Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത സംഭവം: സബ് കളക്ടറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി; ലാബ് റിപ്പോർട്ട് ലഭിച്ചാലേ വ്യക്തത വരു എന്നും മന്ത്രി പി.രാജീവ്

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത സംഭവം: സബ് കളക്ടറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി; ലാബ് റിപ്പോർട്ട് ലഭിച്ചാലേ വ്യക്തത വരു എന്നും മന്ത്രി പി.രാജീവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ ഫോർട്ട്കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സബ് കളക്ടറോട് ശനിയാഴ്ച(മെയ്‌ 25) റിപ്പോർട്ട് നൽകുവാൻ നിർദ്ദേശിച്ചുണ്ട്. മത്സ്യങ്ങൾ കൂട്ടത്തോടെ നശിക്കാനിടയായ സാഹചര്യം എന്തെന്ന് ലാബ് റിപ്പോർട്ട് ലഭിച്ചാലേ വ്യക്തത വരൂ. മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ്, വാട്ടർ അഥോറിറ്റി, ഫിഷറീസ് എന്നീ വകുപ്പുകൾ ഉൾപ്പെട്ടതാണ് കമ്മിറ്റി. കൂടാതെ ഫിഷറീസ് യുണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോർട്ടും പരിശോധിക്കും.

പെരിയാറിൽ സംഭവിച്ചത് ഗൗരവമേറിയ കാര്യമാണ്. ഇക്കാര്യത്തിൽ ഹ്രസ്വ, ദീർഘകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കും. പാതാളം റെഗുലേറ്റർ ഷട്ടർ തുറന്നപ്പോഴാണ് ഇത് സംഭവിച്ചത്. എല്ലാ വശങ്ങളും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സബ് കളക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്. സബ് കളക്ടറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ഉന്നതലതല സമിതി അന്വേഷിക്കും. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൂട് കൃഷി ചെയ്ത മത്സ്യക്കർഷകർക്ക് ഉണ്ടായ നഷ്ടം സംബന്ധിച്ച് ഫിഷറീസ് വകുപ്പ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർതലത്തിൽ അവശ്യമായ നടപടി സ്വീകരിക്കും. മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെ ബാധിച്ചിട്ടുണ്ടെങ്കിൽ അതു പരിഹരിക്കുന്നതിനുള്ള ദീർഘകാല നടപടി സ്വീകരിക്കും. ഫിഷറീസ് യുണിവേഴ്സിറ്റിയുടെ പഠനത്തിന്റെ കൂടി അടിസ്ഥാനത്തിലാകും ഇത്.

ഇനിമുതൽ പാതാളം റഗുലേറ്റർ തുറക്കുന്നതിന് പ്രോട്ടോക്കോൾ തയ്യാറാക്കുവാൻ ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടു. ഇതിനായി മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ, എലൂർ മുൻസിപ്പാലിറ്റി ഉൾപ്പെട്ട സമിതി രൂപീകരിക്കാനും തീരുമാനിച്ചു. എലൂർ ഭാഗത്ത് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുമതല ഉയർന്നതല ഉദ്യോഗസ്ഥനു നൽകാൻ നിർദ്ദേശിച്ചു.

ഈ മേഖലയിൽ ദുർഗന്ധം അനുഭവപ്പെടുന്നതു പരിഹരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തരമായി നടപടി സ്വീകരിക്കണം. ജൂലൈ 31 നകം എല്ലാ കമ്പനികളിലും ബയോ ഫിൽട്ടർ സ്ഥാപിക്കണം. വ്യവസായ വകുപ്പും ആവശ്യമായ നടപടികൾ സ്വീകരിക്കണം. നാഷണൽ ഗ്രീൻ ട്രിബ്യുണലിന്റെ നിർദ്ദേശം നടപ്പിലാക്കുന്നതിന് ഉന്നതതല യോഗം ചേരും.

പെരിയാർ സംരക്ഷിക്കാൻ ശാശ്വതമായ നടപടി സർക്കാർ സ്വീകരിക്കും. ഇതിനായി തിരുവനന്തപുരത്ത് ഉന്നതല യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കും. തുടർന്ന്
പെരിയാർ പരിധിയിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ആക്ഷൻ പ്ലാൻ ചർച്ച ചെയ്തു നടപ്പിലാക്കും.

പാതാളം റെഗുലേറ്ററിന്റെ മുകൾ ഭാഗത്ത് പുഴയുടെ വലത് കരയിൽ 1.2 കിലോമീറ്ററിൽ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഡയഫ്രം വാൾ സ്ഥാപിക്കും. ഇതോടൊപ്പം നിരീക്ഷണ പാതയും ഉണ്ടാകും. ഇവിടെ ഒരു മാസത്തിനകം റവന്യു വകുപ്പ് സർവേ നടപടികൾ പൂർത്തിയാക്കും. തുടർന്ന് ഇറിഗേഷൻ വകുപ്പ് വിശദമായ പദ്ധതി റിപ്പോർട്ട്(ഡി പി ആർ) തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

കളമശ്ശേരി ടി.സി.സി ഗസ്റ്റ് ഹൗസിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ കെ. മീര, എലൂർ നഗരസഭ ചെയർമാൻ എ.ഡി സുജിൽ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൻ എസ്. ശ്രീകല, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP