിലിം ആയത്. ചിത്രത്തിൽ നായകനായ രാജ് ബി ഷെട്ടിയുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്നുവരെ ബോഡി ഷെയിമിങ്ങ് എന്ന ആശയം വെച്ചൊന്നും കന്നഡയിൽ സിനിമ വന്നിട്ടില്ലായിരുന്നു. മാത്രമല്ല, തമാശക്കുവേണ്ടി തമാശയുണ്ടാക്കാത്ത രാജിന്റെ നാച്ച്വറൽ ആക്റ്റിങ്ങും ഏറെ ശ്രദ്ധിക്കപ്പെട്ടു.

പക്ഷേ മറ്റൊരു വഴിയില്ലാത്തതുകൊണ്ട് സിനിമയിൽ അഭിനയിക്കേണ്ടി വന്ന ആളാണ് താനെന്നാണ് രാജ്. ബി ഷെട്ടി. ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ പലരേയും നോക്കിയെന്നും എന്നാൽ ഒടുവിൽ ചിത്രത്തിലെ നായകവേഷം താൻ തന്നെ ചെയ്യേണ്ടി വന്നുവെന്നും അടുത്തിടെ നൽകി അഭിമുഖത്തിൽ പറഞ്ഞു.''ഒണ്ടു മൊട്ടെയ കഥെ എന്ന സിനിമയുടെ സമയത്ത് നായക കഥാപാത്രത്തിനായി പലരേയും നോക്കി. നടൻ വിനയ്ഫോട്ടിനെ പരിഗണിച്ചിരുന്നു. എന്നാൽ ആ കഥാപാത്രത്തിന് യോജിച്ച ആരേയും കിട്ടിയില്ല. കഷണ്ടിയുള്ള അഭിനയിക്കാനറിയാവുന്ന, മംഗലാപുരം സ്ലാങിൽ സംസാരിക്കാൻ പറ്റുന്ന ഒരാളെ ഒരുപാട് അന്വേഷിച്ചു. ഇതെല്ലാം കൂടിച്ചേരുന്ന ഒരാളെ കിട്ടാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു സമയത്ത് സിനിമ നടക്കുമോ എന്നുവരെ തോന്നിപ്പോയി.ചിത്രം നിന്നു പോകുമോ എന്ന അവസ്ഥയിലാണ് നിർമ്മാതാവ് ആ വേഷം എന്നോട് ചെയ്യാൻ പറയുന്നത്. ആളുകൾ എന്റെ മുഖം സ്വീകരിക്കുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. പക്ഷേ ആ സിനിമയുടെ പൊളിറ്റിക്‌സ് എല്ലാവർക്കും ഇഷ്ടമായി-' രാജ് ബി. ഷെട്ടി പറഞ്ഞു.

പിന്നീട് അഭിനയിച്ച ചിത്രങ്ങളിൽ 'മായാബസാർ 2016' ഒഴികെയുള്ളവ കാര്യമായ ശ്രദ്ധ നേടിയില്ല. പക്ഷേ 2021-ഇൽ പുറത്തിറങ്ങിയ, മംഗലാപുരം പശ്ചാത്തലമായ 'ഗരുഡ ഗമന ഋഷഭ വാഹന' എന്ന ഗാങ്സ്റ്റർ ഡ്രാമ രാജിലെ സംവിധായകന് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്തു. കാന്താര ഫെയിം റിഷബും രാജും മുഖ്യ കഥാപാത്രങ്ങളായ ചിത്രം ഉജ്ജ്വല വിജയമാണ് നേടിയത്. ഇതിലെ കിടലിൻ വില്ലൻ ഇന്ത്യയുടെ ശ്രദ്ധ പിടിച്ചുപറ്റി. പിന്നീടങ്ങോട്ട് രാജിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അതുവരെ ഹ്യമർ വേഷങ്ങളിൽ നടിച്ച രാജ് പിന്നീടങ്ങോട്ട് ഗൗരവമുള്ള വേഷങ്ങളിലേക്ക് തിരിയുകയായിരുന്നു.

ഷെട്ടി ഗ്യാങ്ങിലെ പ്രമുഖൻ

കൂട്ടായ്മയും പരസ്പരമായ ചർച്ചയുമാണ് ഈ ഷെട്ടി ഗ്യാങ്ങിന്റെ വിജയത്തിന്റെ രഹസ്യം. റിഷബ് ഷെട്ടിയുടെ ബ്ലോക്ക്‌ബസ്റ്റർ ചിത്രമായ കാന്താരയുടെ ക്ലൈമാക്സ് ഭാഗങ്ങൾ രചിച്ചത് രാജ് ഷെട്ടിയാണ്. അവിടെയൊന്നും അവർക്ക് ഈഗോ അടിക്കാറല്ല. ഒരുകൂട്ടം കഴിവുറ്റ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ കന്നഡയിൽ മികച്ച സിനിമകൾ ഇറങ്ങുമ്പോൾ, മറ്റു ഭാഷകളിലെ കലാകാരന്മാർക്കും അതിൽ സഹകരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഇന്ന് ഭാഷയുടെ അതിർവരമ്പുകൾ വകഞ്ഞുമാറ്റി സിനിമകൾ മുന്നോട്ട് സഞ്ചരിക്കുകയാണ്. കോവിഡ് കാലവും ഒ.ടി.ടിയുടെ വരവും പാൻ ഇന്ത്യൻ ചിത്രങ്ങളുടെ പ്രസക്തി വർധിപ്പിച്ചിരിക്കുകയാണ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, മറാത്തി, കന്നഡ തുടങ്ങി ഭാഷ വ്യത്യാസങ്ങൾ ഇന്ന് കുറഞ്ഞുവരികയാണ്. റീമേക്ക് ചിത്രങ്ങൾ കുറഞ്ഞുവരികയും മൊഴിമാറ്റങ്ങൾ വർധിക്കുകയും ചെയ്യുന്ന കാഴചയാണിന്ന് കാണുന്നത്. അവിടെ ഒടിടി പ്രേക്ഷകർക്ക് നേരത്തെ സുപരിചിതനാണ് രാജ് ബി ഷെട്ടി.

'ഗരുഡ ഗമന ഋഷഭ വാഹന' എന്നൊരു ചിത്രം കൊണ്ട് കന്നഡ ഇൻഡസ്ട്രിക്ക് പുതിയ ഊർജം നൽകിയ ഫിലിം മേക്കറാണ് അദ്ദേഹം. ''ആ ചിത്രത്തിന്റെ കഥ പറച്ചിൽ ഏറെ വ്യത്യസ്തമായിരുന്നു. ഗരുഡ ഗമന വൃഷഭ വാഹന എനിക്കും എന്നോടൊപ്പമുള്ളവർക്കും ഒരു തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ വിസിറ്റിങ് കാർഡ് പോലെയായിരുന്നു. ഈ ചിത്രത്തിന്റെ പേരും പറഞ്ഞ് ഒരുപാട് ആളുകളോട് ബന്ധപ്പെടാൻ സാധിച്ചിരുന്നു. മംഗലാപുരത്ത് നിന്നുള്ള ചെറിയൊരു സംഘത്തിന് ഒരുപാട് ആത്മവിശ്വാസം തന്ന ചിത്രമാണ് ഇത്- രാജ് ബി ഷെട്ടി പറയുന്നു.

തന്റെ സഹപ്രവർത്തകരായ രക്ഷിത് ഷെട്ടിയെക്കുറിച്ചും, റിഷബ് ഷെട്ടിക്കുറിച്ചും പറയുമ്പോൾ രാജിന് ആയിരം നാവാണ്. ''രക്ഷിത് ഷെട്ടിയാണ് 'ഉളിധവരു കണ്ടത്തെ' ചെയ്തത്, അക്കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആരാധകനാണ് ഞാൻ. ഞങ്ങൾ ചെയ്ത ചിത്രമായതിനാൽ 'ഗരുഡ ഗമന വൃഷഭ വാഹന' എത്രത്തോളം സ്വാധീനം കന്നഡ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയെന്ന് എനിക്കറിയില്ല. പക്ഷേ, രക്ഷിത്തിന്റെ 'ഉളിധവരു കണ്ടത്തെ' കന്നഡ സിനിമയിൽ വരുത്തിയ സ്വാധീനം എനിക്കറിയാം. ഈ ചിത്രം കാരണമാണ് എനിക്ക് എന്റെ സംസ്‌കാരത്തെക്കുറിച്ച് എഴുതാനായത്. 'ഉളിധവരു കണ്ടത്തെ' കണ്ടതോടെ എന്റെ സംസ്‌കാരത്തെക്കുറിച്ച് എന്റെ ഭാഷയിൽ എഴുതാനാകുമെന്നും അത് കർണാടക മുഴുവൻ പ്രദർശിപ്പിക്കാനാകുമെന്നും എനിക്ക് ഉറപ്പായി, ആത്മവിശ്വാസമായി. വളരെ നല്ലൊരു സുഹൃത്ത് കൂടിയാണ് രക്ഷിത്.

റിഷഭ് ഷെട്ടി ഒരു ഊർജമാണ്. ആഗ്രഹിക്കുന്നത് എന്തും സ്വന്തമാക്കാനുള്ള ആവേശം അദ്ദേഹത്തിനുണ്ട്. ഒരിക്കലും ക്ഷീണിതനാകാതെ എപ്പോഴും വർക്ക് ചെയ്തുകൊണ്ടിരിക്കുന്നയാളാണ് റിഷഭ്. സുഹൃത്തുക്കളാണെങ്കിലും രക്ഷിത് ഷെട്ടിയുടെയും റിഷഭിന്റേയും ഒക്കെ ആരാധകൻ കൂടിയാണ് ഞാൻ. നല്ല സൗഹൃദങ്ങൾ വർക്കുകൾ നന്നാക്കുന്നതിന് സഹായിക്കുന്നു. സുഹൃത്തുക്കൾ കൃത്യമായ മാർഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്നു. ഇൻഡസ്ട്രിയിൽ നിലനിൽക്കാൻ സൗഹൃദങ്ങൾ ഉപകരിക്കുന്നു.''- രാജ് ഷെട്ടി പറയുന്നു.

ലുങ്കി സ്ഥിരം വേഷം

ടർബോയിലെ കൊടുവില്ലനെപ്പോലെ സ്ഥിരമായി ലുങ്കി ധരിച്ചാണ് രാജ് ഷെട്ടിയുടെ നടപ്പ്. സ്ഥിരമായി ലുങ്കി ധരിക്കാൻ തുടങ്ങിയതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരു അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. ''നേരത്തെ ഞാൻ മുണ്ട് സ്ഥിരമായി ഉപയോഗിച്ചിരുന്നില്ല. എപ്പോളും പാന്റായിരുന്നു വേഷം. 'ഗരുഡ ഗമന ഋഷഭ വാഹന' എഴുതാൻ തുടങ്ങിയപ്പോൾ ആ കഥാപാത്രമാകാൻ വേണ്ടിയാണ് മുണ്ട് ഉടുത്തു ശീലിച്ചത്. ആ സിനിമ കഴിഞ്ഞപ്പോഴേക്കും മുണ്ടിനോട് ഞാൻ അഡിക്റ്റായി മാറി. ഇത്രയും ഫ്രീ ആയ ഒരു വസ്ത്രം വേറെ ഇല്ല.വ്യക്തി ജീവിതത്തിലെ വേഷവും രൂപവും നമ്മൾ അഭിനയിക്കുന്ന കഥാപാത്രങ്ങളെ ബാധിക്കാതെ നോക്കിയാൽ മതി. ഏതു തരം കഥാപാത്രമാകാനും എനിക്ക് സാധിക്കും.''- രാജ് പറയുന്നു.

മലയാളത്തിലെ ചില സിനിമാക്കാർ വെച്ചുപുലർത്തുന്നതുപോലെ റിവ്യുകള്ളോടും നെഗറ്റീവ് കമൻസിനോടും ഒന്നും യാതൊരു പരാതിയും ഉള്ള ആളല്ല ഷെട്ടി.'' നല്ല റിവ്യൂ വരുമ്പോൾ സന്തോഷിക്കുന്നുണ്ടല്ലോ. അപ്പോൾ മോശം കാര്യം കേട്ടാലും അത് ഉൾക്കൊള്ളണം. മറ്റുള്ളവരെ ട്രോളുമ്പോൾ നമ്മൾ അതു കേട്ട് ചിരിക്കുന്നു. അത് സാഡിസം ആണ്. അത് നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ ഭാഗമാണല്ലോ''- അദ്ദേഹം പറയുന്നു.

പക്ഷേ സ്വന്തം നാട്ടിൽ അദ്ദേഹം പലപ്പോഴും അതിരൂക്ഷമായി വിമർശിക്കപ്പെട്ടിണ്ടുമുണ്ട്. തന്റെ സിനിമയിലെ വയലൻസാണ് അദ്ദേഹത്തെ വിവാദ നായകനാക്കിയത്. പക്ഷേ അവിടെയും രാജ് ശാന്തനായി മറുപടി പറയുന്നു. ''

നിങ്ങൾ എന്തിനാണ് വയലൻസുള്ള സിനിമകൾ ചെയ്യുന്നതെന്ന് എന്നോട് ചോദിച്ചാൽ എനിക്കതിന് ഉത്തരം പറഞ്ഞേ തീരൂ. ആ ചോദ്യത്തിനെ എതിർത്തിട്ടു കാര്യമില്ല. ആ ചോദ്യത്തിനുള്ള മറുപടി കൊടുത്തില്ല എങ്കിൽ ഞാൻ തെറ്റായിട്ടുള്ള ഒരു കാര്യമാണ് ചെയ്തതെന്ന് പറയേണ്ടി വരും.
ഭയങ്കര ക്രൈം ഉള്ള സിനിമകൾ എഴുതുമ്പോൾ നമ്മുടെ സ്വപ്നങ്ങളും ചിന്തകളൊക്കെ അലോസരപ്പെടുത്തുന്നതാകും. ഉറങ്ങാൻ പോലും പറ്റാറില്ല. മനസ്സാകെ അസ്വസ്ഥമായിരിക്കും. നമ്മൾ ഒരു തരത്തിൽ അത്രയും കഥാപാത്രങ്ങൾക്ക് ജന്മം കൊടുക്കുന്നവരാണല്ലോ. ചിലപ്പോളൊക്കെ ഞാൻ എഴുതിയ സിനിമകൾ എന്നെ പേടിപ്പെടുത്താറുണ്ട്. ''- രാജ് പറയുന്നു.

മലയാളം ഏറെ പ്രിയപ്പെട്ടത്

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെ തനിക്ക് ഏറെ ഇഷ്ടമാണെന്നും ഹഫദും, മമ്മൂട്ടിയും, മോഹൻലാലും അടക്കമുള്ള മലയാളം ഇൻഡസ്ട്രിയുടെ ഫാൻ ആണെന്നും രാജ് ബി ഷെട്ടി തുറന്ന് പറയാറുണ്ട്. ''സിനിമ കരിയർ തുടങ്ങിയ സമയം മുതൽ ഒരുപാട് മലയാള സിനിമകളും സിനിമാക്കാരും ഞങ്ങളെ എഴുതാൻ പ്രേരിപ്പിച്ചിട്ടുണ്ട്. സിനിമ ചെയ്യണമെന്ന ആഗ്രഹം വന്നതു മുതൽ ഏറിയ പങ്ക് പ്രചോദനവും ലഭിച്ചത് മലയാളത്തിൽ നിന്നാണ്. ഏത് ചിത്രമാണെങ്കിലും അത് പ്രേക്ഷകനിൽ ഒരു ഇമോഷൻ ഉണ്ടാക്കണം. കൊച്ചിയാണെങ്കിലും മംഗലാപുരം ആണെങ്കിലും വികാരങ്ങൾ ഒന്നുതന്നെയാണ്. എവിടെയാണെങ്കിലും മനുഷ്യർ ഒന്നുതന്നെ.

താരങ്ങളോടല്ല, അവരുടെ വർക്കുകളോടാണ് എപ്പോഴും ഇഷ്ടം തോന്നാറുള്ളത്. ഒരുപാട് മികച്ച ടെക്നീഷ്യന്മാരെയും താരങ്ങളെയും കണ്ടിട്ടുള്ളവരാണ് മലയാളികൾ. അങ്ങനെയുള്ള കേരളത്തിലെ പ്രേക്ഷകർക്ക് ഞങ്ങളുടെ മുൻപത്തെ സിനിമകൾ ഇഷ്ടമാണെന്ന് അറിയുന്നതിൽ സന്തോഷമുണ്ട്.

ശ്യാം പുഷ്‌കരന്റെ എഴുത്ത് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ എഴുത്തിന് ഒരു പ്രത്യേക ഭംഗിയുണ്ട്. കഴിവുള്ള ഒരുപാട് നടന്മാർ മലയാളത്തിലുണ്ട്. ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, വിനായകൻ തുടങ്ങിയ ഒരുപാട് നടന്മാരെ ഇഷ്ടമാണ്. ദിലീഷ് പോത്തൻ, പെല്ലിശ്ശേരി എന്നിവരുടെയൊക്കെ ആരാധകരാണ് ഞങ്ങൾ. നല്ല പ്രമേയങ്ങളെ സ്വീകരിക്കുന്നവരാണ് മലയാളികൾ. രോമാഞ്ചവും ജയ ജയ ജയ ഹേയും നിങ്ങൾ ഹിറ്റാക്കി. പുതിയ സംവിധായകർക്ക് പരീക്ഷണ ചിത്രങ്ങൾ ഇവിടെ ചെയ്യാനാകുന്നു.''- ഷെട്ടി പറയുന്നു.

അമിതമായി തന്നെ പുകഴ്‌ത്തുമ്പോഴും അപ്പോൾ അത് തടയുന്നളാണ് രാജ് ഷെട്ടി. കണ്ണുകൾകൊണ്ട് അഭിനയിക്കുന്ന നടൻ എന്ന ടാഗിനെ അയാൾ എതിർക്കുന്നു. ''കണ്ണുകൊണ്ടുള്ള അഭിനയം' എന്ന കാര്യത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. കാരണം കണ്ണുകൾക്ക് പ്രത്യേകിച്ച് യാതൊരു എക്സ്പ്രഷനും ഇല്ല. കണ്ണിനു ചുറ്റുമുള്ള മസിൽസാണ് എക്സ്പ്രഷൻ കൊടുക്കുന്നത്. സന്തോഷം വരുമ്പോൾ നമ്മുടെ കണ്ണുകൾ ചെറുതാകുന്നു. നമ്മൾ ഒരു ക്യാരക്ടറിന്റെ ഇമോഷൻ മനസ്സിലാക്കി അതിനനുസരിച്ചാണ് അഭിനയിക്കുന്നത്. കണ്ണുകൊണ്ടാണ് അഭിനയിക്കുന്നത് എന്നൊക്കെ തോന്നുന്നതാണ്.''- അദ്ദേഹം വശദീകരിക്കുന്നു.

വെറുമൊരു ചലച്ചിത്രകാരൻ മാത്രമല്ല, ഒരു ആക്റ്റീവിസ്റ്റും കൂടിയാണ് രാജ്. കന്നഡ സിനിമാ വ്യവസായത്തിലെ എഴുത്തുകാരുടെ പ്രശ്‌നങ്ങളിൽ രാജ് പലപ്പോഴും ശബ്ദമുയർത്തിയിട്ടുണ്ട്. വലിയ ഒരു മൃഗസ്നേഹിയാണ് അദ്ദേഹം. നായക്കളോടാണ് കമ്പം. 2022 ലെ ബ്ലോക്ക്‌ബസ്റ്റർ 777 ചാർലിയുടെ ഭാഗമാകാനുള്ള ഒരു കാരണമായി രാജ് പറഞ്ഞത് ഈ ശ്വാന സ്നേഹമായിരുന്നു. പക്ഷേ അദ്ദേഹത്തിന് തീരെ ഇഷ്ടമില്ലാത്ത ഒരു കാര്യമുണ്ട്. അതാണ് റീമേക്ക് സിനിമകൾ.-''റീമേക്ക് ചിത്രങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ആളല്ല ഞാൻ. എന്നെ സംബന്ധിച്ച് കല പുതിയ സാധ്യതകൾ തേടണം. ഇതുവരെ കാണാത്തതുകൊണ്ടുവരുന്നവയാകണം എഴുത്തുകൾ. റീമേക്ക് ചെയ്യുന്നത് നമ്മളെ കുറച്ചെങ്കിലും മടിയന്മാരാക്കും. കൊമേഴ്ഷ്യൽ സാധ്യതകൾ പരിഗണിക്കുമ്പോഴാണ് റീമേക്ക് ചിത്രങ്ങൾ വരുന്നത്.''- രാജ് ഷെട്ടി പറയുന്നു.

വാൽക്കഷ്ണം: ഇമേജിനെപ്പറ്റി യാതൊരു ബോധവുമില്ലാതെ, ലുങ്കിയുടുത്ത് നടക്കുന്ന ഒരു സാധാരണക്കാരനാണ് രാജ് ഷെട്ടി. മാനേജറോ, പി എയോ ഒന്നുമില്ല. ആർക്കും എപ്പോഴും അദ്ദേഹത്തെ സമീപിക്കാം. ''ഞാൻ ഒരു സാധാരണ മനുഷ്യനാണ്. സിനിമയിലെ ടെക്നീഷ്യനും കൂടിയാണ്. അതിനിടയ്ക്ക് അഭിനയിക്കാൻ അവസരം കിട്ടുന്നുണ്ടെന്നേയുള്ളു. എല്ലാരും പറയുന്ന ഗ്ലാമർ എനിക്കില്ല. സിനിമാക്കഥപറച്ചിലിന്റെ കച്ചവടമാണ്. അത് ഞാൻ ആസ്വദിക്കുന്നുണ്ട്. അപ്പോൾ ഇമേജിനെപ്പറ്റിയോ, ഞാൻ എന്തു നേടി എന്നതിനെപ്പറ്റിയോ ചിന്തിക്കുന്നില്ല.''- ഷെട്ടി തുറന്ന് പറയുന്നു. ഇതുപോലെ നിലത്ത് നിൽക്കുന്ന എത്ര നടന്മാർ മലയാളത്തിനുണ്ട്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP